'ബോ.ചെ വഷളനാണ്…
ബോ.ചെ ദ്വയാർത്ഥം പറയുന്നവനാണ്…
ബോ.ചെ അശ്ലീലം പറയുന്നവനാണ്…
ബോ.ചെ പണത്തിന്റെ ഹുങ്കിൽ എന്ത് അഹങ്കാരവും ചെയ്യുന്നവനാണ്…
പക്ഷേ……
ഹണിയും അത്ര ഡീസന്റൊന്നുമല്ല'
ഒരു സാമൂഹിക അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്ന വ്യവസായ പ്രമുഖനെതിരെ പേര് പറഞ്ഞ് പ്രതികരിച്ചു കഴിഞ്ഞപ്പോൾ ഹണി റോസ് എന്ന അഭിനേത്രിയെ അനുകൂലിച്ചുകൊണ്ടെന്ന മട്ടിൽ തുടങ്ങി ആത്യന്തികമായി ബോ.ചെ ചെയ്ത കുറ്റത്തെ നിസാരവത്കരിക്കുന്ന 'ബാലൻസ് കെ നായർ' പോസ്റ്റുകളുടെ പൊതു ടെമ്പ്‌ലേറ്റ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. നടി അക്രമിക്കപ്പെട്ടപ്പോൾ 'അവളോടൊപ്പം നിന്നുകൊണ്ട് അവന് വേണ്ടി പ്രാർത്ഥിക്കും' എന്ന AMMA സംഘടനയിലെ ചില ഭാരവാഹികളുടെ അഭിപ്രായപ്രകടനങ്ങളിലാണ് നാം ഇതിന് മുൻപ് ഇത്തരം ബാലൻസിങ് കണ്ടിട്ടുള്ളത്. ഇരയ്ക്കൊപ്പം എന്ന തോന്നലുണ്ടാക്കി വേട്ടക്കാരനൊപ്പം നില്ക്കലാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ പൊതുശൈലി.
നിലവിലെ വിവാദത്തിൽ അഭിപ്രായപ്രകടനങ്ങൾ ഈ ശൈലിയിലേക്ക് മാറുന്നതിനും ഒരു കാരണമുണ്ട്. ഹണി റോസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അശ്ലീല കമന്റുകൾ ഇടുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത് മുതലാണ് ഈ മാറ്റം പ്രകടമാകുന്നത്. നേരിട്ട് അപമാനിക്കാൻ അവസരമില്ലെങ്കിൽ വളഞ്ഞ വഴിയിൽ അത് നടപ്പിലാക്കുക എന്ന യുക്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്. സ്വയം ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ പോലും ഇത്തരത്തിൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്നത് ഖേദകരമാണ്. പൊതുവേ പുരോഗനപരമെന്ന തോന്നലുണ്ടാക്കി പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഏറെക്കാലമായി നാം കാണുന്നതാണ്. 'ഫെമോ നാഷണലിസം' പോലത്തെ ആശയങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണ്. കുടിയേറി വരാൻ ശ്രമിക്കുന്ന കറുത്ത വർഗ്ഗക്കാർക്കെതിരെ പ്രചാരണം നടത്താൻ യൂറോപ്പിലെയും മറ്റും പിന്തിരിപ്പൻ വലതുപക്ഷം ഫെമിനിസം പോലത്തെ ആശയങ്ങളെ കൂട്ടുപിടിക്കാറുണ്ട്. കറുത്ത വർഗ്ഗക്കാർ സ്ത്രീവിരുദ്ധരാണെന്നും അവർക്ക് അഭയം കൊടുത്താൽ സ്ത്രീ സുരക്ഷയെ അത് ബാധിക്കുമെന്നുമൊക്കെ ഇക്കൂട്ടർ പൊതുമധ്യത്തിൽ പ്രചരിപ്പിക്കുന്നു. പക്ഷെ യഥാർത്ഥത്തിൽ ഉള്ളിലെ വംശീയതയാണ് കറുത്ത വർഗ്ഗക്കാർ സ്വന്തം രാജ്യത്ത് പ്രവേശിക്കരുതെന്ന തോന്നൽ അവരിൽ സൃഷ്ടിക്കുന്നത്. ഇതിന് സമാനമാണ് സ്വയം ഫെമിനിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ നിലവിലത്തെ വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ.
കേരള ജനതയുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് ജീവിച്ച നടിയാണ് ഹണി റോസ് എന്നതാണ് പുതിയ കണ്ടുപിടിത്തം. ഹോ, കണക്കായി പോയി. മലയാളിക്ക് ലൈംഗിക ദാരിദ്ര്യം ഉണ്ടെങ്കിൽ അതിൽ എല്ലാ ജൻഡറിൽപ്പെട്ടവർക്കും പങ്കുണ്ട്. അത്തരം ദാരിദ്ര്യം പൊതുവേ കുറഞ്ഞു വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നാളെ ഏതെങ്കിലും പോൺ താരത്തെയോ സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നവരെയോ പൊതുമധ്യത്തിൽ വച്ച് അപമാനിച്ചാലും 'സ്വയം കമ്മോഡിറ്റി' ആകാൻ നിന്ന് കൊടുത്തിട്ടല്ലേ, അനുഭവിച്ചോ!' എന്ന മട്ടിൽ ഇവർ പ്രതികരിക്കുമോ? നമ്മുടെ പുരുഷ താരങ്ങൾ ഷർട്ട് ധരിക്കാതെ സിക്‌സ് പാക്ക് കാണിച്ച് സ്‌ക്രീനിലും പൊതുമധ്യത്തിലും വരുമ്പോൾ തോന്നാത്ത എന്ത് പ്രശ്‌നമാണ് ഇക്കൂട്ടർക്ക് സ്ത്രീകൾ പൊതുമധ്യത്തിൽ ഒരുങ്ങി വരുമ്പോൾ തോന്നുന്നത്?.
ഹണി റോസ് തന്നെ സ്വന്തം പോസ്റ്റിൽ സൂചിപ്പിക്കുന്നത് പോലെ ഇന്ത്യൻ നീതി വ്യവസ്ഥ അംഗീകരിക്കാത്ത ഒരു വസ്ത്രവും ധരിച്ച് അവർ ഒരു വേദിയിലും പോയിട്ടില്ല. അത് കണ്ട് ഏതെങ്കിലും പുരുഷനോ സ്ത്രീക്കോ ട്രാൻസ്ജന്ററിനോ വികാരം തോന്നിയിട്ടുണ്ടെങ്കിൽ അതും സ്വാഭാവികം മാത്രമാണ്. മനുഷ്യർക്ക് മറ്റ് മനുഷ്യനോട് ലൈംഗീക താല്പര്യം തോന്നുന്നത് ഒരു തെറ്റല്ല. പക്ഷേ ആ താല്പര്യം, നിങ്ങൾക്ക് അവരോട് പോയി അവതരിപ്പിക്കാനുള്ളത്ര ബന്ധം ഇല്ലെന്നുണ്ടെങ്കിൽ അത് ഉള്ളിലൊതുക്കുക എന്നതാണ് സാമാന്യ മര്യാദ. അതിന് പകരം അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പോയി അശ്ലീലം എഴുതി വിട്ടാൽ അത് ക്രൈം തന്നെയാണ്. അവരെ കുറിച്ച് അശ്ലീലം കലർന്ന ഭാഷയിൽ, സ്ത്രീത്വത്തെ അപമാനിക്കും വിധം ഓൺലൈൻ മീഡിയയിൽ പോയി പ്രതികരിച്ചാലും കുറ്റകൃത്യമാണ്.
ഇത്രയും കാലം ഹണി ഇയാളുടെ തോന്നിവാസങ്ങളോട് പ്രതികരിക്കുന്നില്ല എന്നതായിരുന്നു ഇക്കൂട്ടർക്ക് പ്രശ്‌നം. ഇപ്പോൾ പ്രതികരിച്ചപ്പോൾ വിമർശിക്കാൻ മറ്റൊരു വഴി കണ്ടെത്തുന്നു എന്ന് മാത്രം.
ഈ നേരത്തും ഹണിയുടെ ചരിത്രം ചികയുന്നവർ ശരിക്കും ബോ.ചെ പക്ഷത്ത് തന്നെയാണ്. ബോ.ചെയുടെ ചരിത്രമാണ് പറയേണ്ടത്, അയാളുടെ നെറികേടുകളാണ് തുറന്നുകാട്ടേണ്ടത്. ഹണി റോസിന് നേരെ മാത്രമല്ല ബോബി ചെമ്മണ്ണൂർ ഇത്തരം പരമാർശം നടത്തിയിട്ടുള്ളത് എന്നത് നാം മറന്നു പോകരുത്. സമ്പത്തിന്റെ ബലത്തിൽ ഏതൊരാളെയും അപമാനിക്കാം എന്ന തോന്നൽ ബോബിക്ക് ഉണ്ടായിരിക്കാം. എന്നാൽ അയാളുടെ സമ്പത്ത് കണ്ട് അതിന് ഓശാന പാടുന്ന ആൾക്കൂട്ട സൈക്കോളജിയിലേക്ക് സമൂഹം മാറരുത്. ഇന്ന് ഹണി റോസ് പ്രതിഷേധിച്ചില്ലെങ്കിൽ നാളെ വേറെയും ബോ.ചെമാർ ഉണ്ടായിക്കൊണ്ടിരിക്കും.
അയാളുടെ പരസ്യം ലഭിക്കുന്നത് കൊണ്ട് മാധ്യമങ്ങൾ പോലും വേണ്ട രീതിയിൽ ഏറ്റെടുക്കാൻ സാധ്യത ഇല്ലാത്ത പോരാട്ടത്തിനാണ് ഹണി റോസ് നേതൃത്വം നല്കുന്നത്. അവരെ നാം ഒറ്റപ്പെടുത്തരുത്. ഹണി റോസ് തന്നെ പറഞ്ഞത് പോലെ ബോബി ചെമ്മണ്ണൂർ അയാളുടെ പണത്തിലും, ഹണി റോസ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും വിശ്വസിച്ചുകൊണ്ടാണ് ഈ പോരാട്ടം നയിക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ തോറ്റുപോകാതെയിരിക്കാൻ കൂടി വേണ്ടിയാണ് നാം ഈ സാഹചര്യത്തിൽ ഹണി റോസിന് പിന്തുണ നൽകേണ്ടത്.
ഐക്യദാർഢ്യം ഹണി റോസ് !
Content Highlights: Boche aka Boby Chemmanur and Honey Rose issue opinion