വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്നും കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കണം എന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ ഇന്നത്തെ പ്രസ്താവന ഒരു സ്കൂൾ കാലഘട്ടത്തിന്റെ പൊള്ളുന്ന ഓർമകളിലേക്ക് കൂടിയാണ് തിരിച്ചു കൊണ്ട് പോയത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും പൊതുപ്രവര്‍ത്തകയുമായ ആർച്ച എഴുതുന്നു....
പഠിക്കുന്ന കാലത്ത് സ്കൂളുകളിൽ നിന്ന് കിട്ടിയിട്ടുള്ള എന്തെങ്കിലും ഒക്കെ ട്രോമകൾ ഇന്നും മനസ്സിൽ നീറ്റൽ ആയി അവശേഷിക്കുന്ന മനുഷ്യർ ആയിരിക്കും നമ്മളിൽ പലരും. അത്തരത്തിൽ ഒന്നായിരുന്നു കൃത്യ സമയത്ത് ഫീസ് അടക്കാത്തതിന്റെ പേരിൽ പല തവണ ക്ലാസ്സ് മുറികളിൽ നേരിടേണ്ടി വന്ന അപമാനം. ഫീസ് അടയ്ക്കുന്നതിനുള്ള അറിയിപ്പ് വന്ന ശേഷമുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കൂടെ എഴുന്നേറ്റ് നിൽക്കാൻ കുറേ സുഹൃത്തുക്കൾ ഉണ്ടാകും. അപ്പോൾ ഒരു സമാധാനമൊക്കെ ആണ്. പക്ഷേ ദിവസങ്ങൾ മുന്നോട്ട് പോകുമ്പോൾ കൂടെ എഴുന്നേറ്റ് നിൽക്കുന്ന കൂട്ടുകാരുടെ എണ്ണവും കുറയും. ഒറ്റയ്ക്ക് ആയിപ്പോയിട്ടുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഫീസ് കൊടുക്കാതെ എഴുന്നേറ്റ് നിൽക്കുന്ന കുട്ടികളുടെ അവസാന പട്ടികയിൽ മിക്കപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു. അങ്ങനെ ആയിരുന്നു ആ കാലം. അതിന്റെ പേരിൽ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടിട്ടുള്ള സാഹചര്യങ്ങളെ ആ പ്രായത്തിൽ എങ്ങനെ നേരിട്ടു എന്നു ഇപ്പോഴും ചിന്തിക്കുമ്പോൾ ഉത്തരം കിട്ടാറില്ല. സ്കൂളിൽ നിന്ന് പറയുന്ന സമയത്ത് കൃത്യമായി പണം അടക്കാൻ കഴിയാതെ ഇരിക്കുക, അതിന്റെ പേരിൽ മാത്രം ക്ലാസ്സ് മുറികളിൽ മാനസികമായി ഉരുകി നിൽക്കേണ്ടി വരിക. ഒരുപാട് പേര് ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെന്നു ഉറപ്പാണ്. ഇപ്പോഴും ഓർക്കുമ്പോൾ തന്നെ കണ്ണ് നിറക്കുന്ന നിമിഷങ്ങൾ ആണ് അത്.
വൈകുന്നേരം വീട്ടിൽ ചെന്ന് ഫീസിന്റെ പേരിൽ എത്ര കരഞ്ഞു ബഹളം വെച്ചെന്ന് പറഞ്ഞാലും കണ്ടു നിന്നു വിഷമിക്കുക എന്നതിന് അപ്പുറം ചോദിക്കുന്ന തുക സ്കൂളിൽ നിന്ന് പറയുന്ന സമയത്ത് തന്നെ തരാൻ കഴിയുന്ന അവസ്ഥയിൽ ആയിരിക്കില്ല വീട്ടിലെ അന്തരീക്ഷം. വീട്ടിൽ നിന്ന് സമയത്ത് ഫീസ് കിട്ടാതെ വരുന്നതിന്റെ പേരിൽ പട്ടിണി കിടന്നും കരഞ്ഞും അച്ഛനോടും അമ്മയോടും വാശി തീർക്കുമ്പോൾ അവർ മനഃപൂർവം കയ്യിൽ വെച്ചിട്ട് തരാത്തത് അല്ലെന്നും അത് ആയിരുന്നു അവരുടെ അവസ്ഥ എന്നും തിരിച്ചറിവ് ഉണ്ടാകാനും കാലങ്ങൾ എടുത്തു. അവരുടെ ആ സമയത്തെ മാനസികാവസ്ഥയെ ഓർത്തുകൂടി കുറ്റബോധം ഉണ്ട് ഇന്ന്. അതേസമയം ചില വിദ്യാർത്ഥികളുടെ സാഹചര്യം തിരിച്ചറിഞ്ഞ് സ്വന്തം കയ്യിൽ നിന്ന് പണം എടുത്ത് ഫീസ് അടയ്ക്കുന്ന അധ്യാപകരെയും ജീവിതത്തിൽ പരിചയപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ കുട്ടികൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് നമുക്ക് തോന്നുന്നത് നമ്മുടെ സ്കൂൾ ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണല്ലോ! ഹൈ ടെക് കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ്സ് മുറികളും അടക്കം നിലവിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ വന്നിരിക്കുന്ന നിരവധി വികസനങ്ങളും വിപ്ലവകരമായ തീരുമാനങ്ങളും മാറ്റങ്ങളും നമുക്ക് ഏറെ അഭിമാനവും സന്തോഷവും നൽകുന്നതാണ്.
ഞാൻ ഉൾപ്പെടെ ഉള്ള നൂറു കണക്കിന് വിദ്യാർത്ഥികൾ അനുഭവിച്ച ട്രോമയ്ക്ക് മധുരപ്രതികാരം എന്ന പോലെ ഏറ്റവും മനോഹരമായ തീരുമാനം എടുത്തതിന് സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും അഭിനന്ദനമർഹിക്കുന്നുണ്ട്. വിദ്യാലയങ്ങൾ മാറട്ടെ, വിദ്യാർത്ഥികളുടെ കൂടി മനസ്സറിഞ്ഞ്….!
Content Highlights: opinion on minister v sivankuttys new declaration instruction to schools