ജബൽപൂർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യം കുത്തിത്തിരിപ്പാകുമോ? സുരേഷ് ഗോപിയുടെ മറുപടിയിലെ 'പൊള്ളത്തരം'

ജബല്‍പൂരിനെപ്പറ്റി ചോദിച്ചപ്പോൾ കുത്തിത്തിരിപ്പ് എന്നും, അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കും എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി

dot image

'കുത്തിത്തിരിപ്പ്, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുന്നത്…'

ജബല്‍പൂരില്‍ ഒരു മലയാളി ക്രിസ്ത്യന്‍ വൈദികനെയും വിശ്വാസികളെയും വലതുപക്ഷവാദികള്‍ മര്‍ദിച്ചതിനെ സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരിച്ചത് ഈ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്. ആക്രമിക്കപ്പെട്ട വൈദികന്‍ തൃശൂര്‍ സ്വദേശിയാണ്. മാധ്യപ്രവർത്തകർ ആ സംഭവത്തെപ്പറ്റി ചോദിച്ചത് തൃശൂർ എംപിയോടും. മുനമ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ജബല്‍പൂരിനെപ്പറ്റി ചോദിച്ചത്. അതിനുള്ള മറുപടിയായിരുന്നു കുത്തിത്തിരിപ്പ് എന്നും, അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കും എന്നുമുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം. പാര്‍ലമെന്റില്‍ വഖഫ് ബില്ലിന്മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് വൈദികര്‍ക്ക് മേലുള്ള അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്.

രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ ക്രൈസ്തവര്‍ക്ക് മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സന്ദഭങ്ങള്‍ പലമടങ്ങായി വര്‍ധിക്കുകയാണ്. സുരേഷ് ഗോപിയുടെ പാര്‍ട്ടിയിലെ പല നേതാക്കള്‍ തന്നെയും ക്രൈസ്തവര്‍ക്കെതിരെ പ്രകോപനപരമായ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. അപ്പോഴും ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയും, അതേസമയം അവര്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങളെ കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുക തന്നെയാണ് ബിജെപി. സുരേഷ് ഗോപി പറഞ്ഞത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്നില്ല, ക്രൈസ്തവര്‍ക്ക് നേരെ അങ്ങോട്ട് എന്നത് മാത്രമാണ് ഈ രാജ്യത്ത് നടക്കുന്നത്.

ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ഓരോ അതിക്രമത്തിനും കൃത്യമായ കണക്കുണ്ട്. അവയില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ അഥവാ പൊലീസ് സേന എന്തൊക്കെ നടപടിയെടുത്തു എന്ന് ചോദിച്ചാല്‍ പക്ഷെ കൈമലര്‍ത്തേണ്ടിവരും.

2024ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ 834 അതിക്രമങ്ങള്‍ നടന്നു എന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക്. 2023ല്‍ 734 അതിക്രമങ്ങളായിരുന്നു രേഖപ്പെടുത്തിയത്. വര്‍ധനവ് എത്രയെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതിന് പുറമെ കേസാകാത്ത, ആളുകള്‍ കേസിന് പോകാന്‍ താത്പര്യപ്പെടാത്ത സംഭവങ്ങള്‍ വേറെയുമുണ്ട്. മതപരിവര്‍ത്തനം ആരോപിച്ചാണ് തീവ്ര വലതുപക്ഷ സംഘടനകള്‍ ഇവര്‍ക്ക് നേരെ അതിക്രമം നടത്തിയിട്ടുള്ളത്.

ക്രൈസ്തവര്‍ക്ക് നേരെ അതിക്രമം നടന്ന സംഭവങ്ങളില്‍ ഏറ്റവും മുന്‍പിലുള്ളത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്. 209 അതിക്രമങ്ങള്‍. ഇങ്ങനെ ലിസ്റ്റ് എടുത്താല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാകും മുന്‍പന്തിയില്‍ ഉണ്ടാകുക എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഈ കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ? അതുമില്ല. അക്രമികള്‍ക്ക് നേരെ പൊലീസുകാര്‍ പോലും നടപടിയെടുക്കാറില്ല എന്നതാണ് വാസ്തവം. ജബല്‍പൂരില്‍ പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു വൈദികനും വിശ്വാസികള്‍ക്കും നേരെ ആക്രമണമുണ്ടായത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ എപ്പോഴെല്ലാം അക്രമണങ്ങള്‍ നടക്കുന്നുവോ, അപ്പോഴെല്ലാം നമ്മള്‍ ഓര്‍ക്കുന്ന ഒരു പേരായിരിക്കും ഗ്രഹാം സ്റ്റെയിന്‍സിന്റേത്. രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ മാത്രമല്ല സംഘടിത വലതുപക്ഷ ആക്രമണങ്ങള്‍ നടക്കുന്നത് എന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായിരുന്നു സ്റ്റെയിന്‍സിന്റെ കൊലപാതകം. മതപരിവര്‍ത്തനം ആരോപിച്ച് സ്റ്റെയിന്‍സിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്. അന്ന് തൊട്ട് ഇന്നുവരെ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ കൈവെക്കുക തന്നെ ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ കൊന്നുതള്ളണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തത് വെറും ഒരു മാസം മുന്‍പാണ്. രാജ്യത്ത് പള്ളികള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രകോപനപരമല്ല, അത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്.

അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കും എന്ന സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണ്. രാജ്യത്ത് ക്രൈസ്തവര്‍ മറ്റ് മതസ്ഥരെ അക്രമിച്ചതായ, പ്രതേകിച്ചും ഹിന്ദുക്കളെ അക്രമിച്ചതായ ഒരു വിവരങ്ങളും ഇതുവരെ ഇല്ല. മാത്രമല്ല, ക്രൈസ്തവര്‍ക്ക് നേരെ സംഘപരിവര്‍ സംഘടനകളോളം മറ്റ് രാഷ്ട്രീയപര്‍ട്ടികളോ സംഘടനകളോ അക്രമം നടത്തിയിട്ടുമില്ല. കുത്തിത്തിരിപ്പ് എന്ന മറുപടിയും അനാവശ്യമാണ്. മാധ്യമങ്ങള്‍ ചോദിച്ചത് നടന്ന കാര്യങ്ങള്‍ മാത്രമാണ്.

കേരളത്തിലെ ക്രൈസ്തവ ജനത തങ്ങള്‍ക്കൊപ്പമെന്ന്, മുനമ്പം അടക്കമുള്ള പല വിഷയങ്ങളെയും എടുത്തുകാട്ടി ബിജെപി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. വഖഫ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും മുനമ്പം എന്ന വാക്ക് പല തവണ ഉച്ഛരിക്കപ്പെട്ടത് തന്നെ അതിന്റെ ഉദാഹരണമാണ്. ഒരു വര്‍ഗീയ ചേരിതിരിവ് ഇത്തരത്തില്‍ ബിജെപിക്ക് ക്രൈസ്തവര്‍ക്കിടയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിന് പുറത്ത് ഇതൊന്നുമല്ല സ്ഥിതി. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്, പള്ളികള്‍ നശിപ്പിക്കപ്പെടുകയാണ്. അത് ചെയ്യുന്നത് സംഘപരിവാര്‍ ശക്തികളും. എത്ര ഒഴിഞ്ഞുമാറിയാലും സുരേഷ് ഗോപിയുടെ മറുപടിയിലെ പൊള്ളത്തരം വടക്കേ ഇന്ത്യയിലെ സത്യങ്ങളോളം തന്നെ പൊങ്ങിക്കിടക്കും.

Content Highlights: Suresh Gopis remarks on Jabalpur attack and total attack against christians

dot image
To advertise here,contact us
dot image