ശ്വാസകോശ നാളിയുടെ വികാസത്തെ ബാധിക്കുന്നതും കാലക്രമേണ രോഗത്തിൻ്റെ തീവ്രത കൂടിവരുന്നതുമായ രോഗമാണ് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമോനറി ഡിസീസ് (COPD). ഇത്തരം രോഗത്തിൻ്റെ ബോധവൽക്കരണത്തിനായി എല്ലാ വർഷവും നവംബർമാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക COPD ദിനമായി ആചരിക്കുകയാണല്ലോ. നമ്മുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുക എന്നതാണ് ഈ വർഷത്തെ സന്ദേശം.
ശ്വാസകോശത്തിൻ്റെ പ്രവർത്തനം ഉയർത്തികാട്ടുകയും രോഗനിർണ്ണയത്തിനായി പൾമിനറി ഫംഗ്ഷൻ ടെസ്റ്റിൻ്റെ പങ്ക് വ്യക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പുകവലിയാണ് COPD രോഗത്തിൻ്റെ മുഖ്യകാരണമെങ്കിലും തൊഴിൽ സ്ഥലങ്ങളിലെ മലിനീകരണവും, അന്തരീക്ഷത്തിലെയും, വാഹനങ്ങളിലെ ശക്തമായ പുക കാരണവും, അടുക്കളയിലെ പുക കാരണവും COPD രോഗബാധ ഉണ്ടായേക്കാം. അടിക്കടി ഉണ്ടായേക്കാവുന്ന ചുമയും ശ്വാസംമുട്ടലും, കഫക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകളുമാണ് രോഗത്തിൻ്റെ പ്രാധാന ലക്ഷണങ്ങൾ.
Pulmonary function Test /Spirometry എന്ന പരിശോധനയിൽക്കൂടെയാണ് രോഗ നിർണയം സാധ്യമാവുന്നത്.ഇതോടൊപ്പം തന്നെ അനുബന്ധരോഗങ്ങൾക്കുള്ള പരിശോധനകളും പൂർത്തീകരിക്കേണ്ടതുണ്ട്. ശ്വാസനാളിയുടെ വികാസം കൂട്ടുന്ന മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി പ്രധാനമായും നൽകുന്നത്.
(ഇൻഹേലർ/bronchodailator) പുതുതായി ഉപയോഗത്തിലുള്ള LABA ,LAMA ഗ്രൂപ്പിൽപെട്ട മരുന്നുകളിലൂടെ ഈ രോഗത്തിന് ഫലപ്രദമായി ചികിത്സിക്കാൻ കഴിയാറുണ്ട്. സ്റ്റിറോയ്ഡ് മരുന്നുകൾ രോഗത്തിൻ്റെ തീവ്രത വളരെ കൂടിയാൽ മാത്രമേ നൽകാറുള്ളൂ.
ഇത്തരം രോഗാവസ്ഥയുള്ളവർ പുകവലി പൂർണമായും ഒഴിവാക്കേണ്ടതാണ്. ശ്വാസ തടസ്സം നിയന്ത്രണ വിധേയമാക്കാനുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നതും രോഗത്തിൻ്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. രോഗത്തിൻ്റെ തീവ്രത വർദ്ദിച്ച് വരുമ്പോൾ ശരീരത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞുവരുന്നതായും കാണാം. ഓക്സിജൻ്റെ അളവ് നിലനിർത്തുന്നതിന് പുറത്തുനിന്നുള്ള ഉപകരണങ്ങളുടെ സഹായം ഈ ഘട്ടങ്ങളിൽ ആവശ്യമായി വന്നേക്കാം . ശരീരത്തിലെ പ്രതിരോധ ശേഷി വളരെ കുറവായതിനാൽ തന്നെ അണുബാധ സാധ്യതയും കൂടുതലാണ്. ഇതിനെ പ്രതിരോധിക്കാൻ ആവശ്യമായ കുത്തിവെപ്പുകളും ഇത്തരം രോഗാവസ്ഥയിലുള്ളവർ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഏതൊരു രോഗത്തെ പോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
Content Highlights: Chronic Obstructive Pulmonary Disease day