പോരാട്ടങ്ങളെ ഏകീകരിപ്പിക്കാനുള്ള ശക്തി ഉമറിനുണ്ട്; അതാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നത്: അപേക്ഷ പ്രിയദര്‍ശിനി

നാല് വര്‍ഷമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ പോരാട്ടങ്ങളെയും ജയില്‍ ജീവിതത്തെയും കുറിച്ച് ഉറ്റ സുഹൃത്തും ആക്ടിവിസ്റ്റുമായ അപേക്ഷ പ്രിയദര്‍ശിനിയുമായി നടത്തിയ അഭിമുഖം

ആമിന കെ
1 min read|19 Sep 2024, 07:17 am
dot image

നാല് വര്‍ഷമായി ജാമ്യം ലഭിക്കാതെ, വിചാരണ പോലുമില്ലാതെ ജയിലില്‍ തടവുകാരനായി തുടരുകയാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ്. പൗരത്വ ഭേദഗതിക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്നാലെയാണ് 2020ല്‍ ഉമര്‍ ഖാലിദ് അറസ്റ്റിലാകുന്നത്. അതിന് ശേഷം ഇതുവരെ ഒരാഴ്ച കാലത്തെ പരോള്‍ ലഭിച്ചതല്ലാതെ പുറം ലോകം കാണാന്‍ ഉമറിന് സാധിച്ചില്ല. ഉമറിനെ കുറിച്ച് രാജ്യവും രാജ്യത്തെക്കുറിച്ച് ഉമറും പ്രധാനമായും അറിയുന്നത് തന്റെ ഉറ്റ സുഹൃത്തുക്കളിലൂടെയാണ്. ഉമറിന്റെ ജയില്‍ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഉറ്റ സുഹൃത്തും ആക്ടിവിസ്റ്റും ജെഎന്‍യുവിലെ ഗവേഷകയുമായ അപേക്ഷ പ്രിയദര്‍ശിനി റിപ്പോര്‍ട്ടറിനോട് സംസാരിക്കുന്നു.

നാല് വര്‍ഷത്തെ ജയില്‍ വാസം ഉമര്‍ ഖാലിദിനെ ഏതെല്ലാം വിധത്തിലാണ് ബാധിച്ചത്?

ജയിലില്‍ കഴിയുന്ന എല്ലാ പൊതു പ്രവര്‍ത്തകരെയും പോലെ ജയില്‍ ജീവിതം ഉമറിന്റെയും മാനസിക, ശാരീരികാരോഗ്യത്തെ നല്ല രീതിയില്‍ ബാധിച്ചു. ജയില്‍ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഒറ്റപ്പെടലാണ്. മനുഷ്യ സമ്പര്‍ക്കത്തിനുള്ള ശരിയായ സാഹചര്യങ്ങള്‍ നല്‍കാതെ തടവുകാരുടെ മനോവീര്യം കെടുത്തുന്നു. അവിടെ ആകെയുള്ള കൂട്ട് സഹ തടവുകാരായിരിക്കും. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ ആരോട് സംസാരിക്കണമെന്ന തിരഞ്ഞെടുപ്പ് വളരെ അപകടമാണ്. അതുകൊണ്ട് തന്നെ നാല് ചുമരുകള്‍ക്കുള്ളില്‍ ദിവസം മുഴുവന്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരും. പക്ഷേ ഉമര്‍ വായനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്സാഹത്തോടെ ഇരിക്കാന്‍ ശ്രമിക്കാറുണ്ട്.

ജാമ്യം ലഭിക്കാത്ത നീണ്ട നാല് വര്‍ഷക്കാലം ഉമര്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?

വിവിധ തലങ്ങളില്‍ ഹര്‍ജി നല്‍കിയെങ്കിലും ഒന്നിലും വാദം കേട്ടില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പന്ത്രണ്ടിലധികം തവണയാണ് സുപ്രീം കോടതി ഉമറിന്റെ ഹര്‍ജി മാറ്റി വെച്ചത്. അവസാനം ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകര്‍ സമ്മര്‍ദത്തിലായി. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ രണ്ടാം തവണയും ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേ മാതൃക തന്നെയാണ് അവിടെയും കാണാന്‍ സാധിക്കുന്നത്. ഈ പ്രക്രിയകള്‍ ത്വരിതപ്പെടുത്താന്‍ ഒരു മാര്‍ഗവുമില്ല. വാദം കേള്‍ക്കല്‍ ആരംഭിച്ചാലേ ഉമറിനെ ജാമ്യത്തിന് അര്‍ഹനാക്കുന്ന വാദങ്ങള്‍ നിരത്താന്‍ സാധിക്കുകയുള്ളു. അതേസമയം ഉമറിനെ പോലെ നാല് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ വാദങ്ങള്‍ നിരത്താന്‍ കാത്തിരിക്കുകയാണ്. ഈ രാജ്യത്ത് നീതി എവിടെയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ഉമറിന്റെ ഗവേഷണവും പഠനവും എങ്ങനെ മുന്നോട്ട് പോകുന്നു?

ഉമര്‍ 2018ല്‍ തന്നെ ജെഎന്‍യുവിലെ ചരിത്ര പഠന കേന്ദ്രത്തില്‍ തന്റെ പിഎച്ച്ഡി സമര്‍പ്പിച്ചിട്ടുണ്ട്. 2019ല്‍ വൈവ പരീക്ഷയും പാസായി. നിലവില്‍ ജയിലില്‍ കഴിയുന്നതിനിടയില്‍ തന്നെ പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ച് തീര്‍ക്കുകയാണ്. പുറത്തുള്ളപ്പോള്‍ തിരക്കുകള്‍ മൂലം വായിക്കാന്‍ പറ്റാതിരുന്ന പ്രധാനപ്പെട്ട അക്കാദമിക് പുസ്തകങ്ങള്‍ അവന്‍ ഒന്നു കൂടി വായിച്ച് പഠിക്കുകയാണ്. ഇതോടൊപ്പം ചെറിയ ഫിക്ഷനുകളും വായിക്കുന്നതിലൂടെ വലിയ വിരസതയില്ലാതെ മുന്നോട്ട് പോകുന്നു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെയാണ് ഉമര്‍ വിലയിരുത്തുന്നത്? പ്രത്യേകിച്ചും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയം?

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പെരുമാറ്റത്തെ മുന്‍നിര്‍ത്തിയാണ് ഉമര്‍ എപ്പോഴും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നത്. ഇത്തവണ ചെറിയ സീറ്റുകളുടെ മേൽക്കൈയിലാണ് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതെങ്കിലും മുസ്ലിം, ദളിത്, സ്ത്രീ, ആദിവാസി തുടങ്ങിയ പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സാഹചര്യങ്ങളില്‍ വലിയ മെച്ചമുണ്ടായിട്ടില്ല. മുമ്പത്തെ പോലെ അധികാരികള്‍ ശക്തരല്ലാത്തതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ഫലം ഉമറിനും ഞങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷേ ഉമറും സിഎഎ വിരുദ്ധ ആക്ടിവിസ്റ്റുകളും ജയിലില്‍ നിന്നും പുറത്തു കടക്കുന്നത് വരെ പോരാട്ടം അവസാനിക്കില്ല.

ഉമറിനെ പോലെ നിരവധി പേരാണ് വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നത്. ഇത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ പരിമിതിയെയാണോ സൂചിപ്പിക്കുന്നത്? ഇതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ

ഇത് രണ്ടുമാണെന്ന് ഞാന്‍ പറയും. വിചാരണകളില്‍ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ ഒരുപാട് സമയമെടുക്കുന്നുണ്ട്. എന്നാല്‍ ഉമര്‍, ഷര്‍ജീല്‍, ഗുല്‍ഫിഷ, ഖാലിദ് സൈഫി തുടങ്ങിയവരുടെ കേസുകളില്‍ കോടതി നിരീക്ഷണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എഫ്ഐആറിലെയും കുറ്റപത്രത്തിലെയും പ്രധാന കുറ്റങ്ങള്‍ പോലും നിരീക്ഷണങ്ങളില്‍ വരുന്നില്ല. യഥാര്‍ത്ഥ കുറ്റപത്രവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലാണ് നിരീക്ഷണങ്ങള്‍ നടക്കുന്നത്. അമരാവതിയില്‍ ഉമര്‍ നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഉമര്‍ ഇങ്ക്വിലാബ് എന്ന പദം ഉപയോഗിച്ചുവെന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ തവണ ഉമറിന്റെ ജാമ്യം റദ്ദാക്കിയത്. അസംബന്ധത്തിനും അപ്പുറമുള്ള നിരീക്ഷണമായിരുന്നു ഇത്. വിചാരണ കാലയളവ് നീളുമ്പോള്‍ യുഎപിഎ വിചാരണത്തടവുകാര്‍ക്ക് എങ്ങനെ ജാമ്യം നല്‍കുമെന്നും, യുഎപിഎ വിചാരണത്തടവുകാര്‍ക്ക് ഒരു കേസില്‍ മാത്രം എങ്ങനെ ജാമ്യം നല്‍കുമെന്നും കുറച്ച് മാസങ്ങളായി സുപ്രീം കോടതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ബെഞ്ചുകള്‍ വാദം കേള്‍ക്കല്‍ മാറ്റി വെക്കുമ്പോഴും ഹര്‍ജികള്‍ കേള്‍ക്കാതിരിക്കുമ്പോഴും ഞങ്ങളുടെ സുഹൃത്തുക്കള്‍ കാത്തിരിപ്പ് തുടരുകയാണ്.

ഉമറിന്റെ അറസ്റ്റ്, തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ നിങ്ങളില്‍ ഭയമുണ്ടാക്കിയിട്ടുണ്ടോ? ഈ അറസ്റ്റ് തുടര്‍ന്നുള്ള പോരാട്ടങ്ങളെ ബാധിക്കുന്നുണ്ടോ?

തുടക്കത്തില്‍ ഉമറിനെ ശാരീരികമായി ഉപദ്രവിക്കുമോയെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ അതിനപ്പുറം ഭയമൊരു വികാരമായി ഞങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നില്ല. മതപരമായ സ്വത്വം പരിഗണിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യതയ്ക്കും അന്തസിനുമുള്ള അവകാശത്തിന് വേണ്ടിയാണ് ഉമര്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാര്‍ പോരാടിയത്. ഇവരുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പോരാട്ടം വിഭാഗീയതയ്‌ക്കെതിരെയും സാമുദായിക സൗഹാര്‍ദത്തിന് വേണ്ടിയുള്ള പോരാട്ടവുമായി കൈക്കോര്‍ത്തിരിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

പലരും സമര മുഖത്ത് സജീവമായിരുന്നപ്പോഴാണ് ഒരു വിദ്യാര്‍ത്ഥി നേതാവായി ഉമര്‍ ഉയര്‍ന്നു വന്നത്. അതില്‍ പലരും നേതൃത്വ സ്ഥാനത്തെത്തിയപ്പോള്‍ ഉമര്‍ ജയിലില്‍ തുടരുന്നു. ഉമറിനെ മാത്രം ഇത്തരത്തില്‍ ലക്ഷ്യം വെക്കുന്നതിന്റെ കാരണമെന്തായിരിക്കും?

പ്രധാനമായും ഒരു മുസ്ലിം ആക്ടിവിസ്റ്റ് എന്ന അദ്ദേഹത്തിന്റെ സ്വത്വം തന്നെയാണ് കാരണം. എന്നാല്‍ അതിന് അപ്പുറമുള്ള കാരണങ്ങളും ഉമറിനെ ലക്ഷ്യം വെക്കുന്നതിന് പിന്നിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുസ്ലിങ്ങളും മറ്റ് പാര്‍ശ്വവല്‍കൃത സമൂഹവും അവരുടെ സ്വത്വത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിരന്തരമായ അക്രമങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിലേക്ക് മാത്രം അവരെ ചുരുക്കാന്‍ സാധിക്കില്ലെന്നതിന്റെ ഉദാഹരണമായിരുന്നു ഉമര്‍. തകരുന്ന സമ്പദ് വ്യവസ്ഥ, തകരുന്ന പൊതുജനാരോഗ്യ സംവിധാനം, പൗരന്മാരുടെ ഉന്നമനത്തേക്കാള്‍ പൊതു വിഭവങ്ങള്‍ സ്വകാര്യവത്കരിക്കുന്ന സര്‍ക്കാരിന്റെ തെറ്റായ മുന്‍ഗണനകള്‍ തുടങ്ങി പൊതുജനമെന്ന നിലയില്‍ നമ്മള്‍ നേരിടുന്ന വ്യത്യസ്തമായ വെല്ലുവിളികളിലെ തുല്യമായ അഭിപ്രായമാണ് തുല്യാവകാശമെന്ന നിലയില്‍ ഉമര്‍ കണക്കാക്കുന്നത്. സുപ്രധാനമായ എല്ലാ വിഷയത്തെയും വിശദീകരിക്കാനുള്ള ഉമറിന്റെ കഴിവാണ് നിലവിലെ ഭരണകൂടത്തിന് ഉമര്‍ ഭീഷണിയാകുന്നത്.

പോരാട്ട വീഥികളിലുണ്ടായിരുന്നവര്‍ പോലും ഉമറിനെ പോലുള്ള തടവുകാരെ മറന്നു പോയെന്ന് തോന്നുന്നുണ്ടോ. മനപ്പൂര്‍വമായ ഒരു മറവിയാണിതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഏതെങ്കിലും തരത്തിലുള്ള പ്രധാനപ്പെട്ട പൊതു പ്രവര്‍ത്തകര്‍ ഉമറിനെ മറന്നുവെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ ദിവസവും പറ്റാവുന്ന രീതിയില്‍ അവര്‍ അവനുവേണ്ടി സംസാരിക്കുന്നുണ്ട്. ഉമറിനെയോ പൗരത്വ ഭേദഗതിക്കെതിരെ പോരാടിയവരെയോ മറക്കാനുള്ള ശ്രമം രാഷ്ട്രീയ അവസരവാദമെന്ന ഭൂരിപക്ഷ വികാരത്തിന്റെ ഭാഗമാണ്.

ഇത്തരത്തിലുള്ള ചെറിയ മറവികളെങ്കിലും അവരുടെ തുടര്‍ച്ചയായ ജാമ്യനിഷേധത്തെയും നീതി നിഷേധത്തെയും ബാധിക്കുന്നതായി തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഈ നാല് വര്‍ഷത്തിനുള്ളില്‍ എന്നെ പോലെയുള്ള, ജീവിതത്തിന്റെ പല തുറകളില്‍ നിന്നും വന്ന, യാതൊരു അധികാര ശ്രേണിയിലുമില്ലാത്ത നിരവധി പേരുടെ ഹൃദയത്തില്‍ ഉമറിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. ആളുകള്‍ അവന് വേണ്ടി നിരന്തരം എഴുതുന്നു, സംസാരിക്കുന്നു, അവന്‍ ഒറ്റയ്ക്കല്ലെന്ന് അവന്റെ സുഹൃത്തുക്കള്‍ വഴി അറിയിക്കുന്നു. പല തരത്തിലുള്ള പോരാട്ടങ്ങളെയും ഏകീകരിപ്പിക്കാനുള്ള ശക്തി അവനുണ്ട്. അതുകൊണ്ട് തന്നെയാണ് അവനെ ഭയപ്പെടുന്നതും ജയിലുകള്‍ക്കുള്ളില്‍ അവനെ തടവറയില്‍ നിര്‍ത്തിയതും.

അടുത്ത മാസം ഡല്‍ഹി ഹൈക്കോടതി ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഉമറും നിങ്ങളും എത്രത്തോളം അതില്‍ പ്രതീക്ഷ വെക്കുന്നുണ്ട്?

ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് ഇപ്പോഴത്തെ എന്റെ പ്രതീക്ഷ, അത്രേയുള്ളൂ.

സുഹൃത്തുക്കളിലൂടെയാണ് നിലവില്‍ ഉമറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഉമറുമായുള്ള സൗഹൃദമെങ്ങനെയാണ്?

എംഫില്‍ ചെയ്യുന്നതിന് വേണ്ടി 2016ല്‍ ജെഎന്‍യുവിലെത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി ഉമറിനെ കാണുന്നത്. ഉമറും സഖാക്കളും ചേര്‍ന്ന് രൂപീകരിച്ച ഭഗത് സിങ് അംബേദ്ക്കര്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനില്‍ ഞാനും ഭാഗമായി. ഉമര്‍ എനിക്ക് പല സന്ദര്‍ഭങ്ങളിലും എന്റെ ഗൈഡും മെന്ററുമായിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് ഞങ്ങള്‍ രണ്ട് പേരും നേരിട്ട വെല്ലുവിളികളിലൂടെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്.

ഈ പോരാട്ടങ്ങള്‍ വിജയിക്കുമെന്ന് എത്രത്തോളം പ്രതീക്ഷയുണ്ട്?

ആത്യന്തികമായി നമ്മള്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. കാരണം ഉമറിന്റെ നിരപരാധിത്വം തെളിയിക്കേണ്ട കാര്യമില്ല. അവനെതിരെയുള്ള കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഉമറും പൗരത്വ ഭേദഗതിക്കെതിരെ പോരാടിയവരും സ്വതന്ത്രരാകുന്നത് കാണാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യം മാത്രമേ ബാക്കിയുള്ളു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us