'ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ കൃതികള്‍ പഠിക്കുക. സ്വാമിയില്‍ ഉള്ളതെല്ലാം സാധകമാണ് ഒന്നും നിഷേധമല്ല' വിവേകാനന്ദ കൃതികളെ കുറിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഈ വാക്കുകള്‍ മാത്രം മതി, അതിന്റെ അന്തഃസത്ത പുതിയ തലമുറയ്ക്ക് മനസ്സിലാക്കാന്‍. ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന വ്യക്തിയായിരുന്നു സ്വാമികള്‍. ആത്മാവ് പോലെ അനാദിയും അനന്തവും അമരവുമായ ജീവിത സ്വഭാവം നിലനില്‍ക്കുന്ന ഭാരതത്തിന്റെ സന്താനങ്ങളായ നാം മുന്നോട്ട് കുതിക്കാനുള്ള ചാലകശക്തി മഹാന്മാരായ നമ്മുടെ പൂര്‍വികരില്‍ നിന്നും സംഭരിക്കേണ്ടിയിരിക്കുന്നു. ഭാവി ഉടലെടുക്കുന്നത് ഭൂതകാലങ്ങളില്‍ നിന്നാണെന്നതിനാല്‍ കഴിഞ്ഞകാലത്തിന്റെ വറ്റാത്ത ഉറവകളില്‍ നിന്നും നാം ഊര്‍ജം കണ്ടെത്തുകയും ആ മഹത്വബോധത്തോടെ ഭാവിയിലേക്ക് ചുവടുവയ്ക്കുകയും വേണമെന്ന് വിവേകാനന്ദ സ്വാമികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
യൂറോപ്പില്‍ രാഷ്ട്രതന്ത്ര ആശയങ്ങളാണ് ജനതയ്ക്ക് ഐക്യമരുളുന്നതെങ്കില്‍ ഏഷ്യയില്‍ മതാദര്‍ശങ്ങളാണ്. അതിനാല്‍തന്നെ ഭാരതത്തിന്റെ ഭാവിക്ക് അവശ്യം വേണ്ടുന്ന പ്രഥമ ഉപാധി മതൈക്യമാണെന്ന് സ്വാമികള്‍ കരുതുന്നു. ഭാരതീയ ചിന്തയ്ക്ക് മതാദര്‍ശത്തേക്കാള്‍ ഉല്‍കൃഷ്ടമായി ഒന്നുമില്ലെന്നും ഭാരതീയ ജീവിതത്തിന്റെ മുഖ്യനാദം മതത്തിന്റെതാണെന്നും, മതത്തിന്റെ ഏകീകരണ പ്രഭാവത്തിനു മുന്നില്‍ ഭാരതത്തിലുള്ള വംശപരവും സാമുദായികവും ജനതാസംബന്ധിയായ വൈഷമ്യങ്ങളും അലിഞ്ഞു പോകുമെന്നും നമുക്കറിയാം.
അമേരിക്കയിലെ മതമഹാസമ്മേളനം സ്വാമിയെ സംബന്ധിച്ച് ഒരു ലക്ഷ്യമായിരുന്നില്ല, ഭാരതീയമായ ആധ്യാത്മിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു അവസരം മാത്രമായിരുന്നു. കാരണം നമ്മുടെ മതത്തിലാണ് നമ്മുടെ ഓജസും ശക്തിയും അതിനുമപ്പുറം ഒരു ജനതയെന്ന നിലയിലുള്ള നമ്മുടെ ജീവിതം പോലും എന്നദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നു. നാം ഭാരതീയരുടെ മഹത് ഗ്രന്ഥങ്ങളില്‍ സംഭൃതമായ ആധ്യാത്മിക ആശയരത്‌നങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് സ്വാമിജി കാണുന്ന വഴി സംസ്‌കൃത പഠനമാണ് . എല്ലാവിധത്തിലുള്ള വ്യക്തികളുടെയും ഉയര്‍ച്ചയ്ക്ക് നിദാനമായിരിക്കുന്നത് നമ്മുടെ അന്തസ്സും സംസ്‌കാരവും ചോര്‍ന്നു പോകാതെ നിലനിര്‍ത്തുക എന്നതാണ്. ജാതി സമീകരണത്തിനുള്ള ഒരേയൊരു മാര്‍ഗവും സംസ്‌കാരാര്‍ജ്ജനമാണെന്ന് അദ്ദേഹം കരുതുന്നു. അറിവിന്റെ കട്ടകള്‍ വ്യക്തികളിലേക്ക് ഇറക്കിവിട്ടതുകൊണ്ട് സംസ്‌കാരസമ്പന്നമായ ഒരു മനസ്സുണ്ടാക്കിയെടുക്കാനാവില്ല. സംസ്‌കാരം രക്തത്തില്‍ കലരാത്തവരെ സംബന്ധിച്ച് പരിഷ്‌കാരം പോലെ അറിവും തൊലിയെ മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ. ചെറുതായൊന്നു പോറിയാല്‍ മതി അവരിലുള്ള കാട്ടാളന്‍ പുറത്തുചാടുകയായി.
നാം ഏറെ കൊട്ടിഘോഷിക്കുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ പോരായ്മകളിലൊന്നായി സ്വാമിയുടെ ഈ വാക്കുകള്‍ നമുക്ക് കാണാനാകും. നവകാലത്തെ വിദ്യാഭ്യാസത്തില്‍ ഭാരതീയ സംസ്‌കാരത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് പലപ്പോഴും നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍പോലും പാശ്ചാത്യ ചിന്തകരുടെ, നമ്മുടെ സാംസ്‌കാരിക ചിന്തകളുമായി ബന്ധമില്ലാത്ത യാന്ത്രികമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് അഭിനവ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ജാതികള്‍ തമ്മിലുള്ള ഐക്യമാണ് പുതിയ ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കാവശ്യമെന്ന് ശക്തമായി വിശ്വസിച്ചിരുന്ന ആളായിരുന്നു വിവേകാനന്ദ സ്വാമികള്‍. എന്നാല്‍ അവ തമ്മിലുള്ള പരസ്പരവിദ്വേഷമാണ് സ്വാമികള്‍ക്ക് ഭാരതത്തിലെവിടെയും കാണാനായത്.
ജാതികള്‍ തമ്മില്‍ ഇനിയും പോരാട്ടമുണ്ടായിക്കൂടാ...
ജാതികള്‍ തമ്മില്‍ ഐക്യരൂപം ഉണ്ടാക്കാനായി ഉയര്‍ന്നവരെ വലിച്ചു താഴ്ത്തുകയല്ല, മറിച്ച് താഴ്ന്നവരെ ഉയര്‍ന്നവരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പരിഹാരമെന്നദ്ദേഹം കരുതുന്നു. ചണ്ഡാളനെ ബ്രാഹ്‌മണന്റെ നിലയിലേക്ക് ഉയര്‍ത്തുക. ക്രമേണ കൂടുതല്‍ കൂടുതല്‍ ബഹുമതികള്‍ അവര്‍ക്ക് അനുവദിക്കപ്പെടുന്നതായി കാണാം. ഒപ്പം ഓരോ ജാതിയും സ്വാഭിമാനത്തോടെ സ്വയം ഉയരുകയാണ് വേണ്ടതെന്ന് സ്വാമികള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അതേസമയം ആര്യവംശ പാരമ്പര്യം പുലമ്പുന്ന, രാവും പകലും പ്രാചീന ഭാരതത്തിന്റെ കീര്‍ത്തിപാടിക്കഴിയുന്ന, സ്വയം പരിശുദ്ധരും ഭൂമിയിലെ ദേവന്മാരും എന്ന് ജാതിക്കുശുമ്പ് നടിക്കുന്ന ബ്രാഹ്‌മണരെ പതിനായിരം കൊല്ലം പഴക്കമുള്ള മമ്മികളെന്നും നവീനഭാരതത്തിന്റ നിര്‍മ്മാണത്തിന് വിഘാതം സൃഷ്ടിക്കുന്നവരെന്നുമാണ് അദ്ദേഹം പരിഹസിക്കുന്നത്.
'കലപ്പയേന്തുന്ന കര്‍ഷകന്റെ കുടിലുകളില്‍നിന്ന്, ചെരുപ്പുകുത്തികളുടെ, തൂപ്പുകാരുടെ, മീന്‍പിടിത്തക്കാരുടെ ചാളകളില്‍ നിന്ന് നവീന ഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ! ഉയരട്ടെ, വഴിയരികില്‍ പാക്കും കടലയും വില്‍ക്കുന്നവരുടെയിടയില്‍ നിന്ന്, ചെറുകടകളില്‍ നിന്ന്! അവതരിക്കട്ടെ, ചന്തകളില്‍, അങ്ങാടികളില്‍, പട്ടിണിപ്പുരകളില്‍, ജോലിചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍നിന്ന്; നാട്ടിലും കാട്ടിലും മലയിലും മേട്ടിലും അധ്വാനിക്കുന്നവര്‍ക്കിടയില്‍ നിന്ന്! ഇവര്‍ പ്രതികാരബുദ്ധി കൂടാതെ, ചിന്താവിലാപരഹിതരായി, ആയിരമായിരം ആണ്ടുകളായി, ചൂഷണം സഹിച്ച് അഭൂതപൂര്‍വ്വമായ സഹിഷ്ണുതാശക്തി നേടിയിട്ടുണ്ട്. കാലാകാലമായി അനുഭവിച്ച ദുഃഖഭോഗങ്ങളെ അതിജീവിച്ചു നേടിയതാണ് അവരുടെ ഒന്നുകൊണ്ടും കെട്ടടങ്ങാത്ത വീര്യശക്തി 'ഒരു മുറുമുറുപ്പും കൂടാതെ രാവും പകലും വേല ചെയ്യുവാനുള്ള കഴിവും വേണ്ടേടത്ത് സിംഹപരാക്രമവും പുലര്‍ത്തുന്ന ഇവരാണ് ഭാരതത്തിന്റെ ഭാവി പ്രതീക്ഷയെന്ന് സ്വാമി കരുതുന്നു.
അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജാതിഭേദത്തിന് അപ്പുറം ഭാരതീയരെല്ലാം ഒരൊറ്റ മനസ്സായി നില്‍ക്കലാണ് നമ്മുടെ ഉയര്‍ച്ചയ്ക്ക് ആവശ്യം സ്വന്തം ഇച്ഛാശക്തിയെ ഭീകരിച്ച നാല് കോടി ബ്രിട്ടീഷുകാര്‍ 30 കോടി ഭാരതീയരെ അടക്കി ഭരിച്ചതിന്റെ പിന്നിലെ മനശാസ്ത്രവും മറ്റൊന്നില്ല അഥര്‍വ്വവേദത്തിലെ അത്ഭുത മന്ത്രങ്ങളില്‍ ഒന്നായി സ്വാമികള്‍ കരുതുന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കൂടുതല്‍ വ്യക്തമാക്കുന്നതാണ്. 'നിങ്ങള്‍ക്കെല്ലാം ഒരേ മനസ്സാകട്ടെ, ഒരേ ചിന്തയാകട്ടെ'. ഒരേ മനസ്സായ ദേവതകള്‍ക്ക് പണ്ട് ഹവിസ്സു ലഭിച്ചു. ദേവതകള്‍ക്ക് ഒരേ മനസ്സായതുകൊണ്ടാണ് മനുഷ്യര്‍ക്ക് അവരെ ആരാധിക്കാനാവുന്നത്. സമുദായത്തിന്റെ മര്‍മ്മം ഐകമത്യമാണ്. ദ്രാവിഡന്‍, ആര്യന്‍, ബ്രാഹ്‌മണന്‍ എന്നും മറ്റുമുള്ള നിസ്സാരതകളെ കുറിച്ച് എത്രയേറെ പോരടിക്കുന്നുവോ അത്രയേറെ ഭാവി ഭാരതജനകമായ വീരവും ശക്തിയും സംഭരിക്കുന്നതില്‍നിന്ന് ഭാരതീയരായ നാം അകന്നു പോകുമെന്നും അദ്ദേഹം പറയുന്നു. നമുക്ക് സ്വന്തം ഇച്ഛാശക്തി സംഭരിച്ച് ജാതി ചിന്തകള്‍ക്കപ്പുറത്ത് ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിക്കാനായാല്‍ ഭാവിഭാരതം ലോകത്തിനു മുമ്പില്‍ ഹിമാലയത്തെ പോലെ നിലകൊള്ളുമെന്ന് തന്നെയായിരുന്നു വിവേകാനന്ദ സ്വാമികളുടെ വ്യക്തമായ കാഴ്ചപ്പാട്.
Content Highlights: Importance of Vivekananda's teachings