വിമർശനം ദിവ്യ എസ് അയ്യ‍ർ ഐഎഎസിനോ അതോ കെ ശബരിനാഥൻ്റെ ഭാര്യയായ ദിവ്യക്കോ?

തന്റെ അനുഭവത്തിലുള്ള മറ്റുള്ളവരുടെ നന്മ പുറത്ത് പറഞ്ഞത് കൊണ്ടാണ് തനിക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ദിവ്യ എസ് അയ്യരുടെ മറുപടി

ഭാവന രാധാകൃഷ്ണൻ
4 min read|17 Apr 2025, 02:11 pm
dot image

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യരുടെ ഒരു പ്രതികരണമാണ് ഇപ്പോള്‍ കേരളത്തിലെ ഗൗരവമേറിയ രാഷ്ട്രീയ വിവാദം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ എസ് അയ്യര്‍ ഒരു പോസ്റ്റിടുകയുണ്ടായി. 'കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!' എന്ന് തുടങ്ങുന്നതായിരുന്നു ആ പോസ്റ്റ്. മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് തനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ടെന്ന് പോസ്റ്റില്‍ ദിവ്യ പറയുന്നു. ഇതുകൂടാതെ കെ കെ രാഗേഷിനെ വിശ്വസ്തതയുടെ പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ മഷിക്കൂട് എന്നിങ്ങനെയെല്ലാം പോസ്റ്റില്‍ വിശേഷിപ്പിക്കുന്നുണ്ട്.

എന്നാല്‍ അഭിന്ദന പോസ്റ്റിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ച്ചയായി സിപിഐഎമ്മിനെ തൃപ്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ദിവ്യ നടത്തുന്നതെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ എന്ന പദവി മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അടക്കമുള്ള വിമര്‍ശനങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്നും ഇവര്‍ മുമ്പും സര്‍ക്കാര്‍ സ്തുതികള്‍ നടത്തിയിട്ടുണ്ടെന്നും ചൂണ്ടികാട്ടി വിജില്‍ മോഹനും രാഹുല്‍ മാങ്കൂട്ടത്തിലും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

എന്നാല്‍ വിമര്‍ശനം സൈബര്‍ ഇടങ്ങളില്‍ മാത്രം ചുരുങ്ങിയില്ല. ദിവ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ മുരളീധരന്‍ തന്നെ പ്രത്യക്ഷപ്പെട്ടു. 'പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടതെന്നുമായിരുന്നു മുരളീധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വിമര്‍ശനം.

ഇതോടെ, ദിവ്യയെ പിന്തുണച്ച് ഇടതുപക്ഷ നേതാക്കളും രംഗത്തെത്തി. കൂട്ടത്തില്‍ 'വ്യക്തിപരമായി ബഹുമാന ആദരവ് അനുസരിച്ച് പ്രതികരണം ഉണ്ടാവുക സ്വാഭാവികമാണെന്നും അത്തരം കാര്യങ്ങള്‍ അനാവശ്യമായി വിവാദമാക്കുന്നത് തെറ്റാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്. മന്ത്രി ഓഫീസുകളുമായും സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തര്‍ക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവത്തനത്തെ കുറിച്ച് നല്ല വാക്ക് പറഞ്ഞപ്പോള്‍ അത് മറ്റുള്ളവരെ ഇത്രയധികം പ്രകോപിപ്പിച്ചത് തനിക്ക് അത്ഭുതം ആയിപ്പോയെന്നാണ് കെ കെ രാഗേഷിന്റെ പ്രതികരണം.

തന്റെ അനുഭവത്തിലുള്ള മറ്റുള്ളവരുടെ നന്മ പുറത്ത് പറഞ്ഞത് കൊണ്ടാണ് തനിക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ദിവ്യ എസ് അയ്യരുടെ പ്രതികരണം. കഴിഞ്ഞ ഒന്നര വര്‍ഷങ്ങളായി താന്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണെന്നാണ് ദിവ്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുെവച്ച വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ദിവ്യ സിപിഐഎം നേതാക്കളില്‍ മാത്രമെ ഈ നന്മ കാണുന്നുള്ളുവെന്ന് കോണ്‍ഗ്രസും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

ഇതാദ്യമായല്ല ദിവ്യ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടുന്നത്. മുന്‍പ് സിപിഐഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപിയെ ആശ്ലേഷിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് ദിവ്യയുടെ ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ ശബരീനാഥന്‍ ദിവ്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ശബരീനാഥിന്റെ പിന്തുണ ലഭിച്ചില്ലായെന്നത് ശ്രദ്ധേയമാണ്. 'ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല' എന്നുമായിരുന്നു ശബരീനാഥന്‍ പ്രതികരിച്ചത്.

എക്സിക്യുട്ടീവിന്റെ ഭാഗമായി കെ കെ രാഗേഷ് ഇന്നലെ വരെ ചെയ്ത പ്രവര്‍ത്തനം മാത്രമാണ് ദിവ്യ എസ് അയ്യർ അഭിനന്ദിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അല്ലായെന്നും എല്‍ഡിഎഫ് പറയുമ്പോള്‍ പദവി മറന്നുള്ള പുകഴത്തുപാട്ടാണ് ദിവ്യയുടേതെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

ഒടുവില്‍ മുഖ്യമന്ത്രിയും ഭർത്താവിൻ്റെ രാഷ്ട്രീയം തന്നെ പറയണമെന്ന പുരുഷാധിപത്യ ചിന്തയാണ് വിമ‍‍ർശനങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടികാട്ടി ദിവ്യയ്ക്ക് പിന്തുണ അറിയിച്ചു. എന്തായാലും ദിവ്യ എസ് അയ്യരുടെ അഭിപ്രായത്തിന് പിന്നാലെ നടക്കുന്ന വാഗ്വാദങ്ങള്‍ തുടരുകയാണ്. എന്നാല്‍ അപ്പോഴും ഒരു പ്രസക്തമായ ചോദ്യം ബാക്കി നില്‍കുന്നുണ്ട്, വിമര്‍ശനങ്ങള്‍ നേരിടുന്നത് ദിവ്യ എസ് അയ്യര്‍ എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണോ? അതോ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മരുമകളും, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥിന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ക്ക് നേരെയാണോ എന്ന ചോദ്യം…

Content Highlights- Is the criticism directed at Divya S Iyer IAS or Divya, the wife of K Sabarinathan?

dot image
To advertise here,contact us
dot image