സ്റ്റാലിന്‍റെ നിയമപോരാട്ടം വിജയത്തിലേക്ക്, രാജിവയ്ക്കുമോ തമിഴ്നാട് ഗവര്‍ണര്‍ ?

പത്തോളം ബില്ലുകളാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവി അനധികൃതമായി തീരുമാനമാക്കാതെ പിടിച്ചുവെച്ചിരുന്നത്. ഈ പത്ത് ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്

അശ്വിൻ രാജ് എൻ കെ
3 min read|08 Apr 2025, 03:55 pm
dot image

നിഷ്പക്ഷമായി നിന്നു കൊണ്ട് ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപ്രതിനിധികൾക്ക് ജനാധിപത്യപ്രക്രിയയിലൂടെ ഭരണം നടത്താൻ സഹായിക്കുന്ന വ്യക്തിയായിരിക്കണം ഒരു ഗവർണർ. സംസ്ഥാനഭരണനിർവഹണവിഭാഗത്തിന്റെ തലവനായ ഗവർണർ രാഷ്ട്രീയ പാർട്ടിയുടെ വക്താവായി പെരുമാറരുത്.

ഭരണഘടനയെ അട്ടിമറിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനാധിപത്യ പ്രക്രിയയെയും തള്ളി കളഞ്ഞും തമിഴ്‌നാട് ഗവർണർ ആർ എൻ രവി നടത്തിയ നീക്കങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി തന്നെ തടയിട്ടിരിക്കുകയാണ് ഇപ്പോൾ.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് പിടിച്ചുവെക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. നിയമസഭ സമർപ്പിക്കുന്ന ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും ഗവർണർ തിരിച്ചയച്ച ബില്ല് നിയമസഭ വീണ്ടും പാസാക്കി തിരിച്ച് അയച്ചാൽ ഒരു മാസത്തിനുള്ളിൽ ബില്ലിൽ തീരുമാനം ആക്കണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടി വന്നു. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പത്തോളം ബില്ലുകളാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവി അനധികൃതമായി തീരുമാനമാക്കാതെ പിടിച്ചുവെച്ചിരുന്നത്. ഈ പത്ത് ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ സത്യസന്ധമായി പെരുമാറിയില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രണ്ട് വർഷത്തോളം നീണ്ടു നിന്ന എംകെ സ്റ്റാലിന്റെ നിയമപോരാട്ടത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. തമിഴ്‌നാട് ഗവർണറായി അധികാരമേറ്റ ആർഎൻ രവി തുടക്കം മുതൽ പദവിയുടെ ഔന്നിത്യം ഉയർത്തിപ്പിടിക്കാതെ വെറുമൊരു രാഷ്ട്രീയക്കാരനായാണ് ഇടപെട്ടത്. ബില്ലുകൾ തടഞ്ഞുവയ്ക്കുക മാത്രമല്ല ഗുരുതരമായ ഭരണഘടനാ ലംഘനവും അദ്ദേഹം നടത്തി. സംസ്ഥാന നിയമസഭയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് 'മതേതരത്വം' എന്ന വാക്കും 'ദ്രാവിഡ ഭരണ മാതൃക' പോലുള്ള മറ്റ് പദങ്ങളും അദ്ദേഹം ഒഴിവാക്കി. പെരിയാർ, അംബേദ്കർ, കെ.കാമരാജ്, കരുണാനിധി തുടങ്ങിയ പേരുകളും ഒഴിവാക്കി.

ഗവർണറുടെ ഈ നടപടിയെ സ്റ്റാലിൻ വിമർശിച്ചതിനെ തുടർന്ന് ദേശീയഗാനത്തിനായി പോലും കാത്തിരിക്കാതെ നിയമസഭയിൽ നിന്ന് ആർ എൻ രവി ഇറങ്ങിപ്പോയി. തമിഴ്‌നാട്ടിലെ മന്ത്രിയായിരുന്ന വി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനർവിന്യസിക്കുന്നതിനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ശിപാർശയിൽ നടപടിയെടുക്കാനും ആർ എൻ രവി വിസമ്മതിച്ചു. ഗവർണർ സ്ഥാനം വഹിക്കുന്നയാൾ ഭരണഘടനയെയും ഭരണഘടനാ ധാർമ്മികതയെയും നഗ്‌നമായി ലംഘിക്കുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.

ഏറ്റവുമൊടുവിൽ ഈ കഴിഞ്ഞ ജനുവരിയിൽ തമിഴ്നാടിന്റെ സംസ്ഥാനഗീതമായ 'തമിഴ് തായ് വാഴ്ത്ത്' പാടിയതിൽ ചൊടിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.ഗവർണർ ആസൂത്രിതമായി ചട്ടങ്ങൾ ലംഘിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനം അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നുമായിരുന്നു സ്റ്റാലിൻ ഇതിന് മറുപടിയായി പറഞ്ഞത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.. ഗവർണർ സ്ഥാനത്ത് തുടരാൻ രവി യോഗ്യനല്ലെന്ന് അറിയിച്ചുള്ള കത്തിൽ, സംസ്ഥാനത്ത് അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും ഉൾപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നത്. സുപ്രീംകോടതിയിൽ നിന്ന് ഏറ്റ ഈ തിരിച്ചടിയിൽ ഗവർണരുടെ ഇനിയുള്ള നടപടിയെന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണണം.

Content Highlights: MK Stalin vs RN Ravi Tamilnadu assembly Supreme court new verdict

dot image
To advertise here,contact us
dot image