മത തിട്ടൂരങ്ങളില്‍ ആഘോഷത്തിന്റെ മഞ്ഞുവാരിയിട്ട് നഫീസുമ്മ

ഉമ്മാ, ഏതാ മൂഡ് എന്ന മകളുടെ ചോദ്യത്തിന്, പൊളിമൂഡ് എന്ന് ഉത്തരം പറഞ്ഞ നഫീസുമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കയറി കൊളുത്തുകയായിരുന്നു

ശിശിര എ വൈ
1 min read|21 Feb 2025, 02:30 pm
dot image

'രണ്ട് സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാനിറങ്ങണം' എന്ന് നഫീസുമ്മ.

ഏത് നഫീസുമ്മ, അമ്പത്തിയഞ്ചാം വയസ്സിൽ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോയി, മഞ്ഞിൽ തിമിർത്താടി, ഇൻസ്റ്റഗ്രാമിൽ വൈറലായ നഫീസുമ്മ…

ഉമ്മാ, ഏതാ മൂഡ് എന്ന മകളുടെ ചോദ്യത്തിന്, പൊളിമൂഡ് എന്ന് ഉത്തരം പറഞ്ഞ നഫീസുമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കയറി കൊളുത്തുകയായിരുന്നു…

യാത്ര പോകാൻ പ്രായമോ ജാതിയോ മതമോ ലിംഗപദവിയോ ഒന്നും ഒരു തടസമേയല്ലെന്ന് നഫീസുമ്മ തെളിയിച്ചു കാണിച്ചു…

നമ്മളെല്ലാം ഏറെ സന്തോഷത്തോടെ കണ്ടാസ്വദിച്ച, ചുരുക്കം രണ്ട് പേർക്കെങ്കിലും അയച്ചുകൊടുത്തിരിക്കാൻ സാധ്യതയുള്ള ആ വീഡിയോ കണ്ട് അസ്വസ്ഥരായ ചിലരുമുണ്ട്.

''ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും ഒരു മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞിൽ കളിക്കാൻ പോയി'', എന്നാണ് മതപണ്ഡിതൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ പ്രസംഗിച്ചത്. അമ്പത് വയസ്സ് പിന്നിട്ട ഒരു സ്ത്രീ മഞ്ഞിൽ കളിക്കുന്നത് കാണുമ്പോഴേക്കും, വ്രണപ്പെട്ട് പോകുന്ന മത-പൗരോഹിത്യ-ആൺബോധത്തെ സോഷ്യൽ മീഡിയ എടുത്ത് കുടയുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്. യാത്രയും കാഴ്ചയും അനുഭവങ്ങളുമൊക്കെ ആണുങ്ങൾക്ക് മാത്രം അനുഭവിക്കാനുള്ളതല്ലെന്ന് പുതിയ തലമുറ ആവർത്തിച്ച് പറയുന്നു. റീലുകളിലൂടെ, സ്റ്റാറ്റസുകളിലൂടെ അവരത് പ്രഖ്യാപിക്കുന്നു… അങ്ങനെ നഫീസുമ്മയുടെ പൊളിമൂഡിന് പിന്തുണയേറുന്നു…

റീൽ കണ്ട് അസ്വസ്ഥരാകുന്നവരുടെ കാഴ്ചപ്പാടിൽ ഭർത്താവ് മരിച്ചാൽ സ്ത്രീകൾ വീടിന്റെ മൂലയിലിരിക്കണം. കുളു മണാലിയും കശ്മീരും ഊട്ടിയുമൊക്കെ അവർക്ക് വിലക്കപ്പെട്ട ഇടങ്ങളാണ്… ഭർത്താവ് മരിച്ച സ്ത്രീ വീടിന്റെ ഏതെങ്കിലുമൊരു മൂലയ്ക്ക് മിണ്ടാതെ കുത്തിയിരുന്നാൽ പോരേയെന്ന ഈ മനോഭാവത്തെയും പുതുലമുറ കണക്കിന് നേരിട്ടുതുടങ്ങിയിട്ടുണ്ട്.

ഏകദേശം മുപ്പതുകളുടെ തുടക്കത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട, മൂന്ന് മക്കളുളള, സ്വന്തമായി വീട് പോലുമില്ലാതിരുന്ന ഒരു സ്ത്രീ, വിശ്രമമില്ലാതെ ജോലി ചെയ്താണ് ചെറിയൊരു വീടുണ്ടാക്കിയത്. വളരെ ദാരിദ്യം നിറഞ്ഞ സാഹചര്യത്തിൽ നിന്നും കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് മൂന്ന് മക്കളെയും വളർത്തി വലുതാക്കിയത്, കുടുംബം നോക്കിയത്. ഒരു മനുഷ്യായുസ്സിന്റെ വലിയൊരു കാലം വിയർപ്പൊഴുക്കി ജീവിച്ച നഫീസുമ്മ, ഒടുവിൽ അവരുടെ അമ്പത്തിയഞ്ചാം വയസ്സിൽ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നു. സന്തോഷം കണ്ടെത്തുന്നു. റീൽ ചെയ്യുന്നു, എന്തൊരു സന്തോഷമുള്ള കാഴ്ചയാണത്.

രണ്ടു സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാൻ ഇറങ്ങണമെന്നാണ് നഫീസ പറയുന്നത്. യാത്രയ്ക്കപ്പുറം ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനവും കൂടിയാണ്. സ്ത്രീ ആയതുകൊണ്ടുമാത്രം വേണ്ടെന്നു വയ്‌ക്കേണ്ടി വന്ന ആഗ്രഹങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്കുകൂടിയാണ്.

മതത്തിന്റെയും, കുടുംബത്തിന്റെയും, പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയുടെയുമെല്ലാം ഇരകളായി, ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ത്യജിക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയുടെ പ്രതിനിധി, പുതിയ കാലത്തിനൊപ്പം ജീവിക്കുന്ന തന്റെ മകൾക്കൊപ്പം ചേർന്ന്, തനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്, അത്രമേൽ പ്രത്യാശയുള്ള കാഴ്ച കൂടിയാണ്.

കാലമിനിയുമുരുളും, അപ്പോഴും മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് വിലക്കുതീർക്കുന്ന ഇത്തരത്തിലുള്ള ആളുകൾ ഉടലെടുത്തുകൊണ്ടേയിരിക്കും. മനുഷ്യർ സന്തോഷിക്കുന്നതിൽ ദു:ഖിക്കുന്ന, ഇത്തരം മതതിട്ടൂരങ്ങളെ പുതിയകാലം പൊളിച്ചടുക്കുന്നതിനെക്കാൾ സുന്ദരമായ മറ്റെന്ത് കാഴ്ചയുണ്ട്…

Content Highlights: speech by Muslim scholar criticizing Nafeesumma's journey has made the social media furious

dot image
To advertise here,contact us
dot image