‘ലിങ്ക് കിട്ടിയോ, കണ്ടോ' ചോദ്യക്കാരോട്; ഇത് സകല പോൺ സൈറ്റ് കണ്ടിട്ടും തീരാത്ത കൗതുകം അഥവാ ലൈം​ഗിക ദാരിദ്ര്യം!

സിംപിളായി പറഞ്ഞാൽ പക്കാ ലൈംഗിക ദാരിദ്ര്യം തന്നെ. അതിനിടയിലവർ സിനിമ മറക്കും സിനിമയെന്ന ആർട്ട് മറക്കും. പകരം വെറും സെക്കന്റ് ദൈർഘ്യമുള്ള രംഗങ്ങൾക്ക് വേണ്ടി കടിപിടി കൂടും. മാനസികമായി വികസിക്കാൻ പറ്റാത്ത കൂട്ടർക്ക് അത്രയൊക്കെയേ പറ്റുകയുള്ളൂ..

dot image

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു സീനിനെ പറ്റി സോഷ്യൽമീഡ‍ിയയിൽ ചര്‍ച്ചകൾ സജീവമാണ്. ദിവ്യ പ്രഭ അഭിനയിച്ച രംഗം ടെലഗ്രാം വഴി ലീക്ക് ആയതോടെ സോഷ്യൽമീഡിയയിൽ ഇതേപ്പറ്റി ചർച്ചകളുയരുകയും സിനിമയെയും നടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിൽ പലരും കമന്റിടുകയും ചെയ്തു. വീഡിയോയുടെ ലിങ്ക് ചോദിച്ച് അപഹാസ്യമായ തരത്തിലുള്ള കമന്റുകൾ സോഷ്യൽമീഡിയയിൽ നിരവധിയാണ്. അതേക്കുറിച്ച് എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അനു ചന്ദ്ര എഴുതിയ കുറിപ്പ്…..

ന്യൂസ്‌ ഫീഡ് മൊത്തം ദിവ്യ പ്രഭയാണ്.
‘അക്ക കിടുക്കാച്ചി സാനം ഇറക്കിയിട്ടുണ്ട്’
‘സകല സോഷ്യൽ മീഡിയയിലും കൊലത്തൂക്ക്’
‘കിട്ടിയോ മോനെ? കണ്ടോ മോനെ ? ’
‘കിട്ടിയില്ല. കിട്ടിയാൽ കാണാമായിരുന്നു’
എന്നൊക്കെയാണ് ദിവ്യ പ്രഭയുടെ പടത്തിന് മുകളിൽ കാണുന്ന ചെറുകുറിപ്പുകൾ. കാര്യം മനസിലാകാതെ കമന്റ്സ് വായിക്കാനിറങ്ങിയ എനിക്ക് , എന്നിട്ടും കാര്യം തീരെ മനസിലായില്ല. അവസാനം സുഹൃത്ത് ആരതിയോട് കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു ; ALL WE IMAGINE AS LIGHT എന്ന സിനിമയിലവരുടെയൊരു ന്യൂഡിറ്റി ഉണ്ടായിരുന്നു - അതെന്തോ ടെലഗ്രാം വഴി ലീക്ക്ഔട്ടായി പോയതാണ് സംഭവമെന്ന്. സിനിമയിൽ ന്യൂഡിറ്റി വരാനുണ്ടായ സാഹചര്യവും ആരതി വിശദീകരിച്ചു.

കേട്ടപ്പോൾ എനിക്കത്ഭുതമായി. നിസാരമായൊരു സംഭവത്തിന്റെ പേരിലാണ് ബീവറേജിൽ മാത്രം കണ്ട് വരുന്ന ഒടുക്കത്തെ ഒത്തൊരുമയോടെ ആണുങ്ങളെല്ലാം കമന്റ്ബോക്സിലിങ്ങനെ പെറ്റ് കിടക്കുന്നത്. ഞാനീയടുത്താണ് ബോഡി ഹൊറർ ചിത്രമായ ദി സബ്‌സ്റ്റൻസ് കണ്ടത്. ന്യൂഡിറ്റിയൊക്കെ സ്ക്രിപ്റ്റ് വല്ലാതങ്ങ് ഡിമാൻഡ് ചെയുന്ന ചിത്രമാണ്. ആവശ്യം പോലെ ന്യൂഡിറ്റി ഉപയോഗിച്ചിട്ടുമുണ്ട്. സിനിമ കണ്ട ഒരാൾ പോലും തള്ളിപറയാൻ സാധ്യതയില്ലാത്ത ലെവൽ ഓഫ് മെയ്ക്കിങ് ആണ് ചിത്രത്തിന് വേണ്ടി തയ്യാറാക്കിയത്. എന്തോരം അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ സിനിമയാണ്. ഒന്നോർത്തു നോക്കിയേ, അതിന്റെ സംവിധായകൻ കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിൽ , ആ സിനിമ മലയാളത്തിലാണ് എടുത്തിരുന്നതെങ്കിൽ അതിന്റെ സംവിധായകനും അതിലെ നായികയുമിന്ന് പോയി കെട്ടി തൂങ്ങി ചാവേണ്ടി വരില്ലായിരുന്നോ. അത്രേം കിടിലൻ ആർട്ടിനെയൊക്കെ അംഗീകരിക്കാൻ പ്രാപ്തിയില്ലാത്ത മലയാളികൾക്കിടയിൽ ആ സിനിമ മൊത്തത്തിലായങ് കൈവിട്ടു പോവില്ലായിരുന്നോ? ഇതാ സിനിമയുടെ മാത്രമല്ല, മികച്ച പല ഹോളിവുഡ് സിനിമകളുടെ കൂടി കാര്യമായി പരിഗണിക്കാവുന്നതാണ്.
സൊ, ലോകത്തിത്രയധികം പോൺ വീഡിയോസും, അത്രയേറെ ന്യൂഡിറ്റിയും വന്നുപോയിട്ടും ദിവ്യപ്രഭയുടെ വെറും സെക്കന്റ് ദൈർഘ്യമുള്ള വീഡിയോക്ക് വേണ്ടി ഇൻബോക്സിൽ കടിപിടിക്കൂടുന്ന മലയാളികളുടെ ആക്ച്വൽ പ്രോബ്ലം എന്താണെന്ന നിങ്ങൾ കരുതുന്നത്?

സദാചാരം നശിച്ചു പോകുമെന്ന ഭയമാണെന്നാണോ?
സദാചാരത്തെ സംരക്ഷിക്കാനുള്ള ത്വരയാണെന്നാണോ?
ഒരു തേങ്ങയുമല്ല. അതായിരുന്നെങ്കിൽ സദാചാര സംരക്ഷണം മാന്യമായായിരുന്നു നടക്കുക.
അല്ലാതെ, ‘ലിങ്ക് ഉണ്ടാവുമോ’
‘ഈ പെണ്ണിന്റെ സീൻ എന്റമ്മോ രക്ഷയില്ല ‘
’നാണമുണ്ടോ? മാനമുണ്ടോ ? ലിങ്കുണ്ടോ‘
’എവിടെ കിട്ടും വീഡിയോ?‘ പോലുള്ള കമന്റുകളിറക്കില്ലായിരുന്നു.

അതായത് സകലമാന പോൺ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ഇവരുടെയൊക്കെ ആക്ച്വൽ പ്രോബ്ലം. സിംപിളായി പറഞ്ഞാൽ പക്കാ ലൈംഗിക ദാരിദ്ര്യം തന്നെ. അതിനിടയിലവർ സിനിമ മറക്കും സിനിമയെന്ന ആർട്ട് മറക്കും. പകരം വെറും സെക്കന്റ് ദൈർഘ്യമുള്ള രംഗങ്ങൾക്ക് വേണ്ടി കടിപിടി കൂടും. തെറ്റ് പറയാൻ പറ്റത്തില്ല. മാനസികമായി വികസിക്കാൻ പറ്റാത്ത കൂട്ടർക്ക് അത്രയൊക്കെയേ പറ്റുകയുള്ളൂ.

പക്ഷേ, ഞാൻ ദിവ്യപ്രഭയ്ക്കൊപ്പമാണ്. അവരുടെ തൊഴിലിനോടവർക്കുള്ള ഉത്തരവാദിത്തത്തിനൊപ്പമാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമായി കാൻ ചലച്ചിത്ര വേദിയിൽ കയറിയ ദിവ്യയുടെ ഓർമ്മകൾക്കൊപ്പമാണ്. അല്ലാതെ സെക്കന്റ് ദൈർഘ്യമുള്ള വീഡിയോക്ക് വേണ്ടി കടിപിടികൂടുന്ന ആണുങ്ങൾക്കൊപ്പമല്ല. കാരണം അവർ നല്ലൊരു നായികയാണ്.

Content Highlights: an opinion about campaign against divyaprabha and all we imagine as light

dot image
To advertise here,contact us
dot image