കുട്ടികളെ കയ്യൊഴിയാന്‍ എളുപ്പമാണ്, പക്ഷെ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ എവിടെ പോകാനാണ്?

ചില അധ്യാപകരുടെ, കുട്ടികളോടുള്ള സ്വഭാവ വൈകൃതങ്ങള്‍ കാണുമ്പോള്‍, കുറെ അധ്യാപകരെ കൂടി കൗണ്‌സിലിംഗിന് വിധേയമാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍

dot image

ചില അധ്യാപകരുടെ, കുട്ടികളോടുള്ള സ്വഭാവ വൈകൃതങ്ങള്‍ കാണുമ്പോള്‍, കുറെ അധ്യാപകരെ കൂടി കൗണ്‍സിലിംഗിന് വിധേയമാക്കണം എന്ന അഭിപ്രായക്കാരാണ് ഞാന്‍. ഓര്‍ക്കുക രണ്ടാം ക്ലാസ്സിലെ ഒരു അധ്യാപികയുടെ കരുണ കൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ച ഒരാളാണ് ഇത് പറയുന്നത്. കുട്ടികളുടെ മനഃശാസ്ത്രം അറിയാത്ത അത്ര മാത്രം അധ്യാപകരുണ്ട് നമ്മുടെ നാട്ടില്‍

പള്ളുരുത്തി ജയമാതാ ട്യൂഷന്‍ സെന്ററില്‍ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയന്‍. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവന് അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്‌നോര്‍മലായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത് അവന്‍ പോക്കറ്റില്‍ ഒരു കൊച്ചുപാമ്പിന്‍ കുഞ്ഞുമായി സ്‌കൂളില്‍ വന്നപ്പോഴാണ് (അവന്റെ ക്ലാസ് ടീച്ചര്‍ പറഞ്ഞു കേട്ടതാണ്, ഞാന്‍ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അധ്യാപകര്‍ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്‌കൂളില്‍ നിന്ന് പുറത്താക്കി എന്നാണോര്‍മ, അതോ അവിടെ തന്നെ പഠനം മുഴുമിച്ചോ എന്നെനിക്കോര്‍മയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം അവനെക്കുറിച്ചു പിന്നീട് കേള്‍ക്കുന്നത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പള്ളുരുത്തി അറക്കത്തറ ബാറില്‍ വച്ച് ഇരുമ്പുവടിക്ക് അടിച്ച കേസിലാണ്. അപ്പോഴേക്കും പള്ളുരുത്തിയിലെ അറിയപ്പെടുന്ന ഗുണ്ടയായി പ്രിയന്‍ മാറിയിരുന്നു. അറക്കത്തറ ബാറുമായി അവന് അഭേദ്യമായ ബന്ധം ഉണ്ടെന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. ഞാന്‍ നാട്ടിലല്ലാത്ത കാരണം ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല. അവനോട് നേരിട്ട് ചോദിച്ചപ്പോള്‍ നസീറിന് വേണ്ടപ്പെട്ടയാളായിരുന്നു എന്നറിഞ്ഞിരുന്നില്ല എന്നാണവന്‍ പറഞ്ഞത്. ഗുണ്ട എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉയരം കൂടി നല്ല തടിമിടുക്കുള്ള ഒരാളാണെന്ന് ധരിക്കരുത്. എന്നേക്കാള്‍ ഉയരം കുറഞ്ഞ, മെലിഞ്ഞ ശരീരമുള്ള ഏതാണ്ട് നിഷ്‌കളങ്ക മുഖഭാവമൊക്കെയുള്ള ഒരു സാധാരണക്കാരാണ് കാഴ്ച്ചയില്‍ പ്രിയന്‍.

കുറെ കൂടി കഴിഞ്ഞു അവന്റെ പേര് ഞാന്‍ കേള്‍ക്കുന്നത് പ്രവീണ്‍ വധകേസിലാണ്. പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന ഡിവൈഎസ്പി ഷാജിയുടെ മൂന്നാമത്തെ ഭാര്യയെ പ്രണയിച്ചതിന്, ഷാജിയുടെ ബസില്‍ കിളി ആയി ജോലി നോക്കിയിരുന്ന പ്രവീണിനെ ഷാജിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത്, കൊന്നു പല കഷ്ണങ്ങളായി മുറിച്ച്, ശരീരം തണ്ണീര്‍മുക്കം ബണ്ടിലും, തല നേവല്‍ ബസിലും കളഞ്ഞ കുപ്രസിദ്ധമായ പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയന്‍ തന്നെ. കൊറോണ വന്നായിരുന്നു രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ പ്രിയന്‍ മരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരം സ്വാമി ശ്വാശ്വതീകാനന്ദയെ കൊന്നത് പ്രിയനായിരുന്നു എന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇപ്പള്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്ന അധ്യാപകന്റെ ഞെട്ടലും നിസ്സഹായാവസ്ഥയും എനിക്ക് മനസിലാക്കാന്‍ കഴിയും. പക്ഷെ സ്‌കൂളില്‍ നിന്ന് ആ കുട്ടിയെ പൂര്‍ണമായും പുറന്തള്ളുന്നത് അവനെ കരുണയില്ലാത്ത പുറംലോകത്തേക്കു എറിഞ്ഞുകൊടുക്കലാണ്. ഒരു പക്ഷെ മറ്റൊരു പ്രിയന്‍ ആയിരിക്കും സൃഷ്ടിക്കപ്പെടുന്നത്. സ്‌കൂളുകള്‍ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള സ്ഥലങ്ങളല്ല, മറിച്ച് അവരെ സമൂഹത്തിലെ ഉത്തമപൗരന്മാരായി വാര്‍ത്തെടുക്കാനുള്ള സ്ഥലങ്ങള്‍ കൂടിയാണ്. കുട്ടികളുടെ മനഃശാസ്ത്രം ഉള്‍പ്പെടെ അധ്യാപകരുടെ പഠനവിഷയമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നല്ല അധ്യാപകര്‍ കുറേപേര്‍ ഉണ്ടെങ്കിലും ചിലരെങ്കിലും കുട്ടികള്‍ അച്ചടക്കം തെറ്റിക്കുമ്പോള്‍, അല്ലെങ്കില്‍ ആന്റി സോഷ്യല്‍ ആയി പെരുമാറുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് എന്നതാണ് നിര്‍ഭാഗ്യകരമായ യാഥാര്‍ഥ്യം. അവരുടെ പ്രശ്‌നങ്ങള്‍ യഥാസമയം കേട്ട്, അത് കുടുംബ പ്രശ്‌നങ്ങളോ, മറ്റ് അധ്യാപകരുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സംഘര്‍ഷങ്ങളോ, ലഹരി മരുന്നുപയോഗത്തിന്റെ പ്രശ്‌നങ്ങളോ എന്നൊക്കെ മനസിലാക്കി, മാതാപിതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട്, അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ചുമതലയാണ്.

സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ എവിടെ പോകാനാണ്? ആര്‍ക്കാണ് അവരെ നല്ല വഴിക്ക് നയിക്കേണ്ട ചുമതല? ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ നമുക്ക് തന്നെയല്ലേ? ഒരു പക്ഷെ പ്രിയന് ഇങ്ങിനെ ഒരു ഗൈഡന്‍സ് കിട്ടിയിരുന്നെമില്‍ പ്രവീണ്‍ ഇന്നും ജീവിച്ചിരുന്നേനെ. കുട്ടികളെ കയ്യൊഴിയാന്‍ എളുപ്പമാണ്, ആ വഴിയാണ് ഇപ്പോള്‍ സ്‌കൂള്‍ സ്വീകരിച്ചു കാണുന്നത്. ചില അധ്യാപകരുടെ, കുട്ടികളോടുള്ള സ്വഭാവ വൈകൃതങ്ങള്‍ കാണുമ്പോള്‍, കുറെ അധ്യാപകരെ കൂടി കൗണ്‌സിലിംഗിന് വിധേയമാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഓര്‍ക്കുക രണ്ടാം ക്ലാസ്സിലെ ഒരു അധ്യാപികയുടെ കരുണ കൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ച ഒരാളാണ് ഇത് പറയുന്നത്. കുട്ടികളുടെ മനഃശാസ്ത്രം അറിയാത്ത അത്ര മാത്രം അധ്യാപകരുണ്ട് നമ്മുടെ നാട്ടില്‍.

നോട്ട്: കുട്ടികളെ സ്വഭാവ വൈകൃതങ്ങള്‍ക്ക് ചില സന്ദര്‍ഭങ്ങളിലെങ്കിലും തലച്ചോറിലെ മുഴകള്‍ പോലെ ശാരീരിക പ്രശ്‌നങ്ങളും കാരണമാകാം എന്ന് 'the most important lesson from 83000 brain scans' എന്ന അതിപ്രശസ്തമായ TED വിഡിയോയില്‍ Daniel Amen പറയുന്നുണ്ട്. ഉദാഹരണമായി അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ ഒരു കുട്ടി ചെറുപ്പത്തില്‍ അക്രമസ്വഭാവം കാണിച്ചതിനെ കുറിച്ചും, തലച്ചോറിലെ മുഴ നീക്കം ചെയ്തതിനു ശേഷം ഈ സ്വഭാവം മാറിയതിനെക്കുറിച്ചും TED വിഡിയോയുടെ അവസാന ഭാഗത്തുണ്ട്. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഈ വിഡിയോ കാണാം.


Content Highlights: Nazeer Hussain Kizhakkedath's Opinion On Palakkad Student Issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us