ദൈവത്തിന്റെ സ്വന്തം നാട്… ഏറെ അഭിമാനത്തോടെയും, ഒരല്പം അഹങ്കാരത്തോടെയുമാണ് നാം നമ്മുടെ നാടിനെപറ്റി പറയാറുള്ളത്. വിവിധങ്ങളായ സാമൂഹിക വികസന സൂചികകളില്‍ കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതിനെ തലയെടുപ്പോടെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നാം. എന്നാല്‍ ആ പുരോഗമന വാഴ്ത്തുകളെയെല്ലാം ലജ്ജിപ്പിക്കുന്ന വിധത്തിലാണ്, സമീപകാലത്തായി ഇവിടെ നിന്നുയര്‍ന്നുകേള്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍. നരബലി മുതല്‍ ദുര്‍മന്ത്രവാദവും ആഭിചാരവും വരെ തുടര്‍ക്കഥയാകുന്നു. അന്ധവിശ്വാസത്തിന്റെ മറവില്‍ ചെറുതും വലുതുമായ നിരവധി സാമ്പത്തിക തട്ടിപ്പുകളും, കൊലപാതകങ്ങളും വരെ പുറത്തുവരുന്നു. ഇതൊക്കെ പുറംലോകം അറിഞ്ഞ സംഭവങ്ങള്‍ മാത്രമാണെങ്കില്‍, ഇനിയും പുറത്തുവരാത്തതായി എത്രമാത്രം സംഭവങ്ങള്‍ ഉണ്ടാകും…?
അന്ധവിശ്വാസങ്ങളുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യും മുമ്പ് എന്താണ് അന്ധവിശ്വാസം എന്നൊന്ന് നോക്കാം…. നാം ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയുന്ന ഒരു കാര്യത്തെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും അത് പറയുന്ന വ്യക്തിയുടെയോ, അയാള്‍ പ്രതിനിധീകരിക്കുന്ന പശ്ചാത്തലത്തിന്റെയോ പ്രത്യേകത കൊണ്ട് നാം വിശ്വസിക്കുകയും അതിനനുസരിച്ച് ജീവതത്തില്‍ പ്രവര്‍ത്തിക്കുകയും ചെയുന്നു. ഇത് തീര്‍ച്ചയായും ആപേക്ഷികമാണ്. എന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസം ആയിരിക്കാം. അതിന്റെ പരിണിത ഫലങ്ങളും പലതാകാം. എന്നാല്‍ വിശ്വാസങ്ങളുടെ മറവില്‍, ഇപ്പോള്‍ നടക്കുന്നത് കൊലപാതങ്ങളടക്കമുള്ള കൊടും ക്രൂരകൃത്യങ്ങളാണ്.
ഭീതിയും പ്രലോഭനവും ആണ് ഇത്തരം വിശ്വാസസംബന്ധിയായ ചതിയിലേക്കും ദുരാചാരങ്ങളിലേക്കും നയിക്കുന്നത്. തനിക്കോ തന്റെ കുടുംബത്തിനോ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചോ സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചോ പറഞ്ഞ് ഭയപ്പെടുത്തുകയും അതില്‍ നിന്നും രക്ഷനേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറയുകയും ചെയുന്നു. ചെറുതായെങ്കിലും വിശ്വാസം ഉള്ള ആളുകള്‍ ഒരു അപകടസാധ്യതയെ ഒഴിവാക്കാന്‍ പറഞ്ഞപടി അക്കാര്യം അനുസരിക്കുന്നു. അത്യാഗ്രഹവും കുറുക്കുവഴിയിലൂടെ വിജയം നേടാന്‍ ഉള്ള മനുഷ്യരുടെ മനസ്സും ഇതിന് മറ്റൊരു കാരണമാണ്.
കേരളത്തെ നടുക്കിയ നരബലികള്‍ മുതല്‍ നെന്മാറയിലെ കൊലപാതകം വരെ വിവിധ സംഭവങ്ങളില്‍, ആളുകള്‍ എങ്ങനെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ഇരയായി എന്നതില്‍ നിന്നും നമുക്ക് ഈ ഭീകരത തിരിച്ചറിയാം. അന്ധവിശ്വാസങ്ങളെ എങ്ങിനെ നേരിടാം എന്നാണ് നാം ചിന്തിക്കേണ്ടത്. അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ ഒരു നിയമനിര്‍മാണം തന്നെയാണ് നമുക്കാവശ്യം. എന്നാല്‍ സര്‍ക്കാറിന്റെ ആ നീക്കം വര്‍ഷങ്ങളായി പലവിധ സമ്മര്‍ദ്ദങ്ങളില്‍ പെട്ട് ചുവപ്പുനാടയിലാണ്.
2014ല്‍ അന്ന് എഡിജിപിയായിരുന്ന എ ഹേമചന്ദ്രന് ഒരു നിയമം തയ്യാറാക്കി. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍-2014. അന്നത്തെ യുവ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിച്ച് തയ്യാറാക്കിയ അതില്‍ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് നിര്‍ദേശിച്ചത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നിയമം കൊണ്ടുവരുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലടക്കം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മിഷന് 2019 ഒക്ടോബറില്‍ തയ്യാറാക്കി കൈമാറിയ ദുര്‍മന്ത്രവാദ, ആഭിചാരക്രിയകള്‍ തടയലും ഇല്ലാതാക്കലും ലക്ഷ്യമിട്ടുള്ള ബില്‍ ഇന്നും 'ഫ്രീസറി'ല്‍ തന്നെ. കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപ വരെ പിഴയുമാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ഇരകളെ പരിക്കേല്പ്പിച്ചാലോ കൊലപാതകം നടത്തിയാലോ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍ കൂടി നിര്‍ദേശിച്ചിട്ടാണ് കമ്മിഷന് ഇത്തരമൊരു ബില്‍ തയ്യാറാക്കിയതെന്നും ശ്രദ്ധേയമാണ്. ഏറ്റവും ഒടുവില്‍ വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ വേര്‍തിരിവ് കൃത്യമായി നിര്‍വചിച്ചിട്ടില്ല എന്നു പറഞ്ഞ് കരട് ബില്ല് പിന്‍വലിക്കുന്ന സ്ഥിതിയിലാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2018 ഓഗസ്റ്റില്‍ ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് പി ടി തോമസ് എംഎല്‍എ സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. സമഗ്രനിയമം നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് പറഞ്ഞ് സ്വകാര്യബില്ലിനെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. 2021 ഓഗസ്റ്റില്‍ കെ ഡി പ്രസേനന്‍ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിര്മാര്ജനബില് എന്ന സ്വകാര്യബില്ലിനും ഇതു തന്നെയായിരുന്നു ഗതി. വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ തടയാനുള്ള ഒരു നിയമം ഇന്നും നമ്മുടെ സംസ്ഥാനത്തില്ല.
കാലാകാലങ്ങളായി നിലനിന്നിരുന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തോല്‍പ്പിച്ച് തന്നെയാണ് ഈ കാണുന്ന കേരളസമൂഹം സൃഷ്ടിക്കപ്പെട്ടത്. ബുദ്ധിയും വിവേകവും ശാസ്ത്രബോധവുമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നു എന്നത് പ്രത്യാശ നല്കുന്ന ഒരു വലിയ ഘടകമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും, സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുന്ന അറിവുകളും ശാസ്ത്രാവബോധം വളരാന്‍ സഹായിക്കട്ടെ. 'വിശ്വാസം അതല്ലേ എല്ലാം' എന്നത് മാറി, 'വിശ്വാസം വേണം ആവശ്യത്തിന്' എന്ന ചിന്തയിലേക്ക് സമൂഹം നീങ്ങട്ടെ…
Content Highlights: Shocking Incidents Reporting In Kerala, What's The Reason Behind It