ഗുജറാത്തിലെ മോര്ബിയില് തൂക്കുപാലം തകര്ന്ന് മരിച്ചവരുടെ കുടുംബത്തിന്റെ നിലവിളി ഒടുങ്ങിയിട്ടില്ല. ഗുജറാത്ത് സര്ക്കാരിന്റെ അനാസ്ഥ കൊണ്ടുമാത്രം ജീവന് നഷ്ടപ്പെട്ടത് 141 പേര്ക്കായിരുന്നു. 140 വര്ഷത്തോളം പഴക്കമുണ്ടായിരുന്ന തൂക്കുപാലം നവീകരണത്തിന് ശേഷം പൊതുജനങ്ങള്ക്കായി തുറന്ന് വെറും നാല് ദിവസത്തിനുള്ളിലായിരുന്നു അപകടം ഉണ്ടായത്. കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയവർ വെള്ളത്തില് ശ്വാസത്തിനായി പിടഞ്ഞ് ഒടുക്കം മരിച്ചു. ദുരന്തത്തില് നാഥന് നഷ്ടപ്പെട്ട പലരും ഇന്നും നീതി തേടി അലയുന്നതിടെയാണ് നരേന്ദ്രമോദി സര്ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത പല കെട്ടിടങ്ങളും നിലം പതിക്കുന്ന റിപ്പോര്ട്ടുകള് പുറത്തുവരുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം അപകടത്തിന് സാക്ഷ്യം വഹിച്ചു. എയര്പോര്ട്ടിലെ ടെര്മിനല് 1 ന്റെ ഒരു ഭാഗം തകര്ന്നുവീണ് ഒരാള് മരിച്ചെന്ന വാര്ത്ത ഞെട്ടലോടെയാണ് നമ്മള് അറിഞ്ഞത്. ഈ വര്ഷം മാര്ച്ച് 10 ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് മൂന്ന് മാസം തികയുന്നതിന് മുന്പാണ് പുതുതായി നിര്മ്മിച്ച ഭാഗത്തെ മേല്ക്കൂര തകര്ന്നത് എന്നതാണ് വസ്തുത. കനത്ത മഴ തുടരുന്നതിനിടെ പുലര്ച്ചെയുണ്ടായ അപകടത്തില് എട്ടോളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
9,800 കോടി ചെലവില് രാജ്യത്ത് നിര്മ്മിക്കുന്ന 15 വിമാനത്താവളങ്ങളുടെ തറക്കല്ലിടല് മാര്ച്ച് 10 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്വഹിച്ചത്. അന്നേ ദിവസം തന്നെയായിരുന്നു എയര്പോര്ട്ടിന്റെ പുതുക്കി പണിത ഭാഗം മോദി ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി പണിതീരാത്ത എയര്പോര്ട്ട് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഡല്ഹി എയർപോട്ടിലെ സംഭവത്തിന് സമാന സംഭവം മധ്യപ്രദേശിലെ ജബല്പൂര് എയര്പോര്ട്ടിലുമുണ്ടായി. കനത്ത മഴയില് വിമാനത്താവളത്തില് പുതുതായി നിര്മ്മിച്ച ഭാഗത്തെ മേല്ക്കൂര തകര്ന്നുവീണു. മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്ത എയര്പോര്ട്ടിന്റെ ഈ ഭാഗം തകര്ന്നുവീണത് യാത്രക്കായി എത്തിയ ഇന്കംടാക്സ് ഉദ്യോഗസ്ഥന്റെ കാറിന് മുകളില് ആയിരുന്നു. ഭാഗ്യം തുണച്ചെന്ന് പറയും പോലെ ആര്ക്കും പരിക്കേറ്റില്ല.
ഡല്ഹിക്കും മധ്യപ്രദേശിനും പിന്നാലെ നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തെ പ്രധാനപ്പെട്ട വിമാനത്താവളത്തിലും ഇന്ന് അപകടം ഉണ്ടായി. കനത്ത മഴയില് രാജ്കോട്ട് വിമാനത്താവളത്തിന്റെ മേല്ക്കൂര തകര്ന്നു വീഴുകയായിരുന്നു. സംഭവത്തില് ഒരാള് മരിച്ചതായും നിരവധി പേര്ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കുന്നു. യാത്രക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേല്ക്കൂരയാണ് തകര്ന്നുവീണത്.
മോദി സര്ക്കാര് വലിയ ആഘോഷമാക്കിയ അയോധ്യ രാമക്ഷേത്രത്തിലെ മേല്ക്കൂരയിലെ ചോര്ച്ച ചൂണ്ടികാട്ടി മുഖ്യ പൂജാരി രംഗത്ത് വന്നതും ഈ ആഴ്ച്ചയാണ്. പ്രതിഷ്ഠയിരിക്കുന്നയിടത്തേക്ക് ഒരുതുള്ളി വെള്ളം പോലും ഒഴുകിയെത്തുന്നില്ലെന്നും പൈപ്പ് വഴിയാണ് വെള്ളമെത്തിയതെന്നും പറഞ്ഞ് രാമക്ഷേത്ര ട്രസ്റ്റ് കൈയ്യൊഴിയുകയായിരുന്നു. നിര്മ്മാണത്തിലെ അപാകത ചൂണ്ടികാട്ടി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റ് പ്രതികരിക്കാന് നിര്ബന്ധിതമായതും നമ്മള് കണ്ടു. എന്നാല് അവിടെയും കഴിഞ്ഞില്ല, കഴിഞ്ഞ ദിവസത്തെ കനത്ത മഴയില് അയോധ്യ ക്ഷേത്രത്തിലേക്കുള്ള റോഡ് വെള്ളത്തില് മുങ്ങി.റോഡിനിരുവശത്തെയും വീടുകളില് വെള്ളം കയറിയതോടെ മുഖം രക്ഷിക്കാന് സര്ക്കാർ പാടുപെട്ടു. സംഭവത്തില് പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര് അടക്കം ആറ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്പ്പാലം അടല് സേതുവിന്റെ അപ്രോച്ച് റോഡിലെ വിള്ളലിലും മോദി സര്ക്കാര് പ്രതിസ്ഥാനത്താണ്. 17,843 കോടി രൂപ ചെലവില് നിര്മ്മിച്ച റോഡില് കഴിഞ്ഞയാഴ്ച്ചയാണ് വിള്ളല് കണ്ടെത്തിയത്. മുംബൈയെയും നവി മുംബൈയെയും തമ്മില് ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര് ദൈര്ഘ്യമുള്ള കടല്പ്പാലം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ആറ് മാസത്തിനിപ്പുറമാണ് വിള്ളല് കണ്ടെത്തിയത്. നവി മുംബൈയിലെ ഉള്വെയില് നിന്നും പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് മഴയ്ക്കു പിന്നാലെ വിണ്ടുകീറിയത്. അടുത്തിടെ തുറന്ന് മറൈന് ലൈന്സ്-വര്ളി തീരദേശ റോഡിലെ തുരങ്കത്തില് വിള്ളലും ചോര്ച്ചയും കണ്ടെത്തിയിരുന്നു. ഇതില് പ്രതിഷേധം ഉയരുന്നതിനിടെയാണ് പാലത്തില് വിള്ളല് കണ്ടെത്തുന്നത്.
കഴിഞ്ഞ 11 ദിവസത്തിനിടെ ബിഹാറില് തകര്ന്നത് അഞ്ച് പാലങ്ങളാണെന്ന് ദേശീയമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവില് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില് ഉള്പ്പെടുത്തി മൂന്ന് കോടി ചെലവില് 77 മീറ്റര് നീളത്തില് നിര്മ്മിക്കുന്ന പാലം ജൂണ് 24 നായിരുന്നു തകര്ന്നത്. ഇതിന് തൊട്ടുമുന്പ് ജൂണ് 18 ന് ബക്ര നദിക്ക് കുറുകെ 12 കോടി ചെലവില് നിര്മ്മിക്കുന്ന പാലം തകര്ന്നു. പിന്നാലെ ജൂണ് 22 ന് സിവാനിലെ ഗന്ധക് നദിക്ക് കുറുകെയുള്ള മറ്റൊരു പാലവും തകര്ന്നു. 40 മുതല് 45 വര്ഷം പഴക്കമുള്ള പാലമായിരുന്നു ഇത്. ജൂണ് 23 ന് ഈസ്റ്റ് ചമ്പാരനില് 1.5 കോടി ചെലവില് നിര്മ്മിക്കുന്ന പാലവും ജൂണ് 27 ന് കിഷന്ഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന പാലവുമാണ് തകര്ന്നത്.
കേന്ദ്രത്തില് മൂന്നാം മോദി സര്ക്കാര് അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ തകർച്ചയും വിള്ളലും ചോർച്ചയും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ പത്ത് വര്ഷം ബിജെപി നടത്തിയ അഴിമതിയുടെ തെളിവാണ് പൊളിഞ്ഞുവീഴുന്നതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു.