ആരിഫ് മുഹമ്മദ് ഖാന് പകരം കേരള ഗവർണറായി ആര്‍ലെകറെത്തുമ്പോൾ...; ദൗത്യമെന്ത്‌?

ബ്രിട്ടീഷുകാര്‍ മടങ്ങിയതിന് കാരണം സത്യാഗ്രഹമല്ലെന്നും വാളുകളേന്തിയ ജനങ്ങളെ കണ്ടതിനാലാണെന്നുമുള്ള രാജേന്ദ്ര ആര്‍ലെകറിന്റെ പരാമര്‍ശം വിവാദമായിരുന്നു

ഐഷ ഫർസാന
4 min read|24 Dec 2024, 11:58 pm
dot image

കേരളത്തില്‍ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് നിലവിൽ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. കേരളത്തിലേയ്ക്ക് എത്തുന്ന ആർലെക്കറുടെ രാഷ്ട്രീയ പശ്ചാത്തലം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. 1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ ആര്‍ലെകറിനെ കേരളത്തിലേക്ക് നിയമിക്കുമ്പോൾ അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിന് വലിയ പ്രാധാന്യമുണ്ട്.

വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിൽ ഏറെക്കാലമായി ഏറ്റുമുട്ടി വരികയാണ്. ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെയെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിൻ്റെ നിര്‍ദ്ദേശം ലംഘിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാർ തന്നെ ഗവർണർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഗവർണറുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നീക്കങ്ങൾക്കെതിരെ എസ്എഫ്‌ഐ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ സർവ്വകലാശാലകളെ കാവിവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ ആരിഫ് മുഹമ്മദ് ഖാനെതിരെ നിരന്തരം കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കേരള ഗവര്‍ണറായുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറിന്റെ കടന്നുവരവ്.

ചാന്‍സലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിഹാർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ ഗവര്‍ണറാണ് ആര്‍ലെകര്‍. പട്ന സര്‍വകലാശാലയുടെ പരിപാടിയ്ക്കിടെയായിരുന്നു വിമര്‍ശനം. രാജ്ഭവനും സര്‍ക്കാരും സ്ഥാപനങ്ങളും ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പുരോഗതി ഉണ്ടാകില്ല എന്ന കാഴ്ചപ്പാട് അന്ന് ആര്‍ലെകർ ശക്തമായി അവതരിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ആർലെക്കർ കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നതെങ്കിൽ നിലവിലെ ഗവർണർ-സർക്കാർ ഏറ്റുമുട്ടലിൻ്റെ സ്വഭാവം എന്താകുമെന്ന് കാത്തിരുന്ന് കാണണം.

രാജ്യത്ത് നിന്നും ബ്രിട്ടീഷുകാര്‍ മടങ്ങിയതിന് കാരണം സത്യാഗ്രഹമല്ലെന്നും വാളുകളേന്തിയ ജനങ്ങളെ കണ്ടതിനാലാണെന്നുമുള്ള രാജേന്ദ്ര ആര്‍ലെകറിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം വിവാദമായിരുന്നു. ഗോവയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. 'സത്യാഗ്രഹം നടത്തിയത് കൊണ്ടോ പടച്ചട്ടകള്‍ ഇല്ലാത്തത് കൊണ്ടോ അല്ല ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടത്. സാധാരണക്കാരായ ജനങ്ങളുടെ കൈകളില്‍ തോക്കും ആയുധങ്ങളും കണ്ടപ്പോഴാണ് അവര്‍ രാജ്യം വിട്ടത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതറ്റം വരെയും പോകാന്‍ ജനം തയ്യാറാകുമെന്ന ബോധ്യമാണ് അവരെ നാടുകടത്തിയത്' എന്നായിരുന്നു ആര്‍ലെകറിന്റെ പരാമര്‍ശം. ഇന്ത്യയിലെ ജനങ്ങള്‍ അടിമപ്പെടാന്‍ വേണ്ടി ജനിച്ചവരാണെന്ന പ്രതീതിയാണ് നിലവിലെ ചരിത്ര പുസ്തകങ്ങളിലുള്ളത്. അത്തരം വ്യാഖ്യാനങ്ങള്‍ തെറ്റാണ്. ഈ വ്യാഖ്യാനത്തെയാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണച്ചതെന്നും ആർലെക്കർ പറഞ്ഞിരുന്നു.

Also Read:

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയോഗിച്ചത് ശ്രദ്ധേയമാണ്. 2025 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ മുസ്ലിം വോട്ടുകൾ നിർണായകമായ ബിഹാറിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ബിഹാറിലെ മുസ്ലിം വോട്ടുകൾ ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന മഹാഖഡ്ബന്ധന് അനുകൂലമാണെന്ന വിലയിരുത്തലുകൾക്കിടെയാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറാക്കിയിരിക്കുന്നത്.

അതേസമയം ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആർലെക്കറുടെ നിയമനവും രാഷ്ട്രീയ കരുനീക്കമാണെന്ന് വിലയിരുത്തലുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിനിടയിലേയ്ക്ക് കടന്നെത്താനുള്ള നീക്കത്തിൻ്റെ തുടർച്ചയാണ് ഈ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. 1980കള്‍ മുതല്‍ ബിജെപിയില്‍ സജീവ സാന്നിധ്യമായ അദ്ദേഹം വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആര്‍ലെകറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലെകര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ലാണ് ബിഹാര്‍ ഗവര്‍ണറുടെ ചുമതലയിലേയ്ക്ക് മാറ്റപ്പെടുന്നത്.

Content Highlight: Rajendra Vishwanath Arlekar after Arif Mohammed Khan, Who is kerala's new governor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us