'കെജ്‌രിവാള്‍ ജീ, ഇന്‍ഡ്യ സഖ്യം നിങ്ങളോടൊപ്പമുണ്ട്. ഈ അനീതിക്കെതിരെ നമ്മള്‍ ഒരുമിച്ച് പോരാടും'
മാസങ്ങള്‍ക്ക് മുമ്പ്, മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെയാണ്. അറസ്റ്റിന് ശേഷം കെജ്‌രിവാളിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ഡ്യ സഖ്യനേതാക്കള്‍ ഒരുമിച്ച് വേദി പങ്കിട്ടു. കെജ്‌രിവാള്‍ പുറത്തിറങ്ങിയ ശേഷവും പല വേദികളിലും രാഹുലും കെജ്‌രിവാളും കൈപിടിച്ച്, ഒത്തൊരുമയോടെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ട് മാസത്തിനിപ്പുറം ആ കൂട്ടുകാര്‍ ബദ്ധ ശത്രുക്കളായി, പരസ്പരമുള്ള ആരോപണങ്ങളുടെ മൂര്‍ച്ച കൂടി. ഒരിക്കല്‍ നിരപരാധിയെന്ന് വിശേഷിപ്പിച്ച കെജ്‌രിവാളിനെ, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് രാഹുല്‍ ആക്രമിച്ചത് മദ്യനയ അഴിമതിക്കേസിലെ സൂത്രധാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.
ഇത് കേവലം കെജ്‌രിവാളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രശ്‌നമല്ല, ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന സാധ്യത തേടി രൂപംകൊണ്ട മുന്നണിയാണ് തകര്‍ന്നു തരിപ്പണമായിരിക്കുന്നത്. 'രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് വേണ്ടി' എന്ന അവകാശവാദവുമായി രൂപീകരിക്കപ്പെട്ട ഇന്‍ഡ്യ സഖ്യം, നിലംപതിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തുനിന്ന് നമ്മള്‍ കാണുന്നത്. എങ്ങനെയായിരുന്നു ആ തകര്‍ച്ച? ഏറെ നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ എന്തായിരിക്കും ഇനി ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി?
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ഒരു തവണ പോലും ഇന്‍ഡ്യ സഖ്യം കൂടിയിരുന്ന് ആലോചിച്ചിട്ടില്ല എന്നതില്‍ തുടങ്ങുന്നു കാര്യങ്ങള്‍. ഇതിനോടാണ് കോണ്‍ഗ്രസ് ഇതര സഖ്യകക്ഷി നേതാക്കളുടെ ചില പ്രസ്താവനകളെ നമ്മള്‍ കൂട്ടിച്ചേര്‍ക്കേണ്ടത്. ഇന്‍ഡ്യ സഖ്യം ഇതുവരെയായും ഒരു കൂടിക്കാഴ്ച പോലും നിശ്ചയിച്ചിട്ടില്ലെന്നും, ആരാണ് നയിക്കുകയെന്ന ഒരു വിവരവും ഞങ്ങള്‍ക്കില്ലെന്നും തുറന്നുപറഞ്ഞത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ്. ഓര്‍ക്കണം, കാശ്മീരില്‍ അധികാരത്തിലുള്ളത് ഇന്‍ഡ്യ സഖ്യമാണ്.
സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആര്‍ജെഡിയും ഇന്‍ഡ്യ സഖ്യത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. ഇന്‍ഡ്യ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമുള്ളതാണെന്നും സംസ്ഥാനങ്ങളില്‍ അതാവശ്യമില്ല എന്നുമായിരുന്നു തേജസ്വി പറഞ്ഞത്. തൊട്ടുപിന്നാലെ തന്റെ ബിഹാര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ തേജസ്വിയെ നേരിട്ട് കണ്ടു, സഖ്യമുറപ്പിച്ചു.
ഡല്‍ഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്‍ഡ്യ സഖ്യകക്ഷികളായ ആം ആദ്മിയും കോണ്‍ഗ്രസും ഒറ്റയ്ക്കൊറ്റയ്ക്ക് എന്ന തീരുമാനമെടുത്തത് പോലും, പരസ്പരം കൂടിയാലോചനകള്‍ ഇല്ലാതെയായിരുന്നു. ഫലമോ, രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റപ്പെട്ടു.
സഖ്യകക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും, തൃണമൂലും അടക്കമുള്ളവര്‍ കെജ്‌രിവാളിന് പിന്തുണ നല്‍കി, യഥാര്‍ത്ഥ ഇന്‍ഡ്യ സഖ്യമായി. ഒരുമിച്ച് നിന്നവര്‍ കീരിയും പാമ്പുമായി. ഒരിടയ്ക്ക് രാഹുലിനെ മാറ്റി, മമത നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആഹ്വാനം പോലും സഖ്യത്തില്‍ ഉയര്‍ന്നത് വലിയ ഒരു ഭിന്നതയുടെ സൂചനയായിരുന്നു. പാര്‍ലമെന്റിലെ ഒന്നിച്ചുള്ള പ്രതിഷേധങ്ങളില്‍ പോലും ആശയ ഭിന്നത വന്നതും, സഖ്യകക്ഷികള്‍ പലരും പല തട്ടിലായതും, ഇന്‍ഡ്യയുടെ പരിക്ക് ഇരട്ടിയാക്കി.
കോണ്‍ഗ്രസ് പുലര്‍ത്തിപ്പോന്ന മേല്‍ക്കോയ്മ മനോഭാവവും ഇന്‍ഡ്യ സഖ്യത്തെ ദുര്‍ബലമാക്കിയിരുന്നു. ഹരിയാനയില്‍ സഖ്യം വേണ്ടന്ന് ആവര്‍ത്തിച്ച ശേഷം ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ദയനീയമായി തോല്‍ക്കുകയായിരുന്നു. കാലങ്ങളായി മോശം പ്രകടനം നടത്തിപ്പോന്നിരുന്ന കശ്മീരിലും മഹാരാഷ്ട്രയിലും, ദേശീയ പാര്‍ട്ടിയെന്ന പേര് പറഞ്ഞ് കോണ്‍ഗ്രസ് വിലപേശിയതും സഖ്യത്തില്‍ കല്ലുകടി ഉണ്ടാക്കി. കോണ്‍ഗ്രസ് തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി, പൊതുജനസമ്മതിയുള്ള പ്രാദേശിക പാര്‍ട്ടികളെ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും ശക്തമായി. ഇത്തരത്തില്‍ 2024 ജൂണിന് ശേഷം ഉണ്ടായ അനേകം പ്രതിസന്ധികളുടെ ആകെത്തുകയാണ് ഇന്‍ഡ്യ സഖ്യം ഇപ്പോള്‍ നേരിടുന്ന ഈ തകര്‍ച്ച. ഡല്‍ഹി ആ മുറിവില്‍ നീറ്റലുണ്ടാക്കിയെന്ന് മാത്രം.
ഇനി വരുന്നത് ബിഹാറാണ്. വര്‍ഷങ്ങളായി സഖ്യകക്ഷി ഭരണ സമ്പ്രദായമുള്ള സംസ്ഥാനം. ഇന്‍ഡ്യ സഖ്യം ഉണ്ടാകുമെങ്കില്‍, അവരുടെ യഥാര്‍ത്ഥ ബലപരീക്ഷണം നടക്കേണ്ട സംസ്ഥാനം. 1990ന് ശേഷം ബിഹാറില്‍ അമ്പേ തകര്‍ന്ന കോണ്‍ഗ്രസ്, സഖ്യകക്ഷി രാഷ്ട്രീയത്തിലൂടെ മാത്രമാണ് നിലനിന്നുപോകുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കൂട്ടായ്മ എന്ന നിലയില്‍, ബിഹാറില്‍ സഖ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷെ തര്‍ക്കം ഇങ്ങനെ തുടരുകയാണെങ്കില്‍, ആ സഖ്യം 'ഇന്‍ഡ്യ സഖ്യം' തന്നെ ആകുമോ എന്നതില്‍ മാത്രമാകും അവ്യക്തത. ഈ അവ്യക്തത സഖ്യത്തിന്റെ നിലനില്പിനെയാണ് ചോദ്യം ചെയ്യുന്നത് എന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
Content Highlights: Can INDIA Alliance survive bihar elections