
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ രണ്ടാം വരവ് അമേരിക്കയുടെ നാശത്തിലേക്കുള്ള പോക്കാണോ എന്ന് തോന്നിപ്പിക്കും വിധമാണ് അടുത്തിടെയായി രാജ്യത്ത് അരങ്ങേറുന്ന നാടകീയ സംഭവങ്ങൾ. ട്രംപിന്റെ പല നയങ്ങളും അയൽ രാജ്യങ്ങളെപ്പോലും അമേരിക്കയുടെ ശത്രു പക്ഷത്താക്കി കഴിഞ്ഞു. പലരെയും പ്രതിസന്ധിയിലാക്കാനെടുത്ത തീരുമാനങ്ങൾ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായിരിക്കുന്ന അവസ്ഥയാണിപ്പോൾ.
ഇലോൺ മസ്ക്- ട്രംപ് സൗഹൃദം മസ്ക്കിനെ കിരീടം വെക്കാത്ത അമേരിക്കൻ പ്രസിഡന്റാക്കിയപ്പോൾ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിത്തുടങ്ങി. ട്രംപിന്റെ മുൻ പിൻ നോക്കാതെയുള്ള മർക്കടമുഷ്ഠി തങ്ങളുടെ ജീവിത നിലവാരത്തെപ്പോലും ദിവസങ്ങൾക്കുള്ളിൽ ബാധിച്ചുവെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞ് തുടങ്ങി. അമേരിക്കന് ഓഹരി വിപണി തുടർച്ചയായ ദിവസങ്ങളിൽ കൂപ്പുകുത്തുന്നതും അതിന്റെ സൂചനയാണ്. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതിന് വാൾസ്ട്രീറ്റ് സാക്ഷ്യം വഹിച്ചു. ഇത് അമേരിക്കയുടെ തകർച്ചാ സൂചനയോ അതോ ആഗോള വ്യാപാര യുദ്ധം മുറുകുന്നതിന്റെ ലക്ഷണങ്ങളോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
യുഎസ് ഓഹരി വിപണിയെ കൂപ്പുകുത്തിച്ചതിന് പിന്നിൽ ചില സുപ്രധാന കാരണങ്ങളുണ്ട്. വ്യാപാര നയങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങളും അതിന്റെ ഭാഗമായി വന്ന മാന്ദ്യ സാധ്യതയെക്കുറിച്ചുള്ള ഭയവുമാണ് വിപണിയുടെ ഇടിവിലേക്ക് നയിക്കുന്നത്. യുഎസിന്റെ പ്രധാന വ്യാപാര സഖ്യകക്ഷികൾക്കെതിരെ കൂടിയ നിരക്കിൽ താരിഫ് ചുമത്തുകയാണ് ട്രംപ് ഭരണകൂടം. കാനഡയ്ക്കെതിരെ 25 ശതമാനം താരിഫ് ചുമത്താൻ അമേരിക്ക തീരുമാനിച്ചതായിരുന്നു തുടക്കം. ഇതോടെ യുഎസിന് നൽകുന്ന വെെദ്യുതിക്ക് 25ശതമാനം താരിഫ് ചുമത്താൻ കാനേഡിയൻ സർക്കാരും തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങൾ അവസാനിച്ചില്ല. അടുത്ത ഘട്ടമായി കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 50 ശതമാനമായി തീരുവ ഉയർത്താനും ട്രംപ് പദ്ധതിയിട്ടു. എന്നാൽ പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ട് ഇതിൽ നിന്ന് പിൻവലിഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപ് അധികാരമേറി പിറ്റേന്നുമുതൽ ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ, മെക്സിക്കോ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ തീരുവകൾ പ്രഖ്യാപിച്ചിരുന്നു. ഇത് ഗുരുതരമായ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്ത് സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാൻ ട്രംപിന്റെ താരിഫ് നയങ്ങൾ കാരണമാകുമെന്ന ആശങ്കകൾ നിക്ഷേപകർക്കിടയിൽ വർദ്ധിച്ചുവരികയാണ്.
പരസ്പര താരിഫ് ചുമത്തുന്നതിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഉറച്ചുനിന്നാൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദീർഘകാല അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനാൽ തന്നെ നിക്ഷേപകർ നഷ്ടസാധ്യത ഏറെയുള്ള ഇക്വിറ്റികളിൽ നിന്നും യുഎസ് ബോണ്ടുകൾ പോലുള്ള അപകടസാധ്യത കുറഞ്ഞ ആസ്തികളിലേക്ക് നിക്ഷേപം മാറ്റി.
ജനുവരി പകുതി മുതൽ 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് ഏകദേശം 60 ബേസിസ് പോയിന്റുകൾ കുറഞ്ഞതിനാൽ നിക്ഷേപകർ ബോണ്ടുകൾ വാങ്ങാൻ തിരക്കുകൂട്ടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതൊക്കെതന്നെ അമേരിക്കൻ ഓഹരിവിപണിയെ തളർത്തിയ പ്രധാന ഘടകങ്ങളാണ്. ചുരുക്കി പറഞ്ഞാൽ ട്രംപിന്റെ നയങ്ങൾ അമേരിക്കയ്ക്ക്തന്നെ കുഴികുത്തുകയാണ്. ലോക നേതാവ് ചമഞ്ഞ് ഇനി എത്രകാലം പിടിച്ചു നിൽക്കാനാകുമെന്നാണ് കണ്ടറിയേണ്ടത്.
Content Highlights: How are Trump's decisions hurting the US stock market