
'അച്ഛൻ മരിച്ചിട്ടും ലിപ്സ്റ്റിക്കും ഇട്ട് മാധ്യമങ്ങൾക്ക് മുൻപിൽ വന്നു നിന്ന് പ്രസംഗിക്കുന്നു',
'അച്ഛനെ രക്ഷിക്കാൻ നോക്കാതെ കുട്ടികളെയും കൊണ്ട് രക്ഷപ്പെട്ടെന്ന്, ഇവളെയൊക്കെ വളർത്തി ഉണ്ടാക്കിയവരെ പറഞ്ഞാൽ മതി',
'അച്ഛൻ മരിച്ചതിന്റെ യാതൊരു ദുഃഖവും അവളുടെ മുഖത്തില്ല',
പഹൽഗാമിൽ ജീവൻ പൊലിഞ്ഞ രാമചന്ദ്രന്റെ മകൾ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ ദൃശ്യങ്ങൾക്ക് താഴെ ഇത്തരം കമന്റുകൾ ഒട്ടിച്ചു വെക്കുന്നവരോടാണ്. ഒരാളുടെ സങ്കടത്തിന്റെ വ്യാപ്തി എങ്ങനെയാണ് നിങ്ങൾ തിരിച്ചറിയുന്നത്? മുഷിഞ്ഞ വസ്ത്രമിട്ട്, കരഞ്ഞു നിലിച്ച കണ്ണുകൾ കാണിച്ച്, സങ്കടം തങ്ങി നിൽക്കുന്ന മുഖവുമായി തേങ്ങി തേങ്ങി? ഇതാണോ നിങ്ങളുടെ കണ്ണിലെ സങ്കടം?
ചിരിച്ചുകൊണ്ട് കരയിപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയത്തിന് കൈയടിക്കാൻ എല്ലാവർക്കും അറിയാം, അവിടെ ആരും ഇയാൾ എന്താ ഈ സമയത്ത് ചിരിക്കുന്നത് എന്ന് ചോദിച്ചിട്ടില്ല. അട്ടഹാസത്തോടെയുള്ള കരച്ചിലുകൾ അല്ല, ചിലരുടെ സങ്കടങ്ങൾ അയാളുടെ മുഖത്ത് നിങ്ങൾ കാണുമ്പോൾ ഒട്ടിച്ചു വെച്ചിട്ടുള്ള നേർത്ത ചിരിക്ക് പിറകിലാണ് മറഞ്ഞിരിക്കുന്നത്.
ഉപ്പ മരിച്ചപ്പോൾ എന്നോട് പലരും ചോദിച്ചിരുന്നു, നീ കരഞ്ഞു കണ്ടില്ലല്ലോ എന്ന്? അന്ന് മുഷിയുമ്പോൾ വസ്ത്രം മാറാനോ? മുഖത്ത് നോക്കുന്നവരോട് നേർത്ത ചിരിയിൽ ഞാൻ ഓക്കേ ആണെന്ന് കാണിക്കാനോ ഞാൻ മറന്നിരുന്നില്ല. എന്ന് കരുതി ഞാൻ സങ്കടപ്പെട്ടില്ലെന്നാണോ? അല്ല എല്ലാം ഒതുക്കി വെക്കുകയായിരുന്നു. മുമ്പിൽ കാണുന്ന എല്ലാ മനുഷ്യർക്ക് മുൻപിലും കരയാനുള്ള ഒരു സ്‌പേസ് എനിക്കില്ലായിരുന്നു. ഞാൻ കരഞ്ഞിട്ടുള്ളത് ഒറ്റയ്ക്ക് മാത്രമാണ്, അതുകൊണ്ട് എന്റെ സങ്കടത്തിന്റെ വ്യാപ്തി അറിഞ്ഞിട്ടുള്ളതും ഞാൻ മാത്രമാണ്.
വേഷമോ, ഭാവമോ, ആണോ ഒരാളുടെ സങ്കടത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നത്? ചിരിച്ചുകൊണ്ട് കരയിപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയത്തിന് കൈയടിക്കാൻ എല്ലാവർക്കും അറിയാം, അവിടെ ആരും ഇയാൾ എന്താ ഈ സമയത്ത് ചിരിക്കുന്നത് എന്ന് ചോദിച്ചിട്ടില്ല.
അട്ടഹാസത്തോടെയുള്ള കരച്ചിലുകൾ അല്ല, ചിലരുടെ സങ്കടങ്ങൾ അയാളുടെ മുഖത്ത് നിങ്ങൾ കാണുമ്പോൾ ഒട്ടിച്ചു വെച്ചിട്ടുള്ള നേർത്ത ചിരിക്ക് പിറകിലാണ് മറഞ്ഞിരിക്കുന്നത്. മനുഷ്യർക്ക് സങ്കടം പ്രകടിപ്പിക്കണമെങ്കിൽ പ്രകടിപ്പിക്കാം അല്ലെങ്കിൽ ഉള്ളിൽ ഒതുക്കാം. അതിന് കഴിവുണ്ടായാൽ മാത്രം മതി.
രാമചന്ദ്രന്റെ മകളിലേക്ക് വരുമ്പോൾ, ഞാനറിഞ്ഞിടത്തോളം ഉത്തരാധുനിക കാലത്ത് ജീവിക്കുന്ന എല്ലാ സ്ത്രീകൾക്കും, ഒരു സമൂഹത്തെ അല്ലെങ്കിൽ ഒരു കൂട്ടത്തെ, ചിലപ്പോൾ ഒന്നോ രണ്ടോ അതിലധികമോ മനുഷ്യരെ തന്നെ നേരിടണമെങ്കിൽ ലിപ്സ്റ്റിക്ക് ഇല്ലാതെ സാധിക്കില്ല. അത് അവരുടെ ആത്മവിശ്വാസത്തിന്റെ അടയാളമാണ്.
ഒരു ദുരന്തമുഖത്ത് നിന്ന് വന്ന, അതിന്റെ എല്ലാ ട്രോമകളും പേറുന്ന, ഒരു സ്ത്രീ ഇത്ര ബോൾഡ് ആയി സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഓരോ കാര്യത്തിലും അവർക്ക് വ്യക്തതയുണ്ട്. ആവേശം കാണിച്ച് മക്കളുടെയും, തന്റെയും ജീവൻ നഷ്ടപ്പെടുത്താതെ തൽക്ഷണം രക്ഷപ്പെടാൻ ശ്രമിച്ചത് കൊണ്ട് മാത്രമാണ്, ഇന്ന് അവരുടെ വാക്കുകൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നത്.
ഓരോ മനുഷ്യരും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അല്ലാതെ സമൂഹം എഴുതിവെച്ചത് പോലെ ഒരു മനുഷ്യൻ റിയാക്റ്റ് ചെയ്യണമെന്ന് എവിടെയും വാശി പിടിക്കരുത്.
സ്ത്രീ ആയതുകൊണ്ടാണ് നിങ്ങൾ ഇത്രത്തോളം അവരെ വാക്കുകൾ കൊണ്ട് വേട്ടയാടുന്നതെങ്കിൽ, അതേ സ്ത്രീ ആയതുകൊണ്ട് തന്നെയാണ് ഞാൻ ഇന്ന് അവരെ അഭിനന്ദിക്കുന്നത്.
കാരണം, ഒരാൾ മരിച്ചാലോ അല്ലെങ്കിൽ എന്തെങ്കിലും നഷ്ടമുണ്ടായാലോ സ്ത്രീകൾ കരഞ്ഞുകൊണ്ട് ജീവിച്ചു തീർക്കണം എന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണിത്. വലിയൊരു ദുരന്തം അതിജീവിച്ച സ്ത്രീയാണ്, സദാചാര മലയാളികൾ എന്ന ദുരന്തവും അവർ അതിജീവിക്കും.
Content Highlights: Saan's opinion about cyber attack and morel policing against Pahalgam victims daughter Arathy