ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പടിയിറക്കവും തകരുന്ന ലിബറൽ സ്വപ്നങ്ങളും

പ്രസംഗങ്ങളിൽ നിന്ന് പ്രതീക്ഷ വച്ച് പുലർത്തിയ പോലെ പ്രസംഗങ്ങളിൽ നിന്ന് തന്നെ നിരാശയിലെത്തുന്നത് സ്വഭാവികമാണ്. പക്ഷേ ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന് അനുവദിക്കപ്പെട്ട അധികാര മേഖലകളായ നിയമവാഴ്ച ഉറപ്പുവരുത്തലിലും കോടതികളുടെ ഭരണത്തിലും നടത്തിയ ഇടപെടൽ കൊണ്ടാണ് വിലയിരുത്തപ്പെടേണ്ടത്

dot image

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാധ്യമ സൗഹൃദമായ (Media freindly) ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ് എന്നതിൽ തർക്കമില്ല. ജഡ്ജ് എന്നാൽ പൊതുജന മധ്യത്തിൽ നിന്നും പൊതുവേദികളിൽ നിന്നും ഒറ്റപ്പെട്ട് (Secluded) നിൽക്കേണ്ടയാൾ എന്ന അലിഖിത ചട്ടം അദ്ദേഹം നിരന്തരം ലംഘിച്ചു കൊണ്ടിരുന്നു. യൂണിവേഴ്സിറ്റികളിലെ അക്കാദമികമായ പ്രഭാഷണങ്ങളും മാധ്യമ സംവാദങ്ങളും അദേഹത്തിൻ്റെ ആരാധക വൃന്ദം വർധിപ്പിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ, ഈ ആരാധനയിൽ നിന്നാണ് അദ്ദേഹത്തോട് വലിയ പ്രതീക്ഷ ഉണ്ടാകുന്നത്. ഫാസിസ്റ്റ് പ്രവണതകളുള്ള ഒരു സർക്കാരിന് അഭിമുഖമായി നിൽക്കാൻ ചന്ദ്രചൂഡിനെ പോലെ ലിബറൽ ആയ ജഡ്ജിന് സാധിക്കുമെന്ന പ്രത്യാശയാണ് പരെക്ക ഉണ്ടായിരുന്നത്. എന്നാൽ രണ്ട് വർഷത്തെ തൻ്റെ നീണ്ട ചീഫ് ജസ്റ്റിസ് കാലയളവ് കഴിഞ്ഞ് വിരമിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ആരാധകർ നിരാശയിലാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ചീഫ് ജസ്റ്റിസിൻ്റെ വീട്ടിൽ അദ്ദേഹവും പ്രധാനമന്ത്രിയും ഒരുമിച്ച് പൂജ ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നതാണ് നിരാശയുടെ ഒരു കാരണം. അയോധ്യ / ബാബരി മസ്ജിദ് കേസിൽ വിധി പറയുന്നതിന് മുമ്പ് താൻ പോംവഴിക്കായി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു എന്ന പ്രസ്താവന മറ്റൊരു കാരണം. യഥാർത്ഥത്തിൽ ഒരു ജഡ്ജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിൻ്റെ പബ്ലിക്ക് അപ്പിയറൻസുകളിൽ നിന്നോ പ്രസ്താവനകളിൽ നിന്നോ ആണോ ? പ്രസംഗങ്ങളിൽ നിന്ന് പ്രതീക്ഷ വച്ച് പുലർത്തിയ പോലെ പ്രസംഗങ്ങളിൽ നിന്ന് തന്നെ നിരാശയിലെത്തുന്നത് സ്വഭാവികമാണ്. പക്ഷേ ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന് അനുവദിക്കപ്പെട്ട അധികാര മേഖലകളായ നിയമവാഴ്ച ഉറപ്പുവരുത്തലിലും കോടതികളുടെ ഭരണത്തിലും നടത്തിയ ഇടപെടൽ കൊണ്ടാണ് വിലയിരുത്തപ്പെടേണ്ടത് എന്ന് കരുതുന്നു. അതിനുള്ള ശ്രമമാണ് ഈ കുറിപ്പിൽ നടത്തുന്നത്.

സുപ്രീം കോടതി എന്ത് കൊണ്ട് 'പരമോന്നത'മാകുന്നു ?

'സുപ്രീം' ലീഡർ എന്നത് ഒരു ജനാധിപത്യ രാജ്യത്തിൻ്റെ രീതിയല്ല. പിന്നെന്ത് കൊണ്ട് ഭരണാഘടനാ ജനാധിപത്യമുള്ള ഒരു രാജ്യത്ത് ഒരു 'സുപ്രീം' കോടതി നിലനിൽക്കുന്നതെന്ന സംശയം തോന്നാം. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് മുകളിൽ ഒരധികാര കേന്ദ്രത്തിൻ്റെ ആവശ്യമില്ലല്ലോ. അവിടെയാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന അധികാരത്തിൻ്റെയും വിഭജനത്തിൻ്റെയും നിയമവാഴ്ചയുടെയും പ്രസക്തി. നിയമനിർമാണ സഭകളായ നിയമസഭയ്ക്കും പാർലമെൻ്റിനും നിയമനിർമാണത്തിന് അവകാശങ്ങളുണ്ട്. പക്ഷേ, ഭരണഘടന ഉറപ്പ് വരുത്തുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന നിയമനിർമാണങ്ങൾ നടത്താനാവില്ല (അനുച്ഛേദം 13 ). അത്തരം നിയമനിർമാണങ്ങൾ ഉണ്ടായാൽ അവ റദ്ദാക്കാനുള്ള അധികാരമാണ് സുപ്രീംകോടതിയെ 'സുപ്രീം' ആക്കുന്ന പ്രധാന ഘടകം. ഭരണഘടനയെന്ന സുപ്രീം ഡോക്യുമെൻ്റ് നൽകുന്ന അധികാരമെന്നും പറയാം. മറ്റൊരു പ്രധാന അധികാര കേന്ദ്രമായ എക്സിക്യൂട്ടീവ് എന്ന പ്രധാനമന്ത്രിയുൾപ്പെടുന്ന ഓഫീസിൻ്റെയൊ രാഷ്ട്രത്തിൻ്റെ (State) ഭാഗമായ ഏതെങ്കിലും സംവിധാനത്തിൻ്റെയൊ തീരുമാനങ്ങളും ഇതുപോലെ ചോദ്യം ചെയ്യാൻ ഭരണഘടന അവകാശം നൽകുന്നു. തുല്യതയ്ക്കും ജീവിക്കാനും സ്വാതന്ത്ര്യത്തിനുമടക്കമുള്ള എല്ലാ മൗലികാവകാശങ്ങളും രാഷ്ട്രത്തിൻ്റെ സംവിധാനങ്ങളെക്കൊണ്ട് തന്നെ അനുവദിക്കാനും ഇതേ മാർഗം സ്വീകരിക്കാം. ഇവയെ ആണ് റിറ്റുകൾ എന്ന് വിളിക്കുന്നത്. അങ്ങനെ സർവ്വ അധികാരങ്ങളുമുണ്ടെന്ന പ്രതീതിയുള്ള എക്സിക്യുട്ടീവിനുള്ള ഒരു ചെക്ക് ആൻ്റ് ബാലൻസ് ആണ് ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതി. ആ സ്ഥാപനത്തിൻ്റെ ചീഫ് ആകുക എന്നാൽ രാജ്യത്തിൻ്റെ നിയമവാഴ്ചയും അധികാരവിഭജനവും ജനാധിപത്യവും ഉറപ്പുവരുത്താനുള്ള ഏറ്റവും പ്രധാന പദവി കയ്യാളുക എന്നാണർത്ഥം.

ഇത്തരമൊരു അധികാര കേന്ദ്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാരിൽ തങ്ങൾക്ക് അഭിമതരായ ആളുകൾ മാത്രം ഉണ്ടാകാൻ എക്സിക്യൂട്ടീവിന് കഴിയില്ലേ എന്നും സംശയം തോന്നും. അവിടെ ആണ് ഭരണഘടനയിൽ സ്പെസിഫിക്ക് ആയി പറഞ്ഞിട്ടുള്ള ചീഫ് ജസ്റ്റിസിനെ കൺസൾട്ട് ചെയ്യാതെ ജഡ്ജി നിയമനം സാധ്യമാവില്ല എന്ന വ്യവസ്ഥയുടെ പ്രാധാന്യം. ഭരണഘടനയുടെ അനുച്ഛേദം 124 അനുസരിച്ച് സുപ്രീം കോടതി ജഡ്ജി നിയമനത്തിലും അനുച്ഛേദം 217 അനുസരിച്ച് ഹൈക്കോടതി ജഡ്ജി നിയമനത്തിലും പ്രസിഡൻ്റിന് ചീഫ് ജസ്റ്റിസിനെ കൺസൾട്ട് ചെയ്യാതെ നിയമനം സാധ്യമാവില്ല. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തിൽ തന്നെ നിയമനാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കണം എന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നു. സീനിയോരിറ്റി അനുസരിച്ച് നടന്ന് വന്ന ചീഫ് ജസ്റ്റിസ് നിയമനം മറികടക്കണം എന്ന വാദഗതി ശക്തമായിരുന്നു. ആ വാദം അന്ന് വിജയിച്ചില്ലെങ്കിലും ഇന്നത്തെപ്പോലെ 'ശക്തമായ' എക്സിക്യൂട്ടിവുണ്ടായിരുന്ന 1970കളിൽ ചീഫ് ജസ്റ്റിസ് നിയമനത്തിൽ സീനിയോരിറ്റി ലംഘിക്കപ്പെട്ടു. സർക്കാരിന് വിരുദ്ധമായ പൊസിഷൻ എടുത്ത (കേശവാനന്ത ഭാരതി കേസ് ) ജഡ്ജിമാർ ചീഫ് ജസ്റ്റിസുമാരായില്ല. അടിയന്തരാവസ്ഥ കാലത്തും ഈ സ്ഥിതി തുടർന്നു. അടിയന്തരാവസ്ഥക്കാലത്തും മൗലികാവകാശങ്ങൾ ഇല്ലാതാകില്ല എന്ന് വിധിയെഴുതിയ (എ.ഡി.എം ജബൽപൂർ കേസ് ) ന്യായാധിപനും പിന്തള്ളപ്പെട്ടു. ജുഡീഷ്യറിയുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലുമുള്ള എക്സിക്യൂട്ടിവിൻ്റെ കടന്നുകയറ്റം സുപ്രീം കോടതിയെന്ന സ്ഥാപനത്തെ ദുർബലമാക്കി എന്ന പ്രതീതിയുണ്ടായി. കൂടുതൽ 'ശക്തമായ ' എക്സിക്യൂട്ടീവ് ഉണ്ടാകുമ്പോൾ ജുഡീഷ്യറി വിധേയമാകുമെന്ന തിയറി അന്നാണ് ശക്തിപ്പെടുന്നത്. എന്നാൽ അതേ തിയറിയെ സാധുവാക്കുന്ന മറ്റൊരു മാറ്റവും കാലം കരുതി വച്ചിരുന്നു. 1981ലെ ആദ്യ ജഡ്ജ് കേസിൽ ചീഫ് ജസ്റ്റിസിൻ്റെ ജഡ്ജ് നിയമന നിർദേശം പ്രസിഡൻ്റിൽ ബൈൻഡിങ്ങ് അല്ല എന്നാണ് സുപ്രീം കോടതി വിധിച്ചത്. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വം എക്സിക്യൂട്ടിവിനെ ദുർബലമാക്കിയ 1990കളിൽ സ്ഥിതി മാറി. 1993 ൽ രണ്ടാം ജഡ്ജ് കേസിൽ ചീഫ് ജസ്റ്റിസിൻ്റെ ജഡ്ജ് നിയമന നിർദ്ദേശം പ്രസിഡന്റ് പാലിക്കണമെന്ന് വിധിച്ച സുപ്രീംകോടതി നിർദേശങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ് മറ്റ് മുതിർന്ന ജഡ്ജിമാരെ കൺസൾട്ട് ചെയ്യണമെന്നും വിധിച്ചു. 1996ലെ വിധിന്യായത്തോടെ ഇത് കൊളീജിയം സിസ്റ്റമായി വികസിച്ചുവന്നു. 2014ൽ വീണ്ടും ശക്തമായ എക്സിക്യൂട്ടിവ് തിരിച്ചുവന്നപ്പോൾ അവർ ആദ്യം ശ്രമിച്ചത് ജഡ്ജ് നിയമനം തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ്. എന്നാൽ അത്തരത്തിൽ നടത്തിയ നിയമ നിർമാണം സുപ്രീം കോടതി റദ്ദാക്കി. എന്നാൽ കൊളീജിയത്തിൻ്റെ ശുപാർശകൾ മുഴുവൻ നടപ്പാക്കാൻ പിന്നീട് ഗവൺമെൻ്റ് തയാറായിട്ടില്ല.

ചുരുക്കി പറഞ്ഞാൽ സുപ്രീം കോടതിക്കും അതിൻ്റെ ചീഫ് ജസ്റ്റിസിനും പ്രധാനമായ രണ്ട് അധികാര മേഖലകൾ ആണുള്ളത്. ഒന്ന്, ഭരണഘടനാപരമായി നിയമ വാഴ്ച ഉറപ്പുവരുത്തലാണ്. രണ്ട്, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനമടക്കമുള്ള ഭരണ നിർവ്വഹണമാണ്. ഈ രണ്ട് മേഖലകളിലും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ പ്രവർത്തനം ഇനി പരിശോധിക്കാം.

അനുകൂല വിധി വരുമ്പോൾ മാത്രം പുകഴ്ത്തലോ ?

'ഇന്ന് കൂടുതലായി കണ്ട് വരുന്ന ഒരു കാര്യമെന്താണന്ന് വച്ചാൽ ചില സംഘങ്ങൾ പറയുന്നത്, ഞങ്ങൾക്ക് അനുകൂല വിധി ഉണ്ടായാൽ നിങ്ങൾ സ്വതന്ത്രനാണ്. ഞങ്ങൾക്ക് എതിരെ വിധി ഉണ്ടായാൽ നിങ്ങൾ സ്വതന്ത്രനല്ല '- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തൻ്റെ പദവിയുടെ അവസാന കാലത്ത് നടത്തിയ പ്രതികരണമാണിത്. അദ്ദേഹത്തിൻ്റെ വാദത്തിൻ്റെ കഴമ്പ് പരിശോധിച്ച് കൊണ്ട് തുടങ്ങാം. അദ്ദേഹത്തിൽ പ്രതീക്ഷ വച്ച് പിന്നീട് നിരാശരായ ലിബറൽ പക്ഷത്ത് നിൽക്കുന്നവർ പോലും ജസ്റ്റിസ് ചന്ദ്രചൂഡിനെ പുകഴ്ത്തുന്നതായ പല വിധി ന്യായങ്ങളുമുണ്ട്. അവയിൽ പലതും അദ്ദേഹം ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് എഴുതിയതാണ്. ഏതായാലും അവർ പിന്തുണക്കുന്ന പ്രധാന വിധി ന്യായങ്ങൾ നോക്കാം.

  1. സ്വകാര്യത മൗലികാവകാശമാക്കിയ പുട്ട സ്വാമി കേസ്

ഈ കേസിൽ വിധിയെഴുതിയ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഡും ഭാഗമായിരുന്നു. ഡിജിറ്റൽ കാലത്തെ സ്വകാര്യതയുടെ പ്രസക്തിയെക്കുറിച്ചൊക്കെ അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ വായിച്ചിരിക്കേണ്ടതാണ്.

  1. സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ നവ്തേജ് സിങ്ങ് ജോഹർ കേസ്

ഇന്ത്യൻ ക്രിമിനൽ നിയമങ്ങളുടെ കോളോണിയൽ കാലത്തെ സദാചാര മൂല്യങ്ങളിൽ നിന്നുള്ള വിച്ഛേദമായിരുന്നു ഈ വിധി ന്യായം. സ്വവർഗ്ഗരതി കുറ്റകരമാക്കിയിരുന്ന ഇന്ത്യൻ പീനൽ കോഡിലെ 377 വകുപ്പ് ഭാഗികമായി റദ്ദാക്കിയ വിധി ന്യായത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തിയുടെ സ്വയം നിർണയാവകാശത്തിലാണ് ഊന്നിയത്.

  1. വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ ജോസഫ് ഷൈൻ കേസ്.

സ്ത്രീയെ പുരുഷൻ്റെ അടിമയോ സ്വത്തോ മാത്രമായി കാണുന്ന യുക്തിയാണ് ഐ.പി.സി 497നുള്ളതെന്ന് നിരീക്ഷിച്ചാണ് ആ വകുപ്പ് റദ്ദാക്കുന്നത്.

  1. വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന കോമൺ കോസ് കേസ്

ഒരു വ്യക്തിയുടെ സ്വയം നിർണയാവകാശത്തെ അംഗീകരിച്ച് ദയാവധത്തെ അംഗീകരിക്കുകയാണ് ഈ വിധിന്യായത്തിൽ ചെയ്തത്.

  1. പട്ടാളത്തിൽ സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കിയ ബബിത പുനിയ കേസ്

കമ്മീഷനുകളിലും പ്രമോഷനുകളിലും പട്ടാളത്തിലെ സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കിയ വിധി ന്യായമാണിത്.

ഈ വിധി ന്യായങ്ങൾ പൊതുവെ ചന്ദ്രചൂഡ് വിമർശകർ പോലും പ്രശംസിക്കുന്നവയാണ്. ഇനി അവർ വിമർശിക്കുന്ന പ്രധാന വിധി ന്യായങ്ങൾ നോക്കാം.

  1. ബാബറി മസ്ജിദ് / അയോധ്യ കേസ്

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെത്തന്നെ പ്രധാന കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൻ്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. വിധി ന്യായത്തിൽ പേരുകൾ ഇല്ലാത്തതിനാൽ ആര് എഴുതിയതെന്നറിയില്ലെങ്കിലും വിധിയുടെ റീസണിങ്ങ് വിമർശിക്കപ്പെടുന്നു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണന്ന് കണ്ടെത്തിയ വിധിന്യായം ക്ഷേത്രം പണിയാനും പള്ളി പണിയാനും നിർദ്ദേശിക്കുക വഴി സെറ്റിൽമെന്റ് സ്വഭാവത്തിലുള്ളതാണ് എന്നാണ് ഒരു വിമർശനം.

  1. ഇലക്ട്രൽ ബോണ്ട് കേസും തുടരന്വേഷണവും

2017ൽ ഫിനാൻസ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി ആയിരുന്നു ഇലക്ട്രൽ ബോണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് നൽകുന്ന ഫണ്ട് വിവരങ്ങൾ പുറത്തു വിടേണ്ടതില്ല എന്നതായിരുന്നു പദ്ധതി. എന്നാൽ ഗവൺമെൻ്റിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകുന്നതിൽ നയ രൂപീകരണം അനുകൂലമാക്കുക എന്ന ലക്ഷ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി, പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് കണ്ട് റദ്ദാക്കി. വിധി ന്യായത്തോട് വിമർശനമില്ലായിരുന്നെങ്കിലും പദ്ധതി വഴി അഴിമതി നടത്തിയിട്ടുണ്ടോ എന്ന അന്വേഷണ ആവശ്യം ജസ്റ്റിസ് ചന്ദ്രചൂഡ് നിരാകരിച്ചതിലാണ് എതിർപ്പുയർന്നത്.

  1. ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരി വച്ച കേസ്

ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയത് ശരി വച്ച വിധി ന്യായവും ഏറെ വിമർശിക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ മേൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിലുള്ള പ്രിസിഡൻറ് ആണ് വിധി ന്യായം മുന്നോട്ട് വക്കുന്നതെന്നായിരുന്നു വിമർശനം

  1. വാരണാസി ഗ്യാൻ വ്യാപി പള്ളിയിൽ സർവേ അനുവദിച്ചത്

1991ലെ ആരാധാനലയ നിയമം നില നിൽക്കുമ്പോൾ പുതിയ ഒരു ആരാധനാലയം കൂടി തർക്ക വിഷയമാക്കുന്നു എന്നതായിരുന്നു വിമർശനം.

ജസ്റ്റിസ് ചന്ദ്രചൂഡിന് പ്രശംസയും വിമർശനവും ലഭിക്കുന്ന വിധി ന്യായങ്ങൾ പരിശോധിച്ചാൽ തന്നെ 'സെലക്ടീവായി' വിമർശിക്കുകയാണെന്ന അദ്ദേഹത്തിൻ്റെ വാദം ശരിയാണെന്ന് തോന്നാം. പക്ഷെ, വിശദാംശങ്ങൾ നോക്കിയാൽ അങ്ങനെ അല്ല എന്ന് ബോധ്യപ്പെടും. ജസ്റ്റിസ് ചന്ദ്രചൂഡ് പുരോഗമനോന്മുഖമായി എഴുതിയ വിധി ന്യായങ്ങൾ ലിംഗനീതി, സ്വകാര്യത, സദാചാരം പോലുള്ള വിഷയങ്ങളിലാണെന്ന് കാണാം. അവയിൽ ഒന്നും ഭരിക്കുന്ന സർക്കാരിനോ കക്ഷിക്കോ രാഷ്ട്രീയനഷ്ടങ്ങളില്ല. എന്നാൽ അദ്ദേഹം വിമർശനം നേരിടുന്ന വിധി ന്യായങ്ങൾ ആകട്ടെ ഭരിക്കുന്ന സർക്കാരിനും അവരുടെ പ്രത്യയശാസ്ത്രത്തിനും നിർണായകമാണ് താനും. അവയെ പരിക്കേൽപ്പിക്കാൻ ജസ്റ്റിസ് ചന്ദ്രചൂഡ് തയ്യാറായിരുന്നില്ല. അത് കൊണ്ടാണ് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെ, രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങളിൽ ചന്ദ്രചൂഡ് ധൈര്യം കാണിച്ചില്ല എന്ന് നിരീക്ഷിക്കുന്നത്. വിധിന്യായങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ചില വിഷയങ്ങളിൽ 'പരിധി ' വിടാതിരിക്കാൻ അദ്ദേഹം കാട്ടിയ ജാഗ്രത ഈ വാദമാണ് ശരി വക്കുന്നത്. അതു കൊണ്ട് എക്സിക്യൂട്ടീവിനും മുകളിൽ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിൽ അദ്ദേഹം ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

ജഡ്ജിമാരുടെ നിയമനം - ചന്ദ്രചൂഡ് സർക്കാരിന് വഴങ്ങിയോ?

തനിക്ക് ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ ഒരു വനിതാ ജഡ്ജിയെ പോലും സുപ്രീംകോടതിയിലേക്ക് നിയമിക്കാൻ കഴിയാതെ പോയത് ഹൈക്കോടതി ജഡ്ജിമാരിൽ സീനിയർ ആയ ഒരു വനിതാ ജഡ്ജ് പോലും ഇല്ലാത്തതുകൊണ്ടാണ് എന്ന് ചന്ദ്രചൂഡ് പദവിയൊഴിയുന്ന അവസാന ആഴ്ച പറയുന്നുണ്ട്. ഈ പ്രസ്താവന പ്രധാനമായും രണ്ട് സന്ദേശങ്ങൾ ഉൾകൊള്ളുന്നുണ്ട്. ഒന്ന്, താൻ എന്നുമുയർത്തി പിടിക്കുന്ന ലിംഗനീതിയിലധിഷ്ഠിതമായ നിലപാട് ഉയർത്തി പിടിക്കാൻ അദ്ദേഹം ശ്രമിച്ചു. രണ്ട്, ജഡ്ജിമാരുടെ നിയമനത്തിൽ ചീഫ് ജസ്റ്റിസ് എന്ന തൻ്റെ ഓഫീസിന് സമ്പൂർണ നിയന്ത്രണമുണ്ടായിരുന്നു. ആദ്യ സന്ദേശത്തിൽ അദ്ദേഹത്തോട് വിയോജിക്കുന്നവർക്ക് വരെ എതിർപ്പുണ്ടാകില്ല. നിലവിലെ സർക്കാരിനോ ഭരണകക്ഷിക്കോ വെല്ലുവിളി ഉയർത്താത്തിടത്തോളം ലിംഗനീതിപരമായ നിലപാട് ഉയർത്തി പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ജഡ്ജിമാരുടെ നിയമനങ്ങളിലെയും സ്ഥലംമാറ്റങ്ങളിലെയും അദ്ദേഹത്തിൻ്റെ ' നിയന്ത്രണം' പരിശോധിക്കപ്പെടണം.

ചന്ദ്രചൂഡിൻ്റെ ചീഫ് ജസ്റ്റിസ് കാലയളവിൽ അദ്ദേഹം അദ്ധ്യക്ഷനായ കൊളീജിയം 164 പേരുകൾ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി ശുപാർശ ചെയ്തു. അവയിൽ 124 പേരുകൾ പ്രസിഡന്റ് അംഗീകരിച്ചു. ബാക്കി 40 പേരുകൾ ഇപ്പോഴും അനുവദിക്കപ്പെട്ടിട്ടില്ല. എവിടെ ആയിരുന്നു ചീഫ് ജസ്റ്റിസ് നൽകിയ സന്ദേശത്തിലെ 'നിയന്ത്രണം' ? എങ്ങനെയാണ് സുപ്രീംകോടതി കൊളീജിയത്തിൻ്റെ ശുപാർശകൾ സർക്കാരിന് അവഗണിക്കാനാകുന്നത് ? ഒരു കേസിൻ്റെ നാൾ വഴികൾ നോക്കാം. തൻ്റെ ചീഫ് ജസ്റ്റിസ് പദവിയിലെ ആദ്യ ആഴ്ച തന്നെ ചന്ദ്രചൂഡ് ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നുണ്ട്. കൊളീജിയം മുന്നോട്ട് വക്കുന്ന പേരുകൾ നാലാഴ്ചക്കകം നിയമനമുണ്ടാകണമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നതാണ് കോടതിയലക്ഷ്യ ഹർജിയുടെ കാരണം. കേസ് കേൾക്കാനായി ജസ്റ്റിസ് സൻജയ് കിശൻ കോളിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തി. ജസ്റ്റിസ് കോൾ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ചിലരുടെ മാത്രം നിയമനം വൈകുന്നത് അവർ സ്വയം ഒഴിഞ്ഞു പോകാനാണെന്നും ജഡ്ജിമാരെ സ്വയം നിയമിക്കാനുള്ള സർക്കാർ നിയമത്തെ സുപ്രീംകോടതി റദ്ദാക്കിയതിലുള്ള നിരാശ കൊണ്ടാണ് സർക്കാർ ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. കേസിൻ്റെ വാദം ഏറെ നീണ്ടുപോയെങ്കിലും ഇക്കാലത്താണ് കൊളീജിയം ശുപാർശകളിലെ സിംഹഭാഗവും അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. എന്നാൽ കേസിൻ്റെ ഫൈനൽ ഹിയറിങ്ങ് നടക്കേണ്ട തിയതിക്ക് മുമ്പ് കേസ് നീക്കം ചെയ്യപ്പെട്ടു. ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് അറിയാതെ ഇത് സാധ്യമാകില്ലന്നതാണ് വസ്തുത. താൻ മാറ്റിയതല്ല കേസ് എന്ന കോളിൻ്റെ പ്രസ്താവന ഉത്തരാവാദിത്തം ചീഫ് ജസ്റ്റിസിലേക്ക് തന്നെ വിരൽ ചൂണ്ടുന്നതായിരുന്നു. ജസ്റ്റിസ് സൻജീവ് കോൾ പരിഗണിച്ചിരുന്ന ഹർജിയിൽ സർക്കാർ അംഗീകരിക്കാതിരുന്ന ജഡ്ജിമാരുടെ ലിസ്റ്റിൽ സ്വവർഗ്ഗാനുരാഗിയായ അഭിഭാഷകൻ സൗരഭ് കിർപാലും ഉൾപ്പെട്ടിരുന്നു. സീനിയോറിറ്റി ഇല്ലാത്തത് കൊണ്ടാകാം ഒരു വനിതാ ഹൈക്കോടതി ജഡ്ജിയെ ജസ്റ്റിസ് ചന്ദ്രചൂഡിന് സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്യാനാവാതിരുന്നതെന്നത് വസ്തുതയാണ്. പക്ഷെ, താനടങ്ങുന്ന കൊളീജിയം ശുപാർശ ചെയ്ത പേരുകളിൽ നിയമനം ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രം.

ചീഫ് ജസ്റ്റിസ് തൻ്റെ അവസാന കാല പ്രസംഗങ്ങളിലൊന്നിൽ തന്നെ ചരിത്രം എങ്ങനെ വിലയിരുത്തും എന്ന് ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും ചരിത്രം അദ്ദേഹത്തിൻ്റെ ഫാൻസിനെ പോലെ ക്രൂരമായി ചന്ദ്രചൂഡിനെ തള്ളിക്കളയില്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ എക്സിക്യൂട്ടീവ് ഇത്രയും 'ശക്ത'മായ സന്ദർഭം അടിയന്തിരാവസ്ഥയിൽ അല്ലാതെ വേറെയില്ല. അക്കാലത്തെ ജുഡീഷ്യറിയുടെ പ്രവർത്തനം എളുപ്പമാകില്ല എന്നത് തീർച്ചയാണ്. എന്നാൽ കേസുകൾ തീർപ്പാക്കുമ്പോൾ തനിക്ക് മേൽ സമ്മർദമുണ്ടായിട്ടില്ലെന്നും താനാണ് ജഡ്ജിമാരുടെ നിയമനം നടത്തിയിരുന്നതെന്നുമുള്ള ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വാദം പാഴ് വേലയാണ്. ഒന്നേ പറയാനുള്ളു, കുറച്ച് കൂടി ധൈഷണികമായ സത്യസന്ധത താങ്കൾക്ക് പുലർത്താവുന്നതാണ് മി ലോർഡ്…!

Content Highlights: D Y Chandrachud retires from Supreme Court, A look at his landmark verdicts as CJI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us