കല്യാണത്തിന് 'സിബില്‍ പൊരുത്തം' നോക്കുന്നത് നല്ലൊരു തീരുമാനമാണ്. ചൊവ്വാദോഷം, ശുദ്ധജാതകം, ലഗ്നത്തില്‍ പരു എന്നൊക്കെ പറഞ്ഞ് കല്യാണം നിശ്ചയിക്കുന്നതിനേക്കാള്‍ വളരെ പ്രാക്ടിക്കലായ ഒരു തീരുമാനമാണിത്. വരന്റെ മാത്രമല്ല വധുവിന്റെയും സിബില്‍ സ്‌കോര്‍ നോക്കണം. രണ്ട് പേര്‍ക്കും ജോലിയും വരുമാനവും ഉണ്ടായിട്ട് വിവാഹം കഴിക്കാനും രണ്ടുപേരുടെയും സാമ്പത്തിക അച്ചടക്കം മോണിറ്റര്‍ ചെയ്യാനും സിബില്‍ നോക്കുന്നത് നല്ലൊരു മാര്‍ഗമാണ്. മാട്രിമോണിയല്‍ സൈറ്റുകളില്‍ നാളിന് പകരം ഒരു വര്‍ഷത്തെ സിബില്‍ സ്‌കോര്‍ ചേര്‍ക്കുന്ന ട്രെന്‍ഡ് കൂടി ചേര്‍ക്കണം. എന്നാല്‍ സിബിലിനെ പോലെ, അല്ലെങ്കില്‍ സിബിലിനേക്കാള്‍ പ്രധാനമായിട്ടുള്ള ഒന്നാണ് പങ്കാളികളുടെ 'മെഡിക്കല്‍ ഹിസ്റ്ററി'.
ഒരാളുടെ മെഡിക്കല്‍ ഹിസ്റ്ററി അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ട ഒരു സംഗതിയാണ്. അത് വെളിപ്പെടുത്തണോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനവുമാണ്. നമ്മുടെ നാട്ടിലെ കല്യാണാലോചനകളിലേത് പോലെ സ്വന്തമായിട്ടുള്ളതും വാടകയ്ക്ക് എടുത്തതുമായ കുറേ കേശവന്‍മാമന്മാരും മാമിമാരും വട്ടം കൂടിയിരുന്ന് ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല അത്. പക്ഷെ പങ്കാളികളാവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ പരസ്പരം വിശ്വാസത്തോടെയും ബഹുമാനത്തോടെയും മറ്റാരോടും ഷെയര്‍ ചെയ്യില്ലാ എന്ന ധാരണയോടെയും വിവാഹത്തിന് മുമ്പ് തന്നെ അത് പങ്കുവയ്ക്കുന്നത് നല്ലതാണ് എന്നാണെന്റെ പക്ഷം.
- എന്തെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളാണെങ്കില്‍ രോഗം, മരുന്ന്, എത്ര കാലമായി, ഇനിയെത്ര കാലം, രോഗം വരാനുള്ള കാരണം, പൂര്‍ണമായും മാറുന്ന രോഗമാണോ, മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ഒക്കെ പങ്കു വയ്ക്കണം.
- ഉദാഹരണത്തിന് അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെങ്കില്‍ ചിലപ്പോള്‍ ദീര്‍ഘകാലം മരുന്ന് കഴിക്കേണ്ടി വരാം. അങ്ങനെയുള്ളവര്‍ വിവാഹത്തിന് മുമ്പ് രണ്ടു പേരും ഒരുമിച്ച്, ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് തന്നെ തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നത് നല്ലതായിരിക്കും.
- മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സ തേടുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്നാണ് മേല്‍പ്പറഞ്ഞ കാര്യം. കാരണം, പങ്കാളിയുടെ സപ്പോര്‍ട്ടും സമീപനവും രോഗത്തെയും ചികിത്സയെയും വളരെയധികം സ്വാധീനിക്കും. പക്ഷെ കല്യാണം കഴിച്ചാല്‍ അവന്റെ/ അവളുടെ രോഗം മാറുമെന്ന് തെറ്റിദ്ധരിപ്പിച്ച് കല്യാണം നടത്തുകയും ചെയ്യരുത്.
- പുരുഷന്മാര്‍ വിവാഹത്തിന് മുമ്പ് ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുകയും ആ ചികിത്സയുടെ വിവരങ്ങള്‍ പങ്കാളിയുമായി പങ്കുവയ്ക്കുകയും വേണം. മാത്രമല്ല, സെമന്‍ അനാലിസിസ് നടത്തി ആവശ്യത്തിന് ബീജങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്. ചിലര്‍ക്ക് കുട്ടികള്‍ വേണ്ടാ എന്ന ആഗ്രഹവും ഉണ്ടായിരിക്കും. രണ്ട് പങ്കാളികള്‍ക്കും അതാണാഗ്രഹമെങ്കില്‍ ബീജങ്ങളുടെ എണ്ണക്കുറവ് ജീവിതത്തെ ബാധിക്കില്ല. പക്ഷെ തിരിച്ചാണെങ്കില്‍ പിന്നെ രണ്ടാള്‍ക്കും അത് പ്രയാസകരമാവും.
- ഈയടുത്ത് ലിജോമോള്‍ അഭിനയിച്ച ഒരു സിനിമയുടെ ചെറിയ ഭാഗം ഫേസ്ബുക്കില്‍ കണ്ടു. വിവാഹമുറപ്പിച്ച രണ്ടുപേര്‍ വിവാഹത്തിന് മുമ്പ് ബന്ധപ്പെടുന്നു. ശേഷം നായിക തനിക്കീ ബന്ധം വേണ്ട, അയാം നോട്ട് സാറ്റിസ്‌ഫൈഡ് എന്ന് പറയുന്നുണ്ടതില്‍. സൂചനകള്‍ വച്ചിട്ട് ശീഘ്രസ്ഖലനമായിരുന്നു നായകന്റെ പ്രശ്‌നം. അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും തുറന്ന് പറയാന്‍ രണ്ടു പേര്‍ക്കും പറ്റണം. ബഹുഭൂരിപക്ഷം ശീഘ്രസ്ഖലനവും ഉദ്ധാരണപ്രശ്‌നങ്ങളും സൈക്കോളജിക്കലാണ്. അതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ അവ ശരിയാക്കാന്‍ സാധിക്കും. അതിനും പങ്കാളിയുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നല്ലതാണ്.
- അതുപോലെ പിരീഡ്‌സുമായി ബന്ധപ്പെട്ട് മൂഡ് സ്വിംഗ്‌സ് വളരെയധികമുള്ള പെണ്‍കുട്ടികള്‍, PCOD ഉള്ളവര്‍, വജൈനിസ്മസ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, ചൈല്‍ഡ്ഹുഡ് ട്രോമ കാരണം ലൈംഗികതയെ ഭയക്കുന്നവര്‍ ഒക്കെ ഇക്കാര്യം തുറന്ന് സംസാരിച്ച്, പരസ്പരം മനസിലാക്കിയ ശേഷം മാത്രം ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടക്കുന്നതാവും നല്ലത്.
- കഠിനമായ കൂര്‍ക്കം വലി, സ്ലീപ് അപ്നിയ, ഉറക്കത്തില്‍ ഇറങ്ങി നടക്കല്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അതും തുറന്ന് പറയണം.
- മറ്റൊരു പ്രധാന സംഗതിയാണ് ലൈംഗിക ബന്ധം വഴിയും ശരീര സ്രവങ്ങള്‍ വഴിയും പകരുന്ന രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത്. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് പരസ്പരം കാണിക്കുക. ഇവയിലേതെങ്കിലും പോസിറ്റീവാണെങ്കില്‍ ഇന്നതിന് നമ്മുടെ നാട്ടില്‍ ചികിത്സയുണ്ട്. മരുന്ന് കഴിച്ച് രോഗപ്പകര്‍ച്ച തടയാം. ഹെപ്പറ്റൈറ്റിസിന്റെ കാര്യത്തില്‍ ഒരാള്‍ +ve ആണെങ്കില്‍ മറ്റേയാള്‍ വാക്‌സിന്‍ എടുത്തും തന്നിലേക്ക് വൈറസ് പകരുന്നത് തടയാം.
- ഇതല്ലാതെയും ധാരാളം കാര്യങ്ങളുണ്ടാവാം. മറ്റെന്ത് കാര്യമാണെങ്കിലും ഇതുപോലെ തുറന്ന് പറഞ്ഞ് ക്ലാരിറ്റി വരുത്തിയ ശേഷം മുന്നോട്ട് പോകുന്നതാണ് അഭികാമ്യം. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളെല്ലാം വളരെ സാധാരണമായ ചില പ്രശ്‌നങ്ങള്‍ മാത്രമാണ്.
- ഇനി ഇതിലെല്ലാം ഉപരി, ഇതൊക്കെ പറഞ്ഞുറപ്പിച്ചു എന്നിരുന്നാലും സാമ്പത്തിക സുരക്ഷതിത്വം രണ്ടാളും ഉറപ്പു വരുത്തിയ ശേഷം മാത്രം ഒന്നിച്ച് ജീവിച്ച് തുടങ്ങുക. ആരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഒരു ബന്ധവും തുടങ്ങുകയോ തുടരുകയോ ചെയ്യരുത്.
ഈ തുറന്ന് പറച്ചിലുകള്‍ക്കപ്പുറം ആ ബന്ധം തുടരേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ പങ്കുവച്ച രഹസ്യങ്ങള്‍ രഹസ്യമായി തന്നെ ഇരിക്കാന്‍ രണ്ടാളും ശ്രദ്ധിക്കുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ബഹുമാനത്തോടെയും തുറന്ന മനസോടെയും ഇടപഴകുന്ന ഒരു കിനാശ്ശേരിയിലാകാം ചിലപ്പോള്‍ ഞാനീ പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നത്. പക്ഷേ ആ കിനാശ്ശേരി സൃഷ്ടിക്കാന്‍ പ്രയാസമോ അതത്ര അസാധ്യമോ ആണെന്ന് എനിക്ക് തോന്നുന്നില്ല.
Content Highlights: Manoj Vellanad writes about importance of sharing medical history before marriage