മലയാളമാധ്യമരംഗത്തെ കുലപതികളിൽ ഒരാൾ, അതായിരുന്നു എസ് ജയചന്ദ്രൻ നായർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളകൗമുദിയുടെ സാഹിത്യമാസികയായ കലാകൗമുദി വാരിക പ്രസിദ്ധീകരണം ആരംഭിച്ചത്. കലാകൗമുദിയിലൂടെയാണ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുതുതലമുറ എഴുത്തുകാരെ മുഴുവൻ ജയചന്ദ്രൻ നായർ അവതരിപ്പിച്ചത്. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം പ്രസിദ്ധീകരിച്ചത് എസ് ജയചന്ദ്രൻ നായരുടെ പത്രാധിപത്തത്തിൽ കലാകൗമുദി ആയിരുന്നു. ഒ വി വിജയന്റെ നോവലുകൾ, വികെഎൻന്റെ നോവലുകൾ, കാക്കനാടന്റെ നോവലുകൾ…അന്ന് ഏറ്റവും പുതിയ തലമുറയിൽ എഴുതിക്കൊണ്ടിരുന്ന എം മുകുന്ദനെയും സക്കറിയയെയും പോലെയുള്ളവരുടെ കഥകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിനെയും കടമ്മനിട്ട രാമകൃഷ്ണനെയും സച്ചിദാനന്ദനെയും സുഗതകുമാരിയെയും പോലെയുള്ളവരുടെ കവിതകൾ തുടങ്ങി മലയാള സാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള മിക്കവാറും കലാസൃഷ്ടികളെല്ലാം വെളിച്ചം കണ്ടത് കലാകൗമുദിയുടെ താളുകളിലൂടെയാണ്. അതിനൊക്കെ നേതൃത്വം കൊടുത്തത് എസ് ജയചന്ദ്രനെന്ന മഹാനായ പത്രാധിപരായിരുന്നു.
അദ്ദേഹം ഒരു ലിറ്റററി എഡിറ്ററായിരുന്നു എന്ന് തന്നെ പറയാം. ഒപ്പം തന്നെ കലാകൗമുദിയെ ഒരു സാമൂഹ്യ രാഷ്ട്രീയ മാസികയാക്കി മാറ്റുന്നതിലും അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ നിർണായകമാണ്. നവതലമുറയിലെ ഒട്ടേറെ മാധ്യമപ്രവർത്തകരെ പരിശീലിപ്പിച്ചെടുത്തതിലും ഗുരുതുല്യമായ പങ്ക് എസ് ജയചന്ദ്രൻ നായർ വഹിച്ചിട്ടുണ്ട്. 1992ലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. 1994 മുതൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കാൻ എനിക്ക് അവസരവും ഭാഗ്യവും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ നോവൽ സാഹിത്യകാരന്മാരുമായും മറ്റെല്ലാ എഴുത്തുകാരുമായും അദ്ദേഹത്തിനുള്ള ബന്ധം എന്ന് പറയുന്നത് വളരെ പ്രധാനമായിരുന്നു. ജയചന്ദ്രൻ നായരുടെ പത്രാധിപത്തത്തിൽ കലാകൗമുദിയിൽ കവിത അച്ചടിച്ചുവരിക കഥ അച്ചടിച്ചുവരിക എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമായിട്ടാണ് അക്കാലത്തെ പുതുതലമുറ എഴുത്തുകാർ കണ്ടിരുന്നത്. എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം എന്ന പംക്തി 36 വർഷക്കാലം തുടർച്ചയായി കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ആ അർത്ഥത്തിലൊക്കെ മലയാള സാഹിത്യരംഗത്തിന് ലിറ്റററി എഡിറ്റർ എന്ന നിലയിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്.
മാധ്യമപ്രവർത്തനരംഗത്തേക്ക് വരാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയൊന്നുമല്ല ഞാൻ. എന്റെ എഴുത്തിനോട് താല്പര്യം തോന്നിയിട്ട് അദ്ദേഹം എനിക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു ഉണ്ടായത്. അങ്ങനെയാണ് ഞാൻ മാധ്യമപ്രവർത്തനം തുടങ്ങുന്നത്. നമ്മളെഴുതുന്ന കാര്യങ്ങളെ വളരെ സൂക്ഷ്മമായി വായിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുള്ള പത്രാധിപരായിരുന്നു അദ്ദേഹം. അദ്ദേഹത്തിൽ നിന്നാണ് പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ ഞാൻ പഠിക്കുന്നത്. അദ്ദേഹത്തോടുണ്ടായിരുന്ന അടുപ്പം അദ്ദേഹത്തിനൊപ്പം നിന്നിട്ടുള്ള പല മഹാപ്രതിഭകളെയും പരിചയപ്പെടുന്നതിനും വഴിതുറന്നിട്ടുണ്ട്. പിറവി എന്ന മനോഹരമായ സിനിമയുടെ തിരക്കഥ എഴുതിയിട്ടുള്ള ആളാണ് എസ് ജയചന്ദ്രൻ നായർ. അതിനു ശേഷം സ്വം എന്നൊരു സിനിമ കൂടി അദ്ദേഹം ഷാജി എൻ കരുണുമായി ചേർന്ന് ചെയ്തിരുന്നു. ഷാജി എൻ കരുണിന്റെ ആദ്യ സിനിമയായിരുന്നു പിറവി. ആ സിനിമ മലയാള ചലച്ചിത്ര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
വളരെ ശക്തമായ മുഖപ്രസംഗങ്ങൾ എഴുതിയിരുന്ന എഡിറ്ററായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ ഖണ്ഡികകളുള്ള ഒരു എഡിറ്റോറിയലാണ് സാധാരണ ഗതിയിൽ പ്രസിദ്ധം ചെയ്യുക. ആ എഡിറ്റോറിയൽ ഇത്രയും ആറ്റിക്കുറുക്കി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ലാത്ത ആളാണ് ജയചന്ദ്രൻ നായർ. അദ്ദേഹം ഒരു സ്വാധീനത്തിനും പെട്ടിട്ടില്ലാത്ത ആളാണ്. വീട് വിട്ടാൽ ഓഫീസ്, ഓഫീസ് വിട്ടാൽ വീട് എന്നതായിരുന്നു രീതി. പൊതുപരിപാടിയിലോ പൊതുഇടത്തോ അദ്ദേഹത്തെ കാണാൻ കഴിയില്ലായിരുന്നു. മാധ്യമപ്രവർത്തനം ഒരു മുറിക്കുള്ളിലിരുന്ന് സവിശേഷ ശ്രദ്ധയോടെ ചെയ്തുകൊണ്ടിരുന്ന ആളാണ് ജയചന്ദ്രൻ നായർ. പിണറായി വിജയനും വി എസ് അച്യുതാനന്ദനും നേർക്കുനേർ ഏറ്റുമുട്ടിയിരുന്ന കാലത്ത് വിഎസിന്റെ ഭാഗത്തുനിന്നുകൊണ്ട് അതിശക്തമായി പിണറായി വിജയനെ വിമർശിച്ചിട്ടുള്ള പത്രാധിപരായിരുന്നു. ടി പി ചന്ദ്രശേഖരൻ വധത്തിന്റെ സമയത്താണ് അദ്ദേഹം, പ്രസിദ്ധീകരിച്ചു വന്നിരുന്ന പ്രഭാ വർമ്മയുടെ കവിത ഇടയ്ക്ക് വച്ച് നിർത്താൻ തീരുമാനിച്ചത്. ടിപിയെ കൊന്ന പാർട്ടിയിലെ ഒരാളുടെ കവിത പ്രസിദ്ധീകരിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വളരെ ധീരനായ എഡിറ്റർ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. നാലാഴ്ച മുമ്പ് വരെ അദ്ദേഹവുമായി മെസേജുകളിലൂടെ സംവദിച്ചിരുന്നു. കൃത്യനിഷ്ഠയുള്ള, വളരെ വലിയ വായനാശീലമുള്ള ഒരു മനുഷ്യനായിരുന്നു. എല്ലാ സമയത്തും വഴികാട്ടിയായി നിന്നിട്ടുള്ള വ്യക്തിയായിരുന്നു എനിക്ക് അദ്ദേഹം.