'വലതുപക്ഷത്തിന്റെ കൈയിലെ കോടാലി', ഇടതുപക്ഷവുമായുള്ള സമവാക്യങ്ങളെല്ലാം തെറ്റിച്ച്, പാര്‍ട്ടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അന്‍വറിനെ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. സിപിഐഎമ്മിന് അന്‍വറുമായി ഇനി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍ പ്രഖ്യാപിക്കുമ്പോഴേക്കും മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് എല്‍ഡിഎഫിനുവേണ്ടി വഴിവെട്ടിയ 'കരിന്തണ്ടന്‍' മാത്രമായി അന്‍വര്‍ മാറിക്കഴിഞ്ഞിരുന്നു.
സിപിഐഎം ഒരിക്കലും അന്‍വറിനെ ഒരു ഇടതനായി അംഗീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ് വിട്ട അന്‍വറിനെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി കൃത്യമായി അവര്‍ ഉപയോഗിക്കുകയായിരുന്നു. കാര്യംകഴിഞ്ഞ് തമസ്‌കരിക്കുകയല്ല, മറിച്ച് നന്ദിസൂചകമായി എല്ലാ പരിഗണനയും പാര്‍ട്ടി അന്‍വറിന് നല്‍കി. പിണറായി വിജയനുമായി ബന്ധം സ്ഥാപിക്കാനും വേണ്ടപ്പെട്ടവനായി തുടരാനും അന്‍വറിന് കഴിഞ്ഞു. അടിസ്ഥാനപരമായി കേഡര്‍ പാര്‍ട്ടിക്കാരനല്ലാത്തതുകൊണ്ടും ഒറ്റബുദ്ധിയില്‍ ഇറങ്ങിപ്പുറപ്പെടുകയെന്നുള്ളതാണ് അന്‍വര്‍ ശൈലിയെന്നുള്ളതുകൊണ്ടും ഒരിക്കല്‍ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച പിണറായിക്ക് അന്‍വറിനെ തള്ളിപ്പറയാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. അന്‍വറിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം സംരക്ഷിച്ചു കൂടെ നിര്‍ത്തിയതാണ് പാര്‍ട്ടി. എന്നാല്‍ പാര്‍ട്ടിയുടെ ചട്ടങ്ങളെല്ലാം കാറ്റില്‍പറത്തുകയും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ പേരെടുത്ത് വിമര്‍ശിക്കാന്‍ അന്‍വര്‍ മടി കാണിക്കാതിരിക്കുകയും ചെയ്തതോടെ ഊട്ടിയ കൈകൊണ്ട് ഉദകക്രിയ ചെയ്യാന്‍ മടിക്കില്ലെന്ന് പാര്‍ട്ടി അന്‍വറിന് സൂചന നല്‍കിയിരുന്നു.
എല്‍ഡിഎഫിലേക്ക് വഴി തുറന്ന അട്ടിമറി വിജയം
മലപ്പുറം എടവണ്ണയിലെ തികഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് പുത്തന്‍വീട്ടില്‍ അന്‍വറെന്ന പി വി അന്‍വര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ആതിഥ്യമരുളിയിട്ടുള്ള, 1962-ല്‍ നെഹ്‌റു നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പി വി ഷൗക്കത്തലിയുടെ മകന്‍. കെഎസ്‌യുവിലൂടെ തന്നെയായിരുന്നു രാഷ്ട്രീയ പ്രവേശം. കോളജ് യൂണിയന്‍ ചെയര്‍മാനായി എണ്‍പതുകളില്‍ തന്നെ തന്റെ വരവറിയിച്ച അന്‍വര്‍ കെ സുധാകരന്റെ വലംകൈയായി വളര്‍ന്നത് വളരെ പെട്ടെന്നാണ്. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന മനോവേദനയില്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ ചാണക്യന്‍ കെ കരുണാകരന്‍ ഇറങ്ങിയപ്പോള്‍ കൂടെയിറങ്ങിയതാണ് അന്‍വറും. പിണക്കം മറന്ന് കെ കരുണാകരനും മകന്‍ മുരളീധരനും തിരിച്ചെത്തിയെങ്കിലും അന്‍വര്‍ തിരിച്ചുവന്നില്ല.
ഏറനാട്ടില്‍ നിന്ന് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് 41 ശതമാനത്തിലധികം വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് അന്‍വര്‍ സിപിഐഎമ്മിന് പ്രിയങ്കരനാകുന്നത്. അന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച പി കെ ബഷീര്‍ നേടിയത് 58,698 വോട്ടുകളായിരുന്നെങ്കില്‍ സിപിഐഎം പിന്തുണയോടെ മത്സരിച്ച അന്‍വര്‍ 47,452 വോട്ടുകള്‍ നേടി ഫസ്റ്റ് റണ്ണറപ്പായി. 2014ല്‍ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് പൊരുതിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2016ല്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ച അന്‍വര്‍ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കി. 1987 മുതല്‍ ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന നിലമ്പൂരില്‍ അന്‍വര്‍ അട്ടിമറി വിജയം തന്നെ നേടി. മൂന്നുതവണ മാത്രമേ നിലമ്പൂരിന്റെ മണ്ണില്‍ ഇടതിന് ചുവപ്പുപടര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
ആദ്യ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലം പിന്നീട് പതിറ്റാണ്ടുകളോളം യുഡിഎഫിനൊപ്പമായിരുന്നു. 1967 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കെ കുഞ്ഞാലിയിലൂടെ മണ്ഡലം ചുവപ്പണിഞ്ഞു. 69ല്‍ നിലമ്പൂരിന്റെ ആദ്യ എംഎല്‍എ വെടിയേറ്റ് മരിച്ചു. തുടര്‍ന്ന് 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനെ കൈവിട്ടു. 77ലും 80ലും വലതിനൊപ്പം തന്നെ നിന്ന മണ്ഡലം 82ലാണ് പിന്നെ ചുവക്കുന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനെ ടി കെ ഹംസ പരാജയപ്പെടുത്തി. എന്നാല്‍ 87 മുതല്‍ മുതല്‍ കണ്ടത് വലതിന്റെ ജൈത്രയാത്രയാണ്. 87 മുതല്‍ 2011 വരെ നിലമ്പൂര്‍ യുഡിഎഫിനൊപ്പം നിന്നു. ആ അടിത്തറയ്ക്ക് കല്ലുപാകിയത് ആര്യാടന്‍ മുഹമ്മദാണ്. 2016ല്‍ സംസ്ഥാനത്താകെ പടര്‍ന്ന ഇടതുതരംഗത്തോടെയാണ് ആ യാത്രയ്ക്ക് കടിഞ്ഞാണിടുന്നത്. നിലമ്പൂരില്‍ പതിറ്റാണ്ടുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ പൊരുതാനിറങ്ങിയ ആര്യാടന് അടിതെറ്റി. ഇടത് സ്വതന്ത്രന്‍ പിവി അന്‍വറിലൂടെ മണ്ഡലം ചുവപ്പണിഞ്ഞു. പി വി അന്‍വറെന്ന നേതാവിന്റെ വിജയക്കുതിപ്പ് അവിടം മുതല്‍ ആരംഭിച്ചു. വീടുതോറും കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കുടുംബയോഗങ്ങളും വഴി അതികഠിനമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയായിരുന്നു ആ വിജയം. അതോടെ പിണറായിയുടെ അടുത്തയാളായി അന്‍വര്‍, അന്‍വറിനെതിരെ ഉയര്‍ന്ന വിവാദങ്ങളൊന്നും അദ്ദേഹത്തെ പാര്‍ട്ടിക്ക് അനഭിമതനാക്കിയില്ല. കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുമ്പോഴും, ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയപ്പോഴും ഉയര്‍ന്ന വിവാദങ്ങളെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പാര്‍ട്ടി അന്‍വറിനൊപ്പം നിന്നു.
പാര്‍ട്ടിക്കും പിതൃതുല്യനും അനഭിമതന്‍
പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നില്ല ഒരിക്കലും അന്‍വര്‍. ഇടതാണെങ്കിലും വലതാണെങ്കിലും അന്‍വറിനെ അല്പം കരുതലോടെ മാത്രമേ സമീപിക്കാറുള്ളൂ. എന്ത്, എവിടെ, എങ്ങനെ തുറന്നടിക്കുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ലാത്ത നേതാവാണ് രാഷ്ട്രീയ മുന്നണികളെ സംബന്ധിച്ചിടത്തോളം പി വി അന്‍വര്‍. പിണറായി വിജയന്‍ പിതാവിന്റെ സ്ഥാനത്താണ് എന്ന് വൈകാരികമായി പ്രസ്താവിച്ച് ഒരു മാസം പിന്നിടും മുന്‍പായിരുന്നു പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടിയുടെ നിര്‍ദേശത്തെ കാറ്റില്‍ പറത്തി അന്‍വറിന്റെ യുദ്ധ പ്രഖ്യാപനം. പിണറായിക്ക് വേണ്ടപ്പെട്ട പി ശശിയെയും അജിത്കുമാറിനെയും മുഹമ്മദ് റിയാസിനെയും പരസ്യമായി വിമര്‍ശിച്ച് അന്‍വര്‍ രംഗത്തെത്തി. പി.ശശിക്കെതിരായി അന്‍വറിനെ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ ചാവേറാക്കുകയാണെന്ന ചര്‍ച്ചയും ആ സമയത്ത് ഉയര്‍ന്നിരുന്നു.
'സിഎമ്മേ, കേരളത്തിലെ കത്തി ജ്വലിച്ചു നിന്ന ഒരു സൂര്യനായിരുന്നു നിങ്ങള്‍. ആ സൂര്യന്‍ കെട്ടുപോയി. കേരള മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു.' എന്ന് ഒരു മടിയുമില്ലാതെ അന്‍വര്‍ തുറന്നടിച്ചു. വൈകിയില്ല പാര്‍ട്ടിക്കിനി അന്‍വറുമായി ബന്ധമില്ലെന്ന് ഗോവിന്ദന്‍ പ്രഖ്യാപിച്ചു. ഒരിക്കല്‍ പ്രിയപ്പെട്ടവനായിരുന്നവനെ മുഖ്യനും തള്ളിപ്പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സമയമായതിനാല്‍ മുന്നണിക്കുള്ളില്‍ നിന്നുയര്‍ന്ന വിമത ശബ്ദത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ പിന്തുണ ലഭിച്ചു. അതിനുതെളിവായിരുന്നു മലപ്പുറത്ത് നടത്തിയ റാലിക്ക് ലഭിച്ച ജനപിന്തുണ. പറഞ്ഞതില്‍ കൂടുതല്‍ ആരോപണമൊന്നും ഉയര്‍ത്തിയില്ലെങ്കിലും അന്‍വറിന്റെ മണിക്കൂറുകള്‍ നീണ്ട പ്രസംഗം കേള്‍ക്കാന്‍ നിലമ്പൂരില്‍ അവര്‍ തടിച്ചുകൂടി. താമസിയാതെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ പാര്‍ട്ടിപ്രഖ്യാപനം വന്നു. അന്‍വറിന്റെ ഡിഎംകെ, എം കെ സ്റ്റാലിന്റെ ഡിഎംകെയുമായി ലയിക്കുമെന്നായിരുന്നു ആദ്യം പരന്ന അഭ്യൂഹം. എന്നാല്‍ ആ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും മമത ബാനര്‍ജിയുടെ തൃണമൂലുമായി സഖ്യം ചേരാനാണ് അടുത്ത നീക്കമെന്നും താമസിയാതെ വീണ്ടും വാര്‍ത്ത പരന്നു. സിപിഐഎമ്മിനോട് കലഹിച്ച് പുറത്തേക്കിറങ്ങിയ അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് വാതില്‍ തുറന്നുകാത്തിരുന്നെങ്കിലും ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരൂമാനമുള്‍പ്പെടെ പലകാര്യങ്ങളും ആ യാത്രയുടെ വേഗത കുറച്ചു.
വാതില്‍ തുറക്കുമോ യുഡിഎഫ്?
'അന്‍വര്‍ അടിസ്ഥാനപരമായി കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയില്ലെന്ന് വ്യക്തമാകു'മെന്നു പറഞ്ഞാണ് അന്‍വറിന്റെ പരസ്യമായ വിമര്‍ശനങ്ങളെ എം വി ഗോവിന്ദന്‍ പ്രതിരോധിച്ചത്. 'അന്‍വര്‍ ഇടതുസഹകരണത്തോടെ സ്വതന്ത്രനായാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. അതിനുമുന്‍പ് ഏറനാട് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുകയാണ് ഉണ്ടായത്. അന്‍വറിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കി. അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമല്ല, പാര്‍ലമെന്‌ററി അംഗം മാത്രമാണ്. കമ്യൂണിസ്റ്റ് സംവിധാനത്തെ കുറിച്ച് അറിയില്ല. അച്ചടക്ക ലംഘനമാണ് നടത്തിയിരിക്കുന്നത്. അന്‍വറുമായി സിപിഐഎമ്മിന് ഇനി ഒരു ബന്ധവുമില്ല. 'തനിയെ വളര്‍ന്നതല്ല പാര്‍ട്ടി പിന്തുണയോടെ മാത്രം ഉയര്‍ന്നുവന്നൊരാളാണ് അന്‍വറെന്നും ഗോവിന്ദന്‍ അടിവരയിട്ടു. ഒതുങ്ങാന്‍ അന്‍വര്‍ തയ്യാറായില്ല. കിട്ടിയ വടികളെല്ലാമെടുത്ത് ഇടതിനെതിരെ അന്‍വര്‍ പ്രഹരം തുടര്‍ന്നു. സര്‍ക്കാരും വെറുതെയിരുന്നില്ല. എതിരാളികളെ അധികാരം കൊണ്ട്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇഡിയെക്കൊണ്ട്, അടിച്ചമര്‍ച്ചുന്ന കേന്ദ്രനയത്തിന്റെ മറ്റൊരുപതിപ്പാണ് അന്‍വറിന്റെ അറസ്റ്റിലൂടെ കേരളം കഴിഞ്ഞ ദിവസം കണ്ടത്.
സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് അന്‍വര്‍ പരസ്യമായി രംഗത്തുവന്നതോടെ അന്‍വറിനോടുള്ള സമീപനത്തില്‍ യുഡിഎഫ് മയംവരുത്തിയിരിക്കുകയാണ്. ഇടതുസര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാടില്‍ അല്പം ഇടിവുണ്ടായിട്ടുണ്ടെന്നും പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ മുന്നുംപിന്നും നോക്കാതെ ആക്രമിക്കുന്ന അന്‍വറിനെ പോലൊരുനേതാവ് ഐക്യജനാധിപത്യ മുന്നണിക്ക് ഗുണം ചെയ്യുമെന്നുമുള്ള കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. വലിയ പൊലീസ് സന്നാഹവുമായെത്തി വീടുവളഞ്ഞ് പിടികിട്ടാപ്പുള്ളിയെപ്പോലെ അന്‍വറിനെ രാത്രി വൈകി അറസ്റ്റുചെയ്ത നടപടിയോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം നല്‍കുന്ന സൂചനയും അതുതന്നെയാണ്. ഇടതുമായി തെറ്റിപ്പിരിഞ്ഞ് ഡിഎംകെ എന്ന പാര്‍ട്ടിയും രൂപീകരിച്ച് ഡിഎംകെയുമായും തൃണമൂലുമായും സഖ്യത്തിന് അന്‍വര്‍ പരിശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല.
എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് കേരള രാഷ്ട്രീയം ഈ രണ്ടുമുന്നണികള്‍ക്ക് പുറത്തേക്ക് വളര്‍ന്നിട്ടില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയഭാവി സുരക്ഷിതമാക്കുന്നതായി യുഡിഎഫിലേക്ക് ചേക്കേറുക തന്നെയാണ് അന്‍വറിന്റെ മുന്നിലുള്ള ഏകവഴി. പക്ഷെ ശത്രുവിനെ പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ക്കുകയെന്ന രീതിക്കാരനായ അന്‍വര്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചുനടത്തിയ പരാമര്‍ശം കോണ്‍ഗ്രസുകാരുടെ ഉള്ളില്‍ മായാതെ കിടക്കുന്നുണ്ട്. കെ സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവരും മുസ്ലിംലീഗിലെ മുതിര്‍ന്ന നേതാക്കളും നിലപാട് മയപ്പെടുത്തി.
ഒരിക്കല്‍ പടിയിറങ്ങിയ പ്രസ്ഥാനത്തിലേക്കുള്ള അന്‍വറിന്റെ തിരിച്ചുപോക്ക് പക്ഷെ അത്ര എളുപ്പമല്ല. ശത്രുവിന്റെ ശത്രു മിത്രമെന്ന എക്കാലത്തെയും രാഷ്ട്രീയ സമവാക്യം ഒരുപക്ഷെ അന്‍വറിന്‌റെ യുഡിഎഫ് മുന്നണിയിലേക്കുള്ള യാത്രക്ക് വഴിയൊരുക്കിയേക്കാം. അന്‍വറിന്റെ മുന്നുംപിന്നും നോക്കാതെയുള്ള ആക്രമണത്തെ ശ്രവിക്കാന്‍ കേള്‍വിക്കാരുണ്ടെന്നുള്ളത് പ്രത്യേകിച്ച് രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്ത മലപ്പുറം, വയനാട് ജില്ലകളിലെ സാധാരണക്കാരുടെ വോട്ടു ഏകോപിപ്പിക്കാന്‍ സഹായിച്ചേക്കുമെന്ന വിലയിരുത്തലും ചില നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒടുവില്‍ അന്‍വര്‍ തിരിഞ്ഞു നടക്കുന്നു ഐക്യ ജനാധിപത്യമുന്നണിയിലേക്കെന്ന് വലതുകേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിക്കുമ്പോഴും നിര്‍ണായകമാവുക പ്രതിപക്ഷനേതാവിന്റെയും മുസ്ലിംലീഗിന്റെയും നിലപാടുകളായിരിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വം.
Content Highlights: P V Anvar to join UDF, Kerala Politcs and PV Anvar's DMK