
മണിക്കൂറുകൾക്കകം അഞ്ച് മില്യണിന് മുകളിൽ വ്യൂവർസ് ഉണ്ടായിരുന്നു നഫീസുമ്മയുടെ വീഡിയോയ്ക്ക്. വീഡിയോ വൈറലായതിന് ശേഷം ചിരിച്ചുകൊണ്ട് ഉമ്മ അനുഭവം പറയുമ്പോൾ കേൾക്കുന്നവർക്ക് ആദ്യമൊന്ന് കണ്ണ് നിറയും.
'എന്റെ ഭർത്താവ് മരിച്ചിട്ട് ഇരുപത്തി രണ്ട് വർഷമായി. ചെറിയ മകൾക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ മരിച്ചതാണ്. മൂന്ന് പെൺമക്കളുണ്ട്. സ്വന്തമായി വീടില്ല. എട്ട് സെന്റ് ഭൂമിയാണുള്ളത്. വിശ്രമമില്ലാതെ ജോലി ചെയ്തു. കുറിക്ക് കൂടിയും കുറച്ച് ലോണെടുത്തും ചെറിയൊരു വീടുണ്ടാക്കി. മക്കള് കൂടാതെ വീട്ടിൽ പ്രായമായ ഉപ്പയും ഉമ്മയുമുണ്ട്. വളരെ ദാരിദ്യം നിറഞ്ഞ സാഹചര്യമായിരുന്നു. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് എല്ലാവരെയും നോക്കിയത്.
റമദാൻ നോമ്പിനും വീട്ടിലിരുന്നില്ല. വിശ്രമമില്ലാതെ ജോലി ചെയ്തു. അന്ന് ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോൾ മൂന്നാളുകളുടെയും വിവാഹം കഴിഞ്ഞു. ഉപ്പയില്ലാത്ത മൂന്ന് മക്കളെ വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ചയക്കുക എന്നുപറയുന്നത് തന്നെ പടച്ചോന്റെ വലിയ അനുഗ്രഹമാണ്. മക്കളാണ് എന്നെ യാത്ര കൊണ്ടുപോവുന്നത്. ഉമ്മയുടെ സന്തോഷം വീണ്ടെടുക്കുമെന്ന് അവർ പറഞ്ഞു.
ഇന്ന് ഞാൻ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണം. ഒരു പതിനാറുകാരിയെന്ന തോന്നലാണ്. നിങ്ങളുടെ കയ്യിൽ പത്ത് സെന്റ് ഭൂമിയുണ്ടെങ്കിൽ അതിൽ നിന്നും രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും നിങ്ങൾ യാത്ര ചെയ്യണം. സന്തോഷിക്കണം.'
നഫീസുമ്മക്ക് പ്രായം അമ്പത്തിയഞ്ചായി. മുപ്പതുകളുടെ തുടക്കത്തിലാവണം ഭർത്താവ് മരിക്കുന്നത്. രണ്ടാംകെട്ട് അപമാനമായും കഴപ്പായും കാണുന്ന സമൂഹത്തിൽ മക്കളുള്ള ഒരു സ്ത്രീക്ക് ആഗ്രഹമുണ്ടായാലും വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കുക തന്നെ സാധ്യമല്ല. ജീവിതത്തിന്റെ വലിയൊരു ഭാഗവും സന്തോഷം അനുഭവച്ചിട്ടില്ലാത്ത സ്ത്രീ. അവർ അവരുടെ അമ്പത്തിയഞ്ചാം വയസ്സിൽ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നു. സന്തോഷം കണ്ടെത്തുന്നു. റീൽ ചെയ്യുന്നു.
ആ റീൽ കണ്ടാണ് നഗരത്തിലെ പ്രധാന ഉസ്താദുമാർക്ക് അസ്വസ്ഥത അനുഭവ്വപ്പെടുന്നത്. അവരുടെ കാഴ്ചപാടിൽ ഭർത്താവ് മരിച്ചാൽ സ്ത്രീകൾ വീടിന്റെ മൂലയിലിരിക്കണം. സ്വലാത്തും ദിഖ്‌റും ചൊല്ലണം. മണാലിയും മഞ്ഞുമലയും ബീച്ചുകളും അവർക്ക് വിലക്കപ്പെട്ട സ്ഥലങ്ങളാണ്. ഇനി ഭർത്താവ് മരിക്കാത്ത സ്ത്രീകൾക്കായാലും സിംഗിൾ സ്ത്രീകൾക്കായാലും പ്രത്യേകിച്ച് ഇളവുകൾ ലഭിക്കുമെന്ന് കരുതേണ്ട.
എവിടെയെങ്കിലും മനുഷ്യര് ( പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ) സന്തോഷിക്കുന്നത് കാണുമ്പോൾ സന്തോഷങ്ങളിൽ കണ്ണിടുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുന്നവർ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് വിലക്കുതീർക്കുന്നവർ. ജീവിതം വരണ്ടതാക്കുന്നവർ.
പടച്ചോൻ ഈ ഭൂമി സൃഷ്ടിച്ചതും ആ ഭൂമിയിൽ അനേകായിരം അത്ഭുതങ്ങളുണ്ടാക്കിയതും മനുഷ്യർക്ക് കാണാൻ വേണ്ടിയാണ്. നഫീസുമ്മ പറഞ്ഞപോലെ രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും യാത്ര ചെയ്യുക. സ്ഥലങ്ങൾ കാണുക. വ്യതസ്ത ആളുകളെയും അവരുടെ ജീവിതത്തെയും കാണുക . അനുഭവിക്കുക. ആസ്വദിക്കുക..
നഫീസുമ്മയുടെ അനുഭവങ്ങൾ അറിഞ്ഞ ശേഷം അവരുടെ റീൽ കാണുമ്പോൾ ഒന്നൂടെ ഭംഗികൂടും. ജീവിതത്തോട് എല്ലായ്‌പോഴും പൊരുതി നിന്ന ഒരു സ്ത്രീ കിലോമീറ്ററുകൾ താണ്ടി മണാലിയിൽ നിന്നും ആനന്ദത്തിന്റെ മഞ്ഞുതരികൾ വരിയെടുക്കുമ്പോൾ നമ്മുടെയും മനസ്സൊന്ന് കുളിരും.
She Is A Gem...
Contnet Highlights: Nafeesummas reel Video and Religion controversy Jamsheed Pallipram Opinion