ഡൊണാൾഡ് ട്രംപ് ഭരണമേല്‍ക്കുന്ന അമേരിക്കയെക്കുറിച്ച് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഏതൊരു മനുഷ്യാവകാശ വിശ്വാസിയെയും ആശങ്കപ്പെടുത്തുന്നതാണ്. വെളുത്തവര്‍ഗ പുരുഷന്റെ പരമ്പരാഗതമായ അധികാരങ്ങളെ ഇല്ലാതാക്കുന്നത് എന്നനുഭവപ്പെടുന്ന എല്ലാ ഫെഡറല്‍ നയങ്ങളും ട്രംപിന്റെ വെട്ടിത്തിരുത്തലിന് വിധേയമാകും.
ജന്മാവകാശപൗരത്വം, ട്രാന്‍സ്ജെന്‍ഡര്‍ അവകാശം, ബ്ലാക്ക്-കളര്‍ മനുഷ്യരുടെ അവകാശം എന്നിവയെല്ലാം ‘യഥാര്‍ത്ഥ മഹത്തായ അമേരിക്ക’യ്ക്ക് എതിരാണ് എന്ന് വിശ്വസിക്കുന്ന ട്രംപ് ഭരണകൂടത്തിന് പിന്തുണ നല്‍കുന്നത് കണ്‍സര്‍വേറ്റീവ് ആശയസംഹിതകളുടെ പരമ്പരാഗത സ്വഭാവം കൂടിയാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ പരമ്പരാഗതമൂല്യങ്ങളിലേക്ക് അമേരിക്കയെ മടക്കിക്കൊണ്ടുവരുമെന്നതായിരുന്നു. വെളുത്തവര്‍ഗ പുരുഷന്റെ അധികാരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്ന രീതിയില്‍ ഫെഡറല്‍ നയങ്ങളെല്ലാം തിരുത്തിയെഴുതപ്പെടുമ്പോള്‍ ഇതില്‍ ഏറ്റവും അരക്ഷിതരാകുന്നത് അമേരിക്കയിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും മറ്റു എല്‍ജിബിടിക്യൂ+ മനുഷ്യരുമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും തിരഞ്ഞെടുപ്പ് വിജയവേളയിലും ട്രംപ് ഉയര്‍ത്തിയ പ്രധാനവാചകമായിരുന്നു ‘ജെന്‍ഡര്‍ പ്രത്യയശാസ്ത്ര’ത്തെ എതിര്‍ക്കുകയും ‘ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കുകയും ചെയ്യും എന്നത്. ഭരണമേറ്റ ദിവസം കൈക്കൊണ്ട പ്രധാന തീരുമാനങ്ങളില്‍ ഒന്ന് അമേരിക്കയില്‍ ഔദ്യോഗികമായി ആണ്, പെണ്ണ് എന്നീ രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും അത് ജന്മശരീരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും എന്നുമാണ്. ജനിച്ച ശരീരത്തിന്റെ പരമ്പരാഗത ലിംഗസങ്കല്പങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന മനുഷ്യരുടെ തിരഞ്ഞെടുപ്പുസ്വാതന്ത്ര്യങ്ങള്‍ ഇതോടുകൂടി പരിമിതപ്പെടുന്നു.
മതപരവും സദാചാരപരവും പരമ്പരാഗതവുമായ മൂല്യങ്ങളുടെ സംരക്ഷകര്‍ എന്ന ചിത്രം സ്വയം പ്രചരിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ രാഷ്ട്രീയം അമേരിക്കന്‍ ജനതയോട് സംവദിക്കുന്നത്. രാജ്യത്തിന്റെ തനത് സവിശേഷതകള്‍ എന്ന നിലയില്‍ അവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് ചരിത്രപരമായിത്തന്നെ പുറത്തുനില്‍ക്കുന്നവരാണ് എല്‍ജിബിടിക്യൂ+ മനുഷ്യര്‍. ലോകത്ത് നിലനില്‍ക്കുന്ന വലതുപക്ഷ ഭരണകൂടങ്ങള്‍ എല്ലാം തന്നെ ആണ്-പെണ്ണ് എന്നീ ജെന്‍ഡറുകളെ മാത്രം പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലുള്ള എതിര്‍ലിംഗബന്ധങ്ങളെ മാത്രം അനുവദിക്കുകയും ചെയ്യുന്ന രീതി തുടരുന്നു.
മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ഭാഗമായി പല നയങ്ങളിലും മാറ്റം വന്നുവെങ്കിലും മനോഭാവത്തില്‍ മാറ്റങ്ങളുണ്ടായിട്ടില്ലയെന്ന് പലരുടേയും പല നയങ്ങളില്‍ നിന്നും വ്യക്തമാകും. പരമ്പരാഗതമൂല്യസങ്കല്പങ്ങള്‍ പൂര്‍ണ്ണതയുടെ അടയാളമായി ആണിനേയും പെണ്ണിനേയും മാത്രം അംഗീകരിച്ചതിനെ മുറുകെപ്പിടിക്കാനാണ് ഇത്തരം നയങ്ങളിലൂടെ ശ്രമിക്കുന്നത്.
1940കളിലും 1950കളിലുമാണ് എല്‍ജിബിടിക്യൂ+ മനുഷ്യര്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വേട്ടയാടലുകള്‍ക്കും വ്യവസ്ഥാപിത പുറത്താക്കലുകള്‍ക്കും ആദ്യമായി ഇരയായിത്തുടങ്ങുന്നത്. കമ്മ്യൂണിസത്തെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കി ഇടതുമനോഭാവമുള്ള സകലരെയും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പിരിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. സെനറ്റര്‍ മക്കാര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന ഈ നടപടികളെ 'മക്കാര്‍ത്തി വേട്ടയാടല്‍', 'റെഡ് സ്കെയര്‍' എന്നീ പേരുകളില്‍ വിശേഷിപ്പിക്കുന്നു. ഇതേകാലത്ത് തന്നെ അമേരിക്കന്‍ ഭരണകൂടം സ്വവര്‍ഗലൈംഗികരായ മനുഷ്യരെയും വേട്ടയാടുകയും ജോലികളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സ്വവര്‍ഗലൈംഗികതയുള്ളവര്‍ സര്‍ക്കാര്‍ ജോലിയിലുള്ളത് രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണെന്ന വാദമായിരുന്നു അന്നവര്‍ മുന്നോട്ടുവെച്ചിരുന്നത്. ‘വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് അവര്‍’ എന്ന് എല്‍ജിബിടിക്യൂ+ മനുഷ്യരെക്കുറിച്ച് ഔദ്യോഗികഭാഷ്യം ഉണ്ടാക്കിയതിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. 'ലാവന്‍ഡര്‍ സ്കെയര്‍' എന്ന് ഈ ക്വിയര്‍ വേട്ടയാടലിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു.
കണ്‍സര്‍വേറ്റീവ് ഭരണകൂടങ്ങള്‍ ഓരോതരത്തില്‍ ഈ വിശ്വാസത്തെ മുന്നോട്ടുകൊണ്ടുപോയി. ആദ്യ ട്രംപ് ഭരണകൂടം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സൈനികസേവനങ്ങളില്‍ നിന്ന് പുറത്താക്കുന്ന നയങ്ങളെ സ്വീകരിച്ചതും അതിന്റെ തുടര്‍ച്ചയായി രണ്ടാം ഭരണത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ എന്ന വിഭാഗത്തെത്തന്നെ ഔദ്യോഗികമായി പുറത്താക്കിയും ഈ നയം അവര്‍ തുടരുകയാണ്. ആദ്യകാലങ്ങളില്‍ സ്വവര്‍ഗ ലൈംഗികമനുഷ്യരെയായിരുന്നു എതിര്‍ത്തത് എങ്കില്‍ ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി മനുഷ്യര്‍ എന്നിവരെയാണ് എതിര്‍ക്കുന്നത് എന്ന വ്യത്യാസമാണുള്ളത്.
പരമ്പരാഗതമായ ആശയങ്ങളെ എതിര്‍ക്കുന്ന എല്ലാ നീക്കങ്ങളെയും എതിര്‍ക്കാന്‍ പാരമ്പര്യവാദികള്‍ മുന്നോട്ടുവെയ്ക്കുന്ന പദമാണ് വോക്ക്. തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയ സ്ത്രീവാദ, കറുത്തവര്‍ഗ, മതന്യൂനപക്ഷ, കുടിയേറ്റ, ലൈംഗികന്യൂനപക്ഷ, ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെയെല്ലാം പോരാട്ടത്തെ കളിയാക്കി നിസ്സാരപ്പെടുത്താനാണ് പാരമ്പര്യവാദികള്‍ ഈ വാക്കുപയോഗിക്കുന്നത്. ഫെമിനിസം, ബ്ലാക്ക് രാഷ്ട്രീയം, എല്‍ജിബിടിക്യൂ-ക്വിയര്‍ രാഷ്ട്രീയം, കാലാവസ്ഥാ രാഷ്ട്രീയം, ഹരിതരാഷ്ട്രീയം കൈക്കൊള്ളുന്നവരെയെല്ലാം നിസ്സാരപെടുത്താന്‍ ‘അവരെല്ലാം കേവലം വോക്ക് മനോഭാവമുള്ളവരാണ്’ എന്ന പ്രസ്താവന കൊണ്ട് പാരമ്പര്യവാദികള്‍ക്ക് എളുപ്പത്തില്‍ കഴിയുന്നു.
രാഷ്ട്രീയപ്രത്യയശാസ്ത്രത്തെ പിന്തുടരാതെ നില്‍ക്കുന്ന സ്ത്രീ, ക്വിയര്‍, ബ്ലാക്ക്, കുടിയേറ്റ, കാലാവസ്ഥാവാദികളുടെ ചില പ്രതിലോമപ്രവര്‍ത്തനങ്ങളെ എക്സ് (ട്വിറ്റര്‍) പോലെയുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് വോക്ക് സംസ്കാരത്തിന്റെ അപകടത്തെക്കുറിച്ച് ഇവര്‍ ഭീതി വിതയ്ക്കുകയും ചെയ്യുന്നു. ഇതുവഴിയുണ്ടാക്കുന്ന പൊതുവികാരം കൂടിയാണ് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ വരെ വോക്ക് എന്ന വാക്കിന്റെ പ്രസക്തി വര്‍ധിപ്പിച്ചത്. വോക്ക് സംസ്കാരത്തെ തുടച്ചുനീക്കലാണ് അമേരിക്കയെ രക്ഷിക്കാന്‍ ചെയ്യേണ്ടത് എന്ന ട്രംപിന്റെ വാദത്തിന് പിന്തുണ ലഭിക്കുന്നതും ഇതുവഴിയാണ്. ശത്രുവിനെ സൃഷ്ടിച്ച് രക്ഷ വാഗ്ദാനം ചെയ്യുക എന്ന രീതിയുടെ പുതുക്കിയ രൂപമാണ് ‘വോക്കില്‍ നിന്നുള്ള രക്ഷ’ എന്ന പ്രചരണം.
‘സ്ത്രീകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന പുരുഷന്മാര്‍’ എന്നതാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെക്കുറിച്ചുള്ള ഇവരുടെ പ്രചരണം. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ് സ്ത്രീകളെ പുറത്താക്കിയതിനുള്ള ന്യായം ‘അവര്‍ വേഷം കെട്ടിയ പുരുഷന്മാരാണ്’ എന്ന പ്രചരണം ശക്തമാക്കിയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പരമ്പരാഗത ലിംഗസങ്കല്‍പങ്ങള്‍ക്ക് ഉപരിയായ ഒന്നും തന്നെ ലഭ്യമാകരുത് എന്നും ജെന്‍ഡറിനെ കുറിച്ചുള്ള വൈവിധ്യസങ്കല്‍പ്പങ്ങള്‍ കുട്ടികള്‍ അറിയരുത് എന്നും ഇതോടൊപ്പം ഇവര്‍ മുന്നോട്ടുവെയ്ക്കുന്നു. ‘ഞങ്ങളുടെ കുട്ടികളെ രക്ഷിക്കൂ’ എന്ന വൈകാരികമായ മുദ്രാവാക്യത്തോടെയാണ് ഇത് നടപ്പാക്കിയെടുക്കുന്നതും. പ്രായപൂര്‍ത്തിയാകാത്തവരുടെ ജെന്‍ഡര്‍ അനുബന്ധ ചികിത്സകള്‍, ശസ്ത്രക്രിയകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കുന്നതിലേക്ക് അമേരിക്ക എത്തുകയും ചെയ്തു.
ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ അങ്ങേയറ്റം പ്രതിലോമകരമായി ചിത്രീകരിക്കുന്ന പ്രചരണങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയിട്ട് ധാരാളം നാളുകളായി. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ഇലോണ്‍ മസ്ക് കൊണ്ടുവന്ന ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ നയങ്ങള്‍ക്ക് പിന്നാലെയാണ് ട്രാന്‍സ്- വിരുദ്ധത എളുപ്പത്തില്‍ പടരാന്‍ കഴിയുന്ന സാമൂഹികമാധ്യമാന്തരീക്ഷം അമേരിക്കയില്‍ ഉണ്ടായത്.
എല്‍ജിബിടിക്യൂ+ മനുഷ്യര്‍ക്ക് പ്രതികൂലമായ അവസ്ഥ ഭരണതലത്തില്‍ അമേരിക്കയിലുണ്ടെങ്കിലും അതിനെതിരെ ശക്തമായി പോരാടും എന്നുതന്നെയാണ് അവിടെയുള്ള ക്വിയര്‍ മനുഷ്യര്‍ പ്രഖ്യാപിക്കുന്നത്. ഭരണകൂട ഭീകരതകള്‍ ഉയര്‍ന്നുനിന്ന എല്ലാക്കാലത്തും ശക്തമായ എല്‍ജിബിടി പോരാട്ടങ്ങള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ട്. അമേരിക്കന്‍ ക്വിയര്‍ ജനതയുടെ പോരാട്ടം ലോകം മുഴുവനുമുള്ള ക്വിയര്‍ ആക്റ്റിവിസത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുമുണ്ട്. പ്രതികൂലാവസ്ഥകളില്‍ നിന്ന് രാഷ്ട്രീയശക്തി സമാഹരിച്ച ക്വിയര്‍ ഭൂതകാലം വീണ്ടും ആവര്‍ത്തിക്കുകയാണ് എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോടതികള്‍ വഴിയും പ്രക്ഷോഭങ്ങള്‍ വഴിയും, കലകള്‍ വഴിയും അനേകം രൂപത്തിലുള്ള മഴവില്‍പോരാട്ടങ്ങള്‍ ഇനി സംഭവിക്കും. ആഗോളക്വിയര്‍ ചരിത്രത്തിന്റെ തന്നെ മറ്റൊരു യുഗം ട്രംപിന്റെ രണ്ടാം വരവില്‍ ആരംഭിക്കുകയാണ്.
Content Highlights: Trumps Non Transgender Policies and American Queer History