പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലെ 'ശാക്തിക രസതന്ത്ര'ങ്ങളുടെ കൂടി പ്രതിഫലനമാകുന്നുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തർക്കങ്ങളുടെയും ബലപരീക്ഷണങ്ങളുടെയുമെല്ലാം അടിസ്ഥാനം ഏതാനും ഗ്രൂപ്പുകളും അതിന് പിന്നിൽ അണിനിരക്കുന്ന നേതാക്കളും തമ്മിലുള്ള വടംവലികളായിരുന്നു.
ഏതെങ്കിലും പ്രബലഗ്രൂപ്പോ, ആ ഗ്രൂപ്പിനെ നയിക്കുന്ന നേതാവോ, ആ നേതാവിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഗ്രൂപ്പ് മാനേജർമാരോ, അവരാൽ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പിൻ്റെ ചാവേറുകളോ കേരളത്തിലെ കോൺഗ്രസിൽ ഒരുപരിധിവരെ അപ്രസക്തരാണ്. കോൺഗ്രസിൻ്റെ സംഘടനാ ശരീരത്തിൻ്റെ ഭാഗമായിരുന്ന ഗ്രൂപ്പ് രാഷ്ട്രീയം ഇന്ന് പഴയസ്വഭാവത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം
എന്നാൽ ഇത്തവണ കാര്യങ്ങളുടെ പോക്ക് അങ്ങനെയല്ല. ഏതെങ്കിലും പ്രബലഗ്രൂപ്പോ, ആ ഗ്രൂപ്പിനെ നയിക്കുന്ന നേതാവോ, ആ നേതാവിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഗ്രൂപ്പ് മാനേജർമാരോ, അവരാൽ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പിൻ്റെ ചാവേറുകളോ കേരളത്തിലെ കോൺഗ്രസിൽ ഒരുപരിധിവരെ അപ്രസക്തരാണ്. കോൺഗ്രസിൻ്റെ സംഘടനാ ശരീരത്തിൻ്റെ ഭാഗമായിരുന്ന ഗ്രൂപ്പ് രാഷ്ട്രീയം ഇന്ന് പഴയസ്വഭാവത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. പ്രബലന്മാരായിരുന്ന 'എ', 'ഐ' വിഭാഗങ്ങൾ അതിൻ്റെ തനത് ചട്ടക്കൂട് തകർന്ന് പലരുടെ നിയന്ത്രണത്തിലുള്ള അവശിഷ്ട വിഭാഗങ്ങളായി തന്നെ ഇന്ന് മാറിയിട്ടുണ്ട്. ഇനി 'എ', 'ഐ' ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കാൻ ഏതെങ്കിലും നേതാവ് ശ്രമിച്ചാലും മുമ്പുണ്ടായിരുന്നത് പോലെ ഒരു സംഘടിതശേഷി ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. സംസ്ഥാന കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. അതിനാൽ തന്നെ വരാനിരിക്കുന്ന പുനഃസംഘടനയിൽ ലക്ഷ്യം നേടണമെങ്കിൽ ഇതുവരെ പയറ്റിയ തന്ത്രങ്ങൾ മാറ്റിപ്പയറ്റണമെന്ന തിരിച്ചറിവ് സംസ്ഥാനത്തെ പ്രധാന നേതാക്കൾക്കെല്ലാം ഉണ്ട്. ഇവിടെയാണ് 'ശത്രുവിൻ്റെ ശത്രു മിത്ര'മെന്ന നിലയിലേയ്ക്ക് നിലവിൽ കോൺഗ്രസിലെ ശാക്തിക ബലാബലങ്ങൾ പരിണമിച്ചിരിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് അനുകൂല സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങൾ സൂഷ്മം ശ്രദ്ധിച്ചവർക്ക് കാര്യങ്ങൾ എളുപ്പം ബോധ്യപ്പെട്ടേക്കും. നിലവിൽ കോൺഗ്രസിലെ ശാക്തികബലാബലത്തിൻ്റെ ഒരു പക്ഷത്തെ പ്രതിനിധീകരിക്കുന്ന സൂത്രവാക്യങ്ങളുടെ നേർപകർപ്പായിരുന്നു ആ ചിത്രങ്ങൾ. ഏതാനും വ്യക്തികളിലേയ്ക്ക് ചുരങ്ങുന്നതല്ല ആ പക്ഷം എന്നതാണ് പ്രധാനം. മറിച്ച് കോൺഗ്രസിൻ്റെ സംഘടനാ ശരീരത്തെ സ്വാധീനിച്ചേക്കാവുന്ന മാറ്റത്തിൻ്റെ പ്രതീകമായി വേണം ആ ചിത്രങ്ങളെയും അത് പ്രധാനം ചെയ്തിരുന്ന യൂത്ത് വൈബിനെയും മനസ്സിലാക്കാൻ. കോൺഗ്രസിലെ ഒരുകൂട്ടം യുവനേതാക്കൾ പുതിയ തലമുറയെ സ്വാധീനിക്കുന്ന വിധത്തിൽ, കെട്ടിലും മട്ടിലും ന്യൂജെൻ ആഘോഷങ്ങളുടെ പകിട്ടോടെ അണിനിരന്ന ആ ചിത്രങ്ങൾ നൽകുന്ന ഒരു സന്ദേശമുണ്ട്. അത് കേവലം തലമുറമാറ്റത്തിൻ്റെ മാത്രം ആശയത്തെയല്ല പ്രതിനിധീകരിക്കുന്നത്. മറിച്ച് പുതിയകാലത്തെ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ ദിശാസൂചനയായി കൂടി ആ ചിത്രങ്ങൾ മാറുന്നുണ്ട്.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ ആ നിലയിൽ കോൺഗ്രസിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തെ സംബന്ധിച്ച് വിപ്ലവകരമായ പരിണാമങ്ങളുടേത് കൂടിയാണ്. നേരത്തെ വടകര ലോക്സഭാ മണ്ഡലത്തിലും അതിൻ്റെ അനുരണനങ്ങൾ ദൃശ്യമായിരുന്നു. സംഘടനാ ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ രാസപരിണാമങ്ങൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് നിലവിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പ്രതികരണങ്ങളുടെയെല്ലാം അടിസ്ഥാനം. കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്ന ആ രാസമാറ്റത്തെ ആ നിലയിൽ ഉൾക്കൊള്ളാൻ കേരളത്തിലെ പ്രബലരായ എത്ര കോൺഗ്രസ് നേതാക്കൾക്ക് സാധിക്കുമെന്നതും ഈ ഘട്ടത്തിൽ കൗതുകമുള്ള ഒരു ചോദ്യമായി മാറുന്നുണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ കോൺഗ്രസിലെ ന്യൂജെൻ നേതാക്കൾ രൂപപ്പെടുത്തിയ 'രാസമാറ്റ'ത്തെക്കാൾ കോൺഗ്രസിലെ ഒരു വിഭാഗം ഭയപ്പെടുന്നത് അതിൻ്റെ ഗുണഭോക്താവായി മാറാൻ സാധ്യതയുള്ള വി ഡി സതീശനെയാണ്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര രമ്യയും സ്ഥാനാർത്ഥികളായതും ഷാഫി പാലക്കാട് നിന്ന് വടകരയിലേയ്ക്ക് പോയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്നടക്കം ഒരു യുവ ടീം നിയമസഭയിലേയ്ക്ക് ഉയർന്നു വന്നതുമെല്ലാം ഭാവിയിലേയ്ക്ക് നോക്കിയുള്ള ഒരു കാഴ്ചപ്പാടിനെ പിൻപറ്റിയായിരുന്നു. അതിൻ്റെ പിന്നിൽ ആരെന്നതിലും കോൺഗ്രസിനുള്ളിൽ വ്യക്തതയുണ്ട്.
ഈ നിലയിൽ കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് രൂപപ്പെട്ട പുതിയ യുവ ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ വി ഡി സതീശൻ കേരളത്തിലെ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സുസമ്മതനാണ്. ഏതെങ്കിലും വ്യവസ്ഥാപിത ഗ്രൂപ്പിൻ്റെ പിൻബലത്തിലായിരുന്നില്ല വിഡി സതീശൻ്റെ ഈ പരിണാമം
ഈ നിലയിൽ കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് രൂപപ്പെട്ട പുതിയ യുവ ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ വി ഡി സതീശൻ കേരളത്തിലെ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സുസമ്മതനാണ്. ഏതെങ്കിലും വ്യവസ്ഥാപിത ഗ്രൂപ്പിൻ്റെ പിൻബലത്തിലായിരുന്നില്ല വിഡി സതീശൻ്റെ ഈ പരിണാമം. 2021ലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് മൂച്ചൂടും പൊള്ളിയിരിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ള രമേശ് ചെന്നിത്തല തന്നെ വീണ്ടും പ്രതിപക്ഷ നേതാവായി വരുമെന്നാണ് ഭൂരിപക്ഷം കോൺഗ്രസുകാരും പ്രതീക്ഷിച്ചിരുന്നത്. ഹൈക്കമാൻഡിന് മറ്റൊരു മിഷൻ ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉള്ളപ്പോഴും അന്നത്തെ രണ്ട് പ്രബല ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കൂട്ടായ തീരുമാനം തന്നെ നടപ്പിലാകുമെന്നായിരുന്നു എല്ലാവരും ഉറച്ച് വിശ്വസിച്ചിരുന്നത്. അതുവരെയുള്ള കോൺഗ്രസിൻ്റെ ചരിത്രവും അങ്ങനെ തന്നെയായിരുന്നു.
എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. 'എ', 'ഐ' ഗ്രൂപ്പിലെ ഗ്രൂപ്പ് മാനേജർമാർ പോലും അടിവലിച്ചപ്പോൾ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിഷ്പ്രഭരായി പോയി. ഇതോടെ 'എ', 'ഐ' ഗ്രൂപ്പുകളുടെ കെട്ടുറപ്പും ഘടനയും പോലും നഷ്ടപ്പെട്ടുവെന്നത് മാറ്റൊരു യാഥാർത്ഥ്യം. എന്തായാലും വി ഡി സതീശൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഹൈക്കമാൻഡിൻ്റെ അതൃപ്തി രമേശ് ചെന്നിത്തലയ്ക്ക് വിനയായി എന്നാണ് അദ്ദേഹത്തിൻ്റെ അടുപ്പക്കാർ ഇപ്പോഴും പറയുന്നത്. എന്നാൽ 'എ', 'ഐ' ഗ്രൂപ്പിലെ പ്രധാനികൾ പലരും ഗ്രൂപ്പ് മാനേജർമാരുടെ തിട്ടൂരങ്ങൾ കണക്കിലെടുക്കാതെ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചതോടെ വി ഡി സതീശന് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം കിട്ടിയെന്ന് മറുവാദവുമുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചത് ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലാണ്.
അന്ന് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുകയും ചെന്നിത്തലയുടെ പിന്നിൽ അണിനിരക്കുന്ന വിശാല 'ഐ' ഗ്രൂപ്പിൻ്റെ പിന്തുണയോടെ കെ സി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കുകയുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ തന്ത്രം. എന്നാൽ രമേശിനെ പിന്തുണയ്ക്കാനുള്ള അവസാന നിമിഷത്തെ നീക്കത്തോട് തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസും വിയോജിച്ചുവെന്നും സ്വന്തം നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചെന്നുമായിരുന്നു അന്നത്തെ അണിയറക്കഥകൾ. 'എ' ഗ്രൂപ്പിൽ നിന്നും നാലു പേർ മാത്രമാണ് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയെ പിന്തുണച്ചതെന്നും 'ഐ' ഗ്രൂപ്പിലെ രണ്ട് പേർ ഒഴിച്ച് ബാക്കി എംഎൽഎമാർ വി ഡി സതീശനെ പിന്തുണച്ചുവെന്നുമാണ് അന്ന് കോൺഗ്രസിനുള്ളിൽ നിന്നും പുറത്ത് വന്ന വിവരങ്ങൾ. എന്തുതന്നെയായാവും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടാൻ വി ഡി സതീശന് അന്ന് പിൻബലമായത് കോൺഗ്രസിലെ യുവനിയമസഭാ സാമാജികരായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്.
പ്രതിപക്ഷ നേതാവായതിന് ശേഷം അവശിഷ്ട ഗ്രൂപ്പിലേതെങ്കിലും പുനരുജ്ജീവിപ്പിച്ച് അതിൻ്റെ പരമാധികാരിയാവുക എന്നതായിരുന്നില്ല വി ഡി സതീശൻ സ്വീകരിച്ച സമീപനം. കോൺഗ്രസിൽ അനിവാര്യമായ ഒരുതലമുറ മാറ്റം വി ഡി സതീശൻ മുൻകൂട്ടി കണ്ടുവെന്ന് വേണം മനസ്സിലാക്കാൻ. ആ പരിണാമഘട്ടത്തിൽ യുവാക്കൾക്ക് കൂടി സ്വീകാര്യനായ ഒരു നേതാവിൻ്റെ പ്രസക്തിയും വി ഡി സതീശൻ തിരിച്ചറിഞ്ഞുവെന്നതിലും സംശയമില്ല. പ്രതിപക്ഷ നേതാവായിരിക്കെ നിയമസഭയിലെ യുവ എംഎൽഎമാരെയും പുറത്ത് യൂത്ത് കോൺഗ്രസ്-കെഎസ്‌യു നേതാക്കളെയും വി ഡി സതീശൻ സമീപിച്ച രീതി കോൺഗ്രസിലെ മുതിർന്ന നേതാക്കളെ സംബന്ധിച്ച് ചിന്തിക്കാൻ സാധിക്കുന്നതായിരുന്നില്ല.
യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പ്രസംഗത്തിലായാലും സംഘർഷം നിറഞ്ഞ നിയമസഭാ മാർച്ചിലായാലും വി ഡി സതീശൻ ഇടപെട്ട രീതി സൂക്ഷ്മം ശ്രദ്ധിച്ചാൽ കാര്യങ്ങൾ വ്യക്തമാണ്. ഒരു വ്യവസ്ഥാപിത ഗ്രൂപ്പിൻ്റെയും പിൻബലമില്ലാതെ കോൺഗ്രസിൽ ശക്തമായ ഒരു അടിത്തറയുണ്ടാക്കാൻ വി ഡി സതീശന് സാധിച്ചുവെന്നത് നിസ്തർക്കാണ്. ഇതിൻ്റെ തുടർച്ചയായിരുന്നു ഷാഫിയുടെ വടകരയിലേയ്ക്കുള്ള മാറ്റവും രാഹുലിൻ്റെയും രമ്യ ഹരിദാസിൻ്റെയും സ്ഥാനാർത്ഥിത്വവും. കെ മുരളീധരന് തയ്പ്പിച്ച കുപ്പായം അഴിക്കേണ്ടി വന്നതും ചേലക്കരയിൽ മറ്റൊരു ഓപ്ഷന് അവസരം നൽകാത്തതും വി ഡി സതീശൻ്റെ ഒരുമുഴം മുന്നേയുള്ള ഏറ് തന്നെയായിരുന്നു. ഏറ്റവും ഒടുവിൽ സന്ദീപ് വാര്യരെ കോൺഗ്രസ് പാളയത്തിലെത്തിച്ച ഓപ്പറേഷനിലും അതുവരെ കോൺഗ്രസിന് പരിചിതമല്ലാത്ത ഒരു വഴിയടയാളമുണ്ടായിരുന്നു.
ഇലക്ഷൻ മാനേജ്മെൻ്റ് താൻ എൻജോയ് ചെയ്യുന്നുവെന്ന് ഉപതിരഞ്ഞെടുപ്പ് വേളയിൽ വി ഡി സതീശൻ പറഞ്ഞത് കൃത്യമായ ഒരു അടയാളപ്പെടുത്തലായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനം ഒരു ടീം വർക്കാണ് പക്ഷെ താനത് ഏകോപിക്കുന്നുണ്ട് എന്ന് കൂടി വിഡി സതീശൻ പറഞ്ഞ് വെച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അതിൻ്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് ഒരുപടി കൂടി കടന്ന് വി ഡി സതീശൻ ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ വിജയങ്ങളുടെ യഥാർത്ഥ ചാലകശക്തി താനാണെന്ന ചിത്രം പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പായി തന്നെ സൃഷ്ടിക്കാൻ വി ഡി സതീശന് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ പാലക്കാട്-ചേലക്കര ഉപതിരഞ്ഞെടുപ്പ് വി ഡി സതീശനെ സംബന്ധിച്ച് നിർണ്ണായകമായിരുന്നു. സ്വഭാവികമായും ഏറ്റവും ഒടുവിൽ പാലക്കാട്ടെ തകർപ്പൻ വിജയത്തിന് പിന്നിലും ഏറ്റവും തിളക്കത്തോടെ അടയാളപ്പെടുത്തപ്പെട്ട പേരും വിഡി സതീശൻ്റേതായിരുന്നു.
ഇതിന് പിന്നാലെയാണ് പുനഃസംഘടനാ ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായത്. ഇവിടെയാണ് 'ശത്രുവിൻ്റെ ശത്രു മിത്രം' എന്ന ആ പഴമൊഴി പ്രസക്തമാകുന്നത്. കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന അഭിപ്രായത്തിന് വളരെ വേഗം കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ സ്വീകാര്യത ലഭിച്ചു. സുധാകരന് പകരം കെപിസിസി പ്രസിഡൻ്റായി ചെറുപ്പക്കാരായ നേതാക്കൾ ആരെങ്കിലും വരട്ടെയെന്ന ചർച്ചകൾ ചൂട് പിടിച്ച് തുടങ്ങിയ ഘട്ടത്തിലായിരുന്നു സുധാകരനെ നിലനിർത്തണമെന്ന ആവശ്യം അപ്രതീക്ഷിത കോണുകളിൽ നിന്ന് തന്നെ ഉയർന്നത്. കെപിസിസി പ്രസിഡൻ്റായി ഈ ഘട്ടത്തിൽ ചെറുപ്പക്കാരനായ ഒരു നേതാവ് വന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമെന്ന് തിരിച്ചറിയാൻ പരിണിത പ്രജ്ഞരായ കോൺഗ്രസ് നേതാക്കൾക്ക് അധികം തലപുകയ്ക്കേണ്ടതൊന്നുമില്ലല്ലോ? 2026ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഒരു അങ്കത്തിന് ബാല്യമില്ലാത്ത നിരവധി മുതിർന്ന നേതാക്കൾ സംസ്ഥാന കോൺഗ്രസിലുണ്ട്. ഇതിൽ പലരും മുഖ്യമന്ത്രി കസേരയുടെയും മന്ത്രിസ്ഥാനത്തിൻ്റെയുമൊക്കെ ഭൈമി കാമുകന്മാരാണ്. അതിനാലാണ് കെ സുധാകരൻ തുടരട്ടെയെന്ന് ഈ ഘട്ടത്തിൽ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ പലരും മുൻകൂർ അഭിപ്രായം പറഞ്ഞത്.
ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച കെപിസിസി പ്രസിഡൻ്റ് തുടരട്ടെയെന്ന വിവരണം കൂടി മുന്നോട്ടുവെച്ചായിരുന്നു ഈ നേതാക്കൾ സുധാകരന് വേണ്ടി വാദിച്ചത്. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന് കൂടിയാണ് ഈ വിവരണത്തിലൂടെ ഇവർ ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ഉപതിരഞ്ഞെടുപ്പ് വിജയങ്ങളുടെ ക്രെഡിറ്റ് ഏകപക്ഷീയമായി പ്രതിപക്ഷ നേതാവിന് ചാർത്തിക്കൊടുക്കുന്ന വിവരണങ്ങളെ പ്രതിരോധിക്കാനും സുധാകരന് വീണ്ടുമൊരു ഊഴം നൽകാനും സാധിക്കുന്നതാണ് ഈ വിവരണം. മാത്രമല്ല യുവാക്കൾ എന്ന വൈകാരികതയെ മുൻനിർത്തി പാർട്ടിയുടെ നിയന്ത്രണം പിടിക്കാനുള്ള വി ഡി സതീശൻ്റെ നീക്കത്തിന് തടയിടാനും ഇതുവഴി കഴിയുമെന്നാണ് കണക്ക് കൂട്ടൽ എന്നതും വ്യക്തം
ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച കെപിസിസി പ്രസിഡൻ്റ് തുടരട്ടെയെന്ന വിവരണം കൂടി മുന്നോട്ടുവെച്ചായിരുന്നു ഈ നേതാക്കൾ സുധാകരന് വേണ്ടി വാദിച്ചത്. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന് കൂടിയാണ് ഈ വിവരണത്തിലൂടെ ഇവർ ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ഉപതിരഞ്ഞെടുപ്പ് വിജയങ്ങളുടെ ക്രെഡിറ്റ് ഏകപക്ഷീയമായി പ്രതിപക്ഷ നേതാവിന് ചാർത്തിക്കൊടുക്കുന്ന വിവരണങ്ങളെ പ്രതിരോധിക്കാനും സുധാകരന് വീണ്ടുമൊരു ഊഴം നൽകാനും സാധിക്കുന്നതാണ് ഈ വിവരണം. മാത്രമല്ല യുവാക്കൾ എന്ന വൈകാരികതയെ മുൻനിർത്തി പാർട്ടിയുടെ നിയന്ത്രണം പിടിക്കാനുള്ള വി ഡി സതീശൻ്റെ നീക്കത്തിന് തടയിടാനും ഇതുവഴി കഴിയുമെന്നാണ് കണക്ക് കൂട്ടൽ എന്നതും വ്യക്തം. ഈ നിലയിലൊന്നും ചിന്തിക്കാതെ വളരെ ആത്മാർത്ഥതയായിട്ടാണ് കെ സുധാകരന് വീണ്ടുമൊരു അവസരം കൊടുക്കാമെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും ശശി തരൂരുമൊക്കെ പറഞ്ഞതെന്ന് കോൺഗ്രസുകാർ പോലും വിശ്വസിക്കില്ലെന്ന് തീർച്ചയാണ്. എന്തായാലും ഇത്തവണത്തെ പുനഃസംഘടനയിൽ ഗ്രൂപ്പുകളുടെ പേരിലുള്ള വിലപേശൽ നടക്കില്ലെന്ന് നേതാക്കൾ തന്നെ തിരിച്ചറിഞ്ഞു എന്ന് കൂടിയാണ് ഈ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
നിലവിൽ 'ഐ' ഗ്രൂപ്പിന് ഒരു സുസംഘടിതമായ സംവിധാനമില്ല. 'എ' ഗ്രൂപ്പ് പലകക്ഷണങ്ങളായി. ഇവരുടെയെല്ലാം പൊതുശത്രുവായി വി ഡി സതീശൻ മാറിയതോടെ സുധാകരൻ തന്നെ തുടരട്ടെയെന്ന ചർച്ചയ്ക്ക് ഇപ്പോൾ കരുത്തേറിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് കേഡർ സ്വഭാവത്തിൽ സുസംഘടിതമായിരുന്ന 'എ' ഗ്രൂപ്പിൻ്റെ നേരവകാശം ഇപ്പോൾ അപ്രഖ്യാപിതമായി ഷാഫി പറമ്പലിന് പതിച്ച് കിട്ടിയിട്ടുണ്ട്. യുവനിരയിൽ ടി സിദ്ധിഖിനോ, വിഷ്ണുനാഥിനോ ഇല്ലാത്ത ഒരു എഡ്ജ് ഇക്കാര്യത്തിൽ പഴയ എ ഗ്രൂപ്പ് അനുഭാവികൾക്കിടയിൽ ഷാഫിക്കുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പ് മാനേജർമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ, കെ സി ജോസഫിനോ, ബെന്നി ബഹനാനോ ഒന്നുമിപ്പോൾ 'എ' ഗ്രൂപ്പിൻ്റെ ഭാഗമായ താഴേതട്ട് മുതലുള്ള നേതാക്കൾക്കിടയിൽ പഴയ സ്വാധീനമില്ല.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിലെ യുവനേതാക്കളെ സംബന്ധിച്ച് ഒരു ടെസ്റ്റിംഗ് ഫ്ലോറാണ്. എന്നാൽ അഞ്ചുവർഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ഇടംപിടിക്കാനുള്ള ആ ടെസ്റ്റിംഗ് ഫ്ളോറിൽ കൃത്യമായ ഒരു ക്ലെയിം ഉണ്ടാകണമെന്ന ആസൂത്രണം യുവനേതാക്കൾക്കും ഉണ്ടെന്ന് വ്യക്തമാണ്. ആ വഴിയിൽ ഷാഫി പറമ്പിൽ ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്. ഇവിടെ ഷാഫിക്ക് ഏറ്റവും അനുഗ്രഹമാകുന്നത് എ ഗ്രൂപ്പിൻ്റെ അതിലേറെ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിച്ഛായ തന്നെയാണ്.
ഏറ്റവും ഒടുവിൽ സുധാകരനെ പിന്തുണച്ച് കൊണ്ട് മുതിർന്ന നേതാക്കളുടെ വിവരണങ്ങൾക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ വന്നതിന് പിന്നിലും 2031 എന്ന ദീർഘകാല ലക്ഷ്യം തന്നെയാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ 'എ' ഗ്രൂപ്പിൻ്റെ നേരവകാശി താനാണ് എന്ന ക്ലെയിം ഉന്നയിക്കാനുള്ള ശേഷി നിലവിൽ ചാണ്ടി ഉമ്മനില്ല. നിലവിലെ യൂത്ത് കോമ്പിനേഷനിൽ ചാണ്ടി ഉമ്മന് ആ നിലയിൽ ഒരിടവുമില്ല. അതിനാൽ തന്നെ പാലക്കാട് തിരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും ഉണ്ടായിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ പരസ്യമായി പറയുകയും പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച കെ സുധാകരനെ മാറ്റാൻ ആവശ്യപ്പെടുന്നത് പോലും പാതകമാണ് എന്ന നിലയിൽ പ്രതികരിക്കുകയും ചെയ്തതിന് നിരവധി മാനങ്ങളുണ്ട്.
സ്ഥാനാർത്ഥിയായതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ രാഹുൽ എത്തിയപ്പോൾ ചാണ്ടി ഉമ്മൻ സ്ഥലത്തില്ലാതിരുന്നതും പാലക്കാട് പോകുന്നതിലും ആവേശത്തിൽ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതുമെല്ലാം താൻ നിലവിലെ 'യൂത്ത് മൂവ്മെൻ്റിൻ്റെ' ഭാഗമല്ല എന്ന വ്യക്തമായ സന്ദേശമായിരുന്നു. ഏറ്റവും ഒടുവിൽ പാലക്കാട് അവഗണിച്ചുവെന്ന് പറയാതെ പറഞ്ഞതിലൂടെ തൻ്റെ വഴി വേറെയാണ് എന്ന പ്രഖ്യാപനം കൂടിയാണ് ചാണ്ടി ഉമ്മൻ നടത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി എന്ന വൈകാരികത രാഷ്ട്രീയ മൂലധനമാക്കി അധികകാലം കോൺഗ്രസിൽ മുന്നോട്ടുപോകാനാകില്ലെന്ന് ചാണ്ടി ഉമ്മനും തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാൽ തന്നെ ചാണ്ടി ഉമ്മൻ്റെ നീക്കത്തിനും പ്രധാന്യമുണ്ട്.
എന്തുതന്നെയായാലും 'യൂത്ത് V/S തന്തവൈബ്' എന്ന പുതിയ കാലത്തിൻ്റെ ആത്മസംഘർഷങ്ങൾ ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസിലും പ്രകടമായി തുടങ്ങിയെന്ന് വ്യക്തം. അതിൻ്റെ വികാസപരിണാമങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് അതിനാൽ നിർണ്ണായകമാണ്. നടക്കാനിരിക്കുന്ന പുനഃസംഘടന അതിനാൽ തന്നെ കോൺഗ്രസിൻ്റെ മുന്നോട്ടുള്ള യാത്രയുടെ ഗതിവിഗതികളെ ആ നിലയിൽ സ്വാധീനിക്കുമെന്നും ഉറപ്പാണ്.
Content Highlights: Youth leaders turns into the face of Congress in Kerala