ഇന്ദിരയുടെ കാലം; രാഷ്ട്രീയ ഇന്ത്യയുടെ കാലം

1984ൽ ഇതേ ദിവസമാണ് ഇന്ദിരയുടെ നെഞ്ചിൻകൂട് തകർത്തുകൊണ്ട് വെടിയുണ്ടകൾ തുളച്ചുകയറിയത്. 40 വർഷങ്ങൾക്കിപ്പുറം ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം സജീവചർച്ചയായിത്തന്നെ പൊതുമണ്ഡലത്തിൽ നിലകൊള്ളുന്നു

dot image

India is Indira , indira is india ! കോൺഗ്രസ് പാർട്ടിയുടെ മുൻ അഖിലേന്ത്യാ അധ്യക്ഷനും രണ്ടാം ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയുമായിരുന്ന ദേവ് കാന്ത് ബറോവാ ഇന്ദിരയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് വർഷം 77 പിന്നിട്ടിട്ടും, ഇന്ദിരക്ക് മുൻപോ പിൻപോ വന്ന ഒരു പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു ശക്തമായ വിശേഷണം സ്വന്തമായില്ല. എന്തിന്, ഇപ്പോഴുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും അത്തരത്തിലൊരു ദൃഢതയുള്ള വിശേഷണം ഉണ്ടാകുമോ എന്നത് സംശയമാണ്. ഇന്ദിരയുടെ ചരിത്രത്തോടും, രാഷ്ടീയത്തോടും ഒപ്പം ഒട്ടിക്കിടക്കുന്ന ആ വിശേഷണം, ഇന്ദിരയെ ഇന്ത്യക്കാർക്ക് മുൻപിൽ ഒരു ഉരുക്കുവനിതയാക്കി മാറ്റിയെന്ന് പറഞ്ഞാലും അതിശയോക്തിയുണ്ടാകില്ല. കയറ്റിറക്കങ്ങളുള്ള ഒരു രാഷ്ട്രീയജീവിതത്തിലെ ക്രൂരമായ ഒരധ്യായത്തിൻ്റെ ദുർഗന്ധം കൂടി പേറുന്ന ഈ വിശേഷണം, ഇന്ന് ഇന്ദിരയെ ശക്തയായ ഒരു നേതാവ് എന്ന നിലയിലാണ് പ്രതിഷ്ഠിക്കുന്നത്. ഇത്തരത്തിൽ ഇന്ദിരയുടെ ജീവിതം വൈരുധ്യങ്ങളുടേത് കൂടിയായിരുന്നില്ലേ എന്ന ചോദ്യം ഈ വിശേഷണം ഉയർത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും ജനകീയയായ ഒരു പ്രധാനമന്ത്രിയിൽ നിന്ന്, അധികാരരാഷ്ട്രീയത്തിന്റെ രക്തദാഹിയായി മാറിയ ഇന്ദിരയുടെ രാഷ്ട്രീയജീവിതം ഒരുതരത്തിൽ പറഞ്ഞാൽ വൈരുദ്ധ്യം തന്നെയാണ് !

ഇന്ദിര എന്ന നേതാവും യോദ്ധാവും

ഇന്ദിര പ്രിയദർശിനി ഗാന്ധിയെന്ന രാഷ്ട്രീയനേതാവിൻ്റെ ഒരു പൊളിറ്റിക്കൽ ഗ്രാഫ് പരിശോധിച്ചാൽ, പല പല യുദ്ധങ്ങളുടെയും കഥകൾ കാണാം. വ്യക്തി ജീവിതം തൊട്ട് രാഷ്ട്രീയ ജീവിതം വരെ പടർന്നുകിടക്കുന്ന ഒരുപാട് യുദ്ധങ്ങൾ. വ്യക്തിജീവിതത്തിൽ ഫിറോസ് ഗാന്ധിയുമായുള്ള പിണക്കങ്ങൾ തൊട്ട് കോൺഗ്രസിലെ വിഭാഗീയതയും, ഉൾക്കുത്തും, രാഷ്ട്രീയപരീക്ഷണങ്ങളും എല്ലാം കൂടി പരുവപ്പെടുത്തിയ ഒരു നേതാവായിരുന്നു ഇന്ദിര.

ഇന്ദിരാ ഗാന്ധി 1966ൽ കോൺഗ്രസ് പാർട്ടി പരുപാടിയിൽ
ഇന്ദിരാ ഗാന്ധി Credits: Magnum Photos

കോൺഗ്രസിലെ ഉൾപ്പോരിൻ്റെ ഫലമായി പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിര, ആ ചൂടാറും മുൻപെയാണ് പാർട്ടിയെ പിളർത്തിയതും, തലതൊട്ടപ്പന്മാരെ തളർത്തിയതും. കോൺഗ്രസിലെ ശക്തികേന്ദ്രമായ സിൻഡിക്കേറ്റിൻ്റെ കൈ പിടിച്ച് തുടങ്ങിയ രാഷ്ട്രീയജീവിതം എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം, ഒരു തുണയും വേണ്ടാത്ത ഒരു ഒറ്റമരമായി വളർന്നിരുന്നു. 1969ൽ, പാർട്ടി 'ചട്ട'ങ്ങളിൽ തട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർ രൂപീകരിക്കപ്പെടുമ്പോളേക്കും ഇന്ദിര അനേകം ശിഖരങ്ങളുള്ള, വേരുകൾ തഴച്ചുവളർന്ന ഒരു ആൽമരമായി തഴച്ചുവളർന്നിരുന്നു.

ഇന്ദിര കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഓഫീസിൽ
Credits: Magnum Photos

കോൺഗ്രസിലെ വൻമരങ്ങളെയും വിറപ്പിച്ച ആ പോക്ക് ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ എന്ന വിശേഷണത്തിലേക്കാണ് ഇന്ദിരയെ എത്തിച്ചത്. ദാരിദ്ര്യവും, സാമ്പത്തിക പ്രതിസന്ധികളും എല്ലാം കൊടികുത്തി വാണിരുന്ന 70കളിൽ 'ഇന്ദിര ഹഠാവോ' എന്ന ഇന്ദിരാ വിരുദ്ധ മുദ്രാവാക്യത്തെ, 'ഗരീബി ഹഠാവോ' എന്ന രാഷ്ട്രീയ മുദ്രാവാക്യം കൊണ്ട് ചെക്ക് വെച്ചത്, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും മനോഹരമായ പൊളിറ്റിക്കൽ ഗെയിമായി കണക്കാക്കുന്ന രാഷ്ട്രീയ നിരീക്ഷകരും ചരിത്രകാരന്മാരുമുണ്ട്. സകല രാഷ്ട്രീയ തർക്കവിതർക്കങ്ങൾക്കിടയിലും ഇന്ദിരയുടെ പൊതുസേവന ജീവിതം പടിപടിയായി ഉയരുന്നതിനെ അത്ഭുതകരമാം വണ്ണം നിരവധി പേർ വിലയിരുത്തിയിട്ടുണ്ട്.

ഇന്ദിരയുടെ എക്കാലത്തെയും മുഖ്യ വിഷയമായിരുന്നു ദാരിദ്ര്യ നിർമാർജനം എന്നത്. ദാരിദ്ര്യം ഇല്ലാതെയാക്കാൻ ഒരു മായവും മന്ത്രവുമില്ല, കഠിനാധ്വാനം മാത്രമാണ് പോംവഴി എന്ന് ആണയിട്ട ഇന്ദിര നിരവധി പദ്ധതികളാണ് ഇതിനായി കൊണ്ടുവന്നത്. ഇന്ദിര തുടങ്ങിവെച്ച ' ട്വൻ്റി പോയിൻ്റ് പ്രോഗ്രാം ' ഇന്നും പല പേരിലും പല രീതിയിലും അറിയപ്പെടുന്നുണ്ട്. വർഷങ്ങൾക്കിപ്പുറത്ത് നിന്ന് നോക്കുമ്പോഴും, ഇന്ത്യയിലെ ദാരിദ്ര്യം ഒരുപരിധി വരെ കുറയ്ക്കാൻ ഈ പദ്ധതികളും, അവയുടെ അനുബന്ധ പദ്ധതികളും സഹായിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ബാങ്ക് ദേശസാത്കരണവും, ഹരിത വിപ്ലവവും, ബംഗ്ലാദേശ് വിമോചന യുദ്ധവുമെല്ലാം ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലുകളാണ്.

ഇന്ദിരയുടെ വിമർശനനാളുകൾ

'You are Muslims and I am a Hindu. We may adhere to different religious faiths or even to none; but that does not take away from that cultural inheritance that is yours as well as mine. The past holds us together; why should the present or the future divide us in spirit?'

1948ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ, അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിലെ വാക്കുകളാണിത്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും, മത സാഹോദര്യത്തെയും എന്നും ഉയർത്തിപ്പിടിച്ച കാഴ്ചപ്പാടായിരുന്നു നെഹ്റുവിൻ്റേത് എന്നത് ആർക്കും തർക്കമില്ലാത്ത ഒരു കാര്യമായിരിക്കും. അക്കാലത്ത്, രാജ്യത്തെ ഏറ്റവും വലിയ വർഗീയവാദ
സംഘടനയായ ആർ എസ് എസിനെ 'നാസി ആർമി' യോട് ഉപമിച്ചിരുന്ന നെഹ്രുവിനെ നമുക്ക് ചരിത്രത്തിൽ കാണാം. എന്നാൽ വർഷങ്ങൾക്കിപ്പുറം, നെഹ്റുവിൻ്റെ അതേ ചോരയായ ഇന്ദിരയുടെ മതേതര കാഴ്ചപ്പാടിൽ ഒരു കളങ്കം ഉണ്ടായിരുന്നുവോ?

ഇന്ദിരാ ഗാന്ധിയെ ചുറ്റിവളയുന്ന ഒരു ചീത്തപ്പേര് ആർഎസ്എസിനോട് മൃദുസമീപനം ഉണ്ടായി എന്നത് കൂടിയാണ്.
കണിശതയുള്ള സ്വഭാവം പുലർത്തിയിരുന്ന ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നായിരിക്കും ഈ ആർഎസ്എസ് സമീപനം എന്നത് രാഷ്ട്രീയ നിരീക്ഷകർ അംഗീകരിച്ചുപോരുന്ന ഒരു വസ്തുതയാണ്.

ആർ എസ് എസിൻ്റെ ' ഇന്ദിര അപ്രോച്ച്', വളരെ സമയമെടുത്ത് നടന്ന, എന്നൽ സുഗമമായിപ്പോയ ഒന്നായിരുന്നു. യുദ്ധവിജയങ്ങൾ ഇന്ദിരയെ ആർഎസ്എസിൻ്റെ പ്രിയങ്കരിയായി. പല സന്ദർഭങ്ങളിലും ആർഎസ്എസ് നേതാക്കളുടെ കത്തുകൾ ഇന്ദിരയ്ക്ക് ഒഴുകിത്തുടങ്ങി. തിരിച്ച് അങ്ങോട്ടും ! എന്നാൽ സഞ്ജയ് ഗാന്ധി എന്ന വലിയ പാലത്തിലൂടെയാണ് ഈ മൃദുസമീപനം ഉണ്ടായതെന്നത് മറ്റൊരു ചരിത്രം.

ഇന്ദിരയുടെ നേർക്കുള്ള കട്ടികൂടിയ ചില വിമർശനങ്ങളിൽ ഒന്നായിരുന്നു ആർഎസ്എസ് ബന്ധത്തിൻ്റേത്. അവ തികച്ചും ന്യായമാണെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടാറുണ്ട്. ഇന്ദിര എന്ന രാഷ്ട്രീയ ജീവിതത്തിൻ്റെ ഒരു വിരോധാഭാസം മാത്രമായിരുന്നു ആ ബന്ധം. ജനനേതാവിൽ നിന്ന് ഒരു ടിപ്പിക്കൽ രാഷ്ട്രീയ നേതാവിലേക്കുള്ള ഇന്ദിരയുടെ മാറ്റത്തിൻ്റെ ഒരു തുടക്കം ഇവിടം നിന്നായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രാജ്യചരിത്രത്തെ അതിൻ്റെ ഏറ്റവും ആഴത്തിൽ, ആത്മാവിനെ ഉൾക്കൊണ്ട് നിരീക്ഷിച്ച പലരും ഒരേ സ്വരത്തിൽ എതിർത്ത ഒന്നായിരുന്നു ഇന്ദിരയ്ക്കുണ്ടായ ഈ മാറ്റം.

ഇങ്ങനെയെല്ലാമായിരിക്കുമ്പോഴും ഇന്ദിര ഒരിക്കൽപോലും ഭൂരിപക്ഷ വർഗീയതയുടെ കുടപിടിച്ചിട്ടില്ല. ഒരാളെയും മാറ്റിനിർത്തിയിട്ടില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം സിഖ് മതവിഭാഗക്കാരെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശത്തെ 'അങ്ങനെ ആരെയും മാറ്റിനിർത്താനാകില്ല' എന്ന പൂർണ്ണവിരാമചിഹ്നമുള്ള ഒരു മറുപടിയിലൂടെയായിരുന്നു ഇന്ദിര നേരിട്ടത്. ഇത്തരത്തിൽ ഉൾക്കൊള്ളലിന്റെ മാത്രം രാഷ്ട്രീയമായിരുന്നു ഇന്ദിര എക്കാലവും പുലർത്തിപ്പോന്നിരുന്നത്.

കഴുകിക്കളയനാകാത്ത 'കറ', അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥയെപ്പറ്റി പ്രതിപാതിക്കുമ്പോൾ എല്ലാവരും പറയുന്ന ഒരു വാചകമുണ്ട്. ' അടിയന്തരാവസ്ഥ 90% ജയപ്രകാശ് നാരായണിൻ്റെയും വെറും 10% മാത്രം ഇന്ദിരയുടേതുമാണെ'ന്ന്. ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ഒരു നിരീക്ഷണമാണിത്. രാജ്യമെങ്ങും ബീഹാർ മൂവ്മെൻ്റ് അഥവാ ജെപി മൂവ്മെൻ്റ് അലയടിക്കുമ്പോൾ, അവയെ അടിച്ചമർത്താനായി ഇന്ദിര പ്രയോഗിച്ച അടിയന്തരാവസ്ഥയാണ് പിൻകാലത്ത് ഇന്ദിരയുടെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ കറുത്ത ഏടായി മാറിയത്.

ഇന്ദിരാ ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും
ഇന്ദിരാ ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും

അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം അതിൻ്റെ എല്ലാ സീമകളെയും ലംഘിക്കുന്നത് ഒരു പക്ഷേ ഈ ലേഖനം വായിക്കുന്നവരിൽ ചിലർ ഓർക്കുന്നുണ്ടാകണം. ജയിലുകൾ നിറയുന്നതും, സ്വാതന്ത്ര്യം ഇരുട്ടിലാകുന്നതും നമ്മൾ കാണുകയും വായിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധിയുടെ താത്പര്യത്തിൻ്റെ ഫലമായി, രാജ്യത്തെ ഒന്നരക്കോടിയോളം വരുന്ന നിരവധി പുരുഷന്മാരും സ്ത്രീകളും സ്വന്തം അഭിമാനം ചോദ്യം ചെയ്യപ്പെട്ടരായി മാറിയത് നമ്മൾ കേട്ടും വായിച്ചും അറിഞ്ഞു. രാജ്യത്തിൻ്റെയും അതിലെ ജനതയുടെയും അടിസ്ഥാന ജനാധിപത്യ ആശയങ്ങളെ റദ്ദ് ചെയ്ത ആ അധികാരനടപടി, ഇന്ത്യ ഇക്കാലമത്രയും കണ്ട ഏറ്റവും കിരാതമായ രാഷ്ട്രീയ പ്രതികാര നടപടിയായിരുന്നു എന്നതിൽ യാതൊരു തർക്കവും ഉണ്ടാകേണ്ടതില്ല.

എന്നാൽ അടിയന്തരാവസ്ഥയുടെ പിൽക്കാലത്ത് ഇന്ദിര വീണ്ടും ജനഹിതത്തിലേറി രാജ്യം ഭരിച്ചതും ചരിത്രം ! 1980ലെ ഇന്ദിരയുടെ തിരിച്ചുവരവ്, ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യത്തിൻ്റെ സത്തയെ, ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൻ്റെ തായ്‌വേരിലേക്ക് അത്രയേറെ ആഴത്തിൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാകണം ഇന്ദിര എന്ന രാഷ്ട്രീയപ്രവർത്തക കാലം ഇത്രയേറെയായിട്ടും നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരാളായി മാറിയതും.

ഇന്ദിരാ ഗാന്ധി
Credits: Magnum Photos

ഇന്ദിരയെക്കുറിച്ച് പരാമർശിക്കുമ്പോൾ എപ്പോഴും മനസ്സിൽ കടന്നുവരിക ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭാഷണമാണ്. ' നീങ്ക നായകനാ വില്ലനാ ' എന്നത് ! ഒരു വശത്ത് രാജ്യം കണ്ട ഉരുക്കുവനിതയായി ഇന്ദിര നിലനില്‍ക്കെ, ആ വാദം ഉയർത്തുന്ന കഴമ്പിൻ്റെ മുനയൊടിക്കുകയാണ് അടിയന്തിരാവസ്ഥ തൊട്ട് ഇങ്ങോട്ടുള്ള കാലം. ഒരു ഭരണകർത്താവിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും വേർതിരിച്ച് കാണേണ്ടതുണ്ടെന്നുമുള്ള വാചകം, പൊതു രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജനത എപ്പോഴും പറയാറുണ്ടെങ്കിലും, ഇന്ദിരയുടെ കാര്യത്തിൽ അടിയന്തരാവസ്ഥ എന്ന ഒറ്റ നടപടി കൊണ്ട് ആ വാചകത്തിന്റെ സാംഗത്യം പലപ്പോഴും ഇല്ലാതാകുന്നുണ്ട്. എങ്കിലും തൻറെ രാഷ്ട്രീയകാലയളവിൽ ഒട്ടാകെ, ഇന്ദിര എന്നും നിശ്ചയദാർഢ്യത്തിന്റെ ഒരു പ്രതീകമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ. 1984ൽ ഇതേ ദിവസമാണ് ഇന്ദിരയുടെ നെഞ്ചിൻകൂട് തകർത്തുകൊണ്ട്, കൊടിയ പകയുടെ തോക്കിൻമുനയിൽ നിന്നുതിർന്ന വെടിയുണ്ടകൾ തുളച്ചുകയറിയത്. 40 വർഷങ്ങൾക്കിപ്പുറം ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം സജീവചർച്ചയായിത്തന്നെ പൊതുമണ്ഡലത്തിൽ നിലകൊള്ളുന്നു. ഉരുക്കുവനിതയെന്ന് ജനങ്ങൾ അറിഞ്ഞുവിളിച്ച ഇന്ദിര, വൈരുദ്ധ്യങ്ങളുടെ ഒരു രാഷ്ട്രീയ മനുഷ്യരൂപം തന്നെയായിരുന്നു എന്നതിൽ തർക്കമുണ്ടാകേണ്ടതില്ല.

Content Highlights: Indira Gandhi as an iron lady and leader of the masses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us