മധ്യേഷ്യയുടെ രാഷ്ട്രീയ ഭൂമികയിൽ ചെറുത്തുനിൽപ്പിൻ്റെയും പ്രതിരോധത്തിൻ്റെയും കടന്നാക്രമണങ്ങളുടെയുമെല്ലാം വീരേതിഹാസങ്ങൾ എഴുതിച്ചേർത്ത പോരാളിയാണ് ഹമാസിനെയോ ഇസ്രയേൽ വിരുദ്ധരെയോ സംബന്ധിച്ച് യഹിയ സിൻവാർ. ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷെ മധ്യേഷ്യയിലെ രാക്ഷസീയതയുടെ എഴുത്താണിയായിരുന്നു സിൻവാർ. ഇതിനു രണ്ടിനും ഇടയിൽ ഒരു യഹിയ സിൻവാർ ഉണ്ടായിരുന്നു. ആരും ചെവിയോർക്കാത്ത ആരോടും വിശദീകരിക്കപ്പെടാത്ത ചെകുത്താനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന പച്ചയായ ഒരു മനുഷ്യൻ. ഒരുപക്ഷം പ്രകീർത്തിക്കുമ്പോൾ മറുപക്ഷം ശാപവചനങ്ങൾ കൊണ്ട് മൂടുമ്പോൾ ആരായിരുന്നു യഹിയ സിൻവാർ എന്നത് പലപ്പോഴും വ്യക്തിനിഷ്ഠമായ ഒരു തിരഞ്ഞെടുപ്പായി മാറുന്നു. ചിലർക്ക് ഗോലിയാത്തിനെ മുട്ടുകുത്തിച്ച ദാവീദാണ് സിൻവാർ. ചിലർക്ക് രാക്ഷസീയനായ കൊടുംകുറ്റവാളിയും. ഇതിനെല്ലാം ഇടയിൽ അധികം വായിക്കപ്പെടാതെ പോയ ഒരു യഹിയ സിൻവാറുണ്ട്. അക്ഷരങ്ങളെ സ്നേഹിച്ച, അതിൽ ഉപരി അക്ഷരങ്ങളിൽ പോരാട്ടത്തിൻ്റെ അഗ്നിനിറച്ച ഒരു യഹിയ സിൻവാർ.
ആയുധങ്ങളുടെയും പോരാട്ടങ്ങളുടെയും ചോരപുരണ്ട ചിത്രങ്ങളിലൊന്നും പെടാത്ത ഇരുണ്ട കാലത്ത് അക്ഷരങ്ങളെ ആയുധമാക്കി തേച്ചുമിനുക്കിയ ഒരു സിൻവാറുണ്ട്. അക്ഷരങ്ങളെ സ്നേഹിച്ച സിൻവാറിനെ ഒരുപക്ഷെ ഈ ലോകം ഓർമ്മിക്കാൻ മറന്ന് പോയതാവും. ചിലപ്പോൾ സിൻവാർ തന്നെ സ്വയം താനൊരു എഴുത്തുകാരനാണെന്നും അക്ഷരങ്ങളുടെ മാന്ത്രിക ലോകം കൂടി തനിക്ക് സ്വന്തമായി ഉണ്ടായിരുന്നെന്നും മറന്നു പോയിട്ടുണ്ടാവും. 2004ൽ തന്നെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ സിൻവാർ ഇസ്രയേലിലെ ഏതോ വിദൂരതടവറയിൽ ഏകാന്ത തടവിലായിരുന്നു. പിന്നീട് 2010ൽ സിൻവാറിൻ്റെ അടുത്ത നോവലും പ്രകാശിതമായി. രണ്ട് നോവലുകൾ പുറത്തിറങ്ങുമ്പോഴും ഇസ്രയേലി ജയിലിൽ നാല് ജീവപര്യന്ത ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുകയായിരുന്നു സിൻവാർ. ഒരുപക്ഷെ പുറംലോകം കാണില്ലെന്ന് ഉറപ്പിച്ച നീണ്ട 22വർഷത്തെ ജയിൽ ജീവിതത്തിനിടയിൽ സ്വന്തം നാടിനെയും പലസ്തീൻ വിമോചന പോരാട്ടത്തെയും സ്വയം അടയാളപ്പെടുത്തുക എന്ന ചിന്തയായിരിക്കണം നോവൽ എഴുതാമെന്ന തീരുമാനത്തിലേയ്ക്ക് സിൻവാറിനെ നയിച്ചിരിക്കുക.
സിൻവാർ എഴുതിയത്രയും തീപൊള്ളുന്ന ഓർമ്മകളായിരുന്നു. എഴുതിയത് നോവലായിരുന്നെങ്കിലും സ്വന്തം ജീവചരിത്രത്തെ സിൻവാർ ഫിക്ഷൻ്റെ ഒരുമൂടുപടം കൊണ്ട് പൊതിയുകയായിരുന്നുവെന്നാണ് ആ നോവൽ പിന്നീട് വിശകലനം ചെയ്യപ്പെട്ടത്
പലസ്തീനിലെ സായുധ പോരാട്ടങ്ങളെ തീവ്രമായി ഉൾക്കൊണ്ടിരുന്ന അതിസാഹസികനായിരുന്നു സിൻവാർ എന്നാണ് അദ്ദേഹത്തിൻ്റെ ജീവിതരേഖ വരച്ചിടുന്ന ചിത്രം. ജയിൽ ജീവിതത്തിൻ്റെ നരച്ച ഏകാന്തതയിൽ നനഞ്ഞ് കുതിർന്ന കാലത്ത് സ്വയം തണുത്തുറഞ്ഞ് പോകാതിരിക്കാൻ സിൻവാർ അക്ഷരങ്ങളെ കൂട്ടുപിടിക്കുകയായിരുന്നോ? അറിയില്ല. പോരാട്ടങ്ങളുടെ നടുവിൽ നിന്നും ഒറ്റപ്പെടലിനെ ഇരുളിൽ ബന്ധിതനായപ്പോൾ സ്വയം പ്രചോദിപ്പിക്കാനുള്ള ശ്രമമായിരുന്നിരിക്കാം എഴുത്തിലൂടെ സിൻവാർ നടത്തിയിട്ടുണ്ടാകുക. ഇസ്രയേലി ജയിലിലെ ഏകാന്ത തടവിൽ തൻ്റെ ഉള്ളിലെ തീകെടാതിരിക്കാൻ അക്ഷരങ്ങളിൽ സിൻവാർ അഭയം തേടിയെന്നും വേണമെങ്കിൽ വായിക്കാം. അപ്പോഴും സിൻവാർ എഴുതിയത്രയും തീപൊള്ളുന്ന ഓർമ്മകളായിരുന്നു. എഴുതിയത് നോവലായിരുന്നെങ്കിലും സ്വന്തം ജീവചരിത്രത്തെ സിൻവാർ ഫിക്ഷൻ്റെ ഒരുമൂടുപടം കൊണ്ട് പൊതിയുകയായിരുന്നുവെന്നാണ് ആ നോവൽ പിന്നീട് വിശകലനം ചെയ്യപ്പെട്ടത്. ഗാസയുടെ സംഘർഷങ്ങളുടെ ചരിത്രഗതിയെ വരച്ചിടുന്ന നോവലുകൾ എന്ന് തന്നെയാണ് അവ വിലയിരുത്തപ്പെട്ടത്.
2004-ൽ പ്രസിദ്ധീകരിച്ച 'ദി തോൺ ആൻഡ് ദി കാർനേഷൻ' പ്രസിദ്ധീകരിക്കപ്പെട്ടതിനും സാഹസികതയുടെ ഒരു തലമുണ്ട്. ഇസ്രയേലി ജയിലിൽ വെച്ച് എഴുതി പൂർത്തീകരിച്ച ഈ നോവലിൻ്റെ കയ്യെഴുത്ത് പ്രതികൾ അതിസാഹസികമായാണ് പുറത്തെത്തിച്ചത്. ഇസ്രയേലി ജയിലുകളിലെ കർശനമായ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ജയിലിലെ പലസ്തീൻ തടവുകാരുടെ സഹായത്തോടെയാണ് ഒരു 'രഹസ്യദൗത്യം' പോലെ 'ദി തോൺ ആൻഡ് ദി കാർനേഷൻ്റെ' കയ്യെഴുത്ത് പ്രതികൾ പുറത്തെത്തിയത്. ഗാസയിലെ ഹമാസിൻ്റെ മേൽ ഉണ്ടായിരുന്ന അതേ സ്വാധീനം ഇസ്രയേലി ജയിലുകളിൽ കഴിഞ്ഞിരുന്ന പലസ്തീൻ തടവുകാരുടെ മേലും സിൻവാറിനുണ്ടായിരുന്നുവെന്ന് ഈ സംഭവം ചൂണ്ടിക്കാണിച്ച് രസകരമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഗാസയിലെ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു സിൻവാറിൻ്റെ ജനനം. ഗാസയുടെ മണ്ണ് അതിജീവനത്തിൻ്റെ കനത്ത പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച കാലത്തായിരുന്നു സിൻവാറിൻ്റെ ബാല്യവും കൗമാരവും. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി കാലമാണ് സിൻവാർ എന്ന അതിസാഹസികനായ പലസ്തീൻ വിമോചന പോരാളിയെ രൂപപ്പെടുത്തിയത്. വിദ്യാർത്ഥിയായിരിക്കെ പ്രക്ഷോഭകാരിയായി മാറിയ സിൻവാർ പക്ഷെ പോരാട്ടത്തിൻ്റെ വഴി തിരഞ്ഞെടുക്കുന്നത് മജ്ദിൻ്റെ രൂപീകരണത്തോടെയാണ്. ഇതിനിടയിൽ രണ്ട് വട്ടം ജയിൽവാസം അനുഭവിക്കേണ്ടി വന്നത് സിൻവാറിൻ്റെ പലസ്തീൻ വിമോചന ആശയത്തെ കൂടുതൽ തീവ്രമാക്കിയിരുന്നു. ഇസ്രയേലിന് വേണ്ടി ചാരപ്പണിയെടുക്കുന്ന പലസ്തീനികളെ കണ്ടെത്തി ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിൻവാർ മജ്ദ് രൂപീകരിച്ചത്. പിന്നീട് ഹമാസ് രൂപീകരണത്തോടെ സിൻവാർ ഹമാസിൻ്റെ ഭാഗമായി മാറി. സിൻവാർ രൂപീകരിച്ച് മജ്ദ് ഹമാസിൻ്റെ ന്യൂക്ലിയസായി മാറിയതും ചരിത്രം. പിന്നീട് 1989ലാണ് സിൻവാർ ഇസ്രയേൽ സൈന്യത്തിൻ്റെ പിടിയിലാകുന്നത്. ഇസ്രയേലി ചാരന്മായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് നാല് പലസ്തീനികളെ കൊലപ്പെടുത്തിയതിൻ്റെ പേരിൽ സിൻവാർ നാല് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടു. അന്ന് സിൻവാറിൻ്റെ പ്രായം 27 വയസ്സാണ്.
പിന്നീട് 2011ൽ ജയിൽ മോചിതനാകുന്നത് വരെ ഇസ്രയേലി ജയിലിൽ നരകതുല്യമായ ഏകാന്തവാസമാണ് സിൻവാർ നയിച്ചത്. 2006ൽ സിൻവാറിൻ്റെ സഹോദരൻ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള ഹമാസ് പോരാളികൾ ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഷാലിത്തിൻ്റെ മോചനത്തിനായി തയ്യാറാക്കിയ ബന്ദികൈമാറ്റ കരാറിൽ ആയിരത്തോളം വരുന്ന പലസ്തീൻ തടവുകാർക്കൊപ്പമാണ് 2011ൽ സിൻവാർ ജയിൽ മോചിതനാകുന്നത്. അന്ന് സിൻവാറിൻ്റെ പ്രായം 49 വയസ്സായിരുന്നു. അപ്പോഴേയ്ക്കും സിൻവാറിൻ്റെ രണ്ട് നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സിൻവാർ ജയിൽ മോചിതനാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ നോവലായ ഗ്ലോറി പ്രസിദ്ധീകരിക്കപ്പെട്ടത്.
സിൻവാറിൻ്റെ ജയിൽവാസത്തിൻ്റെ പതിനഞ്ചാം വർഷമായിരുന്നു ആദ്യ നേവലായ 'ദി തോൺ ആൻഡ് ദി കാർനേഷൻ' പുറംലോകം കാണുന്നത്. നാല് പതിറ്റാണ്ട് നീണ്ട ഗാസയിലെ ഇസ്രായേൽ അധിനിവേശം സിൻവാറിനെയും അദ്ദേഹത്തിൻ്റെ തലമുറയെയും രൂപപ്പെടുത്തിയതെങ്ങനെയെന്ന ഉൾക്കാഴ്ച പകരുന്ന പുസ്തകം എന്ന നിലയിൽ കൂടിയാണ് അദ്ദേഹത്തിൻ്റെ ആദ്യപുസ്തകം വിലയിരുത്തപ്പെടുന്നത്. 1948-ൽ ഗാസയിലേയ്ക്ക് പലായനം ചെയ്ത, അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പലസ്തീനിയൻ കുടുംബത്തിൻ്റെ പശ്ചാത്തലത്തിലാണ് 'ദി തോൺ ആൻഡ് ദി കാർനേഷൻ്റെ' കഥാപരിസരം രൂപപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ പേരക്കുട്ടിയായ അഹമ്മദിൻ്റെ വിവരണം എന്ന നിലയിലാണ് നോവലിൻ്റെ ആഖ്യാനം. അഹമ്മദിൻ്റെ പിതാവിൻ്റെയും അമ്മാവൻ്റെയും തിരോധാനവും അഭയാർത്ഥി ക്യാമ്പിലെ കഠിനമായ സാഹചര്യങ്ങളും നോവലിൽ ഇതിവൃത്തമാകുന്നുണ്ട്. ഇസ്രയേലിൻ്റെ നിർബന്ധിത കൂട്ട കുടിയൊഴിപ്പിക്കൽ, ഭൂമി പിടിച്ചെടുക്കൽ, കൂട്ടക്കൊലകൾ, കൂട്ട അറസ്റ്റുകൾ തുടങ്ങി 1967 മുതൽ രണ്ടാം ഇൻതിഫാദയുടെ ആദ്യ വർഷങ്ങൾ വരെയുള്ള പലസ്തീൻ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്ന നോവൽ ഒരേ സമയം വ്യക്തിപരവും ചരിത്രപരവുമായ സംഭവങ്ങളെ ഇഴചേർക്കുന്ന നിലയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
കഥാനായകൻ്റെ ആദ്യകാല സ്മരണകളിൽ നിന്നാണ് 'ദി തോൺ ആൻഡ് ദി കാർനേഷൻ' ആരംഭിക്കുന്നത്. അഞ്ച് വയസ്സുകാരനായ അഹമ്മദ് തൻ്റെ പിതാവ് അവരുടെ വീടിനടിയിൽ ഒരു ഭൂഗർഭ ഷെൽട്ടർ കുഴിക്കുന്നത് നിരീക്ഷിക്കുന്നു. 1967 ലെ യുദ്ധത്തിൻ്റെ സമയത്താണ് സംഭവം. ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് മറ്റെവിടേയ്ക്കെങ്കിലും ഓടിരക്ഷപെടാൻ കഴിയാത്ത വിധം ദുർബലരായി അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്ന ഒരു ജനതയുടെ അരക്ഷിതാവസ്ഥ ഈ ഭാഗങ്ങളിൽ വിവരിക്കുന്നുണ്ട്. നക്ബ അതിജീവിച്ചവരും അവരുടെ പിൻഗാമികളുമായ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീൻ കുടുംബങ്ങൾക്ക് അതിജീവിക്കാൻ താത്കാലിക ഭൂഗർഭ കിടങ്ങുകളല്ലാതെ മറ്റൊരു ആശ്രയവും ഇല്ലായിരുന്നെന്ന വാങ്ങ്മയ ചിത്രം നോവൽ പകർന്ന് തരുന്നുണ്ട്.
1967ലെ യുദ്ധപരാജയം ഗാസയിലെ പലസ്തീനിയൻ ജനതയെ ശാശ്വതമായ അധിനിവേശത്തിലേയ്ക്ക് എങ്ങനെ വലിച്ചിഴച്ചുവെന്ന ചിത്രം നോവലിൽ അനാവൃതമാകുന്നുണ്ട്. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി പ്രതിമാസ റേഷൻ കാർഡുകൾ വഴി നൽകുന്ന മാവും പാചക എണ്ണയും ചില പയറുവർഗങ്ങളും അടങ്ങിയ തുച്ഛമായ ഭക്ഷണമാണ് അഭയാർത്ഥി ക്യാമ്പിലെ ജീവൻ നിലനിർത്തിയിരുന്നത്. ക്യാമ്പിൻ്റെ മുറ്റത്ത് യുഎൻആർഡബ്ല്യൂഎ സ്ഥാപിച്ചിട്ടുള്ള ഒരേയൊരു വാട്ടർ ടാപ്പിന് മുന്നിൽ ഓരോ ദിവസവും കുറച്ച് മണിക്കൂർ നേരത്തേയ്ക്ക് മാത്രം ലഭ്യമാകുന്ന വെള്ളത്തിന് വേണ്ടി രൂപപ്പെടുന്ന നീണ്ട ക്യൂ. വർഷത്തിൽ രണ്ടുതവണ യുഎൻആർഡബ്ല്യുഎ കുട്ടികൾക്കായി വിതരണം ചെയ്യുന്ന പഴകിയ വസ്ത്രങ്ങൾ. അഹമ്മദിൻ്റെ ജീവിതപരിസരം ഈ നിലയിൽ നോവലിൽ വരച്ചിടുമ്പോൾ 1967ന് ശേഷമുള്ള ഗാസയുടെ യഥാർത്ഥ ജീവിതത്തിൻ്റെ പകർത്തിയെഴുത്തായി അത് മാറുന്നുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.
ഒരിക്കൽ അഹമ്മദിന് പോഷകാഹാര കുറവുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയാണ്. പോഷകാഹാര കേന്ദ്രത്തിൽ നിന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കാൻ അനുവദിക്കുന്ന കാർഡ് അഹമ്മദിന് ലഭിക്കുന്നു. ഇതു ലഭിക്കുമ്പോഴുള്ള അഹമ്മദിൻ്റെ ആനന്ദം സിൻവാറിന് ഹൃദയസ്പർശിയായി വരച്ചിടാൻ കഴിഞ്ഞത് സ്വന്തം അനുഭവങ്ങളുടെ പിൻവഴികളിൽ നിന്ന് തന്നെയാണെന്ന് തീർച്ച.
സന്തോഷത്തിൻ്റെ നെറുകയിൽ നിൽക്കുമ്പോഴും അടുത്ത ബന്ധുവും ചങ്ങാതിയുമായി ഇബ്രാഹിമിനായി ഒരു കോഫ്ത കടത്തി പുറത്തെത്തിക്കുന്നതിനെക്കുറിച്ചാണ് അഹമ്മദ് പദ്ധതിയിടുന്നത്. തനിക്ക് ലഭിച്ചിരിക്കുന്ന അപൂർവ്വമായ അവസരം അതിസാഹസികമായി ഇബ്രാഹിമുമായി പങ്കിടാനാണ് അഹമ്മദ് ആഗ്രഹിക്കുന്നത്.
അഹമ്മദ് നോവലിൻ്റെ ആഖ്യാതാവായും നായകനായും മുന്നിൽ നിൽക്കുമ്പോഴും കഥയിലെ യഥാർത്ഥ നായകൻ അദ്ദേഹത്തിൻ്റെ ബന്ധുവായ ഇബ്രാഹിമാണ്. ക്ഷമയും വിനയവുമുള്ള കഠിനാധ്വാനിയും അഗാധമായ മതബോധവുമുള്ള യുവാവാണ് ഇബ്രാഹിം. തൻ്റെ കുടുംബത്തിൽ നിന്ന് ആദ്യമായി ഇസ്‌ലാമിക പ്രസ്ഥാനത്തിൽ ചേരുന്നയാളാണ് അദ്ദേഹം. നോവലിൽ, ഇബ്രാഹിം വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്നുണ്ട്. വിമോചനത്തിനായുള്ള പോരാട്ടത്തിൽ പൂർണ്ണമായും അർപ്പിതനാകുന്നതിനാണ് അത്തരമൊരു തീരുമാനം ഇബ്രാഹിം എടുക്കുന്നത്. ബുദ്ധിയും വൈദഗ്ധ്യവും ഇസ്രയേലിനായി വിവരങ്ങൾ ചോർത്തുന്നവരെ ട്രാക്ക് ചെയ്യുന്നതിലും ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന കോഡുകൾ മനസ്സിലാക്കുന്നതിലും ഇബ്രാഹിമിനെ സമർത്ഥനാക്കുന്നു. ഇസ്രായേൽ സുരക്ഷാ സംവിധാനങ്ങളെ സഹായിക്കുന്നതിൽ പങ്കാളിയായ തൻ്റെ സഹോദരനെ കൊല്ലാൻ അയാൾ മടിക്കുന്നില്ല. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുമ്പോൾ ഇബ്രാഹിം അവരോട് പറയുന്നുണ്ട്, തൻ്റെ ജീവനോ സ്വാതന്ത്ര്യമോ നഷ്ടപ്പെടുത്തിയാലും മക്കൾ അനാഥരാകാൻ ഇടയായാലും തൻ്റെ ചെറുത്തുനിൽപ്പ് ഉപേക്ഷിക്കില്ലെന്ന്.
ഓസ്ലോ കരാർ ഇല്ലായിരുന്നുവെങ്കിൽ, പലസ്തീനികൾക്ക് രാഷ്ട്രപദവി വാഗ്ദാനം ചെയ്യുന്ന ഒരു കരാറിൻ്റെ ആവശ്യമില്ലാതെ തന്നെ, ഒന്നാം ഇൻതിഫാദയിലെ ചെറുത്തുനിൽപ്പിൻ്റെ സമ്മർദ്ദത്തെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പിന്മാറുമായിരുന്നെന്ന് ഇബ്രാഹിം പറയുന്നുണ്ട്
പലസ്തീൻ വിമോചന പോരാട്ടത്തിൻ്റെ ചരിത്രഘട്ടങ്ങൾ അതിൻ്റെ പ്രാധാന്യത്തോടെ നോവലിൽ വ്യക്തമാക്കപ്പെടുന്നുണ്ട്. നോവലിലെ സിൻവാറിൻ്റെ പ്രതിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം 1993-ലെ ഓസ്ലോ കരാറിനെ വിമർശിക്കുന്നുണ്ട്. കരാർ ഇല്ലായിരുന്നുവെങ്കിൽ, പലസ്തീനികൾക്ക് രാഷ്ട്രപദവി വാഗ്ദാനം ചെയ്യുന്ന ഒരു കരാറിൻ്റെ ആവശ്യമില്ലാതെ തന്നെ, ഒന്നാം ഇൻതിഫാദയിലെ ചെറുത്തുനിൽപ്പിൻ്റെ സമ്മർദ്ദത്തെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പിന്മാറുമായിരുന്നെന്ന് ഇബ്രാഹിം പറയുന്നുണ്ട്.
രണ്ടാം ഇൻതിഫാദയുടെ കാലത്തെ പോരാട്ടങ്ങളെക്കുറിച്ചും ഇബ്രാഹിമിൻ്റെ കാഴ്ചയിൽ നോവൽ വ്യക്തമാക്കുന്നുണ്ട്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇബ്രാഹിമും ഒരു യുവ പ്രതിരോധ പോരാളിയും തമ്മിലുള്ള ഒരു സംഭാഷണത്തിൽ, ഇസ്രയേലിനെതിരെ ഹമാസ് ആദ്യമായി ഖസ്സാം മിസൈലുകൾ ഉപയോഗിച്ച് പ്രതികരിച്ചതിനെക്കുറിച്ച് നോവലിൽ പറയുന്നുണ്ട്. ഈ നിലയിൽ ഗാസയിലെ അധിനിവേശത്തിൻ്റെയും വിമോചന പോരാട്ടത്തിൻ്റെയും ചരിത്രവും ഗാസയുടെ കണ്ണുനീരും തീരാനോവgകളുടെ ജീവിതാനുഭവുമെല്ലാം കണ്ണിചേരുന്നതാണ് സിൻവാറിൻ്റെ 'ദി തോൺ ആൻഡ് ദി കാർനേഷൻ' എന്ന നോവൽ. നോവലിൻ്റെ ആമുഖത്തിൽ 'എല്ലാ സംഭവങ്ങളും സത്യമാണെങ്കിലും ഇത് ഒരു പ്രത്യേക വ്യക്തിയുടെ കഥയല്ലെ'ന്ന് സിൻവാർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സൂക്ഷ്മമായി നോവലിൻ്റെ അടരുകളിലൂടെ പോകുമ്പോൾ സ്വന്തം ജീവിതത്തിൽ നിന്ന് കഥയെ പൂർണ്ണമായും അകറ്റാൻ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും വ്യക്തം.
'ദി തോൺ ആൻഡ് ദി കാർനേഷന്' ശേഷം 2010ൽ ഗ്ലോറി എന്ന രണ്ടാമത്തെ പുസ്തകവും സിൻവാറിൻ്റേതായി പുറത്തിറങ്ങി. ഇസ്രയേലിൻ്റെ ജനറൽ സെക്യൂരിറ്റി സർവീസായ ഷിൻ ബെറ്റ് പ്രതിരോധ നേതാക്കൾക്കെതിരെ നടത്തിയ കൊലപാതകങ്ങളുടെ പശ്ചാത്തലമാണ് ഗ്ലോറി പറയുന്നത്. ജയിലിലെ ഏകാന്തതയിൽ നിന്ന് വിമോചിതനായി പോരാട്ടത്തിൻ്റെ ഭൂമികയിലേയ്ക്ക് വന്നപ്പോൾ ആശയങ്ങളായി ചിറക് വിടർത്താൻ ശേഷിയുള്ള അക്ഷരങ്ങളുടെ ലോകം സിൻവാർ പൂർണ്ണമായി മറന്നുവെന്ന് വേണം കണക്കാക്കാൻ. വീണ്ടുമൊരിക്കൽ കൂടി സർഗ്ഗാത്മകതയുടെ ലോകത്തെയോ അക്ഷരങ്ങളുടെ മാന്ത്രികതയെയോ വീണ്ടെടുക്കാനോ എന്തിനേറെ അതിനെക്കുറിച്ച് ആലോചിക്കാൻ പോലുമോ സിൻവാർ ശ്രമിച്ചിട്ടുണ്ടാകില്ല. നോവലിൽ പകർത്തിവെച്ച അധിനിവേശത്തിനെതിരായ പ്രതിരോധത്തിൻ്റെയും പ്രത്യാക്രമണത്തിൻ്റെയും ഭാവനാത്മകമായ ചിത്രങ്ങളുടെ പ്രായോഗികതയിലേയ്ക്ക് അതിസാഹസികമായി എടുത്ത് ചാടിയപ്പോൾ അക്ഷരങ്ങളുടെ ശക്തിയെക്കാൾ വിമോചനപ്പോരാട്ടത്തിൽ ആയുധങ്ങൾക്കാണ് കരുത്തെന്ന് ഒരുപക്ഷെ സിൻവാർ തിരിച്ചറിഞ്ഞിരിക്കും. എന്തായാലും സിൻവാറിൻ്റെ ജീവചരിത്രത്തെയും ഗാസയുടെ രാഷ്ട്രീയ ചരിത്രത്തെയും അടർത്തിമാറ്റി നിർത്തി 'ദി തോൺ ആൻഡ് ദി കാർനേഷനെ' വിലയിരുത്താൻ കഴിയില്ല.