
'Once you make a deal with the Devil, there’s no way back!'
ആറു ദിവസങ്ങൾക്ക് മുൻപ് എമ്പുരാൻ സിനിമയുടെ പോസ്റ്ററിനൊപ്പം നൽകിയ ഒരു ടാഗാണിത്. അധികാരമുള്ളവർ അവരുടെ സൗകര്യങ്ങൾക്ക് വേണ്ടി സൃഷ്ടിക്കുന്ന ദൈവങ്ങളും ദൈവ നീതികളും ചവിട്ടിയരയ്ക്കുന്നവർക്ക് വേണ്ടി ഉയർത്തെഴുന്നേൽക്കുന്ന ചെകുത്താൻ. ഈ ചെകുത്താൻ സങ്കല്പമാണ് ലൂസിഫർ സിനിമാസീരിസിൻ്റെ ആത്മാവ്. ഈ കൗണ്ടർ നറേഷനെ ഒരു ബിഗ്ബജറ്റ്, പോപ്പുലർ, ഫാൻബേസ് സിനിമയിൽ കയ്യടക്കത്തോടെ സാധിച്ചു എന്നതാണ് അതിൻ്റെ വിജയവിസ്മയം.
ഗംഭീരമായ ഒരു കാഴ്ചാനുഭവം തന്നെയാണ് എമ്പുരാൻ. ഒരുപക്ഷേ ലോകത്തെ ഇത്ര വിപുലമായി ചെന്നു തൊടുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമയാവും എമ്പുരാൻ. തീർത്തും ഒരു ഹോളിവുഡ് മാതൃക.
നായക പ്രാധാന്യമുള്ള സ്ഥിരം സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലങ്ങളിലേക്ക് സഞ്ചരിക്കുകയും അവരുടെ ചെയ്തികൾക്ക് ചോദനയാകുന്ന ഭൂതകാലത്തെ സ്പർശിച്ചു പോരുകയും ചെയ്യുന്ന നറേഷൻ രീതി. രാജ്യാന്തര അധോലോക സംഘങ്ങളുടെ കുടിപ്പകകളും യുദ്ധങ്ങളും കേരളത്തിൻ്റെ പോലും രാഷ്ട്രീയ, സമ്പദ്ശാസ്ത്ര മേഖലകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് , നിർണയിക്കുന്നുവെന്ന് ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.
ലൂസിഫർ കേരള രാഷ്ട്രീയത്തിൻ്റെ കഥ പറയുമ്പോൾ മുംബൈ അധോലോകവും അതിനെ പിന്തുണക്കുന്ന ഇന്റർനാഷണൽ ഡ്രഗ് കാർട്ടലുകളും ഒക്കെ പരാമർശിച്ചു പോകുന്നേയുള്ളൂ. അവിടെനിന്നും പിന്നിലേക്ക് സഞ്ചരിച്ച് ആ ലോകങ്ങളിലൂടെ, അവിടുത്തെ സംഘർഷങ്ങളിലൂടെയുള്ള മൂന്നു മണിക്കൂർ യാത്രയാണ് എമ്പുരാൻ.
സൗത്ത് ഇന്ത്യൻ കൊമേഴ്സ് സിനിമാ ഇൻഡസ്ട്രിയെ ഒരുപാട് പടവുകൾ മുകളിൽ എത്തിക്കാൻ നിർമ്മാണം കൊണ്ടും ബജറ്റ് കൊണ്ടും നറേഷൻ സ്റ്റൈൽ കൊണ്ടും മേക്കിങ് കൊണ്ടും സാധിച്ചതിൽ വലിയ കയ്യടി ഈ സിനിമയുടെ അണിയറ ശില്പികൾ അർഹിക്കുന്നുണ്ട്. പ്രത്യേകിച്ച് മുരളിഗോപി , പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജുവാര്യർ, ടോവിനോ, ഇന്ദ്രജിത്ത്, ഈ സിനിമയിൽ അഭിനയിച്ച വിദേശ അഭിനേതാക്കൾ തുടങ്ങി എല്ലാവരും.
സിനിമയിറങ്ങി ആദ്യദിനം തന്നെ അതിൻ്റെ വ്യാജപ്പതിപ്പ് ടെലഗ്രാമിൽ ഇറങ്ങി. ഒരു സിനിമ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതോപാധിയാണ്. അതിനെ തകർക്കുമ്പോഴും വഴിമുട്ടി പോകുന്നത് അത്രയേറെ മനുഷ്യരുടെ അതിജീവനവും ഉപജീവനവും കൂടിയാണ്.
മലയാളസിനിമ ആദ്യമായി രാഷ്ട്രീയം പറയുന്ന സിനിമയല്ല എമ്പുരാൻ. ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ദ കമ്മീഷണർ, ദ കിംഗ്, തുടങ്ങിയ സിനിമകൾ ഇവിടെ വലിയ വിജയം കൊയ്തതാണ്. ഇടതുപക്ഷ രാഷ്ട്രീയം മാത്രമല്ല , കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളെ പോലും പരിഹസിക്കുന്ന ആര്യൻ, അദ്വൈതം തുടങ്ങിയ സിനിമകളും ഇവിടെ വലിയ ഹിറ്റുകളായിരുന്നു. രക്തസാക്ഷികൾ സിന്ദാബാദ് ലാൽസലാം, അറബിക്കഥ തുടങ്ങിയ എത്രയോ ചിത്രങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഗൃഹാതുരത്വത്തെ മുൻനിർത്തി വർത്തമാനകാലത്തെ വിമർശിക്കുന്നവയായിരുന്നു.
കേരളത്തിൽ വിപുലമായി വികസിക്കുന്ന ആൾദൈവ സംസ്കാരത്തെ നേരിട്ട് വിമർശിക്കുന്നതായിരുന്നു ഷാജി കൈലാസ്, രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ ഏകലവ്യൻ. ഇപ്പോഴത്തെ ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി തന്നെയായിരുന്നു അതിലെ നായകൻ എന്നത് മറ്റൊരു കൗതുകം. സുരേഷ് ഗോപിയെ മലയാളത്തിലെ സൂപ്പർതാരമായി കൊണ്ടിരുത്തിയ സിനിമയായിരുന്നു ഏകലവ്യൻ. ഇനി അങ്ങനെ ഒരു സിനിമ ഇവിടെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല.
അന്നൊക്കെ ഇത്തരം സിനിമകളെ സംബന്ധിച്ച് അതാത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ആളുകൾ ചില വിമർശനങ്ങൾ ഉന്നയിക്കുകയല്ലാതെ ഒരു മാസ് അക്രമം അവയൊന്നും നേരിടേണ്ടി വന്നിട്ടില്ല.
മുരളി ഗോപി ശക്തമായ രാഷ്ട്രീയം റപ്രസന്റ് ചെയ്യുന്ന വിധത്തിൽ സിനിമകൾക്ക് കഥകൾ എഴുതുന്ന ഒരു തിരക്കഥാകൃത്താണ്. ഈയടുത്തകാലത്ത് എന്ന അദ്ദേഹത്തിൻറെ സിനിമയിൽ സംഘപരിവാരത്തിന്റെ ശാഖയുടെ ദൃശ്യങ്ങൾ ഒരു പാസീവ് വിഷ്വൽ എന്നുള്ള നിലയിൽ കടന്നു വരുന്നുണ്ട്. പാസീവ് എന്ന് തോന്നിക്കുമെങ്കിലും സിനിമയുടെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ദൃശ്യങ്ങൾ തന്നെയാണത്. ഇടതുപക്ഷ രാഷ്ട്രീയത്തെ വിമർശിക്കുന്ന ചിത്രം ആയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഈ സിനിമയ്ക്ക് ചില പരോക്ഷ ഉപരോധങ്ങൾ നേരിടേണ്ടി വന്നു. എങ്കിലും സിനിമ ഇപ്പോഴും ലഭ്യമാണ്. ആളുകൾ കാണുന്നുമുണ്ട്.
ബോളിവുഡിലും ടോളിവുഡിലും ഒക്കെ ഇറങ്ങുന്ന ജനപ്രിയ സിനിമകളിൽ വലിയൊരു വിഭാഗം രാജ്യം ഭരിക്കുന്ന സംഘപരിവാർ പ്രത്യയ ശാസ്ത്രത്തെ പരസ്യമായും പരോക്ഷമായും പ്രമോട്ട് ചെയ്യുന്ന പ്രൊപ്പഗൻഡ സിനിമകളായി കൊണ്ടിരിക്കുന്ന വർത്തമാനകാലത്താണ് എമ്പുരാൻ സംഘപരിവാർ വിമർശനത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത്. അപ്പോഴേക്കും അതിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്.
ഈ ആക്രമണങ്ങളിലെ പ്രധാന പോയിൻ്റ് - രാജ്യദ്രോഹവും ദേശവിരുദ്ധതയുമാണ് സിനിമ എന്നാണ്. ഒരു പ്രത്യയശാസ്ത്രത്തെയും അതിനാൽ നയിക്കപ്പെടുന്ന പ്രസ്ഥാനത്തെയും അത് അധികാരം പിടിക്കുന്ന രീതികളെയും വിമർശിക്കുന്നത് രാഷ്ട്ര വിരുദ്ധവും ദേശവിരുദ്ധവുമാകുന്നത് എങ്ങനെയാണ്?
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചതിൻ്റെ ബലത്തിൽ അധികാരം ലഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ ഏറ്റവും പ്രബലമായ കാലത്ത് പോലും തങ്ങൾക്ക് നേരായ വിമർശനങ്ങൾ രാജ്യത്തിനെതിരായ വിമർശനങ്ങളാണെന്ന് പറഞ്ഞിട്ടില്ല ( അടിയന്തരാവസ്ഥയുടെ രണ്ടുവർഷങ്ങളിലൊഴികെ). "ഞാനാണ് രാജ്യം" എന്നു തോന്നുന്ന പ്രസ്ഥാനവും ഭരണാധികാരികളും ജനാധിപത്യത്തിൻ്റെ സൂചനയല്ല.
അധികാരമുണ്ട് എന്നതുകൊണ്ട് മാത്രം ഈ രാജ്യം ഏതെങ്കിലും മതത്തിന്റെയോ പാർട്ടിയുടേതോ അല്ല. ഈ രാജ്യത്ത് ജനിച്ച് വളർന്ന് ഇവിടെത്തന്നെ മരിക്കാൻ പോകുന്ന സർവ്വ മനുഷ്യരുടേതുമാണ്. ഇവിടുത്തെ മനുഷ്യർ പിൻപറ്റുന്ന സകല വിശ്വാസങ്ങളുടേതും സംസ്കാരങ്ങളുടേതുമാണ്.
2011 ൻ യുപിഎ ഗവൺമെൻ്റാണ് മോഹൻലാലിന് ലെഫ്റ്റനൻ്റ് കേണൽ പദവി ലഭിച്ചത്. അത് തിരികെ വാങ്ങണമെന്നും സംഘപരിവാറിനെ വിമർശിക്കുമ്പോഴേക്കും പൃഥ്വിരാജ് രാജ്യത്തെയാണ് എതിർക്കുന്നത് എന്നുമൊക്കെ തോന്നുന്നത്, ആ തോന്നലുകൾക്ക് പൊതുമണ്ഡലത്തിൽ മേൽക്കൈ ലഭിക്കുന്നത് നമ്മുടെ ജനാധിപത്യം നേരിടുന്ന അപകടാവസ്ഥയും പൗരസമൂഹം അത്രമേൽ ദുർബലമാകുന്നു എന്നതിൻ്റെ തെളിവാണ്.
എമ്പുരാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾക്ക് കീഴിൽ വന്ന് "കാശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കും സ്വാതന്ത്ര്യം ബാധകമല്ലേ? " എന്ന് ചോദിക്കുന്നവരുണ്ട്. തീർച്ചയായുമുണ്ട്. അവ നേരിടേണ്ടി വന്നത് വിമർശനങ്ങളാണ്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നുണകൾ ആവിഷ്കാരത്തിന്റെ പേരിൽ ചിത്രീകരിച്ചപ്പോൾ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജനങ്ങൾക്കിടയിൽ നിന്നും വിമർശനങ്ങൾ നേരിട്ടപ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ തികഞ്ഞ പക്ഷപാതത്തോടെ ഏറ്റെടുക്കുകയും പ്രധാനമന്ത്രി അടക്കമുള്ളവർ പ്രമോട്ട് ചെയ്യുകയും ചെയ്ത ഈ രണ്ടു സിനിമകളും എന്ത് ആവിഷ്കാര സ്വാതന്ത്ര്യ പ്രശ്നമാണ് അഭിമുഖീകരിച്ചത് എന്നറിയില്ല.
സംഘപരിവാർ രാഷ്ട്രീയത്തെ വിമർശിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയല്ല എമ്പുരാൻ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജയ ജയ ജയ ഹേ, തുടങ്ങിയ സിനിമകളിലെ പ്രതിപക്ഷം സംഘപരിവാർ രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന കുടുംബാന്തരീക്ഷം തന്നെയാണ്. മലയാളി ഫ്രം ഇന്ത്യ എന്ന നിവിൻപോളി ചിത്രമാവട്ടെ കേരളത്തിലെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തെ കൃത്യമായി പരിഹസിക്കുന്നതാണ്. ആസിഫ് അലിയും നിവിൻ പോളിയും ലാലും ഒക്കെ ചേർന്ന മഹാവീര്യർ എന്നൊരു ഫാന്റസി ബേസ്ഡ് ചിത്രം ഉണ്ടായിരുന്നു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഭരണഘടനാമൂല്യങ്ങൾ മറന്ന് സ്മൃതികളെയും രാജനീതികളെയും വാരിപ്പുണരുന്നതിനെതിരായ വലിയ വിമർശനമായിരുന്നു അത്. പക്ഷേ അതൊന്നും കേരളത്തിലെ സംഘപരിവാർ പോളിറ്റിയെ തൊടുക പോലും ചെയ്യില്ല. കാരണം അതിന് ആളും അർത്ഥവും ഉണ്ടാക്കിക്കൊടുക്കുന്ന മനുഷ്യരാരും അത്തരം സിനിമകളും കാണുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല.
എന്നാൽ മോഹൻലാലിനെ പോലെ മലയാള സിനിമയിലെ ഏറ്റവും പോപ്പുലറായ ഒരു താരത്തിന്റെ ആരാധക ലോകത്തിൽ വലിയൊരളവ് അവർ കൂടിയുണ്ട്. താരാരാധന, ഏകനായകപ്രഭാവമുള്ള ഒരു കഥാപാത്രത്തിൻറെ മാസ്സ് എൻട്രിയിലും ഇടപെടലിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന ജനപ്രിയ സിനിമയുടെ സ്ഥിരം ഫോർമാറ്റിൽ ഉള്ള ഒരു ലോക സങ്കല്പം, ഇതൊക്കെ ഏറ്റവും നന്നായി കണക്ട് ചെയ്യാൻ സാധിക്കുന്ന ഒരു സമൂഹ മനസ്സ് കൂടിയാണത്. അവതാരപ്പിറവികളെയും ഏകനായക സ്വരൂപങ്ങളെയും കാത്തിരിക്കുന്ന സമൂഹ മനസ്സിനെ ചൂഷണം ചെയ്തു കൂടിയാണ് ഇന്ത്യയിലെ സംഘടിത പ്രസ്ഥാനങ്ങളെല്ലാം അവരുടെ നേതാക്കന്മാരെ അനുഭാവികൾക്കും അനുയായികൾക്കും ഇടയിൽ അവതരിപ്പിക്കുന്നത്. ഈ രക്ഷക സങ്കല്പം അതേപടി ഉപയോഗപ്പെടുത്തിയാണ് എമ്പുരാൻ സംഘപരിവാർ രാഷ്ട്രീയത്തെ ആവിഷ്കരിക്കുന്നത്. അതും അതിൻറെ ചരിത്രത്തിലെ, വളർച്ചയ്ക്ക് ഏറ്റവും വലിയ ഇന്ധനമായി തീർന്ന ഗുജറാത്ത് കലാപത്തിന്റെ ചോരപുരണ്ട ദൃശ്യങ്ങൾ ധീരമായി, ദീർഘ നേരം അവതരിപ്പിച്ചുകൊണ്ട്.
2000 ത്തിൽ കേരളത്തിൽ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയ മനുഷ്യർക്ക് ഗുജറാത്ത് സംഭവത്തെ അഭിസംബോധന ചെയ്യാതെ കടന്നുപോകാനാവില്ല. വലിയ സാംസ്കാരിക പ്രതിരോധങ്ങൾക്ക് അന്ന് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 25 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ അന്നത്തെ ഗുജറാത്ത് ഇന്നത്തെ ഇന്ത്യ ആയിരിക്കുന്നു. അന്ന് കേരളത്തിൽ ഗുജറാത്ത് കലാപത്തിന് ന്യായീകരിക്കാൻ ആരും തെരുവിലുണ്ടായിരുന്നില്ല. അന്ന് സംഘപരിവാർ സംഘടിപ്പിച്ച പ്രതിരോധ ക്യാമ്പയിനുകളിലെ ദുർബലന്യായങ്ങൾ ശ്രദ്ധിക്കുന്നവരുടെ എണ്ണവും തുലോം കുറവായിരുന്നു. ഇന്ന് അങ്ങനെയല്ല, ഫേസ്ബുക്കിലും ഫാമിലി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും കൗണ്ടർ പാർട്ട് അവതരിപ്പിക്കാവുന്ന സാന്നിധ്യമായി, ശക്തിയായി അവർ മാറിയിട്ടുണ്ട്.
എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് ആരംഭിച്ച ഏറ്റവും കടുത്ത സൈബർ ആക്രമണം സിനിമയ്ക്ക് പിന്നിലുള്ള ആളുകളെ വ്യക്തിപരമായി തന്നെ കടന്നാക്രമിക്കുന്നതാണ്. എന്നിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളടക്കം ഒരു സൈബർ രാഷ്ട്രീയ സംവാദം എന്നുള്ള നിലയിലാണ് അത് അവതരിപ്പിച്ചു വന്നത്. ഒരർത്ഥത്തിലും സംവാദ സ്വാഭാവിയല്ലാത്ത ഈ കടന്നാക്രമണത്തെ സംവാദം എന്ന നിലയിൽ കാണുന്നവർ അതിനെ പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്തത്.
ഇതൊക്കെ സൃഷ്ടിച്ച ഒരു പൊതുമണ്ഡലത്തിന്റെ സമ്മർദ്ദത്താൽ സിനിമയുടെ അണിയറ ശില്പികൾ തന്നെ ഒരു സ്വയം സെൻസറിംഗിന് സിനിമയെ വിധേയമാക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. നമ്മുടെ ജനാധിപത്യ ഘടനയെ ബാധിച്ചിരിക്കുന്ന ആഴമുള്ള പ്രതിസന്ധികളുടെ സൂചനയാണത്.
എത്രതന്നെ വെട്ടിമുറിച്ചാലും എന്തെല്ലാം മായ്ച്ചു കളയാൻ ശ്രമിച്ചാലും ചരിത്രം ചരിത്രം തന്നെയായിരിക്കും. അത് ഓർമ്മകളിൽ സൂക്ഷിക്കുന്ന അവസാനത്തെ മനുഷ്യൻ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും വരെ. എഡിറ്റഡ് വേർഷൻ വരുന്നതിനു മുൻപ് തന്നെ സിനിമ കാണണം എന്ന് തീരുമാനിക്കുന്ന മനുഷ്യരുടെ തിക്കും തിരക്കും ഒരു ശുഭപ്രതീക്ഷയാണ്. ഇതിനോടകം കണ്ടവരിൽ, ഈ രണ്ടു ദിവസങ്ങളിൽ കാണുന്നവരിൽ എമ്പുരാൻ സിനിമയുണ്ടാവും അതിൻ്റെ പൂർണ്ണതയിൽ. അവരുടെ ഓർമ്മകൾ നിങ്ങളെന്തു ചെയ്യും?
ഫിർ സിന്ദാ ഹേ എന്നൊരു ഗാനമുണ്ട് എമ്പുരാനിൽ. അതിൽ സൂചിപ്പിക്കും പോലെ,
ഇനിയും ജീവിതം ബാക്കിയുണ്ടാവും.
Content Highlights: Opinion about Empuraan Controversy RSS BJP attack on Mohanlal and Prithviraj