ആറ്റിക്കുറുക്കിയ, കുറിക്ക് കൊള്ളുന്ന വാക്ശരങ്ങള്‍; പ്രസംഗങ്ങളിലെ വി എസ്

ഏഴാം ക്ലാസുവരെ മാത്രമേ ഔചചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂവെങ്കിലും, തികഞ്ഞ അക്ഷരശുദ്ധിയോടെ 90 വയസിന് ശേഷവും നന്നായി പ്രസംഗിക്കുന്ന വി.എസിനെ നമുക്ക് കാണാൻ കഴിയും.

കെ വി സുധാകരൻ
3 min read|20 Oct 2024, 08:26 am
dot image

തൻ്റെയും തൻ്റെ പാർട്ടിയുടെയും രാഷ്ട്രീയം കാച്ചിക്കുറുക്കിയ വാക്കുകളിൽ നീട്ടിയും കുറുക്കിയും ഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അവതരിപ്പിക്കുന്നതിൽ സവിശേഷ ചാതുരിയുണ്ട് വി എസിന്. പൊതുവേദികളിലായാലും, നിയമസഭയ്ക്കകത്തായാലും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏഴാം ക്ലാസുവരെ മാത്രമേ ഔചചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂവെങ്കിലും, തികഞ്ഞ അക്ഷരശുദ്ധിയോടെ 90 വയസിന് ശേഷവും നന്നായി പ്രസംഗിക്കുന്ന വി എസിനെ നമുക്ക് കാണാൻ കഴിയും.

2015ൽ കേരളാ നിയമസഭയിൽ കെ എം മാണിയുടെ ബജറ്റ് അവതരണ വേളയിൽ ബൈബിളിലെ മത്തായിയുടെ സുവിശേഷം (അധ്യായം : 16, വാക്യം 26) പറഞ്ഞാണ് ഉമ്മൻ ചാണ്ടിയെയും മാണിയെയും വി എസ് നേരിട്ടത്. "ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് പിന്നെ എന്തുനേടിയിട്ടും വല്ല കാര്യവുമുണ്ടോ' എന്ന് പറഞ്ഞാണ് വി.എസ് എതിരാളികളുടെ വായടപ്പിച്ചത്. " കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് അഴിമതിക്കാർ നിപതിക്കും " എന്ന ബൈബിൾ വാക്യവും വി.എസ് ഉദ്ധരിച്ചു.

അന്നത്തെ എക്സൈസ് മന്ത്രി കെ ബാബു അഴിമതി ആരോപണത്തെത്തുടർന്ന് സഭയിൽ ശരശയ്യയിൽ വീണപ്പോൾ
" വീണിതല്ലോ കിടക്കുന്നു ധരണിയിൽ / ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ "എന്ന ഗാന്ധാരീവിലാപത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു വി.എസിന്റെ പരിഹാസം.

2016 മാർച്ചിൽ അത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്ന് പിണറായി വിജയൻ നടത്തിയ നവകേരള മാർച്ചിൻ്റെ സമാപനത്തിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ വേദിയിൽ നടത്തിയ യോഗത്തിൽ ഏഴാമനായി പ്രസംഗിച്ച വി എസ് സദസ്സിനെ ചിരിപ്പിച്ച് കൈയ്യടി വാങ്ങി. നാലു ദിവസം മുമ്പ് അതേ വേദിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാന പത്രങ്ങൾ തലക്കെട്ട് നൽകിയത്, സിപിഐഎമ്മിൻ്റെ മദ്യനയം എന്താണെന്നായിരുന്നു. സിപിഐഎം തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നാൽ മദ്യനയം മാറ്റുമെന്നും നാട്ടിലാകെ ബാറുകൾ പെരുകുമെന്നുമുള്ള യുഡിഎഫ് പ്രചാരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

സീതാറാം യെച്ചൂരിയടക്കമുള്ള മറ്റു നേതാക്കൾ രാഷ്ട്രീയ വിഷയങ്ങളെല്ലാം പറഞ്ഞതുകൊണ്ട് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരാമർശിച്ചായിരുന്നു വി എസിൻ്റെ പ്രസംഗം." സിപിഐഎമ്മിൻ്റെ മദ്യനയം എന്തെന്നറിയാൻ ശ്രീമാൻ രാഹുൽ ഗാന്ധി പ്രത്യേക വിമാനമൊക്കെ വാടകയ്ക്കെടുത്ത് ഇവിടെ വരെ വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? അദ്ദേഹം അങ്ങ് ഡൽഹിയിലിരുന്ന് ഫോണിൽ നമ്മുടെ പാർട്ടി സിക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ച് ' കോടിയേരി എന്താണ് നിങ്ങളുടെ മദ്യനയം എന്നു ചോദിച്ചാൽപ്പോരായിരുന്നോ?'. ഇതു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ സദസ്സാകെ കൈയ്യടികളും ചിരിയും കൊണ്ട് ഇളകി മറിഞ്ഞു. വേദിയിലുണ്ടായിരുന്ന യെച്ചൂരിയടക്കമുള്ളവർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. ഇത്തരം നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇതെഴുതുന്നയാൾക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ പ്രയോഗത്തിലെ കീഴ്സ്ഥായി, ഉച്ചസ്ഥായി, സ്വരഭേദം, തുടങ്ങിയവ ആശയത്തിനനുസരിച്ച് പരുവപ്പെടുത്തുന്നതിൽ വി.എസിനുള്ള കഴിവ് ഏറെ രാഷ്ടീയക്കാരിലൊന്നും കണ്ടിട്ടില്ല.

Content Highlights: VS Achuthanandan and his speeches

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us