ഇന്ന് ലോക പോളിയോ ദിനം. എല്ലാവര്‍ഷവും ഒക്ടോബര്‍ 24 നാണ് ലോക പോളിയോ ദിനം ആചരിക്കുന്നത്. ഈ പോളിയോ ദിനത്തിലും നമ്മെ ചിന്തിപ്പിക്കുന്ന കാര്യം ലോകത്ത് ഇപ്പോഴും പോളിയോ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പാകിസ്ഥാനില്‍ ഈ വര്‍ഷം മാത്രം 39 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത നമ്മള്‍ അറിഞ്ഞത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു
പോളിയോ ഒരു വൈറല്‍ ഇന്‍ഫെക്ഷനാണ്. സാധാരണയായി കുടലില്‍ ഉണ്ടാകുന്ന അണുബാധയാണിത്. അത് രക്തത്തില്‍ ചെന്ന് അവിടെനിന്ന് നമ്മുടെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പിനെ ബാധിക്കുന്നു. സുഷുമ്‌ന നാഡിയേയും തലച്ചോറിനേയും ബാധിക്കുന്ന പോളിയോ മൈലിറ്റിസ് അഥവാ പോളിയോ ഒരു പകര്‍ച്ചവ്യാധി കൂടിയാണ്.
സമ്പര്‍ക്കത്തിലൂടെ പോളിയോ വൈറസ് അണുബാധ പകരുന്നു. വൈറസ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കും. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വൈറസ് പകരാം. അടിസ്ഥാന സൗകര്യങ്ങള്‍ മോശമായിട്ടുള്ളതോ വൃത്തിയില്ലാത്ത അന്തരീക്ഷത്തിലൂടെയോ വൈറസ് പടരാം. മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് ശ്വാസനാളത്തെയും കുടലിനെയുമാണ് പെട്ടന്ന് ബാധിക്കുന്നത്. പിന്നീടത് രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്നു. അടുത്ത ഘട്ടത്തില്‍ രക്തത്തില്‍ കലരുകയും നാഡികളില്‍ പ്രവേശിക്കുകയും ന്യൂറോണുകളെ ബാധിക്കുകയും മോശമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും.
പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകുന്നത് വരെ രോഗബാധിതരാണെന്ന് അറിയാൻ കഴിയാത്ത അവസ്ഥ ഈ രോഗത്തിനുണ്ട്. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഉടനെ ലക്ഷണങ്ങളൊന്നും കാണിക്കില്ല. പക്ഷേ കുടലിലും രക്തത്തിലും വൈറസ് പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കൈകാലുകളില്‍ വേദനയും പനി, ക്ഷീണം, തലവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍, തുപ്പല്‍ ഇറക്കാനുളള വിഷമം തുടങ്ങിയവയാണ് രോഗബാധയുടെ പ്രകടമായ ലക്ഷണങ്ങൾ. പലപ്പോഴും മരണകാരണമായ ഒരു രോഗമാണ് പോളിയോ. വൈറസ് നാഡീവ്യൂഹത്തില്‍ എത്തിയാല്‍ കൈകളെയോ കാലുകളെയോ ബാധിക്കുന്ന തളര്‍ച്ചയും പക്ഷാഘാതവും ഉണ്ടായേക്കാം.
മൂന്നര ലക്ഷത്തോളം കേസുകളുണ്ടായിരുന്ന ഇന്ത്യയില്‍ 1986 ല്‍ 37 കേസുകള്‍ ആയത് ഇഫക്ടീവായ പോളിയോ വാക്‌സിന്‍ ഉള്ളതുകൊണ്ടായിരുന്നു. പിന്നീട് രോഗം നമ്മുടെ രാജ്യത്തുനിന്നേ തുടച്ചുനീക്കപ്പെട്ടു. രണ്ട് തരത്തിലാണ് പോളിയോ വാക്‌സിന്‍ ഉള്ളത്. ഒന്ന് ഓറല്‍ പോളിയോ രണ്ട് ഇന്‍ജക്ഷനിലൂടെ നല്‍കുന്ന വാക്‌സിന്‍.
ജനിച്ച ഉടനെ പോളിയോ തുള്ളിമരുന്ന് എല്ലാ കുഞ്ഞുങ്ങള്‍ക്കും കൊടുക്കും. ജനിച്ച് 15 ജിവസത്തിനുള്ളില്‍ കൊടുത്തിരിക്കണം. അതിന് ശേഷം 6, 10,14 ആഴ്ചകളില്‍ . 11/2 വയസില്‍ ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടര്‍ന്ന് ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്ന് നല്‍കണം.
Content Highlights : Everything you need to know about polio