ആരാധനാലയങ്ങള്‍ ഭരിക്കുന്നത് 'ജാതിഭ്രാന്തന്മാരോ'? ഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്ടിലെ ജാതി ഭ്രഷ്ട്

ഒരു കീഴ്ജാതിക്കാരന് അവന്‍ പഠിച്ച് നേടിയെടുത്ത ജോലിയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ ജാതി മേല്‍ക്കോയ്മ അനുവദിക്കുന്നില്ല എന്നത് നമ്മളെ ഞെട്ടിക്കുന്ന, നമ്മുടെ പുരോഗമനചരിത്രത്തോട് തന്നെ കൊഞ്ഞണം കുത്തുന്ന ഒരു പ്രവൃത്തിയാണ്.

dot image

തിരുവനന്തപുരത്തുകാരനായ ബാലു ബിഎ എന്ന ഉദ്യോഗാര്‍ത്ഥിക്ക് ഒരു ജോലി കിട്ടി. സര്‍ക്കാര്‍ ജോലിയാണ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണ് നിയമനം നല്‍കിയത്. ചട്ടപ്രകാരം അപേക്ഷ ക്ഷണിച്ച്, പരീക്ഷ നടത്തിയതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുള്ള നിയമനം. കൂടല്‍മാണിക്യം ദേവസ്വത്തിലെ കഴകം തസ്തികയിലാണ് ജോലി.

എന്നാല്‍, ഏറെ പ്രതീക്ഷകളോടെ ലഭിച്ച ജോലിയില്‍ പ്രവേശിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് വണ്ടി കയറിയ ബാലുവിനെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സ്വീകരിച്ചത് ഏറെ ക്രൂരമായാണ്. കേരളത്തില്‍ ഇന്നും അവശേഷിക്കുന്ന ജാതിഭീകരതയുടെ ആഴം ബാലു അറിഞ്ഞു. ഈഴവ സമുദായാംഗമായതിനാല്‍ ബാലുവിനെ കഴകപ്രവൃത്തി ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു തന്ത്രിമാരുടെ തീരുമാനം. തന്ത്രിമാര്‍ ഇടഞ്ഞു. വാര്യര്‍ സമാജവും ഇടഞ്ഞു. ബാലു കഴക പ്രവര്‍ത്തി ചെയ്താല്‍, ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്ന് വരെ തന്ത്രിമാര്‍ നിലപാടെടുത്തു. ഒടുവില്‍ നിത്യപൂജകകള്‍ മുടങ്ങുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ, ജാതിമേധാവികളുടെ ഭീഷണിക്ക് വഴങ്ങി, ബാലുവിനെ ഓഫീസ് ജോലിയിലേക്കും, പിഷാരടി സമുദായാംഗമായ ഒരു ജീവനക്കാരനെ കഴകക്കാരനായും താല്ക്കാലികമായി ചുമതല മാറ്റി നല്‍കി പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

മര്‍ദിത ജാതികളില്‍ നിന്നുള്ള മനുഷ്യര്‍ക്ക്, ക്ഷേത്രങ്ങളിലും ക്ഷേത്രവഴികളിലുമുണ്ടായിരുന്ന വിലക്കുകള്‍ക്കെതിരെ, നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ, ധീരമായ സമരങ്ങള്‍ നടന്ന നാടാണ് കേരളം. അതേ കേരളത്തിലാണ് ഇന്നും ക്ഷേത്രങ്ങളെ ജാതിക്കോമരങ്ങള്‍ ഭരിക്കുന്നത്…

നാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും അടക്കമുള്ള നവോത്ഥാന നായകന്മാര്‍ ഉഴുതുമറിച്ച കേരളത്തിന്റെ ജാതിവിമോചന ചരിത്രങ്ങള്‍ക്ക് മേല്‍ ചവിട്ടിനിന്നുകൊണ്ട് തന്നെയാണ്, അവയെ പൂര്‍ണമായും തിരസ്‌കരിച്ചുകൊണ്ടുതന്നെയാണ് ഈ ജാതിവിവേചനം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന് പറയാതെ വയ്യ.

സാംസ്‌കാരികവും നവോത്ഥാനപരവുമായി ഏറെ മുന്നേറിയ കേരളത്തിലെ തീരാ കളങ്കമാണ് ഈ വിഷയം. ഒരു കീഴ്ജാതിക്കാരന് അവന്‍ പഠിച്ച് നേടിയെടുത്ത ജോലിയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ ജാതി മേല്‍ക്കോയ്മ അനുവദിക്കുന്നില്ല എന്നത് നമ്മളെ ഞെട്ടിക്കുന്ന, നമ്മുടെ പുരോഗമനചരിത്രത്തോട് തന്നെ കൊഞ്ഞണം കുത്തുന്ന ഒരു പ്രവൃത്തിയാണ്.

ഇതാദ്യമായല്ല നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജാതിവിവേചനം ഇത്ര ശക്തിയോടെ അരങ്ങേറുന്നത്. ഏറ്റവും പ്രസിദ്ധമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ സംഭവം മറ്റൊരു ഉദാഹരണമാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ 2017ല്‍, അബ്രാഹ്‌മണനായ ഒരു ശാന്തിനിയമനം ഏറെ വിവാദമായിരുന്നു. അന്ന് നിയമിക്കപ്പെട്ട ഈഴവനായ ശാന്തിയുടെ നിയമനത്തെ കോടതി വരെ പോയി എതിര്‍ക്കാനും വര്‍ഗീയ സ്വഭാവമുള്ള സംഘടനകള്‍ക്ക് മടിയുണ്ടായില്ല.

ഈ നിയമനം ദൈവത്തിന്റെ കോപം വിളിച്ചുവരുത്തും എന്നതായിരുന്നു ന്യായമായി അവര്‍ പറഞ്ഞത്. തീര്‍ന്നില്ല, കേരളത്തിലെത്തന്നെ ഏറ്റവും പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോലും കീഴ്ജാതിക്കാര്‍ക്ക് വിവേചനമുണ്ടായ വാര്‍ത്തകള്‍ ഉണ്ടായത് വെറും 11 വര്‍ഷം മാത്രം മുന്‍പാണ്!

ഇലത്താളം കലാകാരനായ, ദളിതനെ ക്ഷേത്രത്തിനുള്ളില്‍ വിലക്കിയത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പ്രശസ്തരായ പല കലാകാരന്മാരും ജാതിയുടെ പേരില്‍ ക്ഷേത്രം തങ്ങളെ തഴഞ്ഞതായി തുറന്നുപറഞ്ഞിരുന്നു. ഇന്നും ഒരു കീഴ്ജാതിക്കാരന് ഈ ക്ഷേത്രത്തിനുള്ളില്‍ ചെണ്ട കൊട്ടാന്‍ അവകാശമില്ല എന്നതും ഒരു യാഥാര്‍ഥ്യമായി നില്‍ക്കുകയാണ്.

ക്ഷേത്രത്തില്‍ പാചകക്കാരനായി ബ്രാഹ്‌മണര്‍ മാത്രം മതി എന്ന വിവാദ അറിയിപ്പ് പ്രസിദ്ധീകരണവും ഉണ്ടായത് വെറും ഒന്നര വര്‍ഷം മുന്‍പ് മാത്രമാണ്. കൂടാതെ, ശബരിമലയില്‍ മലയാള ബ്രാഹ്‌മണര്‍ മാത്രം ശാന്തിമാരായാല്‍ മതി എന്ന കോടതി ഉത്തരവ് ഉണ്ടായതും സമീപകാലത്താണ്. ഇവയിലൊന്നും തീരുന്നില്ല, ജാതിമറ കെട്ടിയിരിക്കുന്ന ആരാധനാലയങ്ങള്‍.

കേരളം സാംസ്‌കാരികമായി ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്ന 21ആം നൂറ്റാണ്ടിലാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായത് എന്നതാണ് വിരോധാഭാസം. വിവേചനരഹിതമാകേണ്ട കേരളത്തിലെ ആരാധനാലയങ്ങള്‍ ജാതീയതയുടെ കൊടിയ കെട്ടിടരൂപങ്ങളായി മാറുകയാണ്.

ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല എന്നതാണ് വസ്തുതയും. ജാതിവിവേചനത്തില്‍ മടുത്ത ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ച നാടാണ് നമ്മുടേത്. ഞങ്ങളുടെ മക്കളെ പഠിപ്പിച്ചില്ലെങ്കില്‍, നിങ്ങളുടെ പാടത്ത് കൊയ്ത്ത് നടക്കില്ല എന്ന് വിളിച്ചുപറഞ്ഞ്, ജാതീയതയ്ക്ക് മേലേക്കൂടി വില്ലുവണ്ടിയോടിച്ച അയ്യന്‍കാളിയുടെ നാടാണ് നമ്മുടേത്. ഈ നവോത്ഥാനനായകന്മാരുടെ ധീരപോരാട്ടങ്ങളുടെ ചരിത്രകഥകള്‍ ഒരുവശത്ത് മുഴങ്ങിക്കേള്‍ക്കുമ്പോഴാണ്, മറുവശത്തുനിന്ന് പാരമ്പര്യമെന്ന അവകാശവാദമുയര്‍ത്തി, ഒരു കീഴ്ജാതിക്കാരന്റെ തൊഴില്‍ നിഷേധിക്കപ്പെടുന്നത്. സ്വാമി വിവേകാനന്ദന്‍ ജാതീയത മൂത്ത കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത് 1892ലാണ്. വര്‍ഷമിത്രയായിട്ടും ആ വിളി ഇപ്പോഴും മുഴങ്ങികേള്‍ക്കുന്നപോലെയില്ലേ?

Content Highlights: Opinion On Caste Discrimination At Koodalmanikyam Temple

dot image
To advertise here,contact us
dot image