
2025-26 ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യയിലെ ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം സമര്‍പ്പിക്കുകയുണ്ടായി. ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പിലെ വിദേശ വന്‍കിട ആണവ കോര്‍പ്പറേഷനുകളെ ആണവാപകട ബാധ്യതകളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും സ്വകാര്യ കമ്പനികളെ ആണവോര്‍ജ്ജ മേഖലയിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഭേദഗതി നിര്‍ദ്ദേശം മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നത് വ്യക്തം.
ധനമന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശം വന്ന് രണ്ട് മാസങ്ങള്‍ക്കകം തന്നെ ആണവ സിവില്‍ ബാധ്യതാ നിയമ ഭേദഗതി നിര്‍മ്മാണത്തിനുള്ള കമ്മറ്റിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആണവോര്‍ജ്ജ വകുപ്പ് (DAE), ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് (AERB), നീതി ആയോഗ് എന്നിവയിലെ അംഗങ്ങള്‍ അടങ്ങിയതാണ് ഈ കമ്മറ്റി. എന്നാല്‍, ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് പ്രഖ്യാപിച്ച ഈ കമ്മറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കുകയുണ്ടായില്ല.
2010ല്‍ തയ്യാറാക്കപ്പെട്ട ആണവ അപകടത്തിന്മേലുള്ള സിവില്‍ ബാധ്യതാ നിയമം (CLND) ഭേദഗതി ചെയ്യാന്‍ തിടുക്കപ്പെടുന്ന ഭരണകൂടം നിലവിലെ നിയമം അനുസരിച്ച് ആണവ ആണവാപകടത്തിന്മേലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കായ് എന്തു ചെയ്തു എന്നറിയുന്നത് ഈയവസരത്തില്‍ നല്ലതായിരിക്കും. സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് -2010(CLND-2010) അനുസരിച്ച് ആണവാപകടങ്ങള്‍ക്ക് മേലുള്ള ഇന്‍ഷ്വറന്‍സ് തുക 1500 കോടി രൂപയായി നിജപ്പെടുത്തുകയുണ്ടായി. CLND ആക്ട് അനുസരിച്ച് ആണവ നിലയ ഓപ്പറേറ്റര്‍മാര്‍, നിലയത്തിന്റെ യന്ത്രസാമഗ്രികള്‍ വിതരണം ചെയ്ത കമ്പനികള്‍ എന്നിവര്‍ ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂള്‍ (India Nuclear Insurance Pool-NIP) വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷ നേടുകയും വേണം.
എന്നാല്‍, ആണവ സിവില്‍ ബാധ്യതാ നിയമത്തിന് കീഴില്‍ 2015ല്‍ സ്ഥാപിതമായ ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂളിലേക്ക് നാളിതുവരെയായും ശേഖരിക്കപ്പെട്ടത് 800 കോടി രൂപ മാത്രമാണ്. അതായത് ഒരാണാവപകമുണ്ടായാല്‍ നിയമമനുസരിച്ച് നല്‍കപ്പെടേണ്ട തുകയുടെ പാതിയില്‍ അല്‍പ്പം കൂടുതല്‍ മാത്രം!!! അതായത് ന്യൂക്ലിയര്‍ ലയബിലിറ്റി നിയമം അനുശാസിക്കുന്ന ഇന്‍ഷ്വറന്‍സ് തുക നിയമ നിര്‍മ്മാണം നടത്തി ഒന്നര ദശകത്തിന് ശേഷം പോലും ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂളിലേക്ക് ശേഖരിക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്നതാണ് ഇതിനര്‍ത്ഥം. ന്യൂക്ലിയര്‍ ഇന്‍ഷ്വറന്‍സ് പൂളിലേക്ക് ശേഖരിക്കപ്പെട്ട തുക തീര്‍ച്ചയായും ഈ പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുള്ളവയായിരിക്കും എന്നതിന് സംശയമൊന്നുമില്ല.
ഒരു ആണവാപകടത്തിന്റെ സാമ്പത്തിക ബാധ്യത എന്താണെന്ന് മനസ്സിലാക്കാന്‍ 2011ല്‍ ഫുക്കുഷിമയില്‍ നടന്ന അപകടത്തിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതി. അപകടത്തെത്തുടര്‍ന്നുള്ള വികിരണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ജാപ്പാനീസ് അധികൃതര്‍ കണക്കാക്കിയിരിക്കുന്ന തുക ഏതാണ് 180 ബില്യണ്‍ ഡോളറാണ്!!!! (2016ലെ കണക്കുകളാണിത് എന്ന് കൂടി ഓര്‍ക്കണം).
ഇന്ത്യയില്‍ 22ഓളം ആണവ നിലയങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവയുടെയെല്ലാം ഓപ്പറേറ്റര്‍മാര്‍ പൊതുമേഖലയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCIL) ആണ്. 22 ആണവ നിലയങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക സ്വകാര്യ ആണവ വിതരണ കമ്പനികളില്‍ നിന്ന് പിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് മാത്രമല്ല സ്വകാര്യ ആണവ കോര്‍പ്പറേഷനുകളുടെ നിര്‍ബന്ധത്തിന് വഴങ്ങിക്കൊണ്ടാണ് നാമമാത്രമായ അപകട ഇന്‍ഷ്വറന്‍സ് ബാധ്യതയില്‍ നിന്ന് കമ്പനികളെ ഒഴിവാക്കുന്നതിനായി സിവില്‍ ബാധ്യതാ നിയമ ഭേദഗതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് മോദി ഭരണകൂടം എത്രമാത്രം വിലകല്‍പ്പിക്കുന്നുണ്ടെന്നതാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആണവ റേഡിയേഷനു മുന്നില്‍ 'ഉണര്‍ന്ന ഹിന്ദു'വെന്നോ തകര്‍ന്ന മുസ്ലീമെന്നോ ഉള്ള യാതൊരു വിവേചനവുമുണ്ടാകില്ലെന്ന് മോദിക്ക് ജയ് വിളിക്കുന്നവര്‍ ഓര്‍ത്താല്‍ കൊള്ളാം.
Content Highlights: India's Nuclear Future: Does the Modi Government's Policy Put Safety First?