28 മണിക്കൂര്, ഒരു രാവിരുട്ടി വെളുക്കുമ്പോഴേയ്ക്കും പ്രതീക്ഷയുടെ ബെയ്ലി പാലം ഉയര്ന്നു. ഒരു പകലിന്റെ പാതിയോളം പിന്നിടുമ്പോഴേയ്ക്കും ഒറ്റപ്പെട്ടുപോയ ദുരന്തമുനമ്പിലേയ്ക്ക് പൂര്ണ്ണമായും ഗതാഗത സജ്ജമായി ആ പാലം പൂര്ത്തിയായി. ഏറ്റെടുത്ത ദൗത്യം പൂര്ത്തിയാക്കി സൈനികര് പരസ്പരം ആശ്ലേഷിക്കുമ്പോള് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. അത്ര കഠിനമായിരുന്നു ആ ദൗത്യം.
ഊണും ഉറക്കവുമില്ലാതെയായിരുന്നു അവരുടെ 28 മണിക്കൂര് നീണ്ടുനിന്ന ദൗത്യമെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില് ഒറ്റപ്പെട്ടു പോയ തുരുത്തില് ഒരുപാട് പേര് ഇപ്പോഴും മണ്ണിനടിയിലാണ്. അവിടേയ്ക്ക് കടന്നെത്തി തിരയാനുള്ള ഏകവഴിയെന്ന നിലയില് കൂടിയാണ് ഇത് പ്രതീക്ഷയുടെ പാലമായി മാറുന്നത്. സൈന്യത്തിന് സല്യൂട്ട്.
ഒറ്റ രാത്രികൊണ്ട് മണ്ണും ചെളിയും മഴവെള്ളവും കുത്തിയൊലിച്ചിറങ്ങി ജീവനടക്കം സര്വ്വതും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട മുണ്ടക്കൈ ഗ്രാമത്തിലേക്കാണ് സൈന്യം കഠിന ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്തത്. കനത്ത മഴയെ അവഗണിച്ച് കുത്തിയൊലിച്ചുവരുന്ന പുഴയ്ക്ക് കുറുകെ മനുഷ്യാധ്വാനത്തിന്റെ സംഘബോധത്തിന്റെ ഒരൊറ്റ മനസ്സ് ഒന്നായി മാറി. ദുരന്തം നടന്ന് മൂന്നാം ദിനം വെകിട്ടോടെ ഒറ്റപ്പെട്ട മുണ്ടക്കൈയെ മറുകരയോട് ഹൃദയത്തോട് ചേര്ത്തുതുന്നി.
ഒരേസമയം 24 ടണ് ഭാരം വരെ വഹിക്കാന് ശേഷിയുണ്ട് ബെയ്ലി പാലത്തിന്. ഹിറ്റാച്ചിയും ജെസിബിയും അടക്കം വലിയ യന്ത്രസാമഗ്രികള്ക്കെല്ലാം ബെയ്ലി പാലത്തിലൂടെ അക്കരയെത്താനാകും. ജൂലൈ 30ന്റെ ദുരന്തം നക്കിയെടുത്ത, മണ്ണിനടിയില് പുതപ്പിച്ചതെല്ലാം കണ്ടെത്തുന്നതിന് വേഗമേറ്റാന് ഇനി ഈ പാലത്തിന് സാധിക്കും.
ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്ക്കുമാണ് ഇത്തരം പാലം നിര്മ്മിക്കുന്നത്. മുമ്പുതന്നെ നിര്മ്മിച്ചുവച്ച ഭാഗങ്ങള് പെട്ടെന്നുതന്നെ ഇതു നിര്മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്ത്താണിത് നിര്മ്മിക്കുന്നത്. പാലം നിര്മിക്കാനുള്ള സാധന സാമഗ്രികള് ഡല്ഹിയില്നിന്ന് ഇന്ത്യന് വായുസേനയുടെ അഭിമാനമായ ഗ്ലോബ്മാസ്റ്ററിലാണ് എത്തിച്ചത്.
കണ്ണൂര് വിമാനത്താവളത്തിലെത്തിച്ച ഇവ 17 ലോറികളിലാണ് വയനാട്ടിലെത്തിച്ചത്. എല്ലാമെത്തിയത് ഒറ്റ രാത്രികൊണ്ട്. മദ്രാസ് റെജിമെന്റിലെ എന്ജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിര്മ്മാണം പൂര്ത്തിയാക്കിയത്. രണ്ടാം ദിനം രാത്രി പുലരും മുമ്പാണ് ഭാരവേറിയ ഓരോ കഷ്ണങ്ങളും ചേര്ത്തു ചേര്ത്തു വെച്ച് ഒരു ഗ്രാമത്തെ അവര് പുറം ലോകത്തേയ്ക്ക് തുന്നിച്ചേര്ത്തത്. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനാണ്. അതെ, പ്രതീക്ഷയുടെ പച്ചത്തുരുത്തില് തന്നെയാണ് നമ്മള് ജീവിക്കുന്നത്. അതീജിവിക്കുക തന്നെ ചെയ്യും.