എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ വിട പറയുമ്പോള്‍ മലയാളി വായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ സര്‍ഗാത്മകമായി സ്വാധീനിച്ച എഡിറ്ററുടെ യാത്രാമൊഴി കൂടിയാണത്. എംടിയെ ഏറ്റവും ഇഷ്ടപ്പെട്ട പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍. എംടിയെപ്പറ്റി ഒരു ഓര്‍മ്മക്കുറിപ്പെഴുതാന്‍ മിക്കവാറും പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. പക്ഷേ, ആ ഫോണ്‍ നിശബ്ദമായിരുന്നു. എംടിക്കൊരു മരണാനന്തര സ്മൃതി എഴുതാതെ എംടിയുടെ പ്രിയപ്പെട്ട എഡിറ്ററും യാത്രയായി. 'രണ്ടാമൂഴം' ആ പത്രാധിപരുടെ കൂടി കണ്ടെത്തലാണ്.
വായനക്കാരും എഴുത്തുകാരും പത്രാധിപര്‍ എന്ന 'റ്റോട്ടാലിറ്റി'യെ അറിഞ്ഞു തുടങ്ങുന്നത് എസ്. ജയചന്ദ്രന്‍ നായരിലൂടെയാണ്. പഴയ 'കലാകൗമുദി ' ലക്കങ്ങള്‍ അതിന് സാക്ഷ്യം പറയും. സാഹിത്യം എപ്പോഴും മുന്‍നിരയില്‍ തന്നെ നിന്നു. വലിയ എഴുത്തുകാരുടെ ബൃഹദ് ആഖ്യാനങ്ങള്‍ ആ പത്രാധിപരുടെ കൈയ്യിലൂടെ കടന്നു പോയി. ഫീച്ചറെഴുത്തുകള്‍ക്ക് അദ്ദേഹം പ്രധാന പരിഗണന നല്‍കി. പല പല മനുഷ്യരിലേക്കും അവരുടെ ഇരമ്പുന്ന ജീവിതങ്ങളിലേക്കും പത്രാധിപരുടെ കാഴ്ച പതിഞ്ഞു. ആനുകാലികമായ സാമ്പ്രദായിക ലിപി വിന്യാസത്തെയും ലേ ഔട്ടിനെയും പുതുക്കി. നമ്പൂതിരിയുടെ വര , എം.കൃഷ്ണന്‍ നായരുടെ പംക്തി- വാക്കിലും വരയിലും ഓരോ ആഴ്ചയും പത്രാധിപര്‍ തുടരന്‍ വിരുന്നൊരുക്കി. വായനക്കാര്‍ക്ക് തുടര്‍ന്നു വായിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്താന്‍ എപ്പോഴും ശ്രമിച്ചു.
മികച്ചൊരു വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. പുസ്തകപ്പുഴു എന്നു പറയാവുന്ന വിധം നിരന്തരം വായിക്കുന്ന ആള്‍. എഴുത്തുകാരനെന്ന നിലയില്‍ മറ്റൊരുവിധത്തില്‍, കാല്‍പനികമായ ഒരെഴുത്തിന്റെ ലോകമാണ് അദ്ദേഹം പ്രതിഫലിപ്പിച്ചത്. സ്‌നേഹപൂര്‍വ്വം, എസ്. ജയചന്ദ്രന്‍ നായര്‍ എന്ന കൈയൊപ്പിട്ട കത്ത് മിക്കവാറും, എഴുപത്/എണ്‍പത് തലമുറയിലെ എഴുത്തുകാരുടെ കൈയിലുണ്ടാവും. സ്‌നേഹത്തിന്റെ സാന്നിധ്യം കൂടിയായിരുന്നു ആ പത്രാധിപര്‍. കാല്‍പനികമായ സ്വപ്നങ്ങള്‍ കണ്ട, ശുഭ്രവസ്ത്രധാരി.
വ്യക്തിപരമായി അദ്ദേഹം നല്‍കിയ സര്‍ഗാത്മക പിന്തുണ വളരെ വലുതായിരുന്നു. മാടായിലേക്കും കണ്ണൂരേക്കും ബാംഗ്ലൂരില്‍ നിന്നുള്ള രാത്രി ബസുകളില്‍ അദ്ദേഹം പല തവണ വന്നു. അദ്ദേഹം കൈയില്‍ കരുതിയിരുന്ന ചെറിയ നീലനിറത്തിലുള്ള ബ്രീഫ്‌കെയ്‌സില്‍ പുസ്തകങ്ങളായിരുന്നു കൂടുതലും. ശരിക്കും പറഞ്ഞാല്‍, ഒരു പുസ്തക മനുഷ്യനോടൊപ്പമുള്ളതായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും.