ഖാര്ഗെയും മുട്ടുമടക്കി; രാജസ്ഥാനിലെ ഹൈക്കമാന്ഡ് ശാന്തി കുമാര് ധരിവാള് തന്നെ

80-ാം വയസ്സില് മത്സരരംഗത്ത് ഇറങ്ങുമ്പോള് നാലാമത് വിജയത്തിനും ധരിവാളിനുമിടയില് ഇനി തടസ്സമാകുക കോണ്ഗ്രസിലെ ആഭ്യന്തര തര്ക്കങ്ങള് മാത്രമാണ്.

dot image

നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോണ്ഗ്രസ് അവരുടെ സ്ഥാനാര്ത്ഥി പ്രഖ്യാപനം പൂര്ത്തിയാക്കിയിരിക്കുന്നത്. പ്രഖ്യാപിക്കാന് ബാക്കിയുണ്ടായിരുന്ന 21 സ്ഥാനാര്ത്ഥികളുടെ ഏഴാമത്തെയും അവസാനത്തെയും പട്ടിക കോണ്ഗ്രസ് പ്രഖ്യാപിക്കുമ്പോള് ശാന്തി ധരിവാളിന്റെ പേരുണ്ടോയെന്നായിരുന്നോയെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ഒടുവില് ശാന്തി കുമാര് ധരിവാളിന്റെ കാര്യത്തില് ഹൈക്കമാന്ഡ് വീണ്ടും മുട്ടുമടക്കി. കോട്ടാ നോര്ത്ത് മണ്ഡലത്തില് നിന്നും ശാന്തി ധരിവാള് വീണ്ടും ജനവിധി തേടും.

നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുന്ന അവസാന ദിവസത്തിന്റെ തലേന്ന് വരെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് തര്ക്കം നിലനിന്നത് മൂന്ന് വിശ്വസ്തരെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോട്ടിനും ഹൈക്കമാന്ഡിനും ഇടയിലെ തര്ക്കം പരിഹാരമാകാതെ നീണ്ടതിനാലായിരുന്നു. എന്നാല് ഹൈക്കമാന്ഡിന്റെ ബ്ലാക്ക് ലിസ്റ്റില് ഉണ്ടായിരുന്ന മറ്റു രണ്ട് വിശ്വസ്തരായ മഹേഷ് ജോഷിയുടെയും ധര്മേന്ദ്ര റാത്തോഡിന്റെയും കാര്യത്തില് അശോക് ഗഹ്ലോട്ടിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. 80കാരനായ ശാന്തി ധരിവാളിനെ മത്സരിപ്പിക്കാന് ഒടുവില് ഹൈക്കമാന്ഡ് തയ്യാറായപ്പോള് 69കാരനായ മഹേഷ് ജോഷിക്കും 55കാരനായ ധര്മേന്ദ്ര റാത്തോഡിനും ടിക്കറ്റ് നിഷേധിക്കപ്പെട്ടു.

അശോക് ഗഹ്ലോട്ടിന്റെ വിശ്വസ്തരായ ശാന്തി ധരിവാള്, മഹേഷ് ജോഷി, ധര്മേന്ദ്ര റാത്തോഡ് എന്നീ മൂന്ന് നേതാക്കളെ മത്സരിപ്പിക്കില്ലെന്നായിരുന്നു തുടക്കം മുതല് ഹൈക്കമാന്ഡിന്റെ കടുത്ത നിലപാട്. നേരത്തെ അച്ചടക്ക ലംഘനത്തിന്റെ പേരില് എഐസിസി നേരിട്ട് നോട്ടീസ് നല്കിയ അശോക് ഗഹ്ലോട്ട് പക്ഷ നേതാക്കളായിരുന്നു ഇവര്. ആറാമത്തെ പട്ടിക പുറത്തിറക്കിയപ്പോള് തന്നെ ഗഹ്ലോട്ട് മന്ത്രിസഭയില് അംഗമായ മഹേഷ് ജോഷിയുടെ കാര്യത്തില് തീരുമാനമായിരുന്നു. ജോഷിയുടെ സിറ്റിങ്ങ് സീറ്റായ ഹവ്വ മഹലില് കോണ്ഗ്രസിന്റെ ജയ്പൂര് സിറ്റി യൂണിറ്റ് പ്രസിഡന്റായ ആര് ആര് തിവാരിയെ മത്സരിപ്പിക്കാന് ഹൈക്കമാന്ഡ് തീരുമാനിച്ചിരുന്നു.

ആദ്യ ആറ് പട്ടികയിലും ഇടം പിടിക്കാതിരുന്ന ധര്മ്മേന്ദ്ര റാത്തോഡിന് അവസാന പട്ടികയിലും ഇടംനേടാനായില്ല. റാത്തോഡ് മത്സരിക്കാന് ആഗ്രഹിച്ച അജ്മീര് നോര്ത്ത് സീറ്റില് മഹേന്ദ്ര സിങ്ങ് റലാവതയുടെ പേരാണ് കോണ്ഗ്രസിന്റെ അന്തിമ സ്ഥാനാര്ത്ഥി പട്ടികയില് ഇടംപിടിച്ചത്. വിശ്വസ്തന് സീറ്റ് നേടി നല്കാനുള്ള ഗഹ്ലോട്ടിന്റെ അവസാനഘട്ടം വരെയുള്ള നീക്കം പക്ഷെ പാഴായിപ്പോയി. കഴിഞ്ഞ അഞ്ചുവര്ഷവും ഗഹ്ലോട്ടിനെ സംബന്ധിച്ച് കര്ട്ടന് പിന്നിലെ ട്രബിള് ഷൂട്ടറായിരുന്നു ധര്മേന്ദ്ര റാത്തോഡ്. ഗഹ്ലോട്ടിന്റെ പൊളിറ്റിക്കല് മാനേജര് എന്ന വിശേഷണവും കോണ്ഗ്രസ് വൃത്തങ്ങളില് ധര്മ്മേന്ദ്ര റാത്തോഡിനുണ്ട്. 2008ല് ഗഹ്ലോട്ട് മുഖ്യമന്ത്രിയായിരുന്നപ്പോള് രാജസ്ഥാന് സീഡ്സ് കോര്പ്പറേഷന്റെ ചെയര്മാനായിരുന്നു റാത്തോഡ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ഗഹ്ലോട്ടിന്റെ മകന് വൈഭവ് ഗഹ് ലോട്ട് മത്സരിച്ചപ്പോള് ജോധ്പൂര് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളുടെ നിയന്ത്രണം റാത്തോഡിനായിരുന്നു. എന്നാല് നിലവിലെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിനോട് വൈഭവ് പരാജയപ്പെട്ടിരുന്നു.

ഇവര്ക്കെതിരെ ഹൈക്കമാന്ഡ് ഇപ്പോള് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നില് ഒരു ഫ്ളാഷ്ബാക്കുണ്ട്. ഏതാണ്ട് ഒരുവര്ഷം മുമ്പ് അരങ്ങേറിയ ഈ സംഭവവികാസങ്ങളില് ഇപ്പോഴത്തെ അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ നേരിട്ടും രാഹുല് ഗാന്ധി പരോക്ഷമായും പങ്കാളികളായിരുന്നു.

2022 സെപ്തംബറില് അശോക് ഗഹ്ലോട്ടിനെ മാറ്റി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല് ഗാന്ധിയുടെ നിര്ദ്ദേശം നടപ്പിലാക്കാനെത്തിയ ഹൈക്കമാന്ഡ് സംഘത്തിന്റെ തീരുമാനം അട്ടിമറിച്ചത് ശാന്തി ധരിവാളിന്റെ നേതൃത്വത്തിലുള്ള ഈ മൂന്നംഗ സംഘമായിരുന്നു. കഴിഞ്ഞ വര്ഷം ഒക്ടോബറില് നടന്ന കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില് ആദ്യഘട്ടത്തില് സോണിയാ ഗാന്ധിയുടെ നോമിനി അശോക് ഗെഹ്ലോട്ടായിരുന്നു. ഗാന്ധി കുടുംബത്തിന്റെ നോമിനിയായ അശോക് ഗഹ്ലോട്ട് കോണ്ഗ്രസ് ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്തായിരുന്നു ഗഹ്ലോട്ടിനെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കാന് രാഹുല് ഗാന്ധി തീരുമാനിക്കുന്നത്. ഈ ദൗത്യം നിര്വ്വഹിക്കാനായി ഇപ്പോഴത്തെ ദേശീയ അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെയെയും അജയ് മാക്കനെയും ഹൈക്കമാന്ഡ് ജയ്പൂരിന് അയച്ചു.

എഐസിസി പ്രസിഡന്റ് പദവിക്കൊപ്പം മുഖ്യമന്ത്രി പദവും നിയമസഭയുടെ അവസാന ബജറ്റ് സെഷന് വരെയെങ്കിലും ഒരുമിച്ച് കൊണ്ടുപോകുക എന്നതായിരുന്നു അശോക് ഗഹ്ലോട്ടിന്റെ മനസ്സിലിരുപ്പ്. മാത്രമല്ല സച്ചിന് പകരം നിയമസഭാ സ്പീക്കര് സി പി ജോഷിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഗഹ്ലോട്ടിന്റെ താല്പ്പര്യം. എന്തായാലും എഐസിസി പ്രസിഡന്റാകാന് പോകുന്നതിന്റെ പേരില് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന് ഗഹ്ലോട്ട് ആഗ്രഹിച്ചിരുന്നില്ല. അശോക് ഗഹ്ലോട്ടിന്റെ മനസ്സിലിരുപ്പ് മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ശാന്തി ധരിവാള് നിയോഗമായി ഏറ്റെടുത്തു. സച്ചിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന് ഹൈക്കമാന്ഡ് പ്രതിനിധികള് വിളിച്ച പാര്ലമെന്ററി പാര്ട്ടി യോഗത്തിന് സമാന്തരമായി പാര്ലമെന്ററി കാര്യമന്ത്രി കൂടിയായിരുന്ന ശാന്തി ധരിവാളിന്റെ നേതൃത്വത്തില് എംഎല്എമാരുടെ യോഗം വിളിച്ചു. സ്വന്തം വസതിയില് തന്നെയായിരുന്നു ശാന്തി ധരിവാള് യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും സച്ചിന് പൈലറ്റും അശോക് ഗഹ്ലോട്ടിനെതിരെ ഗൂഢാലോചന നടത്തിയെന്നും ശാന്തി ധരിവാള് ഈ ഘട്ടത്തില് ആരോപിച്ചിരുന്നു.

സച്ചിന് പൈലറ്റിന്റെയും ബി.ജെ.പിയുടെയും വലയില് കയറാതെ കോണ്ഗ്രസിനെ കാത്ത എം.എല്.എമാര് തീരുമാനിക്കുന്ന നേതാവ് മതി ഗഹ്ലോട്ടിന്റെ പിന്ഗാമി എന്ന് ധരിവാള് ഹൈക്കമാന്ഡ് നിരീക്ഷകരോട് തീര്ത്തു പറഞ്ഞു. ഒറ്റയ്ക്കൊറ്റയ്ക്ക് എം.എല്.എമാരെ കണ്ട് ഇംഗിതം നടപ്പിലാക്കുന്ന ഹൈക്കമാന്ഡിന്റെ രീതിയും വേണ്ടെന്ന് ധരിവാള് തീര്ത്തു പറഞ്ഞു. നിരീക്ഷകര് എംഎല്എമാരെ കൂട്ടായി കാണണം, ജനാധിപത്യപരമായ ചര്ച്ചയുണ്ടാകണം, തീരുമാനവും, ഇതായിരുന്നു ധരിവാള് ലൈന്. തീരുമാനം അടിച്ചേല്പ്പിക്കാന് ശ്രമിച്ചാല് എംഎല്എമാര് രാജിവയ്ക്കുമെന്ന നിലയിലേയ്ക്കും കാര്യങ്ങള് പോയി. ഏതാണ്ട് 80ലേറെ എംഎല്എമാര് രാജികത്ത് കൈമാറിയതായും ആ ഘട്ടത്തില് വാര്ത്തകളുണ്ടായിരുന്നു. ധരിവാള് കാര്ക്കശ്യം കാണിച്ചപ്പോള് ആരുടെ ശബ്ദമാണ് പ്രതിഫലിച്ചതെന്ന് ഹൈക്കമാന്ഡിന് വ്യക്തമായിരുന്നു. എന്തായാലും പാര്ലമെന്ററി പാര്ട്ടി യോഗം ചേരാനോ ഹൈക്കമാന്ഡിന്റെ തീട്ടൂരം നടപ്പിലാക്കാനോ കഴിയാതെ എഐസിസി സംഘം മടങ്ങി.

എംഎല്എമാരുടെ സമാന്തര യോഗം സംഘടിപ്പിക്കുകയും പാര്ലമെന്ററി പാര്ട്ടി യോഗം നടത്താന് അനുവദിക്കാതിരിക്കുകയും ചെയ്ത മൂന്ന് ഗഹ്ലോട്ട് പക്ഷ നേതാക്കള്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കമാന്ഡ് നിരീക്ഷകരായിരുന്ന മല്ലികാര്ജ്ജുന് ഖാര്ഗെയും അജയ് മാക്കനും ശുപാര്ശ ചെയ്തു. ശാന്തി ധരിവാളിന് പുറമെ മഹേഷ് ജോഷി, ധര്മേന്ദ്ര റാത്തോഡ് എന്നിവര്ക്കെതിരെയായിരുന്നു അച്ചടക്ക നടപടി സ്വീകരിക്കാന് ആവശ്യപ്പെട്ടത്. മഹേഷ് ജോഷി മന്ത്രിയും കോണ്ഗ്രസിന്റെ ചീഫ് വിപ്പുമായിരുന്നു.

സമാന്തരയോഗം ഏകോപിപ്പിച്ചു എന്നതായിരുന്നു മഹേഷ് ജോഷിക്കെതിരായി ആരോപിക്കപ്പെട്ടിരുന്ന കുറ്റം. രാജസ്ഥാനിലെ ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ചെയര്മാനായ ധര്മേന്ദ്ര റാത്തോഡ് സമാന്തര യോഗത്തിന് എംഎല്എമാരെ സ്വാധീനിക്കാന് ചുക്കാന് പിടിച്ചുവെന്നായിരുന്നു നിരീക്ഷകരുടെ റിപ്പോര്ട്ട്. ഹൈക്കമാന്ഡ് മൂന്നുപേര്ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല് പിന്നീട് രാജസ്ഥാനിലെ സവിശേഷ സാഹചര്യത്തില് ഇവര്ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. എന്നാല് രാജസ്ഥാനിന്റെ ചുമതലയുണ്ടായിരുന്ന കോണ്ഗ്രസ് നേതാവ് അജയ് മാക്കന് ഇതേ തുടര്ന്ന് ചുമതലയില് നിന്നും രാജിവച്ചു.

ഇത്തവണ ശാന്തി ധരിവാളിന് സ്ഥാനാര്ത്ഥിത്വം നല്കുന്നതിന് എതിരെയായിരുന്നു ഹൈക്കമാന്ഡ് കര്ശന നിലപാട് സ്വീകരിച്ചത്. ശാന്തി ധരിവാളിന്റെ ശക്തമായ നിലപാടിന്റെ ചൂടും ചൂരും നേരിട്ട് അറിഞ്ഞ മല്ലികാര്ജ്ജുന് ഖാര്ഗെ ഇപ്പോള് കോണ്ഗ്രസ് ദേശീയ അധ്യക്ഷനാണ്. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയായി നിയോഗിക്കുകയെന്നത് രാഹുല് ഗാന്ധിയുടെ തീരുമാനമായിരുന്നു. ശാന്തി ധരിവാളിന്റെ തന്ത്രമായിരുന്നു ഈ നീക്കത്തിന് തടയിട്ടത്. സ്വഭാവികമായും രാഹുല് ഗാന്ധിയും മല്ലികാര്ജ്ജുന് ഖാര്ഗെയും ധരിവാളിന്റെ സ്ഥാനാര്ത്ഥിത്വത്തെ എതിര്ത്തു. സോണിയാ ഗാന്ധിയും അദ്ദേഹത്തിന്റെ സ്ഥാനാര്ത്ഥിത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നാണ് വാര്ത്തകള്. ഭാരത് ജോഡോ യാത്രയില് ധരിവാളിനെതിരായി ലഭിച്ച പരാതികള് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല് ഗാന്ധിയുടെ നിലപാടെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. ജയ്പൂരില് ധരിവാളിന് മുന്നില് തലകുനിച്ച മല്ലികാര്ജ്ജുന് ഖാര്ഗെക്ക് ഇത്തവണ സ്ഥാനാര്ത്ഥി നിര്ണ്ണയത്തിന്റെ പേരില് ഡല്ഹിയിലും തലകുനിക്കേണ്ടി വന്നു.

ആരാണ് ശാന്തി കുമാര് ധരിവാള് എന്ന് ഒരിക്കല് കൂടി ഹൈക്കമാന്ഡിന് വ്യക്തമായി എന്നതാണ് ഏറ്റവും ഒടുവില് വിലയിരുത്തേണ്ടത്. ആരടാ എന്ന് ചോദിച്ചാല് എന്തെടായെന്ന് തിരിച്ചു ചോദിക്കാന് ശേഷിയുള്ള രാജസ്ഥാനിലെ ഏക കോണ്ഗ്രസ് നേതാവ് എന്ന വിശേഷണമാണ് ധരിവാളിന് ചേരുക. അതിപ്പോള് ഏതു ഹൈക്കമാന്ഡിനോടായാലും ശാന്തി ധരിവാള് അത് ചോദിച്ചിരിക്കും. അശോക് ഗഹ്ലോട്ടിന്റെ സൗമ്യമുഖത്തിന്റെ ക്ഷോഭങ്ങളെല്ലാം ശാന്തി ധരിവാളിലൂടെയാണ് പ്രകാശിതമാകുന്നത്. ഗഹ്ലോട്ടിന്റെ വിശ്വസ്തനല്ല, മനസ്സാണ് ധരിവാള്. നേരത്തെ സച്ചിന് പൈലറ്റ് 22 എം.എല്.എമാരെ ഒപ്പം കൂട്ടി മുഖ്യമന്ത്രിസ്ഥാനത്തിന് വിലപേശിയപ്പോള് ഭൂരിപക്ഷം എം.എല്.എമാരെയും കോണ്ഗ്രസ് പക്ഷത്ത് ഉറപ്പിച്ച് നിര്ത്തിയത് ധരിവാളിന്റെ കാര്ക്കശ്യം ഒന്നുമാത്രമായിരുന്നു. ബിജെപി വട്ടമിട്ട് പറന്നിട്ടും ഒരാളെയും റാഞ്ചിയെടുക്കാന് അന്ന് സാധിച്ചിരുന്നില്ല.

ബിജെപിക്കും തലവേദനയാണ് ശാന്തി ധരിവാള്. വസുന്ധരാ രാജെ സിന്ധ്യ ഉള്പ്പെടെയുള്ള ബിജെപിയുടെ പ്രമുഖനേതാക്കളുടെയും പടനിലമായ കോട്ട ഡിവിഷനില് നിന്നുള്ള നേതാവാണ് ശാന്തി ധരിവാള്. ലോക്സഭാ സ്പീക്കര് ഓംപ്രകാശ് ബിര്ളയും ഇതേ പ്രദേശക്കാരനാണ്. കോട്ടയിലെ കോണ്ഗ്രസ് കോട്ടയുടെ കാവല്ക്കാരന് കൂടിയാണ് ധരിവാള്. കോട്ട ഡിവിഷനിലെ ബുന്ദി, കോട്ട, ബാര, ജാലവാഡ് ജില്ലകളിലായി 17 നിയമസഭാ സീറ്റുകളാണുള്ളത്. ഇതില് കോട്ട, ബാര ജില്ലകളില് കോണ്ഗ്രസിന്റെ കരുത്ത് ധരിവാളാണ്. ജെയ്ന് വിഭാഗത്തില്പ്പെടുന്ന ധരിവാള് പരമ്പരാഗതമായ സമ്പന്ന കുടുംബത്തില് നിന്നുള്ള നേതാവാണ്.

ആരെയും കൂസാത്ത നിലപാട് പറയുന്ന ധരിവാള് പ്രതിച്ഛായയുടെ തടവറയില് സ്വയം ബന്ധിച്ച നേതാവല്ല. 2008ലെ ഗഹ്ലോട്ട് മന്ത്രിസഭയില് ആഭ്യന്തര വകുപ്പ് അടക്കം ധരിവാള് കൈകാര്യം ചെയ്തിരുന്നു. രാജീവ് ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തില് അധികാരത്തില് വന്ന 1984ലെ തിരഞ്ഞെടുപ്പില് ആദ്യമായി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ധരിവാള് മൂന്ന് തവണ നിയമസഭാ അംഗമായി. ഇത്തവണ 80-ാം വയസ്സില് മത്സരരംഗത്ത് ഇറങ്ങുമ്പോള് നാലാമത് വിജയത്തിനും ധരിവാളിനുമിടയില് ഇനി തടസ്സമാകുക കോണ്ഗ്രസിലെ ആഭ്യന്തര തര്ക്കങ്ങള് മാത്രമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us