
ഹയര്‍ സെക്കണ്ടറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ആദ്യ വര്‍ഷമാണ് ഒന്നും രണ്ടും വര്‍ഷക്കാരുടെ ഒരു വലിയ അടി കാണുന്നത്. അടിക്കിടയില്‍ നിലത്തു വീഴുന്നവനെ കൂട്ടം ചേര്‍ന്ന് ചാടി ചവിവിട്ടുന്നതൊക്കെ കണ്ടതിന്റെ ഷോക്ക് കുറേ ദിവസം എടുത്തു മാറാന്‍. നെഞ്ചിനും മുഖത്തും ഒക്കെ ചവിട്ടാന്‍ ഒരു മടിയും ഇല്ലാത്ത കുട്ടികള്‍... 'ഞങ്ങളെ നോക്കി, കണ്ടിട്ട് എഴുന്നേറ്റില്ല…' അങ്ങനെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളില്‍ നിന്നാണ് തല തല്ലിപ്പൊട്ടിക്കുന്ന അടികളൊക്കെ തുടങ്ങുന്നത്!
അവരുടെ ലോകത്തു വിജയിക്കുന്നവര്‍ക്കാണ് സ്ഥാനം. അടി ഗ്രൗണ്ടില്‍ ആയാലും സൈബര്‍ സ്പെയ്സില്‍ ആയാലും ജയം മാത്രം. ആ അടിക്കൂട്ടത്തിലെ 'കേമനാണ്' കുട്ടികള്‍ക്കിടയിലെ താരം. അവരുടെ ഭാഷയില്‍ 'മെയിന്‍'. ദിവസങ്ങളോളം നീളുന്ന സംഘര്‍ഷ സാധ്യതകളെ ഇടയ്ക്കിടെ പൊട്ടുന്ന ചെറിയ അടിക്കോളുകളെ തല്ലുമാല എന്നാണ് അവര്‍ അന്ന് പറഞ്ഞിരുന്നത്. ആ സിനിമ പോലെയാണെന്ന്! ഒരുവിധം പറഞ്ഞു തീര്‍ത്താലും ഇതിന്റെയൊക്കെ ആവര്‍ത്തനം, ബാക്കി അടുത്ത വര്‍ഷം തുടരും.
സംഘര്‍ഷങ്ങള്‍ എല്ലാ കാലത്തും ക്യാമ്പസുകളില്‍ ഉണ്ടായിരുന്നു. ആഴ്ചകളോളം കോളേജ് അടച്ചിടുന്ന തല്ലു കാലം ഉണ്ടായിരുന്നതൊക്കെ നമുക്ക് മുന്നില്‍ ഉണ്ട്. അതിന്റെ ചെറിയ വേര്‍ഷന്‍സ് ആണ് താഴേക്ക് വ്യാപിക്കുന്നത്. ഹയര്‍സെക്കണ്ടറിയില്‍ മാത്രമല്ല ഹൈസ്‌കൂളിലും യുപി ക്ലാസിലും ഒക്കെ ഉണ്ട് അടികളുടെ ചെറുതും വലുതുമായ വേര്‍ഷന്‍സ്. നിലത്തു കിടന്നുരുണ്ട് മറ്റേ ആളെ കാല് കൊണ്ട് ബ്ലോക്ക് ചെയ്തുമൊക്കെ ഇടികൂടുന്ന ചെറിയ കുട്ടികളെ കാണുമ്പോള്‍, ഇത് അവരുടെ ഉള്ളില്‍ പതിഞ്ഞ ഏതോ കാഴ്ചയുടെ അനുകരണമാണെന്ന് തോന്നാറുണ്ട്. അതൊരുപക്ഷെ സിനിമയാകാം, വീട്ടിലെ വയലന്‍സ് ആകാം, സമൂഹത്തിലെ കാഴ്ചകള്‍ ആകാം. അതുപക്ഷെ അവരെ സ്വാധിനിക്കുന്നുണ്ട് എന്ന് തീര്‍ച്ചയാണ്. ഇവിടെയാണ് എന്ത് തീരുമാനമെടുക്കണം എങ്ങനെ പെരുമാറണം എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രസക്തി. മുന്നില്‍ കാണുന്ന നല്ലതിനെയും ചീത്തതിനെയും തിരിച്ചറിയാനുള്ള വിവേകം പ്രായത്തിനനുസരിച്ച് കുട്ടികള്‍ക്ക് ഉണ്ടാകണം/കിട്ടണം. അതിന് മുതിര്‍ന്നവര്‍ സഹായിക്കണം.
നമുക്കെവിടെയോ പിഴച്ചു പോകുന്നുണ്ട് എന്ന് ഈ കുട്ടികളെ കാണുമ്പോള്‍ തോന്നാറുണ്ട്. ഒരാളുടെ ജീവന്‍ പോയാലും കുഴപ്പമില്ലെന്ന തോന്നലില്‍ ഇങ്ങനെ ചാടി ചവിട്ടാനൊക്കെ എങ്ങനെയാണ് കഴിയുന്നത്? ജീവിതവിജയം മാത്രം ഇന്‍ജെക്ട് ചെയ്യാനുള്ള വ്യഗ്രതയില്‍ വേറെ എന്തെങ്കിലും നമ്മള്‍ മറന്നു പോകുന്നുണ്ടോ?
അവരെ വല്ലാതെ സ്വാധിനിക്കുന്ന വയലന്‍സിനും സിനിമകള്‍ക്കും അപ്പുറം ജീവിതം എന്നൊന്നുണ്ടെന്നും അതിന് ഫോണിന്റെ ചതുര സ്‌ക്രീനിനേക്കാള്‍ ഒരുപാട് വലിപ്പമുണ്ടെന്നും ആഴമുണ്ടെന്നും കുട്ടികള്‍ക്ക് തിരിച്ചറിയാനാകട്ടെ. അല്ലെങ്കില്‍ ഇത്തരം തല്ലുകളും കൊലകളും ഇനിയും ആവര്‍ത്തിക്കും. അധ്യാപര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ റോളുകള്‍ ഉണ്ട് ഇവിടെ.
കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്നതല്ല നല്ല പാരന്റിംഗ് രീതി. Rejections അതിജീവിക്കല്‍ എളുപ്പമല്ല പല കുട്ടികള്‍ക്കും. അത് 'അമ്പിളി മാമനെ ആഗ്രഹിക്കാന്‍' അവസരം കിട്ടുന്ന സാഹചര്യങ്ങളുടെ തുടര്‍ച്ചയാണ് എന്ന് തോന്നാറുണ്ട്. എളുപ്പം പൊട്ടാവുന്ന ഈഗോ ബബിളുകള്‍ പേറുന്നവരാണ് കുട്ടികളില്‍ ഏറിയ പങ്കും. അവര്‍ക്ക് സ്വന്തം വീട്ടില്‍ കിട്ടുന്ന പരിഗണനകള്‍, സ്വാധീനം ഒക്കെ പുറത്തും അവര്‍ ആഗ്രഹിക്കുന്നുണ്ട്. അവിടെയാണ് തിരുത്തിയും വിമര്‍ശിച്ചും കുട്ടികളെ ഒപ്പം കൂട്ടേണ്ട പാരന്റിംഗ് പ്രസക്തമാവുന്നത്.
സഹജീവികള്‍ എന്ന പദം പാരന്റിംഗില്‍ ആവര്‍ത്തിച്ചു ഉപയോഗിക്കപ്പെടട്ടെ. അവരെ വല്ലാതെ സ്വാധിനിക്കുന്ന വയലന്‍സിനും സിനിമകള്‍ക്കും അപ്പുറം ജീവിതം എന്നൊന്നുണ്ടെന്നും അതിന് ഫോണിന്റെ ചതുര സ്‌ക്രീനിനേക്കാള്‍ ഒരുപാട് വലിപ്പമുണ്ടെന്നും ആഴമുണ്ടെന്നും കുട്ടികള്‍ക്ക് തിരിച്ചറിയാനാകട്ടെ. അല്ലെങ്കില്‍ ഇത്തരം തല്ലുകളും കൊലകളും ഇനിയും ആവര്‍ത്തിക്കും. അധ്യാപര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ റോളുകള്‍ ഉണ്ട് ഇവിടെ.
അധ്യാപകരാണ് കുട്ടികളെ തിരുത്തേണ്ടതും നിയന്ത്രിക്കേണ്ടതും എന്ന പതിവ് വിമര്‍ശനങ്ങള്‍ ഈ വിഷയത്തിലും കണ്ടു. 65 കുട്ടികള്‍ ഉള്ളൊരു ഹയര്‍സെക്കണ്ടറി ക്ലാസില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് ഒരു അധ്യാപകന് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അവനെ/അവളെ തിരുത്താന്‍ കുട്ടിയെ ചെറുപ്പം മുതല്‍ കാണുന്ന മാതാപിതാക്കള്‍ക്ക് കഴിയും. അനഭിലഷണീയമായ മാറ്റങ്ങളെ എളുപ്പം കണ്ടെത്താന്‍ കഴിയും. അച്ഛനും അമ്മയും മക്കളും വെവ്വേറെ ഡിജിറ്റല്‍ ലോകങ്ങളില്‍ ആകുമ്പോഴല്ല ഒരുമിച്ചിച്ചിരുന്നു സംസാരിക്കുമ്പോഴേ ഈ തിരിച്ചറിവ് ഉണ്ടാകൂ. തിരുത്തലിനു സാധ്യമാകു. അങ്ങനെ കഴിയാത്ത അന്തരീക്ഷങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് ആശ്രയിക്കാനും ആശ്വാസമാകാനും കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടാകണം. പേരിനുള്ള സംവിധാനങ്ങള്‍ അല്ലാതെ, ഇത്തരം പ്രശ്നങ്ങളെ ഗൗരവതരമായി അഡ്രസ് ചെയ്യാന്‍ നമ്മുടെ സിസ്റ്റം തയ്യാറാകണം.
ഒതുങ്ങിപ്പോകുന്ന കാലത്ത് മനസ്സ് തുറന്നു സംസാരിക്കാന്‍ ഇടങ്ങളും അവസരങ്ങളും ഉണ്ടാകണം. അവിടെ മുന്‍ധാരണകള്‍ ഇല്ലാതെ, ജഡ്ജ്മെന്റല്‍ അല്ലാതെ അവരെ കേള്‍ക്കണം. അവരുടെ രീതികളും, അവര്‍ കാണുന്നതും കേള്‍ക്കുന്നതും സ്വാധിനിക്കപ്പെടുന്നതും നമ്മള്‍ അറിയണം. അവര്‍ക്ക് നമ്മള്‍ ഉണ്ടെന്ന് തോന്നലുണ്ടാകണം.
NSS, SPC, Scotu, Gulde തുടങ്ങി സ്‌കൂളിലുള്ള ക്ലബ്ബുകളുടെയും മറ്റ് അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗത്മകമാക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം എല്ലാം കുട്ടികള്‍ക്കും ലഭ്യമാക്കുന്നതും നല്ലതാണ്... ഒരു ക്ലബ്ബിലേക്കും എത്താനാകാതെ മറ്റുവഴികള്‍ തേടുന്ന കുട്ടികളെ അഡ്രസ് ചെയ്യാനും ഇടം ഉണ്ടാകണം.
Content Highlights: Opinion On Thamarassery Incident And The Behavior Of Children