വളരണം ലോകത്തോളം… സാന്ത്വന പരിചരണത്തിന്റെ കേരളീയ മാതൃക

വേദനാപൂര്‍ണമോ സങ്കീര്‍ണമോ ആയ രോഗങ്ങള്‍ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്

dot image

ഇന്ന് ജനുവരി 15. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ കേരളത്തില്‍ സാന്ത്വന പരിചരണ ദിവസമായി ആചരിച്ചു വരുന്നു. സാന്ത്വന പരിചരണ രംഗത്തെ കേരളീയ മാതൃക ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. കിടപ്പിലായ മാറാരോഗികളുടെ ജീവിതത്തിലെ ശേഷിക്കുന്ന ദിനങ്ങള്‍ വേദനാരഹിതവും അന്തസ്സുറ്റതുമാക്കാന്‍ വേണ്ടി തുടങ്ങിയ പാലിയേറ്റീവ് പ്രസ്ഥാനം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുറോപ്പില്‍ ആരംഭിച്ചതാണെങ്കിലും സാന്ത്വന പരിരചരണത്തിന്റെ ഏറ്റവും ജനകീയവും പ്രായോഗികവുമായ രുപം ലോകത്തിന് തന്നെ മാതൃകയാവും വിധം അവതരിപ്പിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡോ. സുരേഷ് കുമാറും ഡോ. രാജഗോപാലും നേതൃത്വം നല്‍കിയ ആശയങ്ങളും കൂട്ടായ പരിശ്രമങ്ങളുമായിരുന്നു. വേദനാപൂര്‍ണമോ സങ്കീര്‍ണമോ ആയ രോഗങ്ങള്‍ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്.

രോഗം മൂര്‍ധന്യത്തിലെത്തിയാല്‍ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ നല്‍കിയാല്‍ തീരുന്നതാണ് ഉറ്റവരോടുള്ള ഉത്തരവാദിത്വം എന്ന ധാരണ തിരുത്താന്‍ കൂടി പാലിയേറ്റീവ് പരിചരണ രീതികള്‍ നിമിത്തമാകുന്നു. മറ്റു ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളിലെന്ന പോലെ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാലിയേറ്റീവ് കെയര്‍ രംഗത്തും അനിഷേധ്യകരമായ മുദ്രപതിപ്പിച്ചിട്ടുണ്ട്. മലയാള മണ്ണില്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിത്തിന്റെയും ഈര്‍പ്പം ഇനിയും വറ്റിയിട്ടില്ലെന്നും മതങ്ങള്‍ക്കും മറ്റു വൈജാത്യങ്ങള്‍ക്കുമപ്പുറത്തേക്ക് മനുഷ്യരെയെല്ലാം ഒന്നായി കാണുന്ന ഒരു മഹാസമൂഹമാണ് നമ്മുടേതെന്നും തെളിയിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

രോഗലക്ഷണങ്ങള്‍ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങള്‍ പരമാവധി കുറയ്ക്കുന്ന ഈ രീതിയെ കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് സമാശ്വാസം എത്തിക്കാനും അവരെ ആശുപത്രികളുടെ ചൂഷണങ്ങളില്‍ നിന്നും പരിരക്ഷിക്കാനും സാധിക്കും.

കൊറോണ മഹാമാരിക്കാലത്ത്, ക്വാറന്റീന്‍ കാലയളവില്‍ ഏതാനും ദിവസത്തെ ഏകാന്തതയില്‍ പലരും അനുഭവിച്ച വിഷമതകള്‍ ഓര്‍ത്തു നോക്കൂ. ഉറ്റവരുടെയും ഉടയവരുടെയും സാമിപ്യമില്ലാതെ, അവരുടെ ആശ്വാസ വാക്കുകള്‍ ലഭിക്കാതെ, രോഗപീഡ കാരണം വര്‍ഷങ്ങളും മാസങ്ങളുമായി കിടക്കയില്‍ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ആലോചിച്ചാല്‍ ഉള്ള് പിടയും. മലമൂത്ര വിസര്‍ജ്ജനം പോലും സ്വന്തം കിടപ്പറയില്‍ നിര്‍വ്വഹിക്കേണ്ടി വരികയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന ജീവിത സായാഹ്നങ്ങള്‍ ആര്‍ക്കുണ്ടാവുമെന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രവചനാതീതവുമായ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് രോഗിയുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് അവരുടെ ജീവിതം പരമാവധി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിചരണ രീതിക്ക് പ്രസക്തി വര്‍ദ്ധിക്കുന്നത്.

മാരകമായ കാന്‍സര്‍ ബാധിച്ചവര്‍, റോഡപകടങ്ങളിലും വീണ് നട്ടെല്ലുതകര്‍ന്നും രണ്ടു കാലും തളര്‍ന്ന് ശയ്യാവലംബികളായവര്‍, വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കിടപ്പിലായവര്‍, രക്തസമ്മര്‍ദത്താല്‍ പക്ഷാഘാതം ബാധിച്ചവര്‍, കിഡ്നി, സന്ധിവാതം, പ്രമേഹം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍, എയിഡ്സ്, ഉണങ്ങാത്ത മുറിവുകളുമായി കിടപ്പിലായവര്‍ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ തുടങ്ങി എല്ലാ തരം രോഗികള്‍ക്കും അവരുടെ കൂട്ടുകുടുംബങ്ങള്‍ക്കും എല്ലാ അര്‍ഥത്തിലും താങ്ങും തണലുമായി മാറാന്‍ കഴിയുന്ന ആശയമാണ് പാലിയേറ്റീവ് കെയറിനെ വേറിട്ട പ്രസ്ഥാനമാക്കി മാറ്റുന്നത്.

കേരളത്തിലെ ആയിരത്തോളമോ അതിലധികമോ വരുന്ന പാലിയേറ്റിവ് ക്ലിനിക്കുകളില്‍ ഓരോന്നിലും നൂറുകണക്കിന് രോഗികള്‍ പരിചരിക്കപ്പെടുന്നു. അവര്‍ക്കെല്ലാവര്‍ക്കും മിക്ക സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ മരുന്നുകളും മറ്റും സൗജന്യമായി നല്‍കുന്നു. ഇത്രത്തോളം സാന്ത്വന പരിചരണ ശൃംഖല ശക്തമായ മറ്റൊരു നാട് ലോകത്തു തന്നെ ഉണ്ടാവുമോ എന്നത് സംശയകരമാണ്. ഈ മാതൃകയെ ലോകത്തോളം വളര്‍ത്താന്‍ നമുക്ക് സാധിക്കണം.

Content Highlights: January 15, World Hospice and Palliative Care Day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us