ലീഗും സമസ്തയും തമ്മിലകന്നാല്‍ ന്യൂനപക്ഷങ്ങളുടെ ഭാവിയാണ് പ്രതിസന്ധിയിലാവുക

രാഷ്ട്രീയ നേതൃത്വവും ആത്മീയ നേതൃത്വവും തമ്മിലുള്ള യോജിപ്പ് വര്‍ത്തമാന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനിവാര്യമാണ്

dot image

കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഖണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ല്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നിരുന്നു. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങള്‍ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളില്‍ നിന്നു കരകയറാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വന്നുവെന്നത് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്. കേരള മുസ്ലിംകള്‍ക്കിടയിലെ ധാര്‍മിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ അതിനു കാരണമായിട്ടുണ്ട്. ഇതില്‍ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധര്‍മ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്.

അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കൂടുതല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിര്‍ണയിക്കുന്ന മണ്ഡലങ്ങള്‍ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാള്‍ സാമൂഹ്യ നിലവാരം, തൊഴില്‍ സാധ്യത എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കാളിത്തമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കേരള മുസ്ലിംകള്‍ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോള്‍ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാന്‍ നാം പര്യാപ്തരാകണം. ഇതില്‍ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാന്‍. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങള്‍ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോള്‍ അളവുകോല്‍ പലപ്പോഴും ഗള്‍ഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.

എന്നാല്‍ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനായി സമസ്തയുടെ കീഴില്‍ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളില്‍ യോഗ്യത നേടാവുന്ന വിവിധ കോഴ്‌സുകള്‍ കോളേജ് തലങ്ങളില്‍ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തില്‍ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്.

Kerala Old Muslims


ഇവയില്‍ നിന്നെല്ലാം ധാര്‍മിക, ഭൗതിക വൈജ്ഞാനിക യോഗ്യതകള്‍ നേടിയിറങ്ങുന്ന തലമുറകള്‍ സാമൂഹ്യ നവോത്ഥാനത്തില്‍ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.

ഗള്‍ഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴില്‍ രംഗങ്ങളില്‍ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നല്‍കിയ സംഭാവനകള്‍ ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങള്‍ സ്വരൂപിക്കാന്‍ മലയാളിക്ക് അവസരം നല്‍കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോബിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തില്‍ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല.

സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയര്‍ന്നു നില്‍ക്കുന്ന മത സ്ഥാപനങ്ങള്‍. അതില്‍ സമസ്തയുടേതു മാത്രമല്ല ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങള്‍ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അല്‍പ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളില്‍ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളര്‍ച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞു ചെന്നാല്‍ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നല്‍കിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിന്‍തലമുറക്കാര്‍ ഇരു സംഘടനകളുടെയും നേതൃ തലത്തില്‍ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമര്‍ശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നല്‍ സമുദായത്തിന്റെ ഗുണം കാംക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാര്‍മികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയില്‍ സാദിഖലി തങ്ങള്‍ ഒട്ടും പിറകിലല്ല. കുടുംബം എന്നതില്‍ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരില്‍ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങള്‍ കേരളം കാതോര്‍ക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.

മുസ്ലിം ലീഗിന്റെ ആദ്യകാല നേതൃത്വം. (ബാഫഖി തങ്ങള്‍ വലതുഭാഗത്ത്)

മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനില്‍ക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടര്‍ന്ന് നമസ്‌കരിക്കുകയും പരസ്പരം സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.

കുറ്റങ്ങള്‍ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികള്‍ താഴെ വെച്ച് യുവ പണ്ഡിതന്‍മാര്‍ സമൂഹത്തില്‍ ഐക്യത്തിനു പ്രാധാന്യം നല്‍കി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങള്‍ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്.

പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. പൊതു ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കില്‍ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവര്‍ക്കും മത നേതൃത്വത്തിനു കീഴില്‍ തുടര്‍ന്നു പോകാനുള്ള സമവായ മേഖലകള്‍ മുന്നില്‍ കണ്ടു വേണം പണ്ഡിതന്‍മാരുടെ പ്രതികരണം.

ജിഫ്രി മുത്തുക്കോയ തങ്ങള്‍

രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളര്‍ച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകള്‍ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്‌നങ്ങള്‍ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനില്‍ക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴില്‍ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്‌കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാള്‍ വലിയ ആശയ സംസ്‌കാരമാണ് അതിന്റെ ഘടന നിര്‍ണയിക്കുന്നത്. പൈതൃകങ്ങള്‍ക്കു നേരെ പഴഞ്ചന്‍ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തില്‍ സംഘടനയെയും സമുദായത്തെയും താറടിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ.

പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ക്കൊപ്പം ലേഖകന്‍

പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളില്‍ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്‌നങ്ങളെ വലിച്ചിഴക്കുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതന്‍മാര്‍ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരണങ്ങളായി അവര്‍ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങള്‍ അവര്‍ക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങള്‍ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്‌നേഹിക്കുന്നവര്‍ നിരന്തരം ഓര്‍ക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാന്‍ സാധിക്കട്ടെ.

Content Highlights: Zainul Abideen Safari writes about Samastha Muslim League conflict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us