
കേരളത്തിലെന്ന പോലെ അറബ് നാടുകളിലും റമദാന്‍ പുതിയൊരുണര്‍വ്വാണ്. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ പലതരം നോമ്പനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. നോമ്പുകാലമായാല്‍ ഏതൊരു പ്രവാസി മലയാളിയുടെയും ഹൃദയത്തില്‍ ഗൃഹാതുരത്വം അലയടിക്കും. പ്രവാസിയുടെ ജോലിക്രമം മുതല്‍ ജീവിത ശൈലിയില്‍ തന്നെ ഒരു മാറ്റമുണ്ടാകും. രാത്രികള്‍ കൂടുതല്‍ സജീവമാകുകയും പകലില്‍ ജോലി സമയം കുറയുകയും ചെയ്യും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ മലയാളി ഇഫ്താര്‍ ടെന്റുകളിലെ നോമ്പുതുറയുടെ ഭാഗമാവുന്നു. ഒരേ മനസോടെ ഹൃദയങ്ങളുടെ വിശാലത പ്രഖ്യാപിച്ച് മതങ്ങളുടെ അതിര്‍വരമ്പുകളില്ലാത്ത നോമ്പുതുറകളാണ് പ്രവാസ ലോകത്തെ നോമ്പുതുറയെ മനോഹരമാക്കുന്നത്.
റമദാന്‍ മാസത്തിലെ ഇഫ്താര്‍ വിരുന്നുകള്‍ പ്രവാസ ലോകത്തെ ഏറ്റവും സന്തോഷം നല്‍കുന്ന കാഴ്ചകളിലൊന്നാണ്. പങ്കുവയ്ക്കലിന്റെ മനോഹരകാഴ്ചയാണ് ഒരോ നോമ്പുതുറകളും. തൊഴിലിലും വേതനത്തിലും യോഗ്യതയിലും വ്യത്യസ്തരായ ആളുകള്‍. വ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ള ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ അവരെല്ലാം ഒത്തുകൂടി ഒരു സുപ്രക്ക് ചുറ്റുമിരുന്ന് പ്രാര്‍ത്ഥനാനിരതരായി നോമ്പുതുറക്കുമ്പോള്‍ മാനവികതയുടെ പാഠങ്ങളാണ് ലോകം പകര്‍ത്തുന്നത്.
പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരും സംഘടനകളും കൂട്ടായ്മകളുമൊക്കെ സജീവമാവുന്ന കാലം കൂടിയാണ് റമദാന്‍ മാസം. റമളാനിലെ മുപ്പത് ദിവസവും ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്ന മലയാളി കൂട്ടായ്മകളുമുണ്ട്. ഇഫ്താര്‍ ടെന്റുകളിലേക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും പഴവര്‍ഗ്ഗങ്ങളും നല്‍കി സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ മനോഹരമായ സുപ്രയൊരുക്കുന്നവരില്‍ ജാതിയോ മതമോ ആരും നോക്കുന്നില്ല എന്നതാണ് പ്രവാസ ലോകത്തെ സവിശേഷത. ഒരു സുപ്രക്ക് ചുറ്റും ഹൈന്ദവരും ക്രൈസ്തവരും മുസല്‍മാനും ഒരുമിച്ചിരുന്നു ഇഫ്താര്‍ കഴിക്കുന്നത് മനംകുളിരുന്ന കാഴ്ചകളിലൊന്നാണ്. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. പ്രവാസികളില്‍ മിക്കവരുടെയും കുടുംബങ്ങള്‍ കൂടെ ഇല്ലാത്തവരായിരിക്കും. പലര്‍ക്കും നോമ്പു തുറ സമയത്ത് ഭക്ഷണം പാകം ചെയ്യലും ബുദ്ധിമുട്ടായിരിക്കും. ഈ ആളുകള്‍ക്കൊക്കെയും വിവിധ കൂട്ടായ്മകളൊരുക്കുന്ന ഇഫ്താര്‍ ടെന്റുകള്‍ വലിയ ആശ്വാസമാണ്.
ഗള്‍ഫ് മലയാളികളുടെ സ്മരണകളില്‍ നാട്ടില്‍ താന്‍ അനുഭവിച്ച പഴയകാലങ്ങള്‍ പെട്ടെന്ന് തെന്നെ മനസ്സിലേക്ക് ഓടിയെത്തും. വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ പുത്തനുണര്‍വ്വ് സമ്മാനിക്കുന്ന നോമ്പുകാലങ്ങള്‍ പല തരം ശുദ്ധീകരണത്തിന്റെ കാലം കൂടിയാണ്
വിശുദ്ധിയും സൂക്ഷ്മതയും വിരുന്നെത്തുന്ന കാലമായാണ് റമദാനിനെ വിശ്വാസികള്‍ കാണുന്നത്. സൃഷ്ടാവിന്റെ അറ്റമില്ലാത്ത അനുഗ്രഹങ്ങളെ സത്യവിശ്വാസി വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ചെറിയതും പ്രയാസരഹിതവുമായ സല്‍കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും പ്രതിഫലത്തില്‍ തന്നെ പ്രത്യേക വര്‍ധനവും വാഗ്ദാനം ചെയ്യപ്പെട്ട കാലം. സൗഭാഗ്യങ്ങളുടെ അനര്‍ഘ നിമിഷങ്ങളൊരുക്കി വെച്ച മാസമാണ് റമദാന്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും ഭൗതിക സുഖാസ്വാദനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയുമാണ് വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യമുഖമെങ്കില്‍ തന്റെ മാനസികവും ശാരീരികവുമായ ഇച്ഛകളെക്കാള്‍ തന്നെ സൃഷ്ടിച്ച സൃഷ്ടാവിന് സര്‍വ്വാത്മനാ വഴിപ്പെടുകയെന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ആന്തരികാര്‍ഥം. തന്റെ സകല ആഗ്രഹങ്ങളെയും ഇച്ഛകളെയും തവ മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയും നിസ്സാരനായ ഒരു ദാസനായി ദൈവത്തിന്റെ മുന്നിലേക്ക് മനസ്സും കൊണ്ടും ശരീരം കൊണ്ടും വന്നണയുകയും ചെയ്യുകയെന്നതാണതിന്റെ ആന്തരികമായൊരു തലം.
ദാനധര്‍മ്മങ്ങളുടെ മാസം കൂടിയാണ് റമദാന്‍. നാട്ടിലെ പള്ളിയിലെ നോമ്പുതുറ മുതല്‍ പാവങ്ങള്‍ക്കുള്ള റമസാന്‍ കിറ്റും കുടുംബങ്ങളിലൂടെ പാവപ്പെട്ടവരെ സഹായിക്കലും തുടങ്ങി തന്റെ അധ്വാനത്തിന്റെ നല്ലൊരു ഭാഗവും പ്രവാസി ചെലവഴിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. തന്റെയും കുടുംബത്തിന്റെയും ജീവിതം കരക്കെത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പ്രവാസി സകാത്തിലൂടെ നോമ്പിന്റെ വിശുദ്ധി മനസിലാക്കുകയും നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും താങ്ങും തണലുമാകുവാന്‍ എല്ലാ അര്‍ഥത്തിലും മുന്‍പന്തിയലെത്താനും ശ്രമിക്കുന്നു. മത, ജാതി വര്‍ണ വ്യത്യാസമില്ലാതെ പ്രവാസികള്‍ ഒരേ മനസോടെ ഇതില്‍ പങ്കാളിയാകുന്നതും മനോഹര കാഴ്ചകളാണ്. ലോകത്തെ മറ്റ് പ്രവാസി സമൂഹത്തേക്കാള്‍ ഗള്‍ഫുകാരന്‍ തനിക്കുള്ളതില്‍ നിന്നും ഒരു പങ്ക് ഇല്ലാത്തവന് കൊടുക്കും.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം മനസ്സിനും ശരീരത്തിനും നവോന്മേഷം പകരുന്നതിനും വ്യക്തികളിലും സമൂഹത്തിലും കാതലായ സ്വാധീനം ചെലുത്തുന്നതുമാണ്. മിക്ക മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. ആത്മീയമായൊരു തലം കൂടി മനുഷ്യ ജീവിതത്തിനുണ്ടെന്ന് വിശ്വസിക്കുന്ന ആര്‍ക്കും വ്രതം ഉപേക്ഷിക്കുക സാധ്യമല്ല.
Content Highlights: Eid Al Fitr: A Celebration of Unity and Inclusivity