'എൻ്റെ ഹൃദയത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അവർക്കായി എന്റെ സഹോദരിയേക്കാൾ മികച്ച ജനപ്രതിനിധിയെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല'
രാഹുൽ ഗാന്ധി
നടക്കാനിരിക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ ഒരുങ്ങവെ രാഹുൽ ഗാന്ധി തന്റെ എക്‌സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ തന്റെ കന്നിയങ്കത്തിനായി പ്രിയങ്ക വയനാട് മണ്ഡലത്തിലെത്തുന്നത് രാഹുലിന്റെ പകരക്കാരിയായിട്ടാണ്. വയനാടിന് രാഹുൽ ആരാണെന്നും എന്താണെന്നും എടുത്തു പറയേണ്ട ആവശ്യമില്ല. തങ്ങളുടെ ഹൃദയത്തിൽ രാഹുലിനുളള സ്ഥാനം എന്തെന്ന് ഒന്നിലേറെ തവണ തെളിയിച്ചിട്ടുളളവരാണ് വയനാട്ടുകാർ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്ന് തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം പ്രഖ്യാപിക്കപ്പെടുന്നത്. 2008 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിന് ശേഷമാണ് വയനാട് ലോക്‌സഭ മണ്ഡലം പിറവി എടുക്കുന്നത്. അന്ന് മുതൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലം കൂടിയാണ് വയനാട്. അങ്ങനെയൊരു മണ്ഡലം തന്നെ പ്രിയങ്ക കന്നിയങ്കത്തിന് തിരഞ്ഞെടുക്കുന്നതിന് കാരണങ്ങളെറെയാണ്.
പ്രിയങ്ക എന്തുകൊണ്ട് വയനാട്ടിൽ എത്തി എന്നതിന്റെ ആദ്യ ഉത്തരം രാഹുൽ ഗാന്ധി എന്ന് തന്നെയാണ്. 2019ലാണ് ആദ്യമായി വയനാട്ടിൽ രാഹുൽ തരംഗം അലയടിക്കുന്നത്. രാഹുൽ വയനാട്ടിൽ എത്തിയതോടെ കേരളത്തിനൊരു വിഐപി മണ്ഡലം കൂടിയാണ് ഉണ്ടായത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ തന്റെ സ്ഥിരം തട്ടകമായ അമേഠിയിലും രാഹുൽ ജനവിധി തേടി. സോണിയ റായ്ബറേലിയിലേക്കു മാറിയതിനു ശേഷം രാഹുലിനെ ചേർത്ത് നിർത്തിയ മണ്ഡലമായിരുന്നു അമേഠി. 2004, 2009, 2014 പൊതുതിരഞ്ഞെടുപ്പുകളിൽ അമേഠി പിടിച്ചെടുത്ത രാഹുലിന് പക്ഷെ 2019ൽ അമേഠിയിൽ അടിപതറി.
പയറ്റി തെളിഞ്ഞ അമേഠിയിൽ രാഹുലിന് പരാജയം നേരിടേണ്ടി വന്നു. എന്നാൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടിയാണ് രാഹുൽ അന്ന് വയനാട്ടിൽ വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് സമ്മാനിച്ചത് വലിയ നിരാശയായിരുന്നു. പയറ്റി തെളിഞ്ഞ അമേഠിയിൽ രാഹുലിന് പരാജയം നേരിടേണ്ടി വന്നു. എന്നാൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടിയാണ് രാഹുൽ അന്ന് വയനാട്ടിൽ വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്. സിപിഐ സ്ഥാനാർത്ഥിയായ പി പി സുനീർ 2,74,597 വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോൾ ബിഡിജെഎസിൻ്റെ തുഷാർ വെള്ളാപ്പള്ളി 78,816 വോട്ടിലൊതുങ്ങുകയായിരുന്നു.
2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വീണ്ടും വയനാട്ടിലെത്തി. അന്ന് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയെ അമേഠി മണ്ഡലം ഏൽപ്പിച്ചു. രാഹുൽ അമേഠിയ്ക്ക് പകരം റായ്ബറേലിയിൽ ജനവിധി തേടി. 2019-ലെ വിധിയെ മുൻ നിർത്തിയായിരുന്നിരിക്കാം മറ്റു മുന്നണികളും അവരുടെ കരുത്തന്മാരെ തന്നെ വയനാട്ടിന് അങ്കത്തിനിറക്കി. സിപിഐയുടെ തങ്ങളുടെ കേന്ദ്ര കമ്മിറ്റിയംഗം ആനി രാജയെ കളത്തിലെറക്കിയപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെയാണ് മുന്നിൽ നിർത്തിയത്. എന്നിട്ടും കാര്യമുണ്ടായില്ല. ആ തിരഞ്ഞെടുപ്പിൽ 59.69 ശതമാനം വോട്ടുകൾ നേടി രാഹുൽ വയനാട് നിലനിർത്തി. സിപിഐ സ്ഥാനാർത്ഥി ആനി രാജ 283,023 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ 141,045 വോട്ടാണ് കെ സുരേന്ദ്രന് ലഭിച്ചത്. മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ റായ്‌ബറേലിയിലും രാഹുൽ വിജയിച്ചു.
ഉയർന്ന ഭൂരിപക്ഷത്തോടെ രാഹുൽ വയനാട്ടിൽ വിജയിച്ചുവെങ്കിലും ഉത്തർപ്രദേശിലെയും ദേശീയ രാഷ്ട്രീയത്തിലെയും സവിശേഷ സാഹചര്യം കണത്തിലെടുത്ത് റായ്ബറേലി മണ്ഡലം നിലനിർത്തുവാനാണ് രാഹുൽ അന്ന് തീരുമാനിച്ചത്. വയനാട് പുതിയൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കുക എന്ന ദൗത്യവും രാഹുൽ ഏറ്റെടുത്തു. എതിർപ്പുകളില്ലാതെ രാഹുലിന് പിൻഗാമിയായി പ്രിയങ്ക വയനാട്ടിലേയ്ക്ക് മത്സരിക്കാനെത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം എന്ന വിശേഷണത്തോടെയാണ് ഇത്തവണ വയനാട് ഉപതിരഞ്ഞെടുപ്പിന് കാഹളം ഉയരുന്നത്.
മണ്ഡലത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിൻ്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വയനാട്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് വയനാട് പാർലമെൻ്റ് മണ്ഡലത്തിലുള്ളത്. നിലവിൽ മാനന്തവാടി, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിൻ്റെ കൈവശമാണ്. എൽഡിഎഫ് ലേബലിൽ നിലമ്പൂരിൽ ജയിച്ച പി വി അൻവർ ഇപ്പോൾ ഇടതുവിരുദ്ധ പാളയത്തിൽ നിലയുറപ്പിച്ച് യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബാക്കി നാല് നിയമസഭാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പമാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് വയനാട് മണ്ഡലത്തിന് പറയാനുളളത്.
വയനാട് പാർലമെൻ്റ് മണ്ഡലം രൂപീകരിച്ചതിന് ശേഷം 2009ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു വിജയം. അന്ന് യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ എം ഐ ഷാനവാസ് വിജയിച്ചത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. സിപിഐ സ്ഥാനാർഥിയായ എം റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.
പിന്നീട് 2014-ലും വയനാട്ടുകാർ എം ഐ ഷാനവാസിനെ കൈവിട്ടില്ല. നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ എതിരാളിയായ സത്യൻ മൊകേരി തന്നെയാണ് 2014-ൽ ഷാനവാസിനെ നേരിടാൻ സിപിഐ അന്നും ഇറക്കിയത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും 20,870 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് സത്യൻ മൊകേരിയെ പരാജയപ്പെടുത്തിയത്. ഷാനവാസിന്റെ മരണശേഷമായിരുന്നു വയനാട്ടിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്. 2019 ലെയും, 2024 ലെയും രാഹുലിന്റെ വൻ ഭൂരിപക്ഷം വയനാട്ടിൽ കോൺഗ്രസിൻ്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത് മുതലുള്ള വാദങ്ങളിൽ ഒന്നാണ് സേഫ് സോൺ പോരാട്ടം എന്നുള്ളത്. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി അവരുടെ പുലിമടകളിൽ കടന്നു ചെന്ന് ഫൈറ്റ് ചെയ്യുന്നില്ല? കഴിഞ്ഞ ദിവസം സിപിഐയുടെ ഇത്തവണത്തെ സ്ഥാനാർത്ഥിയായ സത്യൻ മൊകേരി മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ച ചോദ്യമാണ്. ആ ചോദ്യത്തിനും കോൺഗ്രസിനൊരു ചരിത്രമുണ്ട്. വയനാട് രാഹുലിന്റെ സ്ഥാനാർഥിത്വം എന്നും സേഫ് സോണായാണ് കണക്കാക്കിയിട്ടുള്ളത്. പഴകി തെളിഞ്ഞ അമേഠിയിൽ തോൽവി നേരിടേണ്ടി വന്നുവെങ്കിലും വയനാട് കൈ വിടില്ല എന്നത് രാഹുലിന്റെയും കോൺഗ്രസിൻ്റെയും വിശ്വാസമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിൻ്റെ മുറുമുറുപ്പുകൾ അവഗണിച്ച് രണ്ടാമതും ജനവിധി തേടാൻ രാഹുൽ വയനാട്ടിലേയ്ക്ക് വണ്ടി കയറിയത്. അമേഠി ഉപേക്ഷിച്ച് രാഹുൽ റായ്ബറേലിയിലേക്ക് ചേക്കെറിയതും തോൽവി ഭയന്ന് തന്നെയായിരിക്കണം. അമേഠിക്കും വയനാടിനും എങ്ങനെയാണോ കോൺഗ്രസ് അതുപോലെ തന്നെയാണ് റായ്ബറേലിയിലും. രാഹുൽ ഗാന്ധിയുടെ മറ്റൊരു എസ്‌കേപ്പിസമെന്ന് ആരോപണം ഉയരുമ്പോഴും കോൺഗ്രസ് ചരിത്രത്തിൽ ഇത് ഒരുഅടവ് നയമായി തന്നെയാകും അടയാളപ്പെടുത്തപ്പെടുക.
ഉത്തരേന്ത്യയിൽ അടിതെറ്റിയപ്പോൾ പണ്ട് സാക്ഷാൽ ഇന്ദിരാ ഗാന്ധിയും ഈ സേഫ് സോൺ തന്ത്രം/എസ്‌കേപ്പിസം പയറ്റി നോക്കിയിട്ടുണ്ട്. 1977- ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടിപതറി. അന്ന് റായ്ബറേലിയിൽ രാജ് നാരായണനോട് ഇന്ദരി പരാജയം ഏറ്റുവാങ്ങി. വീണ്ടും ലോക്സഭയിലേയ്ക്ക് എത്താൻ ഇന്ദിര ഓടിയെത്തിയത് കർണാടകയിലെ ചിക്കമംഗളൂരിലേക്കായിരുന്നു. 1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ദിര ഇവിടെ നിന്ന് വിജയിച്ചു. ദക്ഷിണേന്ത്യയിലെ കോൺഗ്രസിൻ്റെ സുരക്ഷിത സീറ്റിൽ നിന്നുള്ള ആ വിജയം ഇന്ദിരയുടെ രണ്ടാം വരവിനുള്ള ഊർജ്ജമായതും ചരിത്രമാണ്.
ചിക്കമംഗളൂരിലെ 50 ശതമാനത്തോളം വരുന്ന സ്ത്രീ വോട്ടർമാരും, 45 ശതമാനം പിന്നാക്ക-പട്ടികജാതി-ന്യൂനപക്ഷങ്ങളും അടങ്ങുന്ന വോട്ടർമാർ അന്ന് അടിയന്തരാവസ്ഥയുടെ കറപ്പാടുകളൊന്നും പരിഗണിക്കാതെ ഇന്ദിരയെ വിജയിപ്പിച്ചു. ഉത്തരേന്ത്യയിൽ കാലിടറി വീണ ഇന്ദിര അങ്ങനെ ദക്ഷിണേന്ത്യയിൽ നിന്നും വീണ്ടും ദേശീയ രാഷ്ട്രീയത്തിൻ്റെ ആകാശത്തേയ്ക്ക് പറന്നുയർന്നു. നിങ്ങളുടെ കൊച്ചുമകൾക്ക് വോട്ടു ചെയ്യൂ എന്ന മുദ്രാവാക്യമാണ് അന്ന് ചിക്കമംഗളൂരിൽ അടിയലിച്ചത്. അന്ന് ഇന്ദിരയെ വീണ്ടും പാർലമെൻ്റിലേയ്ക്ക് എത്തിക്കുക എന്ന ദൗത്യം ഉത്സാവാഘോഷം പോലെയാണ് ചിക്കമംഗുളൂരുകാർ ഏറ്റെടുത്തത്. ഇന്ദിര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രതിഷേധിച്ച് അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന എ കെ ആൻ്റണി രാജിവെച്ചതും പിന്നീത് ആൻ്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിലെ ഒരു വിഭാഗം ഉടതുപക്ഷത്തോടൊപ്പം ചേർന്നതുമെല്ലാം അനുബന്ധ ചരിത്രമാണ്. എന്തായാലും 1978ലെ ചിക്കമംഗളൂരു തിരഞ്ഞെടുപ്പ് ഇന്ദിരയെ സംബന്ധിച്ച് പുനർജന്മായിരുന്നു.
പിന്നീട് 1980ലെ പൊതുതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേധക്കിൽ നിന്നും ഇന്ദിരാ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയും ഇന്ദിര വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോഴും റായ്ബറേലി ഉപേക്ഷിച്ച് മേധക് നിലനിർത്താനായിരുന്നു ഇന്ദിരയുടെ തീരുമാനം. മേധക്കിൽ നിന്നുള്ള ജനപ്രതിനിധി ആയിരിക്കെയാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നത്. പിന്നീട് സോണിയാ ഗാന്ധിയും കർണാടകയിലെ ബല്ലാരിയിൽ മത്സരിക്കാനെത്തിയിരുന്നു. വീണ്ടുമൊരിക്കൽ കൂടി ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസിന്റെ ഇളംമുറക്കാരിയും ദക്ഷിണേന്ത്യയിലെ സേഫ് സോണിലേയ്ക്ക് എത്തിയിരിക്കുകയാണ്. രാഹുലിന്റെ നിഴലും വയനാടിന്റെ കോൺഗ്രസ് ചരിത്രവും പ്രിയങ്കയെയും പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതത്തെയും ഉയർത്തി പിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രിയങ്ക ജയിക്കുകയാണെങ്കിൽ നെഹ്റു കുടുംബത്തിൽ നിന്നും മൂന്ന് പേർ ഒരേ സമയം ഇന്ത്യൻ പാർലമെൻ്റിൽ ഇടംനേടും. നിലവിൽ രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ അംഗവും സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗവുമാണ്.
Content Highlight: Priyanka Gandhi is the Congress Party’s General Secretary, but this is her first time entering the electoral arena. If she wins the election from Wayanad, she will be the third woman from the Nehru-Gandhi family to become an MP