അഞ്ച് മിനിറ്റ് നേരത്തേക്കുള്ള സ്‌നേഹത്തിന് വേണ്ടി മരണക്കിണർ കുഴിക്കുന്നവർ; നിസാരമല്ല ഈ ട്രോമ ബോണ്ടിങ്ങ്

സ്‌നേഹം കൊണ്ട് വശത്താക്കി നമ്മളെ അവര്‍ വരിഞ്ഞുമുറുക്കും, ഒടുവില്‍ കീഴ്‌പ്പെട്ടെന്ന് മനസിലാക്കുമ്പോള്‍ വീണ്ടും ഇതേ സൈക്കിളുകള്‍ ആവര്‍ത്തിക്കും. ആദ്യം ലഭിച്ച സ്‌നേഹം കൊതിക്കുന്ന അവർ വീണ്ടും ഇരകളാകുന്നു. സ്‌നേഹത്തില്‍ വിധേയപ്പെട്ട അവര്‍ സ്വയം വീണ്ടും മരണക്കെണി ഒരുക്കുകയാണ്.

ആമിന കെ
1 min read|27 Nov 2024, 09:46 pm
dot image

'ഇതെന്താ ഉണ്ടാക്കി വെച്ചിരിക്കുന്നേ, ഉപ്പും ഇല്ല, രുചിയുമില്ല', ഈ ഡയലോഗ് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. സിനിമയിലും ജീവിതത്തിലും സമൂഹത്തിലെ പലയിടങ്ങളിലും ഇതേ ഡയലോഗുകള്‍ കേട്ടിട്ടുള്ളവരാണ് നമ്മള്‍. ഇത് വായിക്കുന്നവരില്‍ പലരും ഈ ഡയലോഗുകളുടെ തിക്തഫലങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. തലവേദനയായിട്ടും, ശരീരത്തിലെ പാടുകളായിട്ടും, എന്തിന് ആശുപത്രി കിടക്കയിലേക്കുള്ള സന്തത സഹചാരിയായിട്ടുമെല്ലാം ഈ ഡയലോഗിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ നമുക്ക് ചുറ്റിലുമുണ്ട്.

ഒരുപാട് സ്വപ്നങ്ങളോടെ ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്ന സ്ത്രീകളില്‍ എത്രപ്പേര്‍ തുടര്‍ന്നങ്ങോട്ടും ജീവിതം ആസ്വദിക്കുന്നുണ്ടാകും. ഇതൊന്ന് തീര്‍ന്നു കിട്ടണേയെന്ന് കൊതിക്കുന്ന സ്ത്രീകള്‍ (അതില്‍ പ്രായഭേദമില്ല) ഇന്നും നമുക്ക് ചുറ്റിലുണ്ട്. നിരന്തരമേറ്റ് വാങ്ങുന്ന മര്‍ദനങ്ങളില്‍ നിന്നും അധിക്ഷേപങ്ങളില്‍ നിന്നും മോചനം നേടാന്‍ സാധിക്കാതെ വീണ്ടും വീണ്ടും അതേ മരണക്കിണറില്‍ കുടുങ്ങി പോകുന്നവര്‍.

ഇതിനുദാഹരണമാണ് പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്. കേരളം അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഗാര്‍ഹിക പീഡന കേസായിരുന്നു പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പല കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ മര്‍ദിച്ച് അവശനിലയിലാക്കുകയായിരുന്നു ഭര്‍ത്താവ് രാഹുലിന്റെ ഹോബി. വിവാഹ സല്‍ക്കാര ചടങ്ങിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കാണുകയും സംഭവം കേസാക്കുകയുമായിരുന്നു.

Pantheerankavu Issue
രാഹുൽ

പിന്നാലെ വന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കേരളം ഞെട്ടലോടെയായിരുന്നു കേട്ടത്. രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചു, ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചു, മുഷ്ടി ചുരുട്ടി ഇടിച്ചു തുടങ്ങിയ കൊലപാതകത്തിന് പോലും കാരണമാകുന്ന തരത്തിലുള്ള പീഡനമായിരുന്നു വിവാഹത്തിന്റെ നല്ല കാലം എന്ന് വിളിക്കപ്പെടുന്ന ആദ്യ കാലങ്ങളില്‍ യുവതി അനുഭവിച്ചത്. കരച്ചില്‍ കേട്ടിട്ടും തന്നെ ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കിയപ്പോള്‍ ആ വീട്ടിലെ കുടുംബാന്തരീക്ഷം സുഖമുള്ളതല്ലെന്ന് വ്യക്തമായതുമാണ്.

ഗാര്‍ഹിക പീഡനത്തിനിരയാകുന്ന യുവതികള്‍ക്കിടയില്‍ ഒരാളെങ്കിലും സധൈര്യം മുന്നോട്ട് വന്നല്ലോയെന്ന ആശ്വാസത്തിലായിരുന്നു കേരള സമൂഹം ഈ കേസിനെ കൈകാര്യം ചെയ്തത്. എന്നാല്‍ ഈ ധാരണകളെയെല്ലാം തിരുത്തി കൊണ്ട് ഭര്‍ത്താവ് രാഹുലുമായി പ്രശ്‌നങ്ങളില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് പരാതി നല്‍കിയതെന്നുമുള്ള യുവതിയുടെ തുടര്‍മൊഴിക്ക് പിന്നാലെ കേരളം വീണ്ടും ഞെട്ടി. ഒരുമിച്ച് ജീവിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയും കേസ് റദ്ദാക്കുകയും ചെയ്തു.

ഇതിനു ശേഷം യുവതിയുടെ കുടുംബത്തിനെതിരെ പലരും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രതികരിച്ചതും നാം കണ്ടതാണ്. എന്നാല്‍ വീണ്ടും പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ചര്‍ച്ചയാകുകയാണ്. ഇത്തവണ 'മീന്‍കറിക്ക് പുളിയില്ലെ' ന്ന പേരില്‍ രാഹുല്‍ വധുവിനെ മര്‍ദിച്ച് അവശനിലയിലാക്കി ആശുപത്രി കിടക്കയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വാര്‍ത്ത വീണ്ടും ഞെട്ടലോടെയാണ് നാം കേട്ടത്.

പന്തീരങ്കാവ് കേസിലെ ഇതുവരെയുള്ള വിവരങ്ങളാണിവ. ഇതിലൂടെ രാഹുല്‍ എങ്ങനെയാണെന്നും ഭാര്യയോടുള്ള പെരുമാറ്റമെന്തായിരുന്നുവെന്നും വ്യക്തമാണ്. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന, അല്ലെങ്കില്‍ ഉയര്‍ന്നു വരേണ്ട ഒരു ചോദ്യം എന്തുകൊണ്ട് ആ യുവതി ഇത്രയും ക്രൂരനായ ഒരാളുടെ കൂടെ ജീവിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്നുവെന്നതാണ്.

'മോളെ, പൊന്നേ, കരളേ'യെന്നൊക്കെ പറഞ്ഞ് മകളെ രാഹുൽ വശത്താക്കിയെന്ന് പിതാവ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ എത്ര ക്രൂരനാണെങ്കിലും, ക്രൂരയാണെങ്കിലും അവരുടെ സ്‌നേഹത്തെ നിരസിക്കാന്‍ പറ്റാത്ത സാഹചര്യം പലര്‍ക്കുമുണ്ടാകും. ഈ സാഹചര്യത്തെയാണ് ഇവിടെയുള്ള ടോക്‌സിക് മനുഷ്യര്‍ ദുരുപയോഗം ചെയ്യുന്നത്.

സ്‌നേഹം കൊണ്ട് വശത്താക്കി നമ്മളെ അവര്‍ വരിഞ്ഞുമുറുക്കും, ഒടുവില്‍ കീഴ്‌പ്പെട്ടെന്ന് മനസിലാക്കുമ്പോള്‍ വീണ്ടും ഇതേ സൈക്കിളുകള്‍ ആവര്‍ത്തിക്കും. ആദ്യം ലഭിച്ച സ്‌നേഹം കൊതിക്കുന്ന അവർ വീണ്ടും ഇരകളാകുന്നു. സ്‌നേഹത്തില്‍ വിധേയപ്പെട്ട അവര്‍ സ്വയം വീണ്ടും മരണക്കെണി ഒരുക്കുകയാണ്.

ഗാര്‍ഹിക പീഡനക്കേസുകള്‍ ചര്‍ച്ചയാക്കുമ്പോള്‍ ഇതില്‍ ഇരകളാകുന്നവരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിയെങ്കിലും ഇതില്‍ നിന്നും മോചനം നേരിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെങ്കിലും ഈ ചര്‍ച്ചകള്‍ ഉപയോഗപ്രദമാകേണ്ടതുണ്ട്.

എന്തൊക്കെ ചെയ്താലും നമ്മളോട് സ്‌നേഹമുണ്ടെന്ന മിഥ്യാബോധത്തിലാണ് ആളുകള്‍ ഇത്തരം ടോക്‌സിക് റിലേഷനിലേക്ക് തിരിച്ചു ചെല്ലുന്നതെന്ന് ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്ത് പറയുന്നു. പക്ഷേ, അത് സ്‌നേഹമല്ലെന്നും ട്രോമ ബോണ്ടാണെന്നും പലപ്പോഴും ആളുകള്‍ തിരിച്ചറിയാറില്ലെന്നും അശ്വതി പറഞ്ഞു വെക്കുന്നുണ്ട്.

aswathy sreekanth
അശ്വതി ശ്രീകാന്ത്

ഇതില്‍ ഇരകളാകുന്ന പുരുഷന്മാരുമുണ്ട്. വളരെ ടോക്‌സിക്കായി ഇരിക്കുകയും പെട്ടെന്ന് 'ലവ് ബോംബ്' ചെയ്യുകയും ചെയ്യും. അത് അവരുടെ ഒരു പാറ്റേണാണ്. ഭയങ്കരമായി സ്‌നേഹം കാണിക്കും, മാപ്പ് പറയും, ചെയ്തതിനൊക്കെ കുറ്റബോധമുണ്ടെന്ന തരത്തില്‍ പെരുമാറും. പക്ഷേ അത് കണ്ട് നമ്മള്‍ തിരിച്ചു ചെല്ലുന്ന സമയത്ത് പഴയ സൈക്കിള്‍ പഴയതു പോലെ റിപ്പീറ്റ് ചെയ്യും. ഉപദ്രവിക്കുകയും ചെയ്യും. പക്ഷേ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ആ ലവ് ബോംബിങ്ങിലൂടെ നല്‍കുന്ന സ്‌നേഹം അത് ഒരു തരം ലഹരിയുണ്ടാക്കും. ഇതില്ലാതെ പറ്റില്ലെന്ന് തോന്നിക്കും. ഇത് യാഥാര്‍ത്ഥ്യമല്ല. അത് തോന്നല്‍ മാത്രമാണ്, ട്രോമ ബോണ്ടാണ്. പക്ഷേ ട്രോമ ബോണ്ടില്‍ പെട്ടുകിടക്കുന്ന ആളുകള്‍ക്ക് അതില്‍ നിന്ന് ഇറങ്ങിപ്പോരുക ഭയങ്കര ബുദ്ധിമുട്ടാണ്

അശ്വതി ശ്രീകാന്ത് വ്യക്തമാക്കുന്നു.

സ്‌നേഹത്തിന് വേണ്ടിയുള്ള ഒരു തരം അമിതമായ ആഗ്രഹത്തെ നമുക്ക് ട്രോമ ബോണ്ടിംഗ് എന്ന് വിളിക്കാം. 'നമ്മളെ വളരെ അബ്യൂസ് ചെയ്യുന്ന ആളുകളോട് നമുക്കുണ്ടാകുന്ന ഒരു സ്‌നേഹം അവരുടെ സ്‌നേഹത്തിന് വേണ്ടിയുള്ള ക്രേവിംഗ്‌സ്, അങ്ങനെയൊരു സാഹചര്യത്തെയാണ് ട്രോമ ബോണ്ട് എന്ന് പറയുന്നത്. അതായത്, നമ്മളെ ട്രോമറ്റൈസ് ചെയ്യുന്ന ആളുകളോട് തന്നെ ഭയങ്കരമായ ബോണ്ട് ഫീല്‍ ചെയ്യുക, അവരില്ലാതെ നമുക്ക് പറ്റില്ലെന്ന് പറയുക, ഇടക്കാലത്ത് ലഭിക്കുന്ന സ്‌നേഹത്തിനും ലാളനകള്‍ക്കും വേണ്ടി ബാക്കിയെല്ലാം സഹിക്കാമെന്ന തരത്തിലേക്ക് നമ്മള്‍ മാറിപ്പോകുന്ന ഒരു മാനസികാവസ്ഥയാണിത്', അശ്വതി പറഞ്ഞു.

പൊതുവേ നേരത്തെയുള്ള ട്രോമകളുള്ളവരെ ഇത്തരം സാഹചര്യങ്ങള്‍ വീണ്ടും ബുദ്ധിമുട്ടിലാക്കുന്നതായും മാനസികാരോഗ്യ വിദഗ്ദര്‍ പറയാറുണ്ട്. പൊതുവേ ട്രോമകളുണ്ടാകുമ്പോള്‍ ഉപദേശിച്ച് നന്നാക്കാനും, യാത്ര പോകാനുമൊക്കെ നിര്‍ദേശിക്കുന്നതല്ലാതെ ശരിയായ വിടുതല്‍ മാര്‍ഗങ്ങള്‍ നല്‍കാന്‍ സാധിക്കാറുമില്ല. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ടെന്ന കാര്യം പലരും മനസിലാക്കാറുമില്ല.

കുട്ടിക്കാലത്ത് ട്രോമയുണ്ടായ, വൈകാരികമായി സ്‌റ്റേബിളല്ലാത്ത ആളുകളാണെങ്കില്‍ ട്രോമ ബോണ്ട് ബുദ്ധിമുട്ടിലാക്കുമെന്നും അശ്വതി പറഞ്ഞു. 'അവര്‍ക്ക് തിരിച്ച് റിയാലിറ്റിയിലേക്ക് വരാന്‍ സാധിക്കില്ല. ഇത്തരം കേസുകളില്‍ തെറാപ്പി കൊടുത്ത് ഇന്‍സൈറ്റുണ്ടാക്കി റിയാലിറ്റിയെന്താണെന്ന് മനസിലാക്കി തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഉപദേശം നല്‍കിയിട്ട് കാര്യമില്ല. ഭക്ഷണം കിട്ടാതെയിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഡെലീഷ്യസായിട്ടുള്ള ഭക്ഷണം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന കൊതിയോടെയാണ് ഇതിനെ താരതമ്യം ചെയ്യാന്‍ പറ്റുക. അതൊരു അഡിക്ഷന്‍ ഉണ്ടാക്കും. വീണ്ടും കുറച്ച് നേരം വിശന്നിരുന്നാലും ഒടുവില്‍ എനിക്ക് അത് കിട്ടുമല്ലോയെന്ന തോന്നലുണ്ടാക്കും. സ്‌നേഹത്തോടും ഇത്തരത്തിലുള്ള അഡിക്ഷനുണ്ടാകും. ഇത്തരത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ വരുന്ന കേസുകളില്‍ കണ്ടീഷന്‍ നോക്കിതെറാപ്പിസ്റ്റിന്റെ അടുത്തേക്ക് വിടുകയാണ് ചെയ്യുന്നത്. പ്രോപ്പര്‍ സൈക്കോളജിസ്റ്റാണ് ഈ കേസുകള്‍ കൈകാര്യം ചെയ്യേണ്ടത്. വ്യക്തികളെ അനുസരിച്ചിരിക്കും ഈ ട്രോമ ബോണ്ടിങ്ങില്‍ നിന്നും മാറി വരുന്നത്. ഈ ബോണ്ട് അവസാനിപ്പിച്ച് അവര്‍ വരുന്ന സമയത്ത് അവര്‍ക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റത്തെ അനുസരിച്ചിരിക്കും ഇത്', അശ്വതി വ്യക്തമാക്കുന്നു.

അതായത് കൃത്യമായും പരിഗണിക്കേണ്ട, ചികിത്സ നല്‍കി മാറ്റിയെടുക്കേണ്ട കണ്ടീഷന്‍ തന്നെയാണിതെന്നാണ് വിദഗ്ദാഭിപ്രായം. എന്നാല്‍ ഇത്തരത്തില്‍ വീണ്ടും സ്‌നേഹത്തിന് പിന്നാലെ പോകുന്നവരെ നമ്മള്‍ 'അവര്‍ തന്നെ ചെയ്ത് വെക്കുന്ന കുരുക്കല്ലേ, അവര്‍ അനുഭവിക്കട്ടേ'യെന്ന മനോഭാവത്തോടെ സമീപിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ഇത്തരത്തില്‍ ചുറ്റിലും നിന്നും ലഭിക്കുന്ന അവഗണനകള്‍ തന്നെയാണ് വീണ്ടും ടോക്‌സിക്ക് റിലേഷനിലേക്കും, അല്‍പ്പനേരത്തേക്കെങ്കിലും ലഭിക്കുന്ന സ്‌നേഹത്തിലേക്കും ഇവരെ നയിക്കുന്നത്.

വിവാഹിതരായവരില്‍ മാത്രമല്ല, പ്രണയിക്കുന്നവര്‍ക്കിടയിലും ഇത്തരം അനുഭവങ്ങള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. പ്രണയിക്കപ്പെടുന്ന ആദ്യ കാലങ്ങളില്‍ ലഭിക്കുന്ന സ്‌നേഹത്തിന്റെ മറപ്പറ്റി, ഉപദ്രവിക്കപ്പെടുന്ന ഓരോ നിമിഷങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ പ്രണയിതാക്കള്‍ ശ്രമിക്കുന്നു. ഓരോ ബന്ധവും അത് എത്ര തന്നെ വലുതാണെങ്കിലും വ്യക്തിപരമായി ഒരുതരത്തിലുമുള്ള ബഹുമാനവും നൽകാത്തയിടത്ത് നിന്ന് ഇറങ്ങിപ്പോരാനുള്ള ധൈര്യം ഓരോ മനുഷ്യനും നൽകേണ്ടതുണ്ട്. അവരെ കേൾക്കേണ്ടതുണ്ട്. അതിന് സമൂഹം അവരെ ചേർത്തുപിടിക്കേണ്ടതുണ്ട്.

Content Highlights: About Trauma bonding related with Pantheerankavu case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us