എസ് ജയചന്ദ്രൻ നായർ സ്വാതന്ത്ര്യം തന്ന പത്രാധിപർ, സ്നേഹത്തണലായി നിന്ന കരുതൽ

അക്കാലത്ത് കലാകൗമുദി വാരികയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല കഥാമാ​ഗസിനും ഫിലിം മാ​ഗസിനും അടക്കം കലാകൗമുദി കുടുംബത്തിൽ നിന്നും വായനക്കാർ കാത്തിരുന്ന മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളുടെയെല്ലാം കാലിയോഗ്രഫി തയ്യാറാക്കാൻ ജയചന്ദ്രൻ സാറിൻ്റെ പൂ‍ർണ്ണ പിന്തുണയുണ്ടായിരുന്നു

നാരായണ ഭട്ടതിരി
1 min read|02 Jan 2025, 07:57 pm
dot image

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠനത്തിനായി എത്തിയ സമയത്താണ് എസ് ജയചന്ദ്രൻ സാറിനെ കാണാൻ അവസരമുണ്ടാകുന്നത്. പഠനത്തിനിടയ്ക്ക് ഒരു ജോലി അത്യാവശ്യമായിരുന്ന ഘട്ടത്തിലായിരുന്നു 1982ൽ ആ‍ർട്ടിസ്റ്റ് എസ് രാജേന്ദ്രൻ വഴി ജയചന്ദ്രൻ സാറിനെ കാണുന്നത്. കേരളത്തിലെ അറിയപ്പെടുന്ന പത്രാധിപരെ കാണാനെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് നിറയെ ആശങ്കകളായിരുന്നു. എന്നാൽ സാറിനെ നേരിൽക്കണ്ടതോടെ മനസ്സിലുണ്ടായിരുന്ന ആശങ്കകളെല്ലാം മാറി. വലിയൊരു പത്രാധിപർ എങ്ങനെ പെരുമാറുമെന്ന ഉത്കണ്ഠകളെല്ലാം സാറിൻ്റെ ലാളിത്യം നിറഞ്ഞ സ്നേഹപൂർണ്ണമായ ഇടപെടലിൽ ഇല്ലാതായി. സൗഹാർദ്ദപൂർവ്വമായിരുന്ന സാറിൻ്റെ ആദ്യനോട്ടം. സാറിൻ്റെ മുറിയിൽ തന്നെ ഒരു മേശയും കസേരയും ഒരുക്കിയായിരുന്നു എന്നെ കലാകൗമുദിയിലേയ്ക്ക് അദ്ദേഹം സ്വീകരിച്ചത്.

ഫൈൻ ആ‍ർട്സ് കോളേജിലെ ക്ലാസ് കഴിഞ്ഞുള്ള സമയത്തായിരുന്നു കലാകൗമുദിയിലെ ജോലി. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം കലാകൗമുദിയിലെത്തി രാത്രി പന്ത്രണ്ട് മണിവരെയൊക്കെ ജോലി ചെയ്യുന്നതായിരുന്നു രീതി. ജോലി കഴിഞ്ഞ് എന്നെ താമസസ്ഥലത്ത് കൊണ്ടാക്കിയിട്ടായിരുന്നു പലപ്പോഴും അദ്ദേഹത്തിൻ്റെ മടക്കം. അതിനിടയിൽ വയറ് നിറയെ ഭക്ഷണവും സാറിൻ്റെ വകയായിരിക്കും. അക്കാലത്ത് കലാകൗമുദി വാരികയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല കഥാമാ​ഗസിനും ഫിലിം മാ​ഗസിനും അടക്കം കലാകൗമുദി കുടുംബത്തിൽ നിന്നും വായനക്കാർ കാത്തിരുന്ന മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളുടെയെല്ലാം കാലിയോഗ്രഫി തയ്യാറാക്കാൻ ജയചന്ദ്രൻ സാറിൻ്റെ പൂ‍ർണ്ണ പിന്തുണയുണ്ടായിരുന്നു.

ജോലി ചെയ്യാൻ ഏറ്റവും സ്വാതന്ത്ര്യം നൽകിയ പത്രാധിപരായിരുന്നു ജയചന്ദ്രൻ സർ. കലൗകൗമുദിയുടെ ഇല്യുസ്ട്രേഷനും പേജിനേഷനുമെല്ലാം അക്കാലത്ത് ഏറെ പുതുമയുള്ളതായിരുന്നു. ഇന്നത്തെ കാലത്തേത് പോലെ കമ്പ്യൂട്ടർ ഫോണ്ടിൻ്റെയെല്ലാം സാധ്യതകൾ തീരെയില്ലാതിരുന്ന കാലത്ത് കാലിയോ​ഗ്രഫിയുടെ സാധ്യതകളെ ഏറ്റവും ഭം​ഗിയായി പ്രയോജനപ്പെടുത്താൻ അദ്ദേഹം കൂടെ നിന്നു. കലാപരമായ സ്പേസിൽ അദ്ദേഹത്തിൻ്റെ ഇടപെടൽ ഏറ്റവും സൃഷ്ടിപരമായിരുന്നു. കലാകൗമുദിയുടെ അക്കാലത്തെ പുതുമകൾ ഇന്നും അനുസ്മരിക്കപ്പെടുന്നത് പത്രാധിപർ എന്ന നിലയിലുള്ള ജയചന്ദ്രൻ സാറിൻ്റെ സർ​​ഗാത്മക ഇടപെടലിനാൽ മാത്രമാണ്. ആ നിലയിലുള്ള സ്വാതന്ത്ര്യം അദ്ദേഹം എല്ലാവർ‌ക്കും നൽകിയിരുന്നു.

ഇന്ദിരാ​ഗാന്ധിയുടെ അവിചാരിതമായ മരണ സമയത്ത് സാറിൻ്റെ ഇടപെടലും ആലോചനകളും മറക്കാനാവുന്നതല്ല. ഇന്ദിരാ ​ഗാന്ധി കൊല്ലപ്പെട്ട സമയത്ത് കലാകൗമുദി വാരിക പ്രിൻ്റിം​ഗ് കഴിഞ്ഞ് ബയന്റിം​ഗ് തുടങ്ങിയിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സാ‍ർ എന്നെ വിളിച്ചുവരുത്തുകയും കലാകൗമുദിയ്ക്കായി മറ്റൊരു കവർ തയ്യാറാക്കുകയും ചെയ്തിരുന്നു. അന്ന് രണ്ട് കവറുകളോടെയായിരുന്നു കലാകൗമുദി ഇറങ്ങിയത്.

ആറേഴ് വർഷം ഞാൻ കലാകൗമുദിയിൽ തുടർ‌ന്നു. എന്നാൽ സ്ഥിരം സ്റ്റാഫാകണമെന്ന് പറഞ്ഞതോടെ ഒരുവർഷത്തോളം കലാകൗമുദിയിൽ നിന്നും വിട്ടുനിന്നു. സാറിൻ്റെ ആവശ്യപ്രകാരം ഒരു വർഷത്തിന് ശേഷം വീണ്ടും കലാകൗമുദിയിൽ തിരികെയെത്തി. രണ്ടാം തവണയെത്തുമ്പോൾ ഏതാണ്ട് പൂർണ്ണമായി കലാകൗമുദി പ്രസിദ്ധീകരണങ്ങളുടെ ലേ-ഔട്ട് ചെയ്യേണ്ട ചുമതല എനിക്കായി മാറി. പിന്നീട് കലാകൗമുദിയിൽ നിന്നും ജയചന്ദ്രൻ സർ മലയാളം വാരികയിലേയ്ക്ക് പോയപ്പോൾ എന്നെയും വിളിച്ചു. ഞാൻ അദ്ദേഹത്തിനൊപ്പം പോയി. അവിടെയും ഏറ്റവും സ്നേഹത്തോടെയും കരുതലോടെയും സാർ ചേർത്തുപിടിച്ചു. സാറിനൊപ്പം ഒരുമിച്ച് ഒരുഫ്ലാറ്റിൽ താമസിക്കണമെന്നായിരുന്നു പ്രധാന നി‍ർബന്ധം. മലയാളം വാരികയിൽ ജോലി ചെയ്യുമ്പോൾ സാറിനൊപ്പമായിരുന്നു താമസം. രാവിലെ എഴുന്നേറ്റ് എനിക്ക് ചായ വെച്ചുതന്നിരുന്ന സാറിൻ്റെ സ്നേഹകരുതൽ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന ഓ‍‌ർമ്മയാണ്.

പിന്നീടും സാറുമായി അടുത്ത ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്. പുസ്തകങ്ങൾ തയ്യാറാക്കാനെല്ലാം സാർ വിളിച്ചിരുന്നു. സാറിൻ്റെ സിനിമകൾക്കൊപ്പവും പ്രവർത്തിച്ചിരുന്നു. അരവിന്ദൻ, ഷാജി എം കരുൺ തുടങ്ങിയ പ്ര​ഗത്ഭരായ സിനിമാ സംവിധായകരെയെല്ലാം പരിചയപ്പെടുത്തിത്തന്നത് ജയചന്ദ്രൻ സാറായിരുന്നു. സ്വം സിനിമയുടെ ടൈറ്റിൽ ചെയ്യാനും സാർ അവസരം തന്നിരുന്നു. ഒരു കോളേജ് വിദ്യാർത്ഥിയിൽ നിന്നും ഇന്ന് ‍ഞാനെത്തി നിൽക്കുന്ന ദൂരം സാറിൻ്റെ സ്നേഹത്തണലിൻ്റെ കൂടി ഓർമ്മയാണ്.

Content Highlights: Narayana Bhattathiri in memory of s jayachandran nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us