കടത്തനാടിൻ്റെ കളരിത്തട്ടിൽ ഇക്കുറി തിരഞ്ഞെടുപ്പ് അങ്കക്കലി അതിന്റെ പാരമ്യത്തിലായിരുന്നു. ഇടത് വലത് മുന്നണികൾ അക്ഷരാർത്ഥത്തിൽ പതിനെട്ടടവും പ്രയോഗിച്ച മണ്ഡലമാണ് വടകര. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രയോഗിച്ച പൂഴിക്കടകൻ്റെ പേരിലാണ് പക്ഷെ തിരഞ്ഞെടുപ്പിന് ശേഷവും മുന്നണികൾ വീണ്ടും പോരടി തുടർന്നത്. സൈബർ ഇടത്തിലെ കള്ളപ്പയറ്റിൻ്റെ ഉത്തരവാദിത്വം സംബന്ധിച്ചായിരുന്നു പ്രധാന വാദപ്രതിവാദങ്ങൾ. തിരഞ്ഞെടുപ്പ് സമയത്ത് വീറും വാശിയും തർക്കവും ആകാംക്ഷയും ആശങ്കയും പൊയ്തൊഴിയാതെ നിന്ന 37 ദിവസങ്ങളാണ് തിരഞ്ഞെടുപ്പിന് ശേഷം വടകരയിൽ കടന്ന് പോകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം 39-ാമത്തെ ദിവസം പുറത്ത് വരുന്ന വടകരയുടെ ജനവിധി എന്തായിരിക്കുമെന്ന ആകാംക്ഷ മുന്നണികളെ സംബന്ധിച്ച് ആശങ്കയായി മാറുന്നുണ്ട്. വിശേഷിച്ചും യുഡിഎഫിന് മുന്നേറ്റവും എൽഡിഎഫിന് തിരിച്ചടിയും പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലം പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിൽ.
കേരളത്തിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി പ്രവചിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ. കേരളത്തില് ഇടതുപക്ഷത്തിന് സീറ്റുകളൊന്നും കിട്ടില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. ഒന്നു മുതല് മുന്ന് വരെ സീറ്റാണ് എല്ഡിഎഫിനെന്ന് ചില എക്സിറ്റ് പോളുകളുടെ പ്രവചനം. വടകരയില് നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഷാഫി പറമ്പിലിൻ്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ.
സംസ്ഥാന നിയമസഭയിലെ രണ്ട് സിറ്റിങ്ങ് എംഎല്എമാര് പോരടിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും വടകരയ്ക്കുണ്ട്. സിറ്റിങ്ങ് എംപിയായിരുന്ന കെ മുരളീധരന് പകരം പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ കോൺഗ്രസ് അങ്കത്തിന് നിയോഗിച്ചത് മുതൽ കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് മാപിനിയിൽ വടകര തിളച്ച് മറിയാൻ തുടങ്ങിയിരുന്നു. 2019ൽ പി ജയരാജനെ നേരിടാൻ വട്ടിയൂർക്കാവിൽ നിന്നും കെ മുരളീധരൻ എത്തിയപ്പോൾ ഉണ്ടായതിനെക്കാൾ കൂടുതൽ ആവേശത്തിരയിളക്കം യുഡിഎഫ് കേന്ദ്രങ്ങളിൽ വിശേഷിച്ച് ലീഗ് കേന്ദ്രങ്ങളിൽ ഉണ്ടാക്കാൻ ഷാഫിക്ക് സാധിച്ചിരുന്നു. പത്മജ വേണുഗോപാല് ബിജെപിയില് ചേര്ന്ന പശ്ചാത്തലത്തില് കോണ്ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കത്തില് സിറ്റിങ്ങ് എംപിയായ കെ മുരളീധരന് തൃശ്ശൂരിലേക്ക് മാറിയപ്പോഴാണ് ഷാഫിക്ക് വടകരയില് നറുക്ക് വീണത്. അക്രമ രാഷ്ട്രീയവും ടി പി രക്തസാക്ഷിത്വവും ഇക്കുറിയും പതിവുപോലെ യുഡിഎഫ് വടകരയുടെ തിരഞ്ഞെടുപ്പ് ഗോഥയില് ചര്ച്ചയാക്കി.
മട്ടന്നൂർ എംഎൽഎ കെ കെ ശൈലജയെ വടകര തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം രംഗത്തിറക്കിയത്. വനിതാ സ്ഥാനാർത്ഥികളെ ലോക്സഭയിലേയ്ക്ക് ജയിപ്പിച്ച വടകരയുടെ ചരിത്രവും സിപിഐഎം തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ നേടിയ ജനപ്രീതി മണ്ഡലത്തിൽ തുണയ്ക്കുമെന്നതും സിപിഐഎം പരിഗണിച്ചിട്ടുണ്ടാകും. കെ കെ ശൈലജയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഐഎം പ്രചാരണത്തിൻ്റെ പ്രധാന കുന്തമുന.
യുവമോര്ച്ച സംസ്ഥാന അധ്യക്ഷനും നാട്ടുകാരനുമായ സി ആര് പ്രഫുല്കൃഷ്ണനെയാണ് എന്ഡിഎ വടകരയില് ഇറക്കിയത്. വടകരയിലെ ആയഞ്ചേരി കടമേരി സ്വദേശിയാണ് പ്രഫുല്. വടകര എസ്ജിഎംഎസ്ബി സ്കൂളിലെ അധ്യാപകന് കൂടിയാണ് പ്രഫുൽ. അതിനാല് മണ്ഡലത്തില് വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ധാരാളം. ഇതിലുടെ വോട്ടുവിഹിതം കൂട്ടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്.
കെ കെ ശൈലജയ്ക്കും ഷാഫി പറമ്പിലിനും രാഷ്ട്രീയ നേതാക്കൾ എന്നതിലപ്പുറം ജനകീയ മുഖം കേരളത്തിലുണ്ട്. സ്വന്തം തട്ടകത്തിനപ്പുറമുള്ള സ്വീകാര്യതയും ഇരുവരുടെയും പ്രത്യേകതയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്ന്ന ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ കെ കെ ശൈലജ നിയമസഭാ തിരഞ്ഞെടുപ്പില് മട്ടന്നൂരില് നിന്ന് ജയിച്ച് കയറിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് റിപ്പോർട്ടർ സർവെയിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ട നേതാവായിരുന്നു കെ കെ ശൈലജ. എന്നാല് സഭയിലും പുറത്തും യുവത്വത്തിന്റെ ശബ്ദമാണ് ഷാഫി പറമ്പില്. സമരങ്ങളില് സമരസപ്പെടാത്ത, യുവജനങ്ങളുടെ പ്രിയനേതാവുമാണ്.
സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളില് ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്മാര് വടകരയില് വോട്ട് രേഖപ്പെടുത്തി. വടകര അടിസ്ഥാനപരമായി ഇടതുപക്ഷ മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും 2009 മുതല് ഇവിടെ നിന്നും തുടർച്ചയായി ജയിക്കുന്നത് കോണ്ഗ്രസാണ്.
ഇക്കുറിയും അക്രമ രാഷ്ട്രീയം തന്നെയായിരുന്നു ഇടതുമുന്നണിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ കുന്തമുന. ടി പി ചന്ദ്രശേഖരന് വധക്കേസില് ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളിയതും വിചാരണ കോടതി വെറുതെവിട്ട രണ്ട് പ്രതികള് കുറ്റക്കാരാണെന്ന് കണ്ടെത്തിയതും തിരഞ്ഞെടുപ്പ് രംഗത്ത് ചര്ച്ചയായിരുന്നു. ഇതിനിടെ പാനൂരില് നിര്മാണത്തിനിടെ ബോംബ് പൊട്ടി സിപിഐഎം അനുഭാവി കൊല്ലപ്പെട്ടതും സിപിഐഎമ്മിനെ കൂടുതല് പ്രതിരോധത്തിലാഴ്ത്തി. പാര്ട്ടിക്ക് സ്ഫോടനത്തില് പങ്കില്ലെന്ന വിശദീകരണവുമായി വിഷയത്തില് നിന്ന് ഒഴിഞ്ഞു മാറുകയാണ് സിപിഐഎം ചെയ്തത്.
മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗിന് സ്വാധീനമുണ്ട്. കുറ്റ്യാടിയിലും നാദാപുരത്തും കൂത്ത്പറമ്പിലും മുസ്ലിം ലീഗ് പ്രബലശക്തിയാണ്. കൊയിലാണ്ടിയിലും പേരാമ്പ്രയിലും മുസ്ലിം ലീഗിന് അവഗണിക്കാന് പറ്റാത്ത സ്വാധീനമുണ്ട്. വടകര മണ്ഡലത്തില് ശക്തമായ സ്വാധീനമായ സോഷ്യലിസ്റ്റുകള്ക്കിടയിലെ ഭിന്നിപ്പും ഇടതുപക്ഷത്തിന് തലവേദനയാണ്. ശ്രേയംസ് കുമാര് നയിക്കുന്ന ആര്ജെഡിയും മാത്യു ടി തോമസിന്റെ ജെഡിഎസും വിമത സ്വരം ഉയര്ത്തുന്ന സി കെ നാണു വിഭാഗത്തിനും വടകരയിലും കൂത്തുപറമ്പിലും സ്വാധീനമുണ്ട്. ഇടതുമുന്നണിയുമായി അത്ര രസത്തിലല്ല ആര്ജെഡി. കൂത്തുപറമ്പ് മണ്ഡലം ആര്ജെഡിയുടെ സിറ്റിങ്ങ് സീറ്റാണ്. ഇടതുമുന്നണിയിലെ ഇത്തരം അസ്വാരസ്യങ്ങളും കെ കെ ശൈലജയ്ക്ക് വെല്ലുവിളിയായേക്കാം.
ഇതൊക്കെയാണെങ്കിലും കെ കെ ശൈലജയ്ക്ക് അനുകൂലമായ ഘടകങ്ങളും വടകരയിലുണ്ട്. പൊതുവെ സിപിഐഎമ്മിന്റെ വനിതാ സ്ഥാനാര്ത്ഥികളെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യം വടകരയ്ക്കുണ്ട്. എ കെ പ്രേമജത്തെ രണ്ട് വട്ടവും പി സതീദേവിയെ ഒരു തവണയും തിരഞ്ഞെടുത്തിട്ടുണ്ട് വടകര. ഈ രണ്ട് സ്ഥാനാര്ത്ഥികളേക്കാളും സ്ത്രീ വോട്ടര്മാര്ക്കിടിയില് സ്വീകാര്യതയാണ് കെ കെ ശൈലജ എന്നത് അനുകൂല ഘടകമാണ്. വടകരയില് പുരുഷവോട്ടര്മാരെക്കാള് അരലക്ഷത്തിലേറെ സ്ത്രീ വോട്ടര്മാരുണ്ട് എന്നതും ശൈലജയ്ക്ക് അനുകൂല ഘടകമാണ്. കണ്ണൂരില് സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള് വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണെന്നത് ശൈലജയ്ക്ക് മേല്ക്കൈ നല്കുന്നുണ്ടെന്നാണ് പാര്ട്ടിയുടെ വിലയിരുത്തല്. ഇതില് കൂത്തുപറമ്പ് മണ്ഡലത്തെ 2016ല് പ്രതിനിധീകരിച്ചിരുന്നതും കെ കെ ശൈലജയായിരുന്നു. 12291 വോട്ടിനായിരുന്നു 2016ല് കെ കെ ശൈലജ കൂത്തുപറമ്പില് നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ തവണ വടകരയില് പി ജയരാജൻ നേരിട്ട പരാജയം തന്നെയാണ് ഇടതു കേന്ദ്രങ്ങളിൽ ഇത്തവണയും ഉൾക്കിടിലം ഉണ്ടാക്കുന്നത്. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവസാന നിമിഷം സ്ഥാനാര്ത്ഥിയായി എത്തിയ കെ മുരളീധരന് ജയരാജനെ പരാജയപ്പെടുത്തി. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങമായ തലശ്ശേരിയില് നിന്നുപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ജയരാജന് ലഭിച്ചിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പില് തലശ്ശേരി നിയസമഭ മണ്ഡലത്തില് നിന്ന് 30,000ത്തോളം ലീഡ് ജയരാജന് ലഭിക്കുമെന്നായിരുന്നു സിപിഐഎമ്മിൻ്റെ കണക്കുകൂട്ടല്. എന്നാല്, അവിടെ നിന്ന് 11,469 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. ചുവന്ന കോട്ടയായ കൂത്തുപറമ്പില് പോലും യുഡിഎഫ് സ്ഥാനാര്ഥിയായ കെ മുരളീധരന് 4133 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. വടകര 22,963, കുറ്റ്യാടി 17,892, നാദാപുരം 17, 596, കൊയിലാണ്ടി 21,045, പേരാമ്പ്ര 13204 എന്നീ മണ്ഡലങ്ങളിലെല്ലാം യുഡിഎഫിനായിരുന്നു ലീഡ് ലഭിച്ചത്. സിപിഐഎമ്മിൻ്റെ ഉരുക്ക് കോട്ടകളായ തലശ്ശേരിയും കൂത്തുപറമ്പും അടങ്ങുന്ന വടകരയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ്റെ പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പി ജയരാജന് ടി പി വധം, അരയിൽ ഷുക്കൂർ വധക്കേസുകളിൽ പങ്കുണ്ടെന്ന യുഡിഎഫ് പ്രചാരണം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു.
കഴിഞ്ഞ തവണ മണ്ഡലത്തിലെ പോളിങ്ങ് ശതമാനം 82.67 ആയിരുന്നു. ഈ വര്ഷം അത് 78.41 ശതമാനമായി കുറഞ്ഞു. ഇതില് മുസ്ലിം ലീഗിന് സ്വാധീനമുള്ള കുറ്റ്യാടി നിയമസഭ മണ്ഡലത്തിലാണ് എറ്റവും കൂടുതല് പോളിങ്ങ്. 80.46 ശതമാനം. സിപിഐഎമ്മിന് കൂടുതല് പ്രതീക്ഷയുള്ള തലശ്ശേരിയിലും കൂത്തുപറമ്പിലും പോളിങ്ങ് ശതമാനം താരതമ്യേന കുറവാണ്. തലശ്ശേരിയില് 76.13, കൂത്തുപറമ്പ് 77.50 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം. കഴിഞ്ഞ തവണ യുഡിഎഫിന് ലീഡ് നല്കിയ വടകര 79.03, നാദാപുരം 78.84, പേരാമ്പ്ര 79.95, കൊയിലാണ്ടി 76.69 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ്ങ് ശതമാനം.
2004ലാണ് ഏറ്റവും ഒടുവിൽ ഇടതുമുന്നണി വടകരയിൽ വിജയം കുറിച്ചത്. എന്ന് 75.83 ആയിരുന്നു വടകരയിലെ പോളിങ് ശതമാനം. എല്ഡിഎഫിന്റെ പി സതീദേവി 1,30,589 വോട്ടുകളുടെ ഭൂരിപക്ഷത്തില് വിജയിച്ചു. 2009ല് യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 80.40 ശതമാനമായിരുന്നു 2009ലെ പോളിങ്ങ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില് 81.37 ശതമാനം വോട്ടുകള് പിറന്നപ്പോള് 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് നേടാനായത്. അന്ന് എ എന് ഷംസീറായിരുന്നു ഇടത് സ്ഥാനാര്ഥി. 82.67 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2019ല് യുഡിഎഫിന്റെ കെ മുരളീധരന് 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വടകരയിൽ വിജയിച്ച് കയറിയത്.