വയനാട്ടില്‍ കേള്‍ക്കാം, നെഹ്‌റുവിന്റെ ശബ്ദം; പ്രിയങ്കയുടെ വരവ് സ്നേഹത്തിന്റെ പ്രതിഫലനം കൂടിയാണ്

സ്നേഹത്തിന്റെ മക്കാനിയാണ് വയനാട്. പ്രിയങ്ക ഗാന്ധിയുടെ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പിന് ഏറ്റവും ഉചിതമായ സ്ഥലം.

dot image

'വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട', വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യ മതേതര സ്‌നേഹികള്‍ക്ക് മുന്നോട്ടുവെക്കാവുന്ന ഏറ്റവും മികച്ച രാഷ്ട്രീയ പ്രയോഗമാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ മുന്നോട്ടുവെച്ചത്. എന്നും തനിക്ക് നേരെ പരിഹാസം ചൊരിഞ്ഞ ബിജെപി നേതാക്കളോട് രാഹുല്‍ പറഞ്ഞുകൊണ്ടിരുന്ന ഈ മറുപടിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമാണ് പ്രതിഫലിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഇരു ഘട്ടങ്ങളിലായി രാഹുല്‍ നടന്നുതീര്‍ത്ത വഴികളിലത്രയും വിശാലമായ ഇന്ത്യന്‍ ജനസാമാന്യത്തിന്റെ സ്‌നേഹവായ്പുകളെ ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് 2024 ല്‍ ഏകപക്ഷീയ വിജയമെന്ന ബിജെപിയുടെ അവകാശവാദങ്ങളെ അട്ടിമറിച്ചുകൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നേറാന്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യ മുന്നണിക്കും സാധിച്ചത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ദിശാപരമായ പദ്ധതികള്‍ക്കിടയിലും സ്‌നേഹം എന്ന ആശയത്തെ കൈവിടാന്‍ ഗാന്ധി കുടുംബം തയ്യാറാകുന്നില്ല എന്നതാണ് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള കടന്നുവരവിലൂടെ ദൃശ്യമായത്. ഒരേ സമയം വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധിക്ക് ഇലക്ഷന്‍ കമ്മീഷന്റെ നയ സാഹചര്യങ്ങളുടെ ഭാഗമായി വയനാട്ടിലെ എംപി സ്ഥാനം രാജി വെക്കേണ്ടി വന്നെങ്കിലും ആ നാടിനെ പൂര്‍ണമായും കയ്യൊഴിയാന്‍ ഗാന്ധി കുടുംബം തയ്യാറായില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളില്‍ ഒന്നിന്റെ ഇരകളായി മാറേണ്ടി വന്ന, ഇനിയും വിറങ്ങലുകള്‍ അവസാനിക്കാത്ത വയനാടന്‍ ജനതയെയും, ആ മണ്ണിനെയും വഴിയിലുപേക്ഷിച്ചുപോകില്ല എന്ന ഗാന്ധി കുടുംബത്തിന്റെ തീരുമാനം ഏറെ പ്രത്യാശ നല്‍കുന്ന ഒന്നാണ്. സ്നേഹത്തിന്റെ മക്കാനിയാണ് വയനാട്. പ്രിയങ്ക ഗാന്ധിയുടെ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പിന് ഏറ്റവും ഉചിതമായ സ്ഥലം.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവും ചരിത്രവും എന്നും വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. മോത്തിലാല്‍ നെഹ്‌റു തൊട്ട് ഇങ്ങു പ്രിയങ്ക വരെ ആ പാരമ്പര്യത്തിന്റെ കണ്ണികളാണ്. മതേതരത്വവും സോഷ്യലിസവും തങ്ങളുടെ ആദര്‍ശത്തിന്റെ അടിത്തറയായി വിശ്വസിക്കുന്ന ഒരു കുടുംബം, അതവര്‍ ജീവിതത്തിലൂടെ കാണിച്ചു തന്നതാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്ത നമ്മുടെ മുന്‍ഗാമികള്‍ സ്വപ്നം കണ്ട ഇന്ത്യ നാനാത്വത്തില്‍ ഏകത്വം എന്ന ദര്‍ശനത്തിന്റെ സാഫല്യമായിരുന്നു. എല്ലാവരുടെയും ഇന്ത്യ, ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നെഹ്‌റു വിഭാവനം ചെയ്തതും ജനാധിപത്യത്തിന്റെ പറുദീസയായിരുന്നു. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സ്വാതന്ത്ര്യ ലബ്ധിയോടെ ജനങ്ങള്‍ മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്‍ ഭിന്നിക്കാതിരിക്കാന്‍ വിവിധ പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ഭരണ ഘടനയിലൂടെ അത് ഉറപ്പു വരുത്തുകയും ചെയ്തു.

ഒരു ഘട്ടത്തിലും ഹിന്ദുത്വ ശക്തികളോട് സന്ധി ചെയ്യാന്‍ നെഹ്‌റു കൂട്ടാക്കിയിരുന്നില്ല. രാജ്യത്തിന്റെ മതേതരത്വ സ്വഭാവം നിലനിര്‍ത്താന്‍ നെഹ്‌റു പ്രത്യകം ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെയാണ് രാജീവ് ഗാന്ധിയുടെ കാലംവരെ വര്‍ഗീയ ശക്തികള്‍ക്ക് ഇന്ത്യയെ കീഴടക്കാന്‍ കഴിയാതെ പോയതും. പ്രിയങ്ക ഗാന്ധിയും ആ പാരമ്പര്യത്തിന്റെ കണ്ണിയാണ്. വര്‍ഗീയ ശക്തികളുടെ കണ്ണിലെ കരടുമാണ്. നെഹ്‌റു കുടുംബത്തിന്റെ മഹത്വം കൃത്രിമമായി പടച്ചുണ്ടാക്കിയതല്ല, അത് ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജയിലില്‍ കിടക്കാത്ത ഒരംഗവും ആ കുടുംബത്തിലില്ല. മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും ജയിലില്‍ കിടക്കുമ്പോള്‍ അഞ്ചുവയസ്സ് മുതല്‍ തനിച്ചായ ഇന്ദിരയുടെ കഥ ചരിത്രത്തിന്റെ ഭാഗമാണ്. നീണ്ട വര്‍ഷങ്ങള്‍ അച്ഛനുമായുള്ള ബന്ധം ആഴ്ചയില്‍ കിട്ടുന്ന കത്തുകളായിരുന്നെന്നു ഇന്ധിരാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. പ്രസ്തുത കത്തുകള്‍ പിന്നീട് ചരിത്ര ഗ്രന്ഥമായി മാറിയതും നമ്മളത് വായിച്ചതുമാണ്. ഇന്ത്യയിലെ ഒരു കുടുംബത്തിനും നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത യാതനകള്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അനുഭവിച്ചവരാണ് ഈ കുടുംബം. ഇത്ര മാത്രം ത്യാഗങ്ങള്‍ സഹിച്ച മറ്റൊരു കുടുംബവും ഇന്ത്യയില്‍ വേറെയില്ല.

ബ്രിട്ടീഷ് വൈസ്രോയിയോട് ഇന്ത്യയെ വില്‍ക്കുകയാണെങ്കില്‍ ഞാനതു വിലക്ക് വാങ്ങി സ്വന്തമാക്കുമെന്ന് പറഞ്ഞ മോത്തിലാല്‍ നെഹ്‌റു, അത്ര മാത്രം ധനികനായിരുന്നു, പക്ഷേ മരിക്കുമ്പോള്‍ ഡല്‍ഹിയിലെ ആനന്ദ ഭവന്‍ മാത്രമായിരുന്നു സ്വന്തമായുള്ളത്. സ്വന്തം ജീവന്‍ രാജ്യത്തിനു വേണ്ടി ബലി കൊടുത്ത ഇന്ത്യയുടെ ധീര വനിത ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഷ്രീയത്തില്‍ താല്പര്യമില്ലാത്ത മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത് വളരെ യാദൃച്ഛികമായാണ്. രാഷ്ട്രീയക്കാരനല്ലാത്ത രാജീവ് ഗാന്ധി നിഷ്‌കളങ്കനായിരുന്നു, രാഷ്രീയം പഠിച്ചപ്പോഴേക്കും ഭരണം അദ്ദേഹത്തിന് നഷ്‍ടമായി, 1989ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ രാജീവ് ഗാന്ധി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ചില്ല. ഇന്ന് ബിജെപി ചെയ്യുന്നപോലെ ആരെയും ചാക്കിട്ട് പിടിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അങ്ങനെ വിപി സിംഗ് ഒരു തട്ടിക്കൂട്ടു മുന്നണിയുടെ പ്രധാന മന്ത്രിയായി അധികാരത്തില്‍ വന്നു. രാജീവ് ഗാന്ധിക്കു നല്‍കിയിരുന്ന സുരക്ഷ പോലും വിപി സിംഗ് മന്ത്രിസഭ എടുത്തു കളഞ്ഞു. തമിഴ്നാട്ടില്‍ വെച്ച് 1991-ല്‍ രാജീവ്ഗാന്ധി ദാരുണമായി വധിക്കപ്പെട്ടു. മുത്തശ്ശിയും പിതാവും ജീവത്യാഗം ചെയ്തതിന്റെ ദുഖ കഥകളാണ് രാഹുലിനും പ്രിയങ്കക്കും ഓര്‍മ്മിക്കാനുള്ളത്.

Content Highlights: priyanka gandhis entry to wayanad an expression of gandhi familys love

dot image
To advertise here,contact us
dot image