അവരവർക്ക് നേരെ കൂടി തിരിച്ചു വെക്കേണ്ട സൂക്ഷ്മദർശിനികൾ

ഈ ചിത്രം ഒരു സ്ത്രീപക്ഷ സിനിമയേ അല്ല. അഥവാ ആ ടാഗ് ലൈനിൽ ചിത്രത്തെ പ്രതിഷ്ഠിച്ചാൽ കടുത്ത അനീതിയായിപ്പോയേനെ. മാത്രമല്ല പ്രേക്ഷകർ സൂക്ഷ്മദർശിനി വെച്ച് നോക്കിയാൽ കടുത്ത സ്ത്രീവിരുദ്ധത കാണുകയും ചെയ്യാം.

dot image

അടുത്ത വീട്ടിലെന്ത് നടക്കുന്നു,മറ്റുള്ളവർ എന്ത് പറയുന്നു, അവരെന്ത് ചിന്തിക്കുന്നു, അവർ എവിടെ പോവുന്നു,അവർ തമ്മിലുള്ള ബന്ധമെന്ത്, അവരെന്തിനായിരിക്കും അങ്ങനെ ചെയ്തത് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങളാണ് ഒരു ശരാശരി മലയാളി പ്രതിദിനം ആലോചിച്ചു കൂട്ടുന്നത്. ഞാനുൾപ്പെടെയുള്ള മലയാളികൾ ചിന്തിക്കുന്നതും പറയുന്നതും നിൽക്കുന്നതും നടക്കുന്നതുമെല്ലാം മറ്റാർക്കോ വേണ്ടിയാണെന്ന ബോധത്തിലൂന്നിയാണ്. ആ ബോധത്തിന്റെ നടുവിൽ നിന്ന് മറ്റെല്ലാവരും കുറ്റവും കുറവും ഉള്ളവരാണെന്ന് സ്വയം വിലയിരുത്തി എല്ലാം തികഞ്ഞ ഞാൻ അങ്ങനെ ഞെളിഞ്ഞിരിക്കും.

ആ ഞാൻ ബോധത്തിന് മേലാണ് സൂക്ഷ്മദർശനി എന്ന് നസ്റിയ- ബേസിൽ ചിത്രം വിജയിച്ചത്. അടുത്ത വീട്ടിലേക്ക് സദാ കണ്ണ് തുറന്നുവെച്ച ഒരു സ്ത്രീയുടെ ജീവിതമാണ് ചിത്രത്തിന്റെ ആധാരം. വളരെ ​ഗൗരവമേറിയ ഒരുവിഷയം ഏറ്റവും ലളിതമായി സരസമായി എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ഉദാഹരണം. ചിത്രത്തിന്റെ തീമിനെ കുറിച്ച് പറഞ്ഞറിയിക്കാനാവാത്ത അത്രയും വിയോജിപ്പുകളുണ്ട്. അത് തുറന്നു പറയാത്തത് പേടിച്ചിട്ടല്ല, സ്പോയിലർ ആവും എന്നുള്ളത് കൊണ്ടാണ്. നൂറ് കണക്കിന് ആളുകളുടെ അധ്വാനത്തിന്റെ ഫലത്തെ കേവലം വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കരുത് എന്ന ബോധ്യം ഉളളതുകൊണ്ട് കൂടിയാണ്.


സ്നേഹത്തിന്റെ പേരിൽ ക്രിമിനൽ പ്രവർത്തിയെ ന്യായീകരിക്കുന്നത് ശരിയല്ല, അതിനുള്ള ശ്രമങ്ങൾ പോലും എതിർക്കപ്പെടേണ്ടതാണ്. അതാവർത്തിച്ചു പറയുന്നു.

സ്നേഹത്തിന്റെ പേരിൽ ക്രിമിനൽ പ്രവർത്തിയെ ന്യായീകരിക്കുന്നത് ശരിയല്ല, അതിനുള്ള ശ്രമങ്ങൾ പോലും എതിർക്കപ്പെടേണ്ടതാണ്. അതാവർത്തിച്ചു പറയുന്നു. ഒരാളോടുള്ള സ്നേഹക്കൂടുതൽ മറ്റൊരാളോടുള്ള വിദ്വേഷത്തിന് കാരണമാവുന്നത് എങ്ങനെയെന്ന് എത്ര ആലോചിച്ചാലും പിടികിട്ടുന്നില്ല. തത്കാലം അതവിടെ നിൽക്കട്ടെ. സത്യത്തിൽ അതാണിവിടെ ചർച്ച ചെയ്യപ്പേടേണ്ട വിഷയം എങ്കിലും കുറവുകൾ മാത്രമല്ലല്ലോ അതിലേക്ക് എത്തിച്ച ചില പോസിറ്റീവ് കാര്യങ്ങളുണ്ടല്ലോ അതിനെ കുറിച്ച് പറയാം ഇപ്പോൾ.

എം സി ജിതിന്റെ സൂക്ഷ്മദർശിനി ഒരു ശരാശരി മലയാള സിനിമയാണ്. എടുത്തു പറയാവുന്ന ഒരു ഘടകവും ഇല്ലാത്ത സിനിമ. പക്ഷേ അതിനെ വേറിട്ട തലത്തിലേക്ക് എത്തിക്കുന്നത് അതിന്റെ തിരക്കഥയും നസ്രിയ നസീമും ബേസിൽ ജോസഫുമാണ്. സിനിമാ ഭാഷയിൽ അത് ബേസിൽ ജോസഫിന്റെ ചിത്രമായിരുന്നു പക്ഷേ തിയേറ്ററിൽ അത് നസ്രിയ ചിത്രമായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തിയ നസ്രിയ ആ ചിത്രമങ്ങ് തൂക്കി. പ്രിയദർശിനിയുടെ അവതരണ മികവിന് മുന്നിൽ ബേസിലിന്റെ മാനുവൽ പലപ്പോഴും മങ്ങിപ്പോയി.

സാദാ മലയാള സിനിമയിലെ നായികമാരെപ്പോലെ കുശുമ്പും കുന്നായ്മയും മാത്രം പറയുന്ന പൈങ്കിളി പെൺകൂട്ടത്തിനപ്പുറത്തേക്ക് എത്താൻ അഥവാ അവരെ എത്തിക്കാൻ ചിത്രത്തിന്റെ കഥ എഴുത്തുകാരൻ കൂടിയായ ജിതിൻ നന്നേ പ്രയാസപ്പെട്ടിട്ടുണ്ട്. ടൗണിൽ നിന്ന് അകന്ന് നിൽക്കുന്ന ഹൗസിങ് കോളിനിയിലേക്ക് എത്തുന്ന പുതിയ താമസക്കാരുടെ ജീവിതത്തിലേക്ക് സൂക്ഷ്മദർശിനിയുമായി നോക്കുന്ന അയൽവാസികൾ എവിടെയുമുണ്ട്. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരല്ലേ ഇങ്ങനെ ചെയ്യുന്നത് എന്നതിന് പ്രസക്തിയില്ല. എത്ര തിരക്കുള്ള ജോലിക്കാരും ആൺ പെൺ വ്യത്യാസമില്ലാതെ അന്യരുടെ കുടുംബത്തിലേക്ക് കണ്ണ് തുറന്നുവെക്കുന്നത് പതിവാണ്. അതിലെ ഇടപെടലുകൾ ഏറിയും കുറഞ്ഞും ഇരിയ്ക്കും എന്ന് മാത്രം. അങ്ങനെയാണ് ഗ്രേസ് അമ്മച്ചിയുടേയും മകൻ മാനുവലിന്റെയും അയൽവാസികളായ പ്രിയയും സുലുവും സ്റ്റെഫിയും അസ്മയും ഒക്കെ ചിത്രത്തിൽ നിറയുന്നത്.

ഈ ചിത്രം ഒരു സ്ത്രീപക്ഷ സിനിമയേ അല്ല. അഥവാ ആ ടാഗ് ലൈനിൽ ചിത്രത്തെ പ്രതിഷ്ഠിച്ചാൽ കടുത്ത അനീതിയായിപ്പോയേനെ. മാത്രമല്ല പ്രേക്ഷകർ സൂക്ഷ്മദർശിനി വെച്ച് നോക്കിയാൽ കടുത്ത സ്ത്രീവിരുദ്ധത കാണുകയും ചെയ്യും

മാനുവലിന്റെ ആദ്യ ചിരിയിൽ തന്നെ പ്രിയ ദുരൂഹത കണ്ടെത്തുന്നു. ആ ദുരൂഹതയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അയാളെ ചുറ്റിപ്പറ്റി നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ കഥാഗതിയെ നിർണയിക്കുന്നത്. പ്രിയയും മാനുവലും തമ്മിലുള്ള ഡിറ്റക്ടീവ് കളിയിലൂടെ പുറത്തുവരുന്നത് വലിയൊരു ദുരൂഹതയാണ്. അതാണ് ആ ചിത്രത്തിന്റെ ഉത്തരവും. അവതരണത്തിലെ മികവാണ് ചിത്രത്തിന്റെ പോസിറ്റീവ് ഘടകം. ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലറിനെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അനായാസമായി അവതരിപ്പിക്കുകയാണ് ഇവിടെ. ഗംഭീരവും കൗതുകകരവുമായ തുടക്കം, പെർഫക്ടായ കഥാഗതി. പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി വന്നുപോവുന്ന സംഭാഷണ ശകലങ്ങൾ. എന്നിട്ടും ചിത്രത്തിന്റെ രണ്ടാം പാതിയിൽ പലപ്പോഴും കാഴ്ചക്കാരിലെ ഡിക്ടറ്റീവിനെ ഉണർത്തുന്ന ചടുലമായ ട്വിസ്റ്റുകൾ. ഏറ്റവും സങ്കീർണമായ ക്ലൈമാക്സ് പോലും ഒരൽപം ലാഘവത്തോടെ അവതരിപ്പിച്ച മികവിന് കയ്യടി കൊടുത്തേ പറ്റൂ.

അതും ഒരു പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തെ അനായാസമായി അവതരിപ്പിച്ചതിലൂടെ. ഈ ചിത്രം ഒരു സ്ത്രീപക്ഷ സിനിമയേ അല്ല. അഥവാ ആ ടാഗ് ലൈനിൽ ചിത്രത്തെ പ്രതിഷ്ഠിച്ചാൽ കടുത്ത അനീതിയായിപ്പോയേനെ. മാത്രമല്ല പ്രേക്ഷകർ സൂക്ഷ്മദർശിനി വെച്ച് നോക്കിയാൽ കടുത്ത സ്ത്രീവിരുദ്ധത കാണുകയും ചെയ്യും. നമ്മൾ തമാശയ്ക്ക് പറയുന്നത് പോലെ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് മാറിയാൽ കൈയ്യിൽ നിന്ന് പോവുന്ന കഥാപാത്രമായിരുന്നു ബേസിലിന്റെയും നസ്രിയയുടേതും. അവിടെ എല്ലാം ഓ കെ അല്ലേ എന്ന ക്ലൈമാക്സിലെ ചോദ്യത്തിന് അത്ര ഓ കെയല്ല നൈസായിട്ട് ഒന്ന് പാളിയിട്ടുണ്ട് എന്ന മറുപടിയ്ക്ക് തിയറ്ററിൽ മാസ് കയ്യടി ഉയർന്നില്ല. അതിന്റെ കാരണം അത് പറഞ്ഞത് നസ്റിയ ആയതുകൊണ്ടാണ്. മറിച്ചായിരുന്നുവെങ്കിൽ അതല്ല സ്ഥിതി. അതുറപ്പിക്കാം. അതിനെ ആവർത്തിച്ച് അവതരിപ്പിക്കാൻ ആൺകൂട്ടങ്ങൾ ഇറങ്ങിയേനെ. അതാണല്ലോ ശീലം.

മനോഹരി അമ്മ, അഖില, പൂജ, സിദ്ധാർഥ് ഭരതൻ, ദീപക് തുടങ്ങി എല്ലാവരും അവരവരുടെ റോളിൽ തിളങ്ങിയവരാണ്. പിന്നെ പശ്ചാത്തല സംഗീതം. ബി ജി സ്കോർ ഇത്ര മേൽ സമന്വയിക്കുന്നത് എങ്ങനെയെന്ന് ആശങ്ക തോന്നിപ്പോവും ക്ലൈമാക്സിൽ. സിനിമയുടെ കഥാഗതിയെ കേവലം ഷോട്ടുകളിലൂടെ പറയുന്ന ശൈലി പുതിയ അനുഭവമായി. ഒരു നരേഷന്റെയും ആവശ്യമില്ലാതെ ആ ദൃശ്യങ്ങൾ കൃത്യമായി സംവേദിച്ചു.

അഭിമാനത്തിന് മുന്നിൽ ബന്ധങ്ങളൊന്നുമല്ലെന്ന് പറയുന്നത്, അതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ അംഗീകരിക്കുന്നത് പ്രയാസമാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടു തന്നെ അവസാനിപ്പിക്കട്ടെ. സൂക്ഷ്മദർശിനി കണ്ടിറങ്ങുമ്പോൾ കണ്ണിലൊരു നനവ് പടർന്നിട്ടുണ്ടെങ്കിൽ അത് അവരുടെ സിനിമയാണ്. ഈ ലോകം നമ്മുടേതാണ് എന്ന് ആവർത്തിച്ച് പറഞ്ഞതുകൊണ്ടോ ചുറ്റിലും നിറയുന്ന മഴവിൽ ശകലങ്ങളെ പ്രകീർത്തിച്ചതുകൊണ്ടോ ആയില്ല, അതിലേക്ക് നമ്മളെ നയിച്ച രാഷ്ട്രീയ ബോധം കൂടി ബോധ്യമുള്ളവർക്കുള്ളതാണ് ഈ സിനിമ.

Content Highlights: opinion about basil nasriya film sookshmadarsini in a womans perspective

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us