മുനമ്പം വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി മുതലെടുപ്പ് നടത്താനുള്ള നീക്കം നല്ലതല്ല. ഒരുതരത്തിലും ഒരു വിഭാഗത്തിലുമുള്ള ആളുകള്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. അത് മുസ്ലിം വിഭാഗമായാലും ഹിന്ദു വിഭാഗമായാലും ക്രിസ്ത്യന്‍ വിഭാഗമായാലും അതിനെ പ്രോത്സാഹിപ്പിക്കരുത്. മതം പറഞ്ഞ് ഇതൊക്കെ എന്ന് തുടങ്ങിയെന്ന് നമുക്കറിയില്ല. സോഷ്യല്‍ മീഡിയ കൈയ്യിലുള്ളപ്പോള്‍ മുറി അറിവ് വച്ച് എന്തും എഴുതിപ്പിടിപ്പിക്കാം, എന്നിട്ട് ആളുകളെ വേര്‍തിരിക്കാം എന്നതാണ് നിലവിലെ അവസ്ഥ. എഴുതുന്നവര്‍ക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ അതും ഇതിനോട് ചേര്‍ത്ത് എഴുതിപ്പിടിപ്പിക്കുകയാണ്. എന്നിട്ട് അതിനെച്ചൊല്ലിയൊക്കെ മതപരമായ വേര്‍തിരിവ് ഉണ്ടാകുമ്പോള്‍ ഇതൊക്കെ കത്തിത്തീരട്ടെ എന്ന് ചിന്തിച്ച് വെറുതെയിരിക്കുക. ആര് ജയിക്കട്ടെ, ആര് തോല്‍ക്കട്ടെ….കേരളം നമ്മള്‍ സന്തോഷത്തോടെ ജീവിക്കുന്ന സ്ഥലമല്ലേ?
മുനമ്പത്തേത് ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. അവിടുത്തെ ജനങ്ങള്‍ക്ക് അവിടെ കാലങ്ങളായി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. 1950ന് മുമ്പ് പോലും സ്ഥലം അവരുടെ കൈവശമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ അവര്‍ക്കുണ്ടായിരുന്നു. 1950 നവംബര്‍ ഒന്നാം തീയതി ഒരു ആധാരം രജിസ്റ്റര്‍ ചെയ്യുന്നു. സിദ്ദിഖ് സേട്ട് എന്നയാള്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റിനു വേണ്ടി 404.76 ഏക്കര്‍ ഭൂമി എന്ന് കാണിച്ചുകൊണ്ട് ഒരു ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന ഒരു ആധാരം ആണത്. ആ ആധാരത്തിന്റെ നാമധേയം വഖഫ് ആധാരം എന്നുതന്നെയാണ്. അതില്‍ രണ്ട് ഉപാധികള്‍വച്ചു.
ഈ രണ്ട് ഉപാധികളും വഖഫിന്റെ സ്വഭാവത്തിന് വിരുദ്ധമാണ്. സ്ഥിരമായ സമര്‍പ്പണം എന്നാണ് വഖഫിനെക്കുറിച്ച് പറയുന്നത്. ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്തത് എന്നര്‍ത്ഥം. തിരിച്ചെടുക്കാനുള്ള ഒരു ഉപാധി വെക്കുമ്പോള്‍ അത് വഖഫിനെ ബാധിക്കും. ഉദാഹരണത്തിന് ഞാനൊരു വസ്തു വില്‍ക്കാന്‍ തീരുമാനിക്കുന്നു. അതിന്റെ മുകളില്‍ ഞാന്‍ വില്പന കരാര്‍ എന്നെഴുതുന്നു. എന്നിട്ട് അതിന്റെ താഴെയെഴുതുന്നു എന്റെ ഭൂമിക്ക് 10 ലക്ഷം രൂപയാണ് വില. എന്നിട്ട് അതില്‍ എഴുതുകയാണ് വാങ്ങുന്ന ആളെനിക്ക് 1 ലക്ഷം രൂപ ഡിപ്പോസിറ്റും 10,000 രൂപ മാസവാടകയും തരണമെന്ന്. ആ കരാറിന്റെ പേര് വില്പന കരാര്‍ എന്നാണെങ്കിലും അതിലെഴുതിയിരിക്കുന്നത് വാടക കരാര്‍ തന്നെയാണ്. ഈ വാദമാണ്, സ്ഥലം സമ്മാനമായി നല്‍കിയതാണ് എന്ന് പറഞ്ഞ് അന്ന് മുതല്‍ ഫറൂഖ് കോളേജ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
വഖഫ് ചെയ്യുന്ന സമയത്ത്, എനിക്ക് ഒരേക്കര്‍ സ്ഥലമുണ്ടെങ്കില്‍ അത് പള്ളിക്ക് കൊടുക്കാം. എന്റെ ഉമ്മ മരിക്കുന്ന സമയത്ത് പള്ളിക്ക് 10 സെന്റ് സ്ഥലം കൊടുത്തു. അത് കൊടുക്കുന്ന സമയത്ത് അനുമതി ഉമ്മയുടെ പേരിലാണ്. സ്ഥലം പള്ളിയാണ് നോക്കുന്നതും. ഉടമസ്ഥാവകാശം ഞങ്ങളുടെ പേരിലാണെങ്കിലും ആ സ്ഥലം വഖഫാണ്. ഞങ്ങള്‍ക്കത് ഉപയോഗിക്കാന്‍ കഴിയില്ല. കാരണം അതൊരു സൃഷ്ടിപരമായ കൈവശാവകാശമാണ്. ഇങ്ങനെയൊരു കൈവശാവകാശത്തിന്റെ കൈമാറ്റം മുനമ്പത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
ഉടമസ്ഥാവകാശത്തിന്റെ പേരില്‍ മുനമ്പത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. 1967ല്‍ കേസും ഫയല്‍ ചെയ്തിരുന്നു. 1975ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഒരു വിധിന്യായം ഉണ്ടായിരുന്നു. അതിലൊക്കെ മുനമ്പത്തെ ഭൂമി സമ്മാനം ആണെന്നൊരു നിരീക്ഷണമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിനു ശേഷം 1988 ഡിസംബറില്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് തീരുമാനമെടുക്കുന്നു, ഈ ഭൂമി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് പണം വാങ്ങി വില്‍ക്കാം എന്ന്. അതിന്റെയടിസ്ഥാനത്തില്‍ ഈ ഭൂമി അവിടുത്തെ കൈവശക്കാര്‍ക്ക് തന്നെ വിറ്റുകൊടുക്കുന്നു. അവിടെ താമസിച്ചിരുന്നവര്‍ക്ക് തുടര്‍ന്നും താമസിക്കാനായി ഫറൂഖ് കോളേജ് ആ ഭൂമി കൊടുക്കാന്‍ കാരണം ആ ഭൂമി സമ്മാനം ആണ് എന്ന് പറഞ്ഞതുകൊണ്ടാണ്.
ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചതാണ്. കടലിനും കായലിനുമിടയിലായി ആ സ്ഥലത്തിന് 300 മീറ്റര്‍ വീതിയേയുള്ളു. അതിനിടയില്‍ വീടുകളാണ് പണിതിരിക്കുന്നത്. അറുനൂറോളം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നുണ്ട് എന്ന വസ്തുത മറച്ചുവെക്കാന്‍ കഴിയില്ല.
അതിനു ശേഷം 2008ലാണ് നിസാര്‍ കമ്മീഷന്‍ വരുന്നത്. നിസാര്‍ കമ്മീഷനാണ് പറയുന്നത് മുനമ്പത്തേത് വഖഫ് ബോര്‍ഡിന്റെ ഭൂമിയായതുകൊണ്ട് തിരിച്ചുപിടിക്കണമെന്ന്. ഈ സമയത്ത് ഫറൂഖ് കോളേജ് പറഞ്ഞു നിങ്ങള്‍ക്കിത് ചെയ്യാന്‍ അധികാരമില്ല, ഇത് വഖഫിന്റെ സ്ഥലമല്ല, നിങ്ങളുടെ അധികാരപരിധിയില്‍ അല്ല ഇക്കാര്യം എന്ന്. നിസാര്‍ കമ്മീഷനെ നിയോഗിച്ചത് വഖഫ് നിയമപ്രകാരമല്ല. പല കാര്യങ്ങള്‍ പഠിക്കുന്നതിലൊന്നായി ഇത് ഉള്‍പ്പെടുത്തുകയും ഈ തിരിച്ചുപിടിക്കല്‍ ശുപാര്‍ശയായി സമര്‍പ്പിക്കുകയുമായിരുന്നു. സര്‍ക്കാര്‍ 2010ല്‍ മന്ത്രിസഭയില്‍ ഈ റിപ്പോര്‍ട്ട് വച്ച് ഇതിനെ പൂര്‍ണമായി സമീപിച്ചു. അങ്ങനെ ഭൂമി തിരിച്ചുപിടിക്കല്‍ എന്ന നിര്‍ദേശത്തിലേക്ക് എത്തി. പ്രശ്‌നം എന്താന്നവച്ചാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കുമ്പോ ഉടമസ്ഥാവകാശം ഒരു വലിയ ഘടകമാണ്. മൗലികാവകാശം, ഭരണഘടനാവകാശം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഇത്തരമൊരു പഠനം നടത്തുമ്പോ ജനങ്ങളെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതൊന്നും നിസാര്‍ കമ്മീഷന്‍ നോക്കിയിട്ടുമില്ല. ഗൗരവത്തോടെയല്ലാതെ നിസാരമായിട്ടാണ് ഈ വിഷയത്തെ നിസാര്‍ കമ്മീഷന്‍ സമീപിച്ചത്.
1954ലാണ് ആദ്യം വഖഫ് നിയമം വരുന്നത്. 1923ലെ നിയമം നിലനില്‍ക്കുമ്പോഴാണ് 54ല്‍ ഭേദഗതി വരുന്നത്. 1923ലെ ആക്ട് നിലനില്‍ക്കുമ്പോഴാണ് 1950ല്‍ മുനമ്പം ഭൂമി സംബന്ധിച്ച ആധാരം ഉണ്ടാക്കുന്നത്. 1954ലെ വഖഫ് നിയമത്തിന്റെ 26, 27 വകുപ്പുകള്‍ ഒക്കെ വായിച്ചുനോക്കുമ്പോ മനസിലാകും 26ആം വകുപ്പ് പ്രകാരം വഖഫിന്റെ ആസ്തി രജിസ്റ്ററില്‍ ഈ ഭൂമികളുടെ രേഖകളും വിശദാംശങ്ങളും ഒക്കെ കൊടുക്കണം. അത് കൊടുക്കുന്നില്ലെങ്കില്‍ വഖഫ് ബോര്‍ഡ് പരിശോധിച്ച് അന്വേഷണം നടത്തി രേഖകളിലാക്കണം. അങ്ങനെ വഖഫ് ബോര്‍ഡ് ഉള്‍പ്പെടുത്തിയ ഭൂമിയില്‍ വില്പന നടത്തിയിട്ടുണെങ്കില്‍ ആ കയ്യേറ്റം ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരമുണ്ട് എന്ന് പറയുന്നതാണ് വഖഫ് നിയമത്തിലെ 26 ബി വകുപ്പ്. എന്നാല്‍, മുനമ്പത്തെ ഭൂമി വില്പന നടത്തി എന്ന് പറയുന്ന 1988നും 1995നുമിടയ്ക്കുള്ള കാലങ്ങളിലൊന്നും വഖഫ് ബോര്‍ഡിന്റെ രജിസ്റ്ററില്‍ ഈ ഭൂമി ഇല്ല. അത് ഉള്‍പ്പെടുത്തുന്നത് 2019 അവസാനം മാത്രമാണ്.
ഇനി അവസാനമായി പറയാനുള്ളത്, നമ്മളിതിനെ ഒരിക്കലും വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെടുത്തരുത്. കാരണം വഖഫ് ഭേദഗതി ബില്ലിനെ പറ്റി പറയുമ്പോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രചാരമുണ്ട്. വഖഫ് നിയമത്തില്‍ വകുപ്പ് 40 എന്നൊരു കാര്യമുണ്ട്. അതില്‍ പറയുന്നത് വഖഫ് ബോര്‍ഡിന് വലിയ അധികാരം കൊടുത്തിരിക്കുകയാണ്. അവര്‍ക്ക് വേണമെങ്കില്‍ ഏത് ഭൂമിയും എന്‍ക്വയറി നടത്തിയിട്ട് വഖഫ് ആണെന്ന് പറയാം. ആ അധികാരം എടുത്തുകളയണം. ഇത് തെറ്റായൊരു ആരോപണവും പ്രചാരണവുമൊക്കെയാണ്.
സര്‍ക്കാര്‍ ഉടന്‍തന്നെ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കുകയാണ് വേണ്ടത്. അങ്ങനെ ഈ വിഷയത്തില്‍ ശരിയായ വിലയിരുത്തല്‍ നടത്തി പ്രശ്‌നപരിഹാരം കാണണം. കൈ കൊണ്ട് നമുക്ക് കൊലപാതകവും നടത്താം, കൈ കൊണ്ട് നമുക്ക് ജീവകാരുണ്യ പ്രവര്‍ത്തനവും നടത്താം, പ്രചാരണങ്ങള്‍ അതേപടി വിശ്വസിക്കും മുമ്പ് അക്കാര്യം ഓര്‍ക്കണം.