കുടിയേറ്റക്കാരെ കൈവിലങ്ങ് അണിയിക്കുന്ന ട്രംപ്; ഇവിടെ മനുഷ്യാവകാശത്തിന് പുല്ലുവില

അമേരിക്ക ആദ്യം എന്ന നയം അക്രമണോത്സുകമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് ട്രംപ്

അഖിലശ്രീ ജെ
3 min read|06 Feb 2025, 01:13 pm
dot image

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി, കുടിയേറ്റം നിയന്ത്രിച്ച് യുദ്ധരഹിത ലോകം കെട്ടുപ്പടുക്കുമെന്നായിരുന്നു പ്രചാരണ രംഗത്ത് ട്രംപിന്റെ വാഗ്ദാനം. അമേരിക്കയെ മഹത്തരമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ ജനുവരി 27ന് രാജ്യത്തെ 47മത് പ്രസിഡൻറായി ട്രംപ് അധികാരമേറ്റത്. അമേരിക്ക ആദ്യം എന്ന നയം അക്രമണോത്സുകമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ ട്രംപ്. അധികാരമേറ്റാൽ ആദ്യ ദിനം ചെയ്യുന്നത് കൂട്ട നാടുകടത്തലാകുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പിലുടനീളം ആവർത്തിച്ചിരുന്നത്. 1.1 കോടി അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും, മെക്‌സിക്കോ അതിർത്തി മതിൽ വിപുലീകരിക്കുമെന്നും, കുടിയേറ്റക്കാരുടെ കുട്ടികൾക്ക് പൗരത്വം നൽകുന്നത് നിർത്തലാകുമെന്നൊക്കെയുള്ള ട്രംപിയൻ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്.

ചുമതലയേറ്റ ദിവസം ആദ്യം ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓർഡറിലൊന്ന് അതിർത്തിയിൽ പ്രഖ്യാപിച്ച അടയന്തരാവസ്ഥ ആയിരുന്നു. ശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി പരിശോധനകളും ആരംഭിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ സൈനിക വിമാനങ്ങളിൽ വിലങ്ങണിയിച്ച് അനധികൃതകുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി. 2021-ൽ യുഎസ് അഫ്ഗാനിസ്താനിൽ നിന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ആളുകളെയെത്തിക്കാൻ രാജ്യം സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇവരിലധികം പേരും സലൂണുകളിലും ഗ്രോസറികളിലും നഴ്‌സറികളിലുമൊക്കെ ജോലി ചെയ്യുന്നവരാണ്. ട്രംപിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് അന്നാട്ടുകാർ ഒരു ദിവസം സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധിക്കുകയും ചെയ്തു.

ട്രംപിന്റെ പുത്തൻ കുടിയേറ്റ നയത്തിൽ ആദ്യം പ്രതിഷേധമുണ്ടാക്കിയത് കൊളംബിയയാണ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യുഎസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തടഞ്ഞു. കുടിയേറ്റക്കാരെ മനുഷ്യരായി പരിഗണിക്കണമെന്നും ഇവരെ സൈനിക വാഹനത്തിൽ അയച്ചതുമാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതുപറ്റില്ലെന്ന് പറഞ്ഞതോടെ ട്രംപ് പ്രതികാര നടപടിയായി ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തി.

ലാറ്റിൻ അമേരിക്കയിൽ അമേരിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് കൊളംബിയ. കൊളംബിയ അവസാനം ട്രപിന് വഴങ്ങി. പിന്നീട് ബ്രസിലീലേക്കാണ് വിമാനം അയച്ചത്. യുഎസിൽ നിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്ക് തിരിച്ചയച്ച യാത്രക്കാരെത്തിയത് കൈവിലങ്ങുകൾ ധരിച്ച് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട നിലയിലായിരുന്നു. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് 'പ്രത്യക്ഷമായി അവഗണിച്ചു'വെന്നാണ് ബ്രസീൽ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

ഇങ്ങനെ നാടുകടത്തപ്പെട്ടവരുമായി ബ്രസീലിന്റെ വടക്കൻ നഗരമായ മനൗസിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 88 പേരും കൈവിലങ്ങ് ധരിച്ചിരുന്നുവെന്നതും ലോകത്തോട് മുഴുവൻ ട്രംപ് നൽകിയൊരു സൂചനയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. മെക്‌സിക്കോ, പെറു, ഗ്വാട്ടിമാല എന്നിവടങ്ങളിലേക്കും കുടിയേറ്റക്കാരെ തിരികെ അയച്ചു. നാടുകടത്തിൽ ആദ്യമായല്ല, എന്നാൽ അതിനായി സൈനിക വിമാനം ഉപയോഗിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ. പ്രധാനമന്ത്രി മോദി സുഹൃത്താണെങ്കിലും കുടിയേറ്റക്കാരുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. അത് ഓക്കെയാണന്ന് നമ്മുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യൻ കുടിയേറ്റക്കാരെ മൂന്നാമാഴ്ചയിൽ അമേരിക്ക തിരിച്ചയച്ചത്. ഇത്രയധികം ദൂരേക്ക് കുടിയേറ്റക്കാരെ തിരികെ അയക്കുന്നത് ആദ്യമായിരുന്നു അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മോദി അമേരിക്ക സന്ദർശിക്കാനിരിക്കുന്നതിനിടെയാണ് ഈ കുടിയേറ്റക്കാരെ തിരിച്ചയച്ചത്.

അമേരിക്കൻ പൗരത്വം നേടിയവർ, ഗ്രീൻ കാർഡുള്ളവർ, എച്ച് വൺ ബി വിസയിൽ എത്തിയർ, ഹൃസ്വകാല സന്ദർശകർ, കുടിയേറ്റക്കാർ എന്നു തുടങ്ങി ഏതാണ്ട് 48 ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് തയ്യാറെടുക്കുന്നത്. അമേരിക്ക തയ്യാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ മൊത്തം 15 ലക്ഷം പേരാണുള്ളത്. ഈ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരും ഉണ്ട്. എന്നാൽ 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചന.

Content Highlights: Trump deports Immigrants with Handcuff its a Human rights issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us