
പ്രതികാരമല്ല , പരിഷ്‌കരണമാണ് ലക്ഷ്യമെന്നാണ് സിറിയയിലെ വിമത നേതാവ് അഹ്‌മദ് അൽഷാറ വീഴ്ത്തി അധികാരം പിടിച്ചപ്പോൾ പറഞ്ഞത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട തീവ്രവാദിയായിരുന്നു അൽഷാറ. 11 ദിവസം കൊണ്ട് 54 വർഷമായി അധികാരത്തിലിരുന്ന അസദ് കുടുംബത്തിൻറെ കസേരയിളക്കിയ ഈ 42കാരൻ സിറിയിൽ പറഞ്ഞ വാക്ക് 2 മാസങ്ങൾക്കിപ്പുറം പാലിച്ചിരിക്കുന്നു, പുതിയ ഭരണഘടന.
സിറിയയിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കാൻ ഒരുങ്ങിയിറങ്ങിയ തീവ്ര നിലപാടുകാരനല്ല ഈ നേതാവ്. സാധാരണ വിമതരിൽ നിന്ന് വ്യത്യസ്തമായി ടെലിവിഷൻ ഇൻർവ്യൂകളിലടക്കം അഹ്‌മദ് അൽഷാറ പങ്കെടുക്കുന്നു. ഇസ്രായേലിനെയും യുഎസിനെയും അസ്വസ്ഥരാക്കാതെയാണ് ഇക്കണ്ടകാലമത്രയും പ്രവർത്തനം.
പ്രവർത്തനങ്ങളിലിടയ്ക്ക് പതറിയും കുതിച്ചും മുന്നോട്ടുപോവുകയാണ് ഈ നേതാവ്. രാജ്യത്തെ 10 ശതമാനം വരുന്ന ക്രിസ്ത്യാനികളും 13 ശതമാനം വരുന്ന ഷിയ മുസ്ലീങ്ങളും ഒരുപോലെ അൽഷാറയെ അംഗീകരിക്കുന്നു.
അസദ് അനുകൂല പക്ഷം പക്ഷേ അസ്വസ്ഥരാണ്.സിറിയയിൽ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷർ അൽ അസദിന്റെ അനുയായികളും തമ്മിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഷാറയുടെ പാർട്ടിയായ ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ നിയന്ത്രണത്തിലുള്ള സിറിയൻ സൈന്യവും അസദ് അനുകൂലികളും തമ്മിൽ ദിവസങ്ങളോളം സംഘർഷം നീണ്ടുനിന്നു. ലതാകിയ, ടാർട്ടോസ് എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ.സിറിയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് പതിന്നാലുകൊല്ലത്തിനിടെ ഇതാദ്യമായാണ് സംഘർഷത്തിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുന്നത് .മേഖലയിൽ കർഫ്യു പ്രഖ്യാപിച്ച് സ്ഥിതി ശാന്തമാക്കിയിരിക്കുകയാണ് അൽ ഷാറയിപ്പോൾ. ഇതിനിടെ അധികാരത്തിലേറുമ്പോൾ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു.
സിറിയയിൽ താൽക്കാലിക ഭരണഘടന പ്രഖ്യാപിച്ചു.5 വർഷത്തേക്കുള്ള ഇടക്കാല ഭരണഘടനയ്ക്കാണ് പ്രസിഡൻറ് അഹമദ് അൽ ഷറ അംഗീകാരം നൽകിയത്. രാജ്യത്തിൻറെ പ്രസിഡൻറ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്.സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങൾ ഭരണഘടന ഉറപ്പു നൽകുന്നു.സിറിയൻ ജനതയ്ക്ക് പുതിയ തുടക്കമാകുമെന്ന് പ്രസിഡൻറ് അഹമദ് അൽ ഷറ പറഞ്ഞു .എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ സിറിയയാണ് ഇനിയുണ്ടാവുകയെന്നും അൽ ഷാറ പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയുടെ ഒരു പുതിയ ചരിത്രത്തിന് ഈ ഭരണഘടന പ്രഖ്യാപനം തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കുന്നു. അടിച്ചമർത്തലുകളെ നീതികൊണ്ടും കഷ്ടപ്പാടുകളെ കരുണ?കൊണ്ടും മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് സിറിയയുടെ അടുത്ത 5 വർഷത്തെ ഭാവി നിശ്ചയിക്കുന്നഭരണഘടനയിലുള്ളതെന്നല്ലേ, പുതിയ ഭരണഘടനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് മാത്രമാണ് അധികാരം. അതുപോലെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മുസ്‌ലിമായിരിക്കും. നിയമനിർമാണത്തിന്റെ പ്രധാന ഉറവിടം ഇസ്‌ലാമിക നിയമശാസ്ത്രവുമായിരിക്കും.( ഇസ്ലാമികതയിലൂന്നിയുള്ള ഭരണം പ്രായോഗിക വാദിയായ അൽ ഷാറ നേരത്തേ പറഞ്ഞിരുന്നതാണ്)
ബശ്ശാർ സർക്കാറിന്റെ കാലത്ത് നടന്ന കുറ്റകൃത്യങ്ങളെ തള്ളിപ്പറയുന്നതും പ്രശംസിക്കുന്നതിനും രാജ്യത്ത് നിരോധനമുണ്ട്. എല്ലാ നിയമനിർമാണങ്ങളുടെയും കരട് തയ്യാറാക്കാൻ പ്രസിഡന്റ് നിയമിക്കുന്ന മൂന്നിലൊന്ന് അംഗങ്ങളെ പീപിൾസ് അസംബ്ലി ചുമതലപ്പെടുത്തും. പുതിയ ഭരണഘടന പ്രകാരം, നിയമസഭയ്ക്ക് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കഴിയില്ല. അതുപോലെ പ്രസിഡന്റിന് ഒരു നിയമസഭാംഗത്തെയും പിരിച്ചുവിടാനും കഴിയില്ല.എക്‌സിക്യൂട്ടീവ് അധികാരമെല്ലാം പ്രസിഡൻറിൽ മാത്രമായിരിക്കും നിക്ഷിപ്തം. അധികാരമേറ്റ് മാസങ്ങൾക്കിപ്പുറം രാജ്യത്തുണ്ടായ അക്രമം താത്കാലികമായി അടിച്ചമർത്തിയെങ്കിലും അത് രാജ്യത്തിൻറെ അസ്ഥിരതയല്ലേ വെളിവാക്കുന്നത്. ഇതിനിടെ ഇസ്ലാമികതയിൽ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയിൽ പ്രാദേശിക വംശീയ വിഭാഗങ്ങളുടെ എതിർപ്പ് ക്രമസമാധാനത്തെ ബാധിക്കുമോ. കണ്ടറിയാം.
Content Highlights: Syria New Constitution Explainer