വല്ലാത്തൊരു നമ്മൾ! മലയാളി ചേര്ന്നുനിന്നപ്പോള് 34കോടി പത്തര മാറ്റ്, കേരളം മാനവികതയുടെ അത്ഭുത ദ്വീപ്

പ്രതിസന്ധിയില് മലയാളിക്ക് 4 കോടിയെന്നത് മൊട്ടുസൂചി അകലമാണെന്ന് എഴുതപ്പെടുന്ന മിനിറ്റാണ് കടന്നുപോയത്.

അനുശ്രീ പി കെ
1 min read|12 Apr 2024, 05:07 pm
dot image

34 കോടി ഉറുപ്പിയ അല്ലേ ഓര് ചോയിച്ചേ! എന്ത് ചെയ്യൂന്ന് വിചാരിച്ച് നിക്കേനു, എന്റെ കുട്ടിക്ക് നാട്ടിക്ക് എത്താന് കയ്യൂല്ലാന്നാ വിചാരിച്ചെ...

വധശിക്ഷ കാത്ത് സൗദി ജയിലില് കഴിയുന്ന മകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉമ്മയുടെ വാക്കുകളാണിത്. ഇപ്പോള് ആ ചുണ്ടുകള്ക്ക് വിറയല് ഇല്ല. കണ്ണിളിലിപ്പോൾ പെരുത്ത സന്തോഷത്തിൻ്റെ നനവാണ്. ഹൃദയത്തിന്റെ കനം പതിയെ നേര്ത്തുവരുന്നുണ്ട്. കാരണം മകനെ കാത്തുള്ള ഉമ്മയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. വൈകാതെ അവന് നാടിന്റെ തണലിലേക്ക് തിരിച്ചെത്തും.

നമുക്ക് ചുറ്റും എന്തോരം മനുഷ്യരാണല്ലേയെന്ന് തോന്നിപ്പോകുന്ന മണിക്കൂറുകളിലൂടെയാണ് കടന്നുപോയത്. ക്രൗഡ് ഫണ്ടിംഗ് കേരളത്തിന് പുതുമയല്ല പക്ഷെ, ഈ ചേര്ന്നുനിര്ത്തലുകള് അടയാളപ്പെടുത്താതെ പോകാനാകില്ല. ദി റിയല് കേരള സ്റ്റോറി. മാനവികതയുടെ അത്ഭുത ദ്വീപിലാണ് നമ്മള് ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്.

കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി പൂര്ത്തിയായിരിക്കുകയാണ്. ഒരു മണിക്കൂര് മുന്പിത് 30,10,81,618 രൂപയായിരുന്നു. എന്നാല് ഇത് എഴുതി പൂർത്തിയാകുമ്പോഴേയ്ക്കും ബാക്കി നാല് കോടിയും അക്കൗണ്ടിലെത്തി. പ്രതിസന്ധിയില് മലയാളിക്ക് 4 കോടിയെന്നത് മൊട്ടുസൂചി വലിപ്പമാണെന്ന് എഴുതപ്പെടുന്ന നിമിഷങ്ങൾ.

തന്റെ 26 -ാം വയസ്സില് 2006 ലാണ് അബ്ദുള് റഹീമിനെ സൗദി ജയിലില് അടക്കുന്നത്. ഡ്രൈവര് വിസയിലായിരുന്നു ഇവിടെയെത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര് 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില് യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചു.

അബദ്ധത്തില് അബ്ദുറഹീമിന്റെ കൈ കഴുത്തിലെ ജീവൻരക്ഷാ ഉപകരണത്തില് തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തെ തുടര്ന്ന് കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് അബ്ദു റഹീമിന് മുന്നില് തെളിഞ്ഞത് മരണമാണ്. ഒരു ഉമ്മക്കും കുടുംബത്തിനും മുന്നില് വെല്ലുവിളിയായത് മകനെ രക്ഷിക്കാനുള്ള ജീവന് മരണ പോരാട്ടം.

ഏപ്രില് 16ന് മകന്റെ വധശിക്ഷ നടപ്പിലാക്കും. അതിനുമുമ്പ് ബ്ലഡ് മണിയായി 34 കോടി രൂപ നല്കിയാലെ മോചനം സാധ്യമാവൂ. ആ ഉമ്മ ഒരിക്കല് പോലും ഇത്രവലിയ തുക കണ്ടിട്ടില്ല. പിന്നെയെങ്ങനെ?

വിവിധ പ്രവാസി സമൂഹത്തിന്റെയും സംഘടനകളുടെയും നേതൃത്വത്തില് 4.70 കോടി രൂപ സ്വരൂപിച്ചു. അപ്പോഴും 34 കോടി എങ്ങനെ? അവിടെ തുടങ്ങിയതാണ് ഈ അത്ഭുതക്കാഴ്ച. അബ്ദു റഹ്മാനായി നാടൊന്നിച്ചു. മലയാളിയൊന്നിച്ചു.

പ്രതീക്ഷിച്ചതിലും വേഗത്തിൽ, കണ്ണടച്ച് തുറക്കും മുമ്പേ എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല, തുക 7 ഇരട്ടിയായി. 4 കോടി എട്ടിലേക്കും പതിനാറിലേക്കും മുപ്പത് കോടിയിലേക്കുമെത്താന് വിരലിലെണ്ണാവുന്ന ദിവസം മതിയായി. വീണ്ടും മലയാളി പൊളിയല്ലേയെന്നും കേരളം മാനവികതയുടെ ഉറവവറ്റാത്ത ദ്വീപാണെന്നും തെളിയിച്ചു.

ഇനി കാത്തിരിപ്പാണ്.

അബ്ദുറഹ്മാനായുള്ള കാത്തിരിപ്പ്...

ഒരുമ്മയുടെ മാത്രമല്ല, ഒരു നാടിന്റെ ഒന്നാകെയുള്ള കാത്തിരിപ്പ്..

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us