
രാജ്യത്തെ എന്നല്ല, ലോകത്തെ തന്നെ മികച്ച പൊലീസിംഗ് നടക്കുന്ന കേരളത്തെ ബോധപൂര്‍വ്വം ഇകഴ്ത്തുവാനുള്ള ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(NCRB)യുടെ തന്നെ കണക്ക് പ്രകാരം ഇന്ത്യയില്‍ ആകെ 28,522 കൊലപാതകങ്ങളാണ് 2022ല്‍ ഉണ്ടായത്. എന്നാല്‍ കേരളത്തില്‍ 2022ല്‍ 334 കൊലപാതകങ്ങള്‍ മാത്രമാണ് ഉണ്ടായത്. അതായത് ഇന്ത്യയാകെ നടക്കുന്ന കൊലപാതകങ്ങളുടെ 1.1% മാത്രമേ കേരളത്തില്‍ ഉണ്ടാകുന്നുള്ളൂ. 1980കളില്‍ പ്രതിവര്‍ഷം അഞ്ഞൂറിന് മുകളില്‍ കൊലപാതകങ്ങളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് വന്ന ശേഷവും കൊലപാതക നിരക്ക് ഏറ്റവും കുറച്ചുകൊണ്ടുവന്ന നാടാണ് കേരളം എന്ന് നമുക്ക് കാണാന്‍ കഴിയും. ലോകത്ത് എവിടെയും കാണാന്‍ കഴിയാത്ത കുറവാണ് ഈ രംഗത്ത് കേരളം ആര്‍ജ്ജിച്ചത്. വിദേശ രാജ്യങ്ങളിലെ പൊലീസുമായി പലപ്പോഴും കേരള പൊലീസിനെ താരതമ്യം ചെയ്യാറുണ്ട്. കേരളത്തിന്റെ പത്തിരട്ടി ജനസംഖ്യയുള്ള (33 കോടി) രാജ്യമാണ് അമേരിക്ക. അവിടെ 2023 ല്‍ മാത്രം 18,761 കൊലപാതകങ്ങളാണ് നടന്നത്.
2022ല്‍ രാജ്യത്ത് ആകെ 1,07,588 തട്ടിക്കൊണ്ടുപോകല്‍(Kidnapping) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 16,263 കേസും ബിഹാറില്‍ 11,822 കേസും മഹാരാഷ്ട്രയില്‍ 12,260 കേസും രാജസ്ഥാനില്‍ 8824 കേസും ബംഗാളില്‍ 8088 കേസും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ ആകെ 700 കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ ആകെ തട്ടിക്കൊണ്ടുപോകല്‍ കേസുകളുടെ 0.6 % മാത്രമാണ്.
മോഷണക്കേസുകളിലേക്ക് വന്നാല്‍ 2022-ല്‍ രാജ്യത്താകെ 7,87,750 മോഷണകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 3,33,776 കേസും മഹാരാഷ്ട്രയില്‍ 94,270 കേസും ഉത്തര്‍പ്രദേശില്‍ 47,073 കേസും ഹരിയാനയില്‍ 29,182 കേസും കര്‍ണ്ണാടകയില്‍ 21,639 കേസും തമിഴ്‌നാട്ടില്‍ 17,923 കേസും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 4033 മോഷണകേസുകള്‍ മാത്രമാണ്. ഇത് രാജ്യത്തെ ആകെ മോഷണ കേസുകളുടെ 0.5% മാത്രമാണ്.
വാഹനമോഷണ കേസുകളിലേക്ക് വന്നാല്‍ 2022-ല്‍ 2,54,308 കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 38,248 കേസും ഉത്തര്‍പ്രദേശില്‍ 23,539 കേസും മഹാരാഷ്ട്രയില്‍ 30,358 കേസും രാജസ്ഥാനില്‍ 24,891 കേസും ബിഹാറില്‍ 27,931 കേസും എന്ന നിലയില്‍ പോകുമ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1511 കേസുകള്‍ മാത്രമാണ്. രാജ്യത്തെ ആകെ വാഹനമോഷണ കേസുകളുടെ 0.6% മാത്രമാണിത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസിന്റെ ഇരുന്നൂറിലൊന്ന് പോലും കേരളത്തില്‍ ഉണ്ടാകുന്നില്ല. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്താലും കേരളം ബഹുദൂരം മുന്നിലാണ്.
ഇങ്ങനെ ഓരോ തരത്തിലുള്ള കേസുകളും നമുക്ക് വിശകലനം ചെയ്യാവുന്നതാണ്. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, മോഷണം, വാഹന മോഷണം തുടങ്ങിയ സംഭവങ്ങളില്‍ ഉണ്ടാകുന്ന കേസുകളാണ് ഒരു നാടിന്റെ ക്രമസമാധാന സാഹചര്യം വ്യക്തമാക്കുന്നത്. ഈ രംഗത്തെല്ലാം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെ വളരെ താഴെയാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസിന്റെ ഇരുന്നൂറിലൊന്ന് പോലും കേരളത്തില്‍ ഉണ്ടാകുന്നില്ല. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്താലും കേരളം ബഹുദൂരം മുന്നിലാണ്.
ഈ വിജയക്കുതിപ്പിനായി അക്ഷീണം അധ്വാനിക്കുന്നതിന്റെ കിതപ്പ് നമ്മുടെ പൊലീസിനുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ആറായിരത്തിലേറെ അധിക തസ്തികകളാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസില്‍ അനുവദിച്ചുതന്നത്. എന്നാലും അംഗസംഖ്യയുടെ അപര്യാപ്തത കൊണ്ട് വലിയ ജോലിഭാരമാണ് നമ്മുടെ പൊലീസ് സ്റ്റേഷനുകളില്‍ അനുഭവിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിലെ ജോലികള്‍ കാലാനുസൃതമായ വര്‍ദ്ധനവിലേക്കെത്തുകയും അതിനനുസരിച്ച് ആവശ്യമായ അംഗസംഖ്യ വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കാലങ്ങളായി നിലനില്‍ക്കുന്നു.
ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവും നടത്താന്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ആകെ 22000 (CPO മുതല്‍ IP വരെ) പൊലീസ് ഉദ്യോഗസ്ഥരില്‍ താഴെ മാത്രമാണ് നിലവിലുള്ളത്. ഇവരാണ് നാലര ലക്ഷത്തിലേറെ വരുന്ന എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതും, നിരന്തരം ഉണ്ടാകുന്ന ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും നേരിടേണ്ടതും, VVIP സുരക്ഷാഡ്യൂട്ടിയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റും കാലാനുസൃതമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന സോഷ്യല്‍ പൊലീസിംഗ് ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യേണ്ടി വരുന്നതും.
മയക്കുമരുന്നിനെതിരായ പോരാട്ടം ഇനിയും കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. പിടിക്കപ്പെടുന്ന കേസുകളില്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്നതിനൊപ്പം, അതിന്റെ വരവ് എവിടെ നിന്ന് എന്ന് കണ്ടെത്തി അതിനനുസരിച്ച് അന്വേഷണം മുന്നോട്ട് പോകാന്‍ ആവശ്യമായ അംഗബലം കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകണം. മയക്കുമരുന്നിന്റെ സോഴ്‌സിലേക്ക് എത്തി വരവ് തടയുക എന്നതിനും, ഉപയോഗിക്കുന്നവര്‍ തുടങ്ങി സോഴ്‌സ് വരെയുള്ളവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക എന്നതിനും പ്രാധാന്യം നല്‍കണം. അതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ പൊലീസ് സിസ്റ്റത്തില്‍ അടിയന്തരമായി ഉണ്ടാകണം.
ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ അനുവദിക്കപ്പെട്ട അംഗസംഖ്യയുടെ പകുതി എങ്കിലും അതാത് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് വിഭജിച്ച് നല്‍കണം. ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ ഉണ്ടാക്കുന്ന ഈ കുറവ് പരിഹരിക്കാന്‍ പകരം പൊലീസുദ്യോഗസ്ഥരെ അതാത് ജില്ലകളുടെ പാരന്റ് ബറ്റാലിയനില്‍ നിന്ന് അറ്റാച്ച് ചെയ്യണം. ഇങ്ങനെ ആവശ്യമായ അംഗസംഖ്യ കൂടി നമ്മുടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയാല്‍ മയക്കുമരുന്ന് വ്യാപനത്തെ പൂര്‍ണ്ണമായും തടയാന്‍ നമ്മുടെ പൊലീസ് സംവിധാനത്തിന് കഴിയും. അങ്ങനെ മയക്കുമരുന്ന് വ്യാപനത്തിലൂടെ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സുന്ദര നാടായി നമ്മുടെ കേരളത്തെ മാറ്റിയെടുക്കാന്‍ കഴിയും.
Content Highlights: Some changes are needed in the Kerala Police, CR Biju writes