ഹോളിക്കായി യുപിയിലെ മുസ്ലിംപള്ളികൾ മൂടുമ്പോൾ, ആറ്റുകാൽ പൊങ്കാലയ്ക്ക് പള്ളിമുറ്റം തുറന്നിടുന്ന കേരളം

ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന ഭക്തര്‍ക്ക് വിശ്രമ കേന്ദ്രമാകുന്ന ഒരു പള്ളിയുണ്ട് തിരുവനന്തപുരത്ത്. മണക്കാട് ജുമാമസ്ജിദ് പള്ളി. മത സൗഹാര്‍ദത്തിന്റെ കേരള മോഡല്‍ എന്താണെന്ന് ഉറക്കെ ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഇതുപോലെ മനോഹരമായ മറ്റെന്തുണ്ട്

ശിശിര എ വൈ
3 min read|13 Mar 2025, 06:29 pm
dot image

ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശില്‍ മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍കൊണ്ട് മൂടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന അതേ ദിവസങ്ങളില്‍ തന്നെയാണ്, ഇങ്ങ് കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന ഭക്തര്‍ക്ക്, വിശ്രമ കേന്ദ്രമായി ഒരു മുസ്ലിം പള്ളി മാറുന്നത്…

ഇത് കേരളമാണ് സാര്‍ര്‍ര്‍… എന്ന് വീണ്ടും വീണ്ടും അഭിമാനത്തോടെ പറയാം....

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ 60ഓളം മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിയത് പള്ളിക്കമ്മിറ്റിക്കാരല്ല, ഭരണകൂടം തന്നെയാണ്. പള്ളികള്‍ക്ക് നേരെ അതിക്രമം നടക്കുന്നതിനെ തടയേണ്ടതിന് പകരം, പള്ളികള്‍ തന്നെ ഷീറ്റിട്ട് മൂടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് മാത്രവുമല്ല, ഹോളി ദിവസം മുസ്ലിങ്ങള്‍ ഹിജാബിന് പകരം ടാര്‍പോളിന്‍ ഷീറ്റ് ധരിച്ചാല്‍ മതിയെന്നായിരുന്നു, ബിജെപി നേതാവ് രഘുരാജ് സിങ്ങിന്റെ പരിഹാസം.

രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഹൈദരാബാദിലെ മസ്ജിദുകളും ദര്‍ഗകളും തുണി ഉപയോഗിച്ച് മറച്ചതായുള്ള വാര്‍ത്തകളും നേരത്തേ പുറത്തുവന്നിരുന്നു. ഹൈന്ദവാഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ മുസ്ലിം ആരാധനാലയങ്ങള്‍ മൂടിവെക്കുന്നത് ഈയിടെ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും പതിവ് കാഴിചയാവുകയാണ്.

അവിടെയാണ് മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരളീയ മാതൃക രാജ്യത്തിന് തന്നെ അഭിമാനമാകുന്നത്. ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന ഭക്തര്‍ക്ക് വിശ്രമ കേന്ദ്രമാകുന്ന ഒരു പള്ളിയുണ്ട് തിരുവനന്തപുരത്ത്. മണക്കാട് ജുമാമസ്ജിദ് പള്ളി. മത സൗഹാര്‍ദത്തിന്റെ കേരള മോഡല്‍ എന്താണെന്ന് ഉറക്കെ ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഇതുപോലെ മനോഹരമായ മറ്റെന്തുണ്ട്…

പൊങ്കാലയ്ക്കായി മണക്കാട് ഭാഗത്ത് തടിച്ചു കൂടുന്ന ഭക്തര്‍ക്ക് 15 വര്‍ഷത്തോളമായി ആതിഥേയത്വം വഹിക്കുന്നുണ്ട് മണക്കാട് വലിയ പള്ളി. ഈ നോമ്പ് കാലത്തും ആ പതിവ് തെറ്റിയില്ല. പള്ളിയുടെ ചുറ്റുമുള്ളത്, ആറ്റുകാല്‍ പൊങ്കാലക്കെത്തിയ സ്ത്രീകളാണ്. പൊങ്കാല അര്‍പ്പിക്കാന്‍ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ സകലരും റെഡി… ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, പാര്‍ക്കിങ് ഏരിയ, ആംബുലന്‍സ് സേവനം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും പള്ളി ഒരുക്കിയിരുന്നു. മതത്തിന് അതീതമായി എല്ലാവരും മനുഷ്യരാണ് എന്ന തിരിച്ചറിവിന്റെ സൗഹൃദ ഇടമായി പൊങ്കാല നാളില്‍ ഇവിടം മാറുന്നു.

ആഘോഷങ്ങളെന്നാല്‍ സൗഹൃദളുടെ പങ്കുവെയ്ക്കല്‍ കൂടിയാണ്. രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും ആഘോഷ നാളുകളില്‍ പോലും ഇതരമത വിദ്വേഷം തിളച്ചുമറിയുന്ന കാലത്ത്, മണക്കാട് മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രതിനിധികളെ അഭിനന്ദിക്കാതെ വയ്യ, വിശ്വാസവും ആചാരവും മാത്രമേ മാറുന്നുള്ളൂവെന്നും ചുറ്റുമുള്ളവരെല്ലാം മനുഷ്യരാണെന്നും തുല്യരാണെന്നുമുള്ള ബോധ്യം ലോകത്തോട് വിളിച്ചു പറയുന്നതിന്…

Content Highlights: UP govt to Cover 10 Mosques during Holi and mosque in Kerala serves as a resting place for devotees coming for Attukal Pongala

dot image
To advertise here,contact us
dot image